തൊണ്ടിമുതല്‍ കിട്ടാത്ത ദൃക്സാക്ഷികള്‍…
മഹേഷിന്റെ പ്രതികാരത്തിലെ ഓരോ സീനും ഹാസ്യത്തിലാണ് ചെന്നവസാനിക്കുന്നതെങ്കില് തൊണ്ടിമുതലും ദൃക്സാക്ഷിയും ഓരോ സീനും അവസാനിപ്പിക്കുന്നത് ശക്തമായ രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ്.
ജീവിതത്തില്‍ എത്രപേര്‍ ഒരു കള്ളനെ കണ്ടിട്ടുണ്ട്.? ഞാന്‍ ഇന്നലെ ഒരു കള്ളനെ കണ്ടു. ശരിക്കും ഒരു യഥാര്‍ത്ഥ കള്ളനെ. മലയാള സിനിമ ഒരുപാട് കള്ളന്മാരെയും പോലീസുകാരെയും പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ കള്ളനും പോലീസും യഥാര്‍ത്ഥമാണ്. ശരിക്കും ഒരു പോലീസ്റ്റേഷനില്‍ കയറിയ പ്രതീതി. ശരിക്കും ഒരു കള്ളനെ നേരില്‍ കണ്ട അനുഭവം.
കമ്മട്ടിപ്പാടത്തിന് ശേഷം മലയാളത്തില്‍ ശക്തമായ ഒരു രാഷ്ട്രീയം കൈകാര്യം ചെയ്ത സിനിമയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും. പോത്തേട്ടന് ബ്രില്ല്യന്‍സും, ശ്യാം പുഷ്കരന്റെ ക്രിയേറ്റീവും, രാജീവ് രവിയുടെ ക്യാമറക്കണ്ണുകളും സജീവ് പാഴൂരിന്റെ കഥാസൃഷ്ടിയും എല്ലാം സംവാദമുഖങ്ങള്‍ തുറന്നു. ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തു. എന്നാല്‍ ആരും കാണാത്ത കള്ളന് ഒളിഞ്ഞിരിപ്പുണ്ട്. ഇനിയും തൊണ്ടിമുതല്‍ കിട്ടാത്ത ദൃക്സാക്ഷികളാണ് നമ്മളെല്ലാവരും.
ആലപ്പുഴയിലെ ഗ്രാമത്തിലെ നിഷ്കളങ്കനായ ചെറുപ്പക്കാരനാണ് പ്രസാദ്. ഒരു സാധാരണ മലയാളി ചെറുപ്പക്കാരന്റെ തനി നാടന്‍ ലുക്കില്‍ സുരാജ് തിളങ്ങിയ സീനുകള്‍. മറ്റുള്ളവരുടെ കാര്യത്തില്‍ പ്രത്യേകിച്ച് ചെറുപ്പക്കാരികളുടെ കാര്യത്തില്‍ ആശങ്കയുള്ള “മാന്യനായ” ചെറുപ്പക്കാരന്. പ്രസാദെന്ന നിഷ്കളങ്കനായ ചെറുപ്പക്കാരന്റെ മുഖത്ത് നോക്കി വെറുപ്പോടെ തുപ്പുന്ന യുവതി പുതിയ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രതീകമാണ്. അതുകൊണ്ടാണ് വീട്ടിലെ കൊച്ചുപെണ്‍കുട്ടി രാവിലെ പല്ലുതേച്ച് തുപ്പുന്നതും പ്രസാദില്‍ ഞെട്ടലുളവാക്കുന്നത്. പുതിയകാലത്തെ സ്ത്രീസമൂഹം അങ്ങനെയാണ്. നിങ്ങളുടെ കണ്ണുകളുടെ സുരക്ഷ അവര്‍ക്ക് ആവശ്യമില്ല. വലിയൊരു രാഷ്ട്രീയത്തെ വളരെ നിസാരമായ സംവങ്ങളിലൂടെ അവതരിപ്പിച്ചിടത്താണ് കഥയും തിരക്കഥയും ശക്തമാകുന്നത്. ആ സീനുകള്‍ പ്രേക്ഷകനില്‍ എത്തിച്ച രീതിയെയാണ് പോത്തേട്ടന് ബ്രില്ല്യന്‍സും ശ്യാംപുഷ്കരന്റെ ക്രിയേറ്റീവുമായി വിലയിരുത്തുന്നത്. മഹേഷിന്റെ പ്രതികാരത്തിലെ ഓരോ സീനും ഹാസ്യത്തിലാണ് ചെന്നവസാനിക്കുന്നതെങ്കില് തൊണ്ടിമുതലും ദൃക്സാക്ഷിയും ഓരോ സീനും അവസാനിപ്പിക്കുന്നത് ശക്തമായ രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ്.
പുരോഗമനമെന്നത് കേരളത്തിന്റെ പുറംമോഡിയാണെന്നും ജാതിചിന്ത സംസാര ശൈലിയിലും ജീവിത ചര്യയിലും വരെ കലര്‍ന്ന സമൂഹത്തില്‍ തന്നെയാണ് ഇപ്പോഴും നാം ജീവിക്കുന്നതെന്നും പറഞ്ഞുതരുന്നുണ്ട് തൊണ്ടിമുതലില്‍.
