ഖലീഫയ്ക്ക് ചിലത് പറയാനുണ്ട്

വെബ് ഡസ്ക് 

പണമുള്ളവന്‍റെ കൂടെ ജാതിയും മതവും അധികാരവും വിശ്വാസവും രാഷ്ട്രീയവും ഉണ്ടാകുമെന്നതിന്‍റെ നേര്‍ചിത്രമായാണ് നെടുമുടി വേണുവിന്‍റെ അതുല്യകഥാപാത്രം ഖലീഫ മലയാളിക്ക് മുന്നിലെത്തുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഖലീഫ മലയാളികള്‍ കണ്ടിരിക്കേണ്ട സിനിമയാണ്. കാരണം, നമുക്ക് ചുറ്റുമള്ള കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

ആഴവും തീവ്രതയുമുള്ള കഥകള്‍ക്ക് മലയാള സിനിമയില്‍ വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നവാഗതനായ മുബീഹക്ക് ഖലീഫയുടെ റിയലിസ്റ്റിക് കഥയുമായി എത്തിയത്. ദൈവത്തിന്‍റെ ഭൂമിയിലെ പ്രതിപുരുഷന്‍മാരായ ഖലീഫമാരുടെ കഥയാണ് ഇത്. മുസ്ലീം സമുദായത്തില്‍ കണ്ടുവരുന്ന ചില തെറ്റായ രീതികളെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് ഖലീഫ. ഒരു കാലത്ത് മുസ്ലീം വീടുകളില്‍ നോമ്പ് സമയങ്ങളിലെ ദൈവദൂതനായിരുന്നു ഖലീഫമാര്‍. അവരുടെ പാട്ടുകളാല്‍ സമ്പന്നമായിരുന്നു നാട് മുഴുവന്‍. അങ്ങനെയുള്ള തെരുവില്‍ ജീവിക്കുന്ന ഖലീഫമാര്‍ പക്ഷെ ഇന്ന് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ദൈവത്തിന്‍റെ പ്രതിപുരുഷന്‍മാരുടെ ത്യാഗജീവിതത്തെയാണ് നെടുമുടിവേണു അവതരിപ്പിക്കുന്നത്. മതം പകരുന്ന ആശയത്തെ പണവും അധികാരവും കൈയ്യാളുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളും മനുഷ്യത്വമില്ലായ്മയും ഖലീഫയിലൂടെ വരച്ചുകാട്ടുകയാണ് മുബീഹക്ക് ചെയ്യുന്നത്. ഒരു കലാരൂപമെന്ന നിലയില്‍ സിനിമയ്ക്ക് നിര്‍വ്വഹിക്കാനുള്ള സാമൂഹ്യ ഉത്തരവാദിത്വത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഖലീഫയുടെ ജീവിതമാണ് പ്രമേയമെങ്കിലും എല്ലാ മതത്തിലും എല്ലാ സമൂഹത്തിലും കണ്ടുവരുന്ന മനുഷ്യത്വരഹിതമായ ചില ജീര്‍ണ്ണതകളിലേക്കാണ് സിനിമ വിരല്‍ചൂണ്ടുന്നത്.

ആദ്യസംവിധാനസംരംഭം എന്ന നിലയില്‍ ചില പാളിച്ചകളുണ്ടെങ്കിലും കഥയുടെ കാമ്പ് സിനിമയെ വ്യത്യസ്തമാക്കുന്നുണ്ട്. തിരക്കഥയില്‍ ചില മാറ്റങ്ങള്‍ കൂടി വരുത്തി ചുരുക്കി എഡിറ്റ് ചെയ്താല്‍ നല്ലൊരു കുടുംബ ചിത്രമായി മലയാളികള്‍ ഇരുകൈയ്യും നീട്ടി ഖലീഫയെ സ്വീകരിക്കുമായിരുന്നു. നെടുമുടി വേണു എന്ന പ്രതിഭയെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ച സിനിമയാണ് ഖലീഫ. സജിത മഠത്തില്‍, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, ടിനി ടോം, അനീഷ് ജി മേനോന്‍ തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ ഭാഗം മികച്ചതാക്കി. സജിത മഠത്തിലിന്‍റെ ധീരയായ സ്ത്രീ കഥാപാത്രം പലപ്പോഴും പുതിയകാലത്തിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. പൊന്നാനിയിലും പരിസര പ്രദേശങ്ങത്തുള്ളവരും സിനിമയില്‍ കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. ഖലീഫയുടെ മക്കളായി അഭിനയിച്ച മൂന്ന് പെണ്‍കുട്ടികളും മലയാള സിനിമയ്ക്ക് പ്രതീക്ഷയുള്ള മുഖങ്ങളാണ്.

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീര്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംവിധായകന്‍ തന്നെയാണ് നിര്‍വ്വഹിച്ചത്. എ എം മനോജ് ഒരുക്കിയ ദൃശ്യങ്ങള്‍ പൊന്നാനിയുടെയും പരിസര പ്രദേശങ്ങളുടെയും മറ്റൊരു മുഖമാണ് പ്രേക്ഷകന് പകരുന്നത്. നോമ്പ് കാലത്തെ ഗാനങ്ങളെയും ഗസലുകളെയും ഓര്‍മ്മപ്പെടുത്തുന്ന പശ്ചാത്തല സംഗീതം ഒരുക്കി ജോയ് മാധവന്‍ നല്ലൊരു അനുഭവം തന്നെ ഉണ്ടാക്കി. ദേവി കൃഷ്ണ, ശങ്കര്‍ ഡൂണ്‍ എന്നിവരുടെ ഗാനങ്ങള്‍ നേരത്തെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്.

താരപ്രഭകള്‍ക്കപ്പുറം കലാമൂല്യമുള്ള സിനിമകള്‍ മലയാളസിനിമയില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. അത്തരമൊരു സിനിമയാണ് ഖലീഫ. ഒരു നാടിന്‍റെ സംസ്കാരവും ദൈവ പ്രതിപുരുഷന്മാരുടെ  ജീവിതവും ഖലീഫയിലൂടെ കാണേണ്ടത് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *