നല്ല സിനിമ, നന്മയുള്ള പച്ചമനുഷ്യരുടെ സിനിമ..
വെബ്ഡസ്ക്
നന്മയുള്ള കുറെ പച്ചമനുഷ്യരുടെ സിനിമയാണ് പൈപ്പിന് ചുവട്ടിലെ പ്രണയം. കല സമൂഹത്തോട് കലഹിക്കാനുള്ളതാണെങ്കില് കലാകാരന് കലാപകാരിയാണ്. അത്തരമൊരു ദൗത്യമാണ് സംവിധായകന് ഡോമിന് ഡിസില്‍വ ഈ സിനിമയിലൂടെ നമുക്ക് പകരുന്നത്.
നമുക്കുചുറ്റും ജീവിക്കുന്ന സിറ്റിയിലെയും ഗ്രാമത്തിലെയും മനുഷ്യരെ ബാധിക്കുന്ന കുടിവെള്ളം എന്ന വലിയ വിഷയത്തിലേക്കാണ് പ്രണയത്തിലൂടെ സിനിമ സഞ്ചരിക്കുന്നത്. കേരളത്തില്‍ നിരവധി കായലുകളും തുരുത്തുകളുമുണ്ട്. ടൂറിസം രംഗത്ത് കേരളം കുതിച്ചുയര്ന്നതുതന്നെ ഈ സമ്പത്ത് കാരണമാണ്. ഈ തുരുത്തുകളിലെ ജീവിതങ്ങളിലൂടെയാണ് പൈപ്പിന്‍ചുവട്ടിലെ പ്രണയം സഞ്ചരിക്കുന്നത്. രണ്ട് പേരുടെ പ്രണയം എന്നതിലുപരി ഒരു വലിയ രാഷ്ട്രീയം സിനിമയ്ക്ക് പങ്കുവെക്കാനുണ്ട്. ടൂറിസത്തിന്റെ പേരില്‍ വെള്ളത്തിലിറങ്ങുന്ന ഹൗസ്ബോട്ടുകളില്‍ നിന്നും തുടങ്ങി നഗരത്തിലെ ഏറ്റവും വലിയ ഫാക്ടറികളില്‍ നിന്നുവരെ മലിന്യം തള്ളുന്ന അവശിഷ്ടമായി നമ്മുടെ കായലുകള്‍ മാറിയിരിക്കുന്നു. തുരുത്തുകളിലെ നൂറില്‍ താഴെ മാത്രമുള്ള കുടുംബങ്ങളെ ഇത് എങ്ങനെ ബാധിക്കുന്നു എന്നാണ് സിനിമ പറയുന്നത്. സിനിമ കഴിയുമ്പോഴാണ് നാമെല്ലാം ഈ തുരുത്തിലാണ് എന്ന് ചിന്തിച്ചുപോവുക.
ഒരു കുപ്പി വെള്ളത്തിന് 15 രൂപ. അപ്പോള്‍ ഒരു വര്‍ഷം നാം ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് നോക്കുമ്പോള്‍ നാമെല്ലാം ലക്ഷപ്രഭുക്കളാണ്. പണം കൊണ്ടല്ല. വെള്ളം കൊണ്ട്. സിനിമയിലെ ഈ വാചകങ്ങള്‍ തുരുത്തിലെ ഏതാനും ജീവിതങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല. വെള്ളത്തിന്റെ കാര്യത്തില്‍ നമ്മളെല്ലാം കോടീശ്വരന്മരാണ്. പക്ഷെ, അവിടെയും മാന്ദ്യം വരികയാണ് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ സിനിമ. ശുദ്ധവെള്ളം ലഭിക്കാതെ ശരീരത്തില്‍ കെമിക്കല്‍സ് അടിഞ്ഞുകൂടുന്ന മനുഷ്യരാണ് നാം എന്ന് സിനിമ പറയുമ്പോള്‍ അത് അധികാരികളിലേക്കും രാഷ്ട്രീയ നേതൃത്വങ്ങളിലേക്കും വിരല്‍ചൂണ്ടുന്നുണ്ട്. വളരെ ചെറിയ കാര്യമെന്ന് നാം വിചാരിക്കുന്ന ഈ വിഷയം ഒരു ജീവന് പൊലിയുന്നതിന് വരെ കാരണമായപ്പോഴാണ് ഒരു തുരുത്ത് മുഴുവന്‍ ഉണര്‍ന്നത്. അത്തരമൊരു വിപത്ത് വരുന്നത്തിന് മുന്‍പ് തന്നെ നാമെല്ലാം ഉണരണം എന്നാണ് സിനിമ ആഹ്വാനം ചെയ്യുന്നത്.