പുരോഗമനമെന്നത് കേരളത്തിന്റെ പുറംമോഡിയാണെന്നും ജാതിചിന്ത സംസാര ശൈലിയിലും ജീവിത ചര്യയിലും വരെ കലര്‍ന്ന സമൂഹത്തില്‍ തന്നെയാണ് ഇപ്പോഴും നാം ജീവിക്കുന്നതെന്നും പറഞ്ഞുതരുന്നുണ്ട് തൊണ്ടിമുതലില്‍. ആലപ്പുഴയിലെ എസ്എന്‍ഡിപി കൊടിയില്‍ നിന്നും കാസര്‍ഗോഡ് ക്ഷേത്രത്തില്‍ കോല്ക്കളിക്കിടെയുണ്ടാകുന്ന സംഘര്‍ഷം വരെ അടയാളപ്പെടുത്തുന്നതാണ് ഈ രാഷ്ട്രീയം. എത്ര പാവപ്പെട്ടവരായാലും നായരും ഈഴവനും വിവാഹിതരായാല്‍ നാട്ടില്‍ കുഴപ്പം തന്നെയാണ്. ഉത്സവക്കമ്മിറ്റിക്കാരുടെ ഇടയില്‍ അഭിമാനം അടിയറവെക്കപ്പെടുന്നത് ജാതിയിലും മതത്തിലുമാണ് ഇപ്പോഴും. കണ്മുന്നിലുള്ള ഈ യാതാര്‍ത്ഥ്യം പച്ചയായി ആവിഷ്കരിക്കുന്നുണ്ട് സിനിമയില്‍.
പ്രാദേശിക ഭാഷയാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ഗ്രാമീണതയുടെ നിഷ്കളങ്കത നിറഞ്ഞ ഭാഷയോടൊപ്പം പ്രദേശത്തെ ഭംഗിയായി അടയാളപ്പെടുത്തുകയായിരുന്നു ദിലീഷ് പോത്തന്. തൂറാനിരിക്കുന്ന കള്ളന് സിഗരറ്റ് വലിക്കുന്നത് സാധാരണ സംഭവമാണ്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല കയ്യില്‍വെച്ച് അടിച്ചുപൊട്ടിക്കുന്ന രംഗം വല്ലാത്തൊരു ഗൃഹാതുരതയാണ്. ഇതൊക്കെ എവിടുന്ന് കിട്ടുന്നു ഇങ്ങേര്‍ക്ക് എന്നതാണ്..!!
” ഈ പോലീസുകാര്‍ കാണിക്കുന്നതൊന്നും ശരിയല്ല. കാലില്‍ ഒരു മുള്ള് തറച്ചാല്‍ കാല് മുറിച്ചുകളുവാണോ നമ്മള് ചെയ്യ്വാ..? ആ മുള്ള് മെല്ലെ സൂക്ഷിച്ച് ഇങ്ങനെ ഇങ്ങനെ പുറത്തെടുക്കും..” ഒരു കള്ളന് നമ്മുടെ നിയമവ്യവസ്ഥയെ നോക്കി പറയുന്ന മനോഹരമായ വാക്കുകളാണിത്. അതുപോലെ ചിന്തിപ്പിക്കുന്നതും. പോലീസ് സ്റ്റേഷനിലെത്തുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണവും മൊഴി രേഖപ്പെടുത്തലും യാഥാര്‍ത്ഥ്യത്തോടെ ക്യാമറയില്‍ പകര്‍ത്തി. ആദ്യം കേസ് ഒഴിവാക്കാന്‍ അലസമായി നടത്തുന്ന മൊഴി രേഖപ്പെടുത്തലും അവസാനം കേസ് ശക്തമാക്കാന്‍ വളച്ചൊടിക്കുന്ന മൊഴി രേഖപ്പെടുത്തലും വിശദീകരണങ്ങളില്‍ ഒതുങ്ങുതല്ല. അത് കണ്ട് തന്നെ മനസിലാക്കണം. യഥാര്ത്ഥമെന്നോണം ഒരു സംഭവത്തെ പറഞ്ഞതിന് ശേഷം നിയമവ്യവസ്ഥയും നിയമപാലകരും എങ്ങനെയാണെന്നതിലേക്ക് സിനിമ വിരല്‍ചൂണ്ടുന്നു. തികച്ചും സത്യസന്ധമായ ഒരു പ്രയോഗം. കല എന്നത് സമൂഹത്തെ അടയാളപ്പെടുത്തുന്നതാണ് എന്ന് ആരോ പറഞ്ഞത് ഓര്‍മ്മ വരുന്നു..
ഇതൊക്കെയാണ് തൊണ്ടിമുതല്‍. ദൃക്സാക്ഷികള്‍ നമ്മളും. ഇനിയും തൊണ്ടിമുതല്‍ കാണാതിരിക്കരുത്. മനസിന്റെ ആഴത്തില്‍ പതിപ്പിക്കുന്ന പ്രമേയം ഒരുക്കിയ തൊണ്ടിമുതല്‍ ടീമിന് സല്യൂട്ട്.
കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ കാണിച്ച പോത്തേട്ടന് ബ്രില്ല്യന്‍സ് അപാരമായിരുന്നു. ഫഹദിനെയും സുരാജിനെയും കുറിച്ച് മറുത്തൊന്നും മലയാളികള്‍ക്ക് പറയാനില്ല. ഫഹദിന്റെ കണ്ണുകളും പുരികