ഒരിക്കൽ നഷ്ടപ്പെട്ടതോർത്ത് നിരാശപ്പെടുന്നവർ തീർച്ചയായും കാണണം: ദ സ്കൈ ഈസ് പിങ്ക്

Sharing is caring!

യദുൻലാൽ സി വി

ആകാശത്തേക്കു നോക്കാറുണ്ടോ.? പകൽ സമയത്തെ നീലിമ കണ്ട് സന്തോഷിക്കാറുണ്ടോ.? സായന്തനങ്ങളിലെ ചുവപ്പ് കണ്ട് അത്ഭുതപ്പെടാറുണ്ടോ.? രാത്രികളിലെ ഇരുട്ട് കണ്ട് ഭയപ്പെടാറുണ്ടോ.? എന്തൊരു അത്ഭുതമാണല്ലേ..? പക്ഷെ അതിനപ്പുറത്തേക്കുള്ള ഏതൊക്കെയോ വർണ്ണങ്ങൾ അതിനിടയിലൂടെ ഓടി മറഞ്ഞു പോകാറില്ലേ.? ഇനി ഇല്ലെങ്കിൽ അതിരുകളില്ലാത്ത ആകാശത്തിനും ജീവിതത്തിനും നമ്മൾക്കിഷ്ടപ്പെട്ട നിറങ്ങൾ നൽകില്ലേ.? അങ്ങനെയൊരു ചോയിസ് ഉള്ളതു കൊണ്ടു തന്നെയല്ലേ വളരെ മനോഹരമായ ചിത്രങ്ങൾ വരച്ചു ചേർക്കാൻ നമ്മുക്ക് സാധിക്കുന്നത്. അതിനു വേണ്ടിയല്ലേ ജനനത്തിനും മരണത്തിനും ഇടയിൽ ഇഷ്ടമുള്ള നിറങ്ങൾ കൊണ്ട് വരച്ചിടാൻ മനോഹരമായ അതിരുകളില്ലാത്ത ക്യാൻവാസ് നമ്മുക്ക് തന്നിട്ടുള്ളത്.

അങ്ങനെയൊരു തീരുമാനം എടുക്കാൻ പറ്റാത്തപ്പോൾ അല്ലെ ശെരിക്കും ആർക്കൊക്കെയോ വേണ്ടി വരച്ച്, നിങ്ങളെ ഇഷ്ടപ്പെടുന്ന നിറങ്ങളെ മറക്കേണ്ടി വരുന്നത്. ഒരിക്കൽ നഷ്ടപ്പെട്ടതിനെയോർത്ത് നിരാശപ്പെടുന്നവരല്ലേ നമ്മളിൽ ഭൂരിഭാഗവും.? എങ്കിൽ തീർച്ചയായും ഷോണാലി ബോസിന്റെ 20l9 ൽ പുറത്തിറങ്ങിയ The Sky is Pink എന്ന ചിത്രം ഒരിക്കല്ലെങ്കിലും കണ്ടിരിക്കണം. ഒരു അമ്മയുടെ സ്നേഹം മുഴുവൻ അർപ്പിച്ചു കൊണ്ടാണ് ബോസ് ചിത്രം ഒരിക്കിയിട്ടുള്ളത്.

ഒരു ട്രൂ സ്റ്റോറിയെ ആസ്പദമാക്കി ചിത്രം ചെയ്യുക എന്നത് ശ്രമകരമാമൊരു ദൗത്യമാണ്. അതൊരു ബയോ പിക് കൂടിയാകുമ്പോൾ സംവിധായകനു അതിനോടുള്ള ഉത്തരവാദിത്തം കൂടുകയും ചെയ്യുന്നു. അങ്ങനെ നോക്കുമ്പോൾ യുവ സാഹിത്യകാരിയും അറിയപ്പെടുന്ന മോട്ടിവേഴ്ണൽ സ്പീക്കറുമായിരുന്ന ഐഷ ചൗദരിയുടെ കഥ പറയുമ്പോൾ ഭംഗിയായി തന്നെ ഷൊണാലി തന്റെ ജോലി നിർവ്വഹിച്ചു എന്നു തന്നെ വേണം കരുതാൻ. അത്രയേറെ ഹൃദയത്തോട് ചേർത്തു പിടിച്ചു തന്നെ ഐഷയെ വരച്ചിട്ടുണ്ട് ചിത്രം.

തെക്കൻ ഡൽഹിയിൽ നിന്നുള്ള അതിഥി ചൗദരിയുടേയും ചാന്ദിനി ചൗക്കിൽ നിന്നുള്ള നിരേൻ ചൗദരിയുടേയും മകളായാണ് ഐഷി ജനിച്ചത്. ഐഷിക്ക് അവർ അവളുടെ പ്രിയപ്പെട്ട പാണ്ടുവും മൂസ്സും ആയിരുന്നു. SCID എന്ന ജനിതക വൈകല്യവുമായി ജനിച്ച ഐഷ 2015 ൽ തന്റെ പതിനെട്ടാം വയസ്സിൽ ലോകത്തോട് വിട പറയുമ്പോൾ അവൾ തന്റെ ജീവിതത്തിന് തനിക്ക് ഇഷ്ടപ്പെട്ട നിങ്ങളൊക്കെ നൽകിയായിരുന്നു പോയത് .

