ഇനി തിയേറ്ററുകളിൽ തണ്ണീർ മത്തൻ ദിനങ്ങൾ..

Sharing is caring!

ഫീൽഗുഡ് സിനിമകളുടെ പട്ടികയിലേക്ക് മലയാളത്തിൽ നിന്നും ഒരുനവാഗതപ്പിറവി കൂടി ഉണ്ടായിരിക്കുന്നു. അള്ള് രാമേന്ദ്രൻ, പോരാട്ടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ഗിരീഷ് എഡിയുടെ ആദ്യ സംവിധാന സംരംഭമായ തണ്ണീർ മത്തൻ ദിനങ്ങളാണ് പ്രേക്ഷകരുടെ മനസ് കുളിർപ്പിക്കുന്ന അനുഭവമായി മാറുന്നത്. ജാതിക്കാത്തോട്ടം എന്ന പാട്ടിന് ശേഷം ഏറെ ശ്രദ്ധയോടെ സിനിമാപ്രേമികൾ വീക്ഷിച്ച ചിത്രം ഒട്ടും നിരാശപ്പെടുത്തുന്നില്ലെന്നാണ് ആദ്യദിവസത്തെ പ്രതികരണം.

വൈഷ്ണവ് പുല്ലാട്ട് തയ്യാറാക്കിയ റിവ്യൂ.. 

പ്ലസ്‌വൺ പ്ലസ്‌ടു വിദ്യാർത്ഥികാലഘട്ടം നിഷ്കളങ്കതയുടെയും പ്രണയത്തിന്റെയും മേമ്പൊടിയോടെ പ്രേക്ഷരിലേക്ക് എത്തിക്കുകയാണ് തണ്ണീർ മത്തൻ ദിനങ്ങൾ. ഇഷ്ട്ടപെടുന്ന സിനിമകൾ ചെയ്യുവാനാണ് നിർമ്മാതാവാകുന്നതെന്ന് പറഞ്ഞു കഴിഞ്ഞ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളും ഛായാഗ്രാഹകനുമായ ജോമോൻ ടി ജോണിന്റെ വാക്കുകൾ അന്വർത്ഥമാക്കുന്ന തരത്തിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

ഹയർ സെക്കണ്ടറി ക്ലാസ് മുറികളും, സ്കൂൾ പരിസരത്തെ കൂൾബാറും, പറ്റുബുക്കും , അദ്ധ്യാപകരുമായുള്ള അൽപരസങ്ങളും, ടൂറും , അടിപിടികളും, നിഷ്കളങ്ക പ്രണയവും എല്ലാം ചേർന്ന ജാതിക്ക തോട്ടത്തിലൂടെയുള്ള ഒരു യാത്രയാണ് 136 മിനിറ്റ്  ദൈർഖ്യമുള്ള ചിത്രം.

രവി പത്മനാഭൻ എന്ന മലയാളം അദ്ധ്യാപകന്റെ വേഷത്തിൽ എത്തിയ വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധ നേടിയ മാത്യു തോമസും ഉദാഹരണം സുജാതയിൽ മികച്ച പ്രകടനം നടത്തിയ അനശ്വരയുമാണ് തണ്ണീർ മത്തൻ ദിനങ്ങളിൽ പ്രധാനവേഷങ്ങളിൽ എത്തിയിട്ടുള്ളത്.

ആരും അഭിനയിക്കുകയല്ല, മറിച്ച് കൺമുന്നിൽ ജിവിക്കുകയാണെന്ന പ്രതീതി സിനിമ നൽകുന്നുണ്ട്. അത്രയേറെ മനോഹരമായി അഭിനേതാക്കളുടെ പ്രകടനത്തെ സംവിധായകൻ ആവിഷ്കരിച്ചിട്ടുണ്ട്. സഹപാഠിയായ വിദ്യാർത്ഥിനിയോടുള്ള പ്രണയവും മലയാളം അധ്യാപകനുമായുള്ള മാനസിക ഏറ്റുമുട്ടലുകളും ഒക്കെയായി പ്ലസ്‌ടു ജീവിതം തള്ളി നീക്കുന്ന വിദ്യാർത്ഥിയായി മാത്യു തോമസ് മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം നിർവ്വഹിച്ച ചിത്രത്തിന്റെ തിരക്കഥയും മേക്കിങ്ങും പ്രശംസനീയമാണ്.  ക്യാമറാമാൻ ജോമോൻ ടി ജോൺ, ഷെബിൻ ബെക്കർ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് തണ്ണീർ മത്തൻ ദിനങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ആദ്യപകുതിയിലെ രസച്ചാറും രണ്ടാംപകുതിയിൽ പ്രവചനങ്ങൾ നടത്തിയേക്കാവുന്ന കഥാ രീതിയും പ്രതീക്ഷകൾ അപ്പാടെ തെറ്റിക്കുന്ന  ക്ളൈമാക്സും ചേർന്നൊരു ഫീൽഗുഡ് സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ. ചെറിയ ആശയം വലിയ കാൻവാസിലേക്ക് കൈവഴക്കത്തോടെ പകർത്തി എന്നതും ചിത്രം പ്രേക്ഷക ശ്രദ്ധ നേടും എന്ന കാര്യത്തിൽ അരക്കിട്ട് ഉറപ്പിക്കുന്നു.

നീളമേറിയ സംഭാഷണങ്ങൾക്ക് അപ്പുറം നിൽക്കുന്ന കഥാപാത്രങ്ങളുടെ ചെറു മൂളലുകളും നോട്ടങ്ങളും ഭാവ വ്യത്യാസങ്ങളും ഉൾപ്പെടുത്താൻ സംവിധായകൻ ഉപയോഗിച്ച ട്രീറ്റ്‌മെന്റ് ഫലം കണ്ടിട്ടുണ്ട്. വിദ്യാർത്ഥികാലഘട്ടത്തിലെ പ്രണയ-വിരഹ നൊമ്പരങ്ങളും കളിചിരികളും ആവർത്തനവിരസത വരാതെ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. തീർത്തും ഹാസ്യരൂപേണ ചിത്രത്തിൽ പരാമർശിക്കുന്ന വ്യാജ അധ്യാപകരുടെ വിഷയവും പരോക്ഷ സ്വഭാവത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം പറയാൻ ശ്രമിക്കുന്നതിന്റെ തെളിവുകൂടിയാണ്.

ടിക്കറ്റെടുത്ത് തണ്ണീർ മത്തൻ ദിനങ്ങൾ കാണാൻ തിയറ്ററുകളിൽ എത്തുന്ന പ്രേക്ഷകർ പോയ കാല ഓർമ്മകളിലേക്ക് വഴുതി വീഴുന്നതിനൊപ്പം തിയേറ്ററിന് പുറത്തേക്ക് കടക്കുമ്പോൾ പുഞ്ചിരിയോടെ ഇതൊരു ഫീൽ ഗുഡ് സിനിമയാണെന്ന് പറയും. ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com