എന്‍റെ പൊന്ന് സൗബിനെ, കരയിക്കാതെടാ.. അജ്മൽ അബൂബക്കർ എഴുതുന്നു..

മലപ്പുറത്തിന്‍റെ മാത്രമല്ല, മലബാറിന്‍റെ ആകെ ഫുഡ്ബോള്‍ പ്രേമം പറയുന്നതാണ് സിനിമ. മജീദിനോട് നൈജീരിയയിയില്‍ നിന്നും വന്ന സുഡു പറയുന്നത് ഒരു നല്ല ലോകത്തിലേക്ക് പോകണം എന്നാണ്. മജീദിന്‍റെ പ്രശ്നങ്ങള്‍ മജീദിന് വലിയ പ്രശ്നങ്ങളാണ്. ഈ സുഡാനി നൈജീരിയ ലേക്ക് തിരിച്ചു പോകുന്നത് നിങ്ങളുടെ മനസ്സും കൊണ്ടായിരിക്കും. അജ്മൽ അബൂബക്കർ എഴുതുന്നു.. 
എന്‍റെ പൊന്ന് നായിന്‍റെമോനെ, കരയിക്കാതെടാ.. എന്ന ബേബിച്ചായന്‍റെ വാക്കുകളില്‍ അടയാളപ്പെടുത്തിയതാണ് സൗബിനെന്ന നിഷ്കളങ്കനായ സ്വാഭാവികക്കാരനെ. അസ്വഭാവികമായതൊന്നും ആ മുഖത്ത് വരില്ല. അതുകൊണ്ട് തന്നെ മലയാളികള്‍ക്ക് ഇഷ്ടമാണ് സൗബിനോട്. മാറുന്ന മലയാള സിനിമയില്‍ നിന്നും ലോകസിനിമയിലേക്ക് ഒരു സമ്മാനം നല്‍കിയാണ് മലപ്പുറംകാരന്‍ മജീദായി സൗബിന്‍ എത്തുന്നത്. അതിഭാവുകത്വങ്ങളില്ലാത്ത കഥാപാത്രമായി തിയേറ്റര്‍ കയ്യടക്കാറുള്ള സൗബിന്‍റെ കൂടെ സ്വാഭാവിക അഭിനയവുമായി നാട്ടിന്‍പുറത്തുകാരും ഒത്തുചേര്‍ന്നപ്പോള്‍ താരമൂല്യവും സൗന്ദര്യവും ഇല്ലാതെ കഥയ്ക്ക് വേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിച്ച അതുല്യമായ ഒരു സിനിമ കൂടി മലയാളത്തില്‍ പിറന്നു. സുഡാനി ഫ്രം നൈജീരിയ.
മലപ്പുറത്തിന്‍റെ ഭാഷ ഫുട്ബോളും സ്നേഹവുമാണ്. അത് അരക്കെട്ടുറപ്പിക്കുന്നതാണ് നൈജീരിയയിൽ നിന്നും വന്ന സുഡാനി. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ഓരോ മലയാളിയുടെ മനസ്സും കീഴടക്കും. കാൽപന്തുകളിയെ പശ്ചാത്തലമാക്കിയാണ് സിനിമയെങ്കിലും മനുഷ്യബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു.  മലപ്പുറത്തിന്‍റെ  മൈതാനങ്ങളിൽ പ്രത്യേകിച്ച് സെവൻസ് മൈതാനങ്ങളിൽ സ്ഥിരം കാഴ്ചയാണ് സുഡാനികൾ. അഥവാ ആഫ്രിക്കൻ താരങ്ങൾ. അത്തരമൊരു കളിക്കാരനാണ് സാമുവൽ റോബിൻസൺ അബിയോള എന്ന സുഡു. നൈജീരിയയിൽ നിന്നും തന്‍റെ  അനിയത്തിമാർക്കും അമ്മൂമ്മയ്ക്കും നല്ല ജീവിതം ഒരുക്കുന്നതിനായി അയാൾ ഇന്ത്യയിലേക്കെത്തുന്നു. അയാൾക്ക് പന്തു കളിക്കാൻ അറിയാം .അതാണ് അയാളുടെ കരുത്ത്. ഒടുവിൽ മലപ്പുറത്തെത്തി  അയാൾ പന്ത് തട്ടുന്നത മജീദ് (സൗബിൻ) മാനേജറായ ടീമിനു വേണ്ടി കളിക്കാന്‍ ആരംഭിച്ചു. എന്നാൽ ഒന്നോ രണ്ടോമത്സരങ്ങൾക്ക് ശേഷം സുഡുവിന് പരിക്ക് പറ്റുന്നതും  ചികിത്സിക്കുന്നതും തിരിച്ച് നാട്ടിലെത്തിക്കാന്‍  മജീദ് നടത്തുന്ന ശ്രമമാണ് സിനിമയുടെ ഇതിവൃത്തം .