അതേ ഐഷ മറ്റൊരു ലോകത്തിരുന്ന് തന്റെ പ്രിയപ്പെട്ട ചേട്ടന്റെയും മൂസ്സിന്റെയും പാണ്ടുവിന്റെയും കഥ പറയുകയാണ് ചിത്രത്തിൽ. യഥാർത്ഥത്തിൽ അവിടെയായിരുന്നു ഷൊണാലി ബോസിന്റെ വിജയം. തങ്ങളുടെ പ്രിയപ്പെട്ട മകളുടെ സന്തോഷത്തിന് ഏതറ്റം വരെയും പോകുന്ന മാതാപിതാക്കളെ ഭംഗിയായി കാണിക്കുന്നുണ്ട് ചിത്രം. തങ്ങളുടെ പ്രിയപ്പെട്ടവരിൽ ഒരാൾ ഒരിക്കൽ നമ്മളിൽ നിന്നും പോകുമെന്നുറപ്പായാൽ അറിയാതെ സ്വയം നഷ്ടപ്പെട്ടു പോകും. മനോബലം കൈവിട്ടു പോകും. മനുഷ്യൻ അങ്ങനെയാണ്. യാത്ര ഉറപ്പായാൽ അവരെ ഏറ്റവും നന്നായി യാത്രയാക്കുക എന്നതാണ് ഉചിതം. അതു കൊണ്ടു തന്നെയായിരിക്കണം മരണത്തിൽ പോലും ഐഷയെ അവർ സന്തോഷത്തോടെ യാത്രയാക്കിയതും. മറ്റൊരിടത്തു നിന്നും അവരത് കാണുമെങ്കിൽ അതിൽപ്പരം സന്തോഷം മറ്റെന്തുണ്ട് അല്ലേ.

Nadaaniyaan MP3 Song Download- The Sky Is Pink Nadaaniyaan ...

ഒരു പക്ഷേ ചെറിയൊരളവിൽ ഡൈമെൻഷൻസ് മാറി പോയിരുന്നുവെങ്കിൽ ഐഷയുടെ ആകാശം ഇരുണ്ടു പോകുമായിരുന്നു. അതായത് ചിത്രം അത്ര കണ്ട് ട്രാജഡി ആകുമായിരുന്നു. ജിവിതം നമ്മളെ ഭയപ്പെടുത്തി കൊണ്ടിരിക്കുമ്പോൾ അതിനോട് ഭയമില്ലാതെയിരിക്കുക എന്നു തന്നെയാണ് ഐഷ പറഞ്ഞു വെക്കുന്നത്. അതിനു സാധിച്ചതു കൊണ്ടു തന്നെയാണെന്ന് തോന്നുന്നു 18 വർഷക്കാലം കൊണ്ടു തന്നെ അവൾ തന്റേതായ ഒരിടം പണിതുണ്ടാക്കിയതും.

തന്റെ ജനനം മുതൽ മരണം വരെ വിശദീകരിക്കുകയാണ് The Pink Sky യിലൂടെ ഐഷ. എഴുതാൻ അവൾ ബാക്കി വെച്ച തൊക്കെയും ഉണ്ട് അതിൽ. പുഞ്ചിരി കൊണ്ട് മരണത്തെ തോൽപ്പിച്ച കഥ.

യഥാർത്ഥത്തിൽ ഐഷയെ പോലെയുള്ള ആയിരമായിരം ഐഷമാർ നമ്മുക്ക് ചുറ്റുമുണ്ടാവാം പക്ഷെ അവരിലെത്ര പേർ ഐഷ ചൗദരിമാർ ആവുന്നുണ്ട് ! നിസ്സാര കാര്യത്തിനു പോലും നിരാശപ്പെടുന്നവരല്ലേ നമ്മളിൽ പലരും. അതിനപ്പുറത്തേക്കുള്ള കാഴ്ച എന്താണെന്നു കൂടി നോക്കാറില്ല പലരും. നഷ്ടമാവുന്നു എന്ന് സ്വയം തോന്നുമ്പോൾ ഇടയ്ക്കൊക്കെ ആകാശത്തേക്ക് നോക്കണം. അവിടെ ഐഷ കോരിയിട്ട പിങ്ക് നിറം കാണം. ജീവിക്കാൻ പ്രേരിപ്പിക്കുന്ന പ്രണയിക്കാൻ പഠിപ്പിക്കുന്ന പുഞ്ചിരിക്കാൻ ശീലിപ്പിക്കുന്ന., നിരുപാധികമായ സ്നേഹത്തിന്റെ പിങ്ക് നിറത്തിലുള്ള ആകാശം!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com