ഒരുപാട് ചെറിയ സിനിമകള്‍ക്കിടയില്‍ മുങ്ങിത്താഴാന്‍ അനുവദിക്കരുത് ഈ പ്രണയത്തെ. കാരണം, ഇത് വെറും പ്രണയമല്ല. ജീവിതമാണ്. നമ്മുടെയൊക്കെ ജീവിതം. അത് അതേപടി ആവിഷ്കരിക്കാന്‍ സംവിധായകനും അണിയപ്രവര്‍ത്തകര്‍ക്കും സാധിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ചില വലിച്ചുനീട്ടലുകള്‍ അനുഭവപ്പെട്ടെങ്കിലും മനോഹരമായ പ്രണയം അതിനെയെല്ലാം അലിയിച്ചുകളഞ്ഞു. നിഷ്കളങ്കരായ തുരുത്ത് നിവാസികളെ അതേപടി ആവിഷ്കരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ഈ സിനിമയുടെ വിജയം.
പൈപ്പിന് ചുവട്ടില്‍ നിന്നും തുടങ്ങുന്ന പ്രണയമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. നീരജ് മാധവ് തന്റെ നായക വേഷം ഗംഭീരമാക്കി. തുരുത്തുനിവാസികള്ക്കിടയിലെ തിളക്കുന്ന യൗവ്വനമായി നീരജ് ജീവിക്കുകയായിരുന്നു. കഥാപാത്രത്തിന് അനുയോജ്യമായ വേഷം, നടത്തം, സംസാരം, എന്നിങ്ങനെ നീരജ് അടിമുടി മാറിയിരുന്നു. തന്റെ കൈയ്യിലെ പ്രധാന ആയുധമായ ഡാന്‍സ് ഊര്‍ജസ്വലമായി ആവിഷ്കരിക്കാനും നീരജിന് സാധിച്ചു. പ്രണയരംഗങ്ങളിലെ നീരജ് ശരിക്കും പ്രേക്ഷകനെ കയ്യിലെടുത്തു. പഴയ കാലവും പുതിയകാലവും താരതമ്മ്യപ്പെടുത്തി നീരജിന്റെ വൈകാരിക വാചകങ്ങള്‍ പ്രേക്ഷകന്റെ ഉള്ളുലയ്ക്കുന്നതാണ്. നഷ്ടങ്ങളും സന്തോഷവും ദു:ഖവും എല്ലാം സ്വന്തം ജീവിതങ്ങളിലേക്ക് ചുരുങ്ങുകയും അവനവന്റെ കാര്യം നോക്കി ജീവിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി നാം മാറരുതെന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട് നീരജിന്റെ കഥാപാത്രം.
നായിക കഥാപാത്രമായി പുതുമുഖതാരം റെബ മോണിക്ക ജോണ്‍ നമുക്കുചുറ്റും ജീവിക്കുന്ന ഒരു സുന്ദരിക്കുട്ടിയായാണ് പ്രേക്ഷകന് അനുഭവപ്പെടുന്നത്. പ്രണയ രംഗങ്ങളില്‍ അവരുടെ കൂടെ നമ്മളും ഉണ്ടെന്ന രീതിയിലുള്ള സംവിധായകന്റെ മേക്കിംഗ് റെബയെ കൂടുതല്‍ മനോഹരമാക്കി. നാടന്‍ പെണ്‍കുട്ടിയായി മാറുമ്പോള്‍ സാധാരണ കുടുംബത്തില്‍ ജീവിക്കുന്നതിന്റെ അഭിനയമുഹൂര്‍ത്തങ്ങളിലേക്ക് ചുവടുവെക്കുന്നുണ്ട് റെബ മോണിക്ക. മലയാള സിനിമയ്ക്ക് ലഭിച്ച മറ്റൊരു നായികയാണ് റെബയെന്ന് പൈപ്പിന് ചുവട്ടിലെ പ്രണയം അടിവരയിടുന്നു.
കഥാപാത്രങ്ങളെല്ലാം തുരുത്തുനിവാസികളാണെന്ന് തോന്നുന്ന തരത്തിലുള്ള മേക്കിംഗ് ആയിരുന്നു സംവിധായകന് സ്വീകരിച്ചത്. സുധി കോപ്പയുടെ പ്രധാന കഥാപാത്രമാണ് അതിനുള്ള ഏറ്റവും വലിയ ഉദാഹരണം. പ്രണയത്തിലും, ജോലിയിലും, വിരഹത്തിലുമെല്ലാം സുധി ജീവിക്കുകയായിരുന്നു. സാധാരണക്കാരന്റെ ജീവിതം അതേപടി ആവിഷ്കരിക്കുന്ന റിയലിസ്റ്റിക് കഥാപാത്രമായിരുന്നു സുധിയുടേത്. സിനിമയുടെ ജീവിതം തന്നെ സുധിയുടെ കഥാപാത്രമായിരുന്നു.
ഏതാനും ചില സീനുകളില്‍ മാത്രമെ ഉള്ളുവെങ്കിലും അജുവര്‍ഗ്ഗീസ് വ്യത്യസ്തമായ ഒരു മുഖവുമായാണ് സിനിമയിലെത്തുന്നത്. അങ്കമാലി ഡയറീസിലെ അപ്പാനി രവിയായി നമ്മെ അത്ഭുതപ്പെടുത്തിയ ശരത് കുമാറിനൊപ്പം സുബീഷ് സുധി കൂടി ചേര്‍ന്നപ്പോള്‍ നമുക്കും ചുറ്റും കാണുന്ന ചില ചീത്ത കൂട്ടുകെട്ടുകളും തിന്മയുടെ വിത്തുകളും പുനരവതരിക്കുകയായിരുന്നു. ഏറ്റവും അവസാനത്തെ സ്റ്റണ്ട് സീനില്‍ പോലും ഈ റിയാലിറ്റി കാണാം. നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകാന്‍ താന്‍ തയ്യാറാണെന്ന് ശരത് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. മെക്സിക്കന്‍ അപാരതയ്ക്ക് ശേഷം വ്യത്യസ്തമായൊരു വേഷം കൈകാര്യം ചെയ്ത് സുബീഷ് സുധിയും പ്രേക്ഷകമനസില്‍ ഇടംനേടി. ഒരു നാടിന്റെ യുവദു:ഖം മുഴുവന്‍ കോമഡിയിലൂടെ ആവിഷ്കരിക്കാന്‍ ധര്മ്മജന് സാധിച്ചു. കുറെ കൊച്ചുകൂട്ടുകാരാണ് സിനിമയുടെ മറ്റൊരു സ്വത്ത്. അവരാണ് യഥാര്‍ത്ഥത്തില്‍ സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ന്യൂജനറേഷന് എന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുന്ന ഞങ്ങള്‍ക്ക് പലതും ചെയ്യാനാകും എന്ന് പറയാതെ പറയുന്നുണ്ട് ഈ കുട്ടികള്‍.
സംവിധായകന്റെ കഥയ്ക്ക് മനോഹരമായ തിരക്കഥയൊരുക്കിയ ആന്റണി ജിബിന്‍ പ്രത്യേക പ്രശംസയ്ക്ക് അര്‍ഹനാണ്. ഗ്രാമീണ പ്രണയ പശ്ചാത്തലത്തിന് അനുസൃതമായ മനോഹരമായ പാട്ടുകളാലും സമ്പന്നമാണ് സിനിമ. ബിജിപാലിന്റെ സംഗീതം പ്രണയസാന്ദ്രമാണ്. പവി കെ പവന്റെ ഛായാഗ്രഹണം മനോഹരമായിരുന്നു. കായലും, അതിനു നടുവിലെ തുരുത്തും, അതിനിടയിലെ മനുഷ്യരും ഹൃദയത്തിന് കുളിര്‍മ്മയേകുന്ന കാഴ്ചയേകുന്നു.
പുതിയകാലത്തിന്റെ ചില സമരമാര്‍ഗ്ഗങ്ങളും മാധ്യമരംഗത്തും രാഷ്ട്രീയരംഗത്തും ഉണ്ടായ മാറ്റങ്ങള്‍ സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നുവെന്നതും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. നമ്മുടെ കഴിവും നമുക്കുമുന്നിലെ സാധ്യതകളും ഉപയോഗിച്ചാല്‍ ലോകം തന്നെ മാറ്റിമറിക്കാമെന്ന് സിനിമ പറയുന്നു. സമൂഹത്തിന് വേണ്ടി പ്രയത്നിച്ചുകൊണ്ടേയിരിക്കുന്ന മാതൃകായുവത്വത്തിനെയാണ് ഇതിനായി സിനിമ പരിചയപ്പെടുത്തുന്നത്.
രണ്ടര മണിക്കൂര്‍ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, കണ്ണീരണിയിച്ചും പണ്ടാരതുരുത്തിലെ ജീവിതങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ നിറഞ്ഞുനില്ക്കും. സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ നമ്മളുടെ ചുറ്റുപാടും ഒരു പണ്ടാരതുരുത്തായി മാറും.