മലപ്പുറത്തിന്‍റെ മാത്രമല്ല, മലബാറിന്‍റെ ആകെ ഫുഡ്ബോള്‍ പ്രേമം പറയുന്നതാണ് സിനിമ. കവുങ്ങ് തൂണുകള്‍കൊണ്ട് കെട്ടിയുണ്ടാക്കിയ ഗ്രാമീണ അധ്വാനത്തിന്‍റെ മികച്ച സൃഷ്ടിയായ സ്റ്റേഡിയങ്ങളും ക്ലബ്ബുകളും കൂട്ടായ്മകളും സിനിമയില്‍ കടന്നുവരുന്നു. ഭൂമിയിലെ എല്ലാ ജീവജാലത്തിനും നډയും തിډയും ഉണ്ടെന്ന സ്വാഭാവികതയാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. നന്മ യും തിന്മ യും നിറഞ്ഞ, തന്‍റെ തീരുമാനങ്ങളില്‍ തെറ്റുകള്‍ സംഭവിക്കുന്ന സാധാരണ മനുഷ്യരാണ് ഈ സിനിമയിലെ നായികാ-നായകന്മര്‍. ഒരു  നാട്ടിൻപുറത്തുകാരനായ മജീദിന് സ്വന്തമായി ഒരുപാട് പ്രയാസങ്ങൾ  ഉണ്ടെങ്കിലും അയാൾ ആശ്വാസം കണ്ടെത്തുന്നത് സെവൻസ് മൈതാനങ്ങളിലെ കുമ്മായ വരകൾക്കപ്പുറത്തു നിന്നും കാൽ പന്ത് കളിയുടെ സൗന്ദര്യം ആസ്വദിച്ചാണ്. സൗഹൃദവും പന്ത് കളിയും ഒരേ പോലെ സ്നേഹിക്കുന്ന മജീദ് മലപ്പുറത്തെ ഓരോ ജീവിതങ്ങളാണ്.
മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലപ്പുറത്തുകാരെ കാണാത്തവര്‍ നെറ്റിചുളിക്കും. അങ്ങനൊയരു പേരുദോഷം ചിലര്‍ ഉണ്ടാക്കിവെച്ചിട്ടിട്ടുണ്ട്. മുതലെടുപ്പ് രാഷ്ട്രിയത്തിന്‍റെ വക്താക്കള്‍ അത് ഇപ്പോഴും പ്രയോഗിക്കുന്നുമുണ്ട്. എന്നാല്‍ ഇപ്പറയുന്നതൊന്നുമല്ല മലപ്പുറം. സ്നേഹവും വിശ്വാസവുമുള്ള സാധാരണക്കാരായ ജനങ്ങളുള്ള നാടാണ് മലപ്പുറമെന്ന് അറിയാന്‍ ആഫ്രിക്കയില്‍ നിന്നും ഒരു സുഡാനി വരേണ്ടി വന്നു. ക്രിസ്ത്യാനിയായ സുഡാനിയുടെ അമ്മൂമ്മയുടെ അന്ത്യകര്‍മ്മം മജീദിന്‍റെ വീട്ടില്‍ മുസ്ലീം ആചാരപ്രകാരം കൊണ്ടാടുന്നത് മലയാളിയുടെ പ്രത്യേകിച്ച് നാം കാണാത്ത മലപ്പുറത്തിന്‍റെ മഹത്തായ മതേതര പാരമ്പര്യമാണ്. മമ്പളം പള്ളിയില്‍ ആ ഉമ്മ പോകുന്നത് തന്‍റെ വീട്ടില്‍ താമസിക്കുന്ന ഒരു അന്യദേശക്കാരന് വേണ്ടിയാണ്. ക്രിസ്ത്യാനിക്ക് വേണ്ടിയാണ്. വിശ്വാസങ്ങള്‍ മനുഷ്യര്‍ തമ്മിലല്ല, മനുഷ്യര്‍ക്ക് ഉള്ളിലാണ് വേണ്ടതെന്ന സന്ദേശം സിനിമ പങ്കുവെക്കുന്നു.
