ആമി : കമലിന്‍റെ കാവ്യ ശില്‍പം

Sharing is caring!

ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരാണ് എല്ലാ മതങ്ങളും എന്ന് തന്‍റെ ജീവിതം കൊണ്ട് ബോധ്യപ്പെടുത്തുകയാണ് ആമി. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം എന്താണെന്നും, അതില്‍ സമൂഹം എങ്ങിനെ കൈകടത്തുന്നുവെന്നും ആമിയുടെ ജീവിതം പറയുമ്പോള്‍ ആ ജീവിതം മനോഹരമായി ആവിഷ്കരിക്കാന്‍ കമലിന് സാധിച്ചിട്ടുണ്ട്

വെബ്‌ ഡസ്ക് 

മലയാളികള്‍ക്ക് മാത്രമല്ല, ലോക സാഹിത്യത്തില്‍ തന്നെ ഒരു കാവ്യമാണ് ആമിയുടെ ജീവിതം. അതുകൊണ്ട് തന്നെ ആമിയുടെ ജീവിത കഥ ഒരു കാവ്യ ശില്‍പം പോലെയാണ് കമല്‍ സൃഷ്ടിച്ചിരിക്കുന്നത്. കണ്‍മുന്നില്‍ കമല പല വേഷപ്രഛന്നങ്ങളില്‍ ജീവിക്കുകയായിരുന്നു.

‘ഉയര്‍ന്ന ജാതിയില്‍ ഉള്ളവര്‍ അടിയനെന്ന് വിളിച്ചൂടാ.. വള്ളി താഴ്ന്ന ജാതിയല്ലേ..” 

”ദേ, അമ്മേ, കുട്ടികളെ ജാതിയും മതവുമൊന്നും പഠിപ്പിക്കേണ്ട.. മനുഷ്യജാതി.. അതാ കമലയുടെ ജാതി, കെട്ടോ..”

അമ്മ ബാലാമണിയമ്മയുടെ ഈ വാക്കുകളില്‍ നിന്നാണ് കമല വളരുന്നത്. മാധവിക്കുട്ടിയായും കമലാദാസായും കമലസുരയ്യയായും ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച കൗതുകമുണര്‍ത്തുന്ന ജീവിതത്തിന്‍റെ ഉടമ. ജീവിതം കൊണ്ട് മലയാളികളുടെ കപട മുഖം പിച്ചിച്ചീന്തിയ സ്ത്രീ. അതാണ് കമല.

”ബാലാമണിയമ്മ എഴുതിയതൊക്കെ മാതൃത്വത്തെ കുറിച്ചാണ്.. പക്ഷെ, അമ്മ എന്നെ ലാളിച്ചിട്ടേ ഇല്ല്യാട്ടോ.. കുട്ടികളെ ലാളിച്ചാല്‍ എന്താ കുഴപ്പം.?”

ആമിയുടെ ഈ വാക്കുകളിലുണ്ട് ആ ജീവിതം. ബലാമണിയമ്മയുടെ ഉള്ളിലാണ് സ്നേഹം. അത് പ്രകടിപ്പിക്കാന്‍ അറിയാത്തതുകൊണ്ട് തന്നെ എഴുതുന്നു. മക്കള്‍ക്ക് കൊടുത്തിട്ടില്ലാത്ത ലാളന മലയാളികള്‍ക്കാകെ നല്‍കിയ എഴുത്തുകാരിയാണവര്‍. അടക്കിപ്പിടിച്ച വികാരമാണ് എഴുത്തിന്‍റെ ലോകത്ത് മാസ്മരികത തീര്‍ക്കുന്നത് എന്ന് വളരെ വ്യക്തമായിതന്നെ ആമി പറയുകയാണിവിടെ. അങ്ങനെ നോക്കുമ്പോള്‍ ആമിയുടെ എഴുത്തുകള്‍ അവരുടെ ജീവിതമല്ല. ആരില്‍ നിന്നും താന്‍ ആഗ്രഹിച്ച സ്നേഹം കിട്ടാതായപ്പോള്‍ അത് എഴുത്തിലൂടെ തേടിപ്പോയ, പച്ചയായി തുറന്നു പറഞ്ഞ സ്ത്രീയാണവര്‍.

കൃഷ്ണന്‍റെ ആരാധകയായിരുന്ന ആമിയെ കൃഷ്ണനിലൂടെ ആവിഷ്കരിക്കുകയാണ് കമല്‍. ഇരേഴു പതിനാല് ലോകങ്ങളിലും ആരാധികമാരുള്ള പുരുഷനാണ് കൃഷ്ണനെങ്കില്‍ സ്ത്രീവര്‍ഗ്ഗത്തിലെ കൃഷ്ണവേഷമാണ് ആമിക്കുള്ളതെന്ന് കമലിന്‍റെ ആമി പറയുന്നു. എന്നാല്‍ അത് ഒരു തെറ്റായി തോന്നുന്നത് മലയാളിയുടെ കപട കണ്ണുകള്‍ക്ക് മാത്രമാണെന്നും സിനിമ ശക്തമായി പറയുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പെ കമല്‍ ആമിയെ കുറിച്ച് ആലോചിച്ചിരുന്നു. ഏറെ വിവാദങ്ങള്‍ക്കും തടസ്സങ്ങള്‍ക്കും ഇടയില്‍ ആമി നമുക്കുമുന്നിലെത്തിയപ്പോള്‍ ഈ കാലഘട്ടം ഏറെ ആവശ്യപ്പെടുന്ന സിനിമ എന്ന് വേണം വിശേഷിപ്പിക്കാന്‍. കമല്‍ സിനിമയെ കുറിച്ച് ആലോചിക്കുന്ന സമയത്തേക്കാള്‍ ശക്തമായി ആമിയുടെ ജീവിതം ഇന്ന് കാലം ആവശ്യപ്പെടുന്നുണ്ട്. മലയാളികളുടെ ഒളിഞ്ഞുനോട്ടവും കപട മുഖവും മുമ്പത്തേക്കാളേറെ ചര്‍ച്ചകളില്‍ നിറയുമ്പോള്‍ ഇങ്ങനെ ഒരു സ്ത്രീ ജീവിച്ചിരുന്നു എന്നത് തന്നെ പുതിയ തലമുറയ്ക്ക് അവിശ്വസനീയമായിരിക്കും.

ജാതിയും മതവും മുന്‍പത്തെക്കാളും ഭീതിതമാകുന്ന കാലത്ത് കൂടിയാണ് ആമിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് എതിരാണ് എല്ലാ മതങ്ങളും എന്ന് തന്‍റെ ജീവിതം കൊണ്ട് ബോധ്യപ്പെടുത്തുകയാണ് ആമി. സ്വന്തം ഇഷ്ടപ്രകാരം സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ ആഗ്രഹിച്ച സ്ത്രീയാണ് ആമി. കുട്ടിക്കാലത്ത് മുസ്ലീം സ്ത്രീകളെ കണ്ടത് ഓര്‍ക്കുകയും മുസ്ലീം ആകാനുള്ള ആഗ്രഹം അവസാന കാലത്ത് പങ്കുവെക്കുകയും ചെയ്യുന്നുണ്ട് ആമി. തന്നെക്കാള്‍ ഇരുപത് വയസ്സ് കൂടുതലുള്ള പുരുഷനെയാണ് ആമി വിവാഹം ചെയ്യുന്നത്. ഇതിനിടയില്‍ പ്രപഞ്ചമാണ് പ്രണയമെന്നും, പ്രണയത്തിന് പ്രായമില്ലെന്നും ആമി ആവര്‍ത്തിച്ച് മനസിലാക്കുന്നുണ്ട്. അങ്ങനെയുള്ള ആമിക്ക് വാര്‍ദ്ധക്യത്തില്‍ തന്നെക്കാള്‍ ഇരുപത് വയസ് കുറവുള്ള യുവാവിനോട് പ്രണയം തോന്നുകയാണ്. ആ പ്രണയം കൂടിയാണ് ആമിയെ മുസ്ലീം സമുദയാത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചത്.

വിധവയായ സ്ത്രീ ക്ഷേത്രദര്‍ശനം നടത്താന്‍ പാടില്ലെന്നതുപോലെയുള്ള ഹിന്ദുമതത്തിലെ ചില നിയന്ത്രണങ്ങള്‍ ആമിയെ അസ്വസ്ഥയാക്കിയിരുന്നു. ഈ സമയത്തുകൂടിയാണ് മുസ്ലീം സമുദായത്തിലേക്ക് ആമി ആകൃഷ്ടയാകുന്നത്. എന്നാല്‍ ആ മതവും തനിക്ക് സ്വാതന്ത്ര്യം തരുന്നില്ലെന്ന് അവസാന കാലത്ത് ആമി മനസിലാക്കുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം എന്താണെന്നും, അതില്‍ സമൂഹം എങ്ങിനെ കൈകടത്തുന്നുവെന്നും ആമിയുടെ ജീവിതം പറയുമ്പോള്‍ ആ ജീവിതം മനോഹരമായി ആവിഷ്കരിക്കാന്‍ കമലിന് സാധിച്ചിട്ടുണ്ട്. സ്വന്തം മണ്ണില്‍, പിതൃക്കളുറങ്ങുന്ന കാവില്‍ ഒരു തിരികൊളുത്താന്‍ മറ്റൊരാളുടെ അനുവാദം വാങ്ങേണ്ടി വരുന്ന അവസ്ഥയാണ് അവസാന കാലത്ത് ആമിക്കുണ്ടായത്. കൃഷ്ണനില്‍ പ്രവാചകനെ കൂടി കാണുന്ന ആമിയാണ് യഥാര്‍ത്ഥ മതവിശ്വാസി എന്ന് സിനിമ പറഞ്ഞുവെക്കുന്നു. തന്‍റെ ജീവിതം കൊണ്ട് സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ ജീവിതമെന്ന സന്ദേശം നല്‍കുന്ന ആമിയെ ആത്മാര്‍ത്ഥമായി അവതരിപ്പിക്കാന്‍ കമലിനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും സാധിച്ചു.

പുരുഷന് ഏത് പ്രായത്തിലും പ്രണയിക്കാം, വിവാഹം കഴിക്കാം, ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടാം. എന്തുകൊണ്ട് സ്ത്രീക്ക് ഇത് പറ്റില്ല.? പുരുഷന് ലൈംഗികതയെ കുറിച്ച് സംസാരിക്കാം, എഴുതാം. പക്ഷെ, സ്ത്രീ എഴുതിയാല്‍ അത് സമൂഹത്തിന് ഭ്രഷ്ട് ആകുന്നത് എങ്ങനെയാണ്.? ചോദ്യങ്ങളാണ് ആമിയുടെ ജീവിതം. ചോദ്യങ്ങളാണ് സിനിമ കഴിയുമ്പോള്‍ മലയാളിക്കുമുന്നില്‍ ഉയരുന്നത്. പുതിയകാലത്തിന് ഏറെ പഠിക്കാനുണ്ട് കമലിന്‍റെ ആമിയില്‍ നിന്നും.

രാജ്യം സ്വാതന്ത്ര്യം നേടിയപ്പോഴും അതിന് മുന്‍പുമുള്ള കാഴ്ചകളിലൂടെ സിനിമ പോകുന്നുണ്ട്. ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഇന്ത്യ തെരുവില്‍ എങ്ങോട്ടെന്നില്ലാതെ ഓടുകയായിരുന്നു. ആമിയുടെ കണ്‍മുന്നില്‍ സ്വാതന്ത്ര്യം തെരുവില്‍ വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു. ഇത്തരം അനുഭവങ്ങളായിരിക്കണം ആമിയെ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയെ വെട്ടിമുറിച്ചപ്പോള്‍ ഉണ്ടായ ജാതി, മത കലാപങ്ങളുടെ ബാക്കി ഇന്നും നമുക്കുമുന്നില്‍ തന്നെ ഉണ്ടെന്ന് സിനിമ പറഞ്ഞുവെക്കുന്നു. സിനിമ അവസാനിക്കുമ്പോള്‍ ഒരു കെട്ടകാലത്തെ വരവേല്‍ക്കരുതെന്ന സന്ദേശമാണ് കമലും ആമിയും നമുക്ക് നല്‍കുന്നത്.
മഞ്ജു വാര്യരുടെ കലാജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ആമി. വിദ്യാബാലനെ ആ വേഷത്തില്‍ നേരത്തെ സങ്കല്‍പിച്ച മലയാളിക്ക് തുടക്കത്തില്‍ ചില കല്ലുകടികള്‍ അനുഭവപ്പെടാമെങ്കിലും രണ്ടാം പകുതിയെത്തുമ്പോള്‍ മഞ്ജുവാര്യരല്ലാതെ മറ്റാര്‍ക്കും ഇത് സാധ്യമാകില്ലെന്ന് തോന്നിപ്പോകും. വാര്‍ദ്ധക്യത്തിലേക്ക് കടന്ന ആമിയെ മഞ്ജു അസാധ്യ കൈയ്യടക്കത്തോടെയാണ് അവതരിപ്പിച്ചത്. ആമിയുടെ ജീവിതത്തിലെ ഓരോ സീനും മഞ്ജുവിന്‍റെ കൈകളില്‍ ഭദ്രമായിരുന്നു. വേഷത്തിലും ഭാവത്തിലും മറ്റൊരാളായി മാറുന്ന ഇത്തരം കഥാപാത്രങ്ങളെ വെല്ലുവിളിയായി ഏറ്റെടുത്ത മഞ്ജു ഈ കഥാപാത്രത്തിലൂടെ മലയാളികളുടെ തന്നെ അഭിമാനമായി മാറും എന്നതില്‍ സംശയമില്ല. ആമിയുടെ കുട്ടിക്കാലം അവതരിപ്പിച്ച രണ്ട് കുട്ടികളും മികച്ച പ്രകടനാണ് കാഴ്ചവെച്ചത്.

ചിത്രത്തില്‍ എടുത്തുറയേണ്ടത് ടോവിനോ തോമസിനെയാണ്. എല്ലാതരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങും എന്ന് ടോവിനോ തെളിയിച്ചിരിക്കുന്നു. പൃഥ്വിരാജിന് പകരമാണ് ടോവിനോയെ പരിഗണിച്ചത്. സൗന്ദര്യം കൊണ്ടും സംസാരം കൊണ്ടും കൃഷ്ണന്‍റെ ലാളിത്യവും നിഷ്കളങ്ക ഭാവവും ടോവിനോയുടെ കൈയ്യില്‍ ഭദ്രമായിരുന്നു. മുരളി ഗോപി ആമിയുടെ ഭര്‍ത്താവായി തകര്‍ത്തഭിനയിച്ചു. ആമിയുടെ വികാരങ്ങളോടൊപ്പം നില്‍ക്കുന്ന മുരളീഗോപിയുടെ മരണം പ്രേക്ഷകനിലും നഷ്ടപ്പെടലിന്‍റെ വേദന തീര്‍ക്കുന്നു. യഥാര്‍ത്ഥ കഥാപാത്രത്തെ വരച്ച് വെച്ചതുപോലെയായിരുന്നു അനൂപ് മേനോന്‍റെ അക്ബര്‍ അലി. എല്ലായിടത്തുനിന്നും ഒറ്റപ്പെട്ട് എന്ത് ചെയ്യണമെന്നറിയാതെ നിര്‍വികാരനായി നില്‍ക്കുന്ന അക്ബര്‍ മനസില്‍ മായാതെ കിടക്കും.

ചെറുതും വലുതുമായി വന്ന എല്ലാ കഥാപാത്രങ്ങളും ഗംഭീര പ്രകടനം തന്നെ കാഴ്ചവെച്ചു. ബാലാമണിയമ്മയുടെ വാര്‍ദ്ധക്യ കഥാപാത്രം ശരിക്കും അവര്‍ തന്നെയാണോ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ചെറുവേഷങ്ങളില്‍ വന്നവയില്‍ എടുത്തുപറയേണ്ടത് സന്തോഷ് കീഴാറ്റൂരിന്‍റെ കഥാപാത്രമാണ്. മാധവിക്കുട്ടി സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുമ്പോള്‍ മതഭ്രാന്തന്‍മാരുടെ പങ്കെന്താണെന്ന് സന്തോഷ് കീഴാറ്റൂര്‍ വരച്ചുവെക്കുന്നു. ആ കഥാപാത്രം നമുക്കുചുറ്റിലുമുണ്ട്. പല സംഭവങ്ങളിലും സന്തോഷിന്‍റെ കഥാപാത്രം സമൂഹത്തിലെ ആവിഷ്കാര സ്വാതന്ത്ര്യത്തെ കാര്‍ന്നെടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചെറിയ സീനുകളില്‍ മാത്രം വന്ന് പ്രേക്ഷക മനസ്സില്‍ മായാതെ നില്‍ക്കാന്‍ സന്തോഷിന് സാധിച്ചു. സ്വന്തം കഥാപാത്രമായി തന്നെയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് വന്നത്. കെപിഎസി ലളിതയും രഞ്ജി പണിക്കരും, ജ്യോതി കൃഷ്ണയും, രാഹുല്‍മാധവും അങ്ങനെ എണ്ണിയാല്‍ ഒതുങ്ങാത്ത കഥാപാത്രങ്ങളെല്ലാം മികച്ചുനിന്നു.

ബിജിപാലിന്‍റെ പശ്ചാത്തല സംഗീതം ആമിയോടൊപ്പമായിരുന്നു. പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും പ്രതിഷേധത്തിന്‍റെയും അനുഭവം പകരാന്‍ സംഗീതത്തിന് സാധിച്ചു. ആമിയോട് നൂറ് ശതമാനം കൂറുപുലര്‍ത്തിയ പാട്ടുകളാണ് എം ജയചന്ദ്രനും റഫീഖ് അഹമ്മദും ഒരുക്കിയത്.

എല്ലാത്തിലും ഉപരിയായി എടുത്തുപറയേണ്ടത് ആ കാലഘട്ടത്തെ ഒരുക്കിയ സെറ്റ് ആണ്. നാലപ്പാട് തറവാടും കൊല്‍ക്കത്തയിലെ വസതിയും കാലഘട്ടത്തിന് അനുസരിച്ച് മെനഞ്ഞെടുത്തപ്പോഴാണ് ആമിയുടെ ജീവിതം പൂര്‍ണമായത്.

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com