നാട്ടിൻപുറത്തെ സെവൻസ് മൈതാനങ്ങളും അയൽപക്ക സ്നേഹവുമെല്ലാം  സംവിധായകൻ വരച്ചുകാണിക്കുന്നു. മജീദിന്റെ  കൂട്ടുകാരായി വേഷമിട്ട ലത്തീഫും രാജേഷും എല്ലാം തങ്ങളുടെ റോൾ മികച്ചതാക്കി. രണ്ടാംപകുതിയിൽ സിനിമ സിനിമ കാഴ്ചക്കാരെ ഈറനണിയിക്കും. മാനേജരുടെ വീട്ടിലെത്തുന്ന സുഡുവിനെ മജീദിന്റെ ഉമ്മയും  അയൽപക്കക്കാരുമെല്ലാം നല്ല രീതിയിൽ പരിചരിക്കുന്നു.മജീദിന്റെ ഉമ്മയായ ജമീലയും ബിയ്യയുമെല്ലാം സിനിമയിൽ  ജീവിക്കുകയായിരുന്നു .ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന അമ്പരപ്പൊന്നും ആ മുഖത്തില്ലായിരുന്നു.
എല്ലാ നാട്ടിലും മനുഷ്യര്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ജോലിയില്ലാത്തതിനാല്‍ പെണ്ണ് കിട്ടാത്ത, കൃത്യമായി ഒരു വരുമാന മാര്‍ഗമില്ലാത്ത മലപ്പുറത്ത്കാരന്‍ മജീദിനോട് നൈജീരിയയിയില്‍ നിന്നും വന്ന സുഡു പറയുന്നത് ഒരു നല്ല ലോകത്തിലേക്ക് പോകണം എന്നാണ്. മജീദിന്‍റെ പ്രശ്നങ്ങള്‍ മജീദിന് വലിയ പ്രശ്നങ്ങളാണ്. അതുപോലെ സുഡുവിനും ഉണ്ട് വലിയ പ്രശ്നങ്ങള്‍. ലോകത്ത് എല്ലായിടത്തും മനുഷ്യന് ജീവിതം കരുപ്പിടിപ്പിക്കാന്‍ അലമുറയിടുകയാണ്. വെള്ളമില്ലാത്ത ആഫ്രിക്കയില്‍ നിന്നും വരുന്ന സുഡുവിന് മജീദിന്‍റെ വീടിന് മുന്നിലെ പൈപ്പില്‍ നിന്നും വെള്ളം വെറുതെ കളയുന്നത് സഹിക്കാന്‍ പറ്റാത്ത തെറ്റാണ്. നല്ല വെള്ളം കിട്ടുന്ന സുരക്ഷിതത്വം ലഭിക്കുന്ന ലോകമാണ് സുഡുവിന് ബെറ്റര്‍ വേള്‍ഡ്. മജീദന് ഏതാണ് ബെറ്റര്‍ വേള്‍ഡ് എന്നുപോലും അറിയില്ല. എല്ലാ ലോകത്തും അതിന്‍റേതായ പ്രശ്നങ്ങളുണ്ട്. പരസ്പരം സ്നേഹിക്കുക, വിശ്വസിക്കുക. ഏത് നാട്ടില്‍ ആയാലും അതാണ് ഏറ്റവും മികച്ച ലോകം എന്ന സന്ദേശത്തോടെയാണ് സിനിമ അവസാനിക്കുന്നത്.
റെക്സ് വിജയനും മറ്റു മൂന്ന് പേരും ഒരുക്കിയ പാട്ടുകളും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും എല്ലാം സിനിമയെ  മറ്റൊരു തലത്തിൽ എത്തിച്ചു. ഷൈജു ഖാലിദിന്റെ ക്യാമറ കണ്ണുകൾ നാട്ടിൻപുറത്തെ ദൃശ്യഭംഗി വരച്ചുകാണിക്കുന്നതായിരുന്നു. സമീർ താഹിറിനും ഷൈജു ഖാലിദിനും അഭിമാനിക്കാം ഒരു ലോക സിനിമയെ മലയാളിക്ക് സമ്മാനിച്ചതിന്. ഈ സുഡാനി നൈജീരിയ ലേക്ക് തിരിച്ചു പോകുന്നത് നിങ്ങളുടെ മനസ്സും കൊണ്ടായിരിക്കും…. തീർച്ച

One thought on “എന്‍റെ പൊന്ന് സൗബിനെ, കരയിക്കാതെടാ.. അജ്മൽ അബൂബക്കർ എഴുതുന്നു..

  • March 25, 2018 at 1:32 PM
    Permalink

    അജ്മൽ അബൂബക്കറിന്റെ നല്ല അവതരണം…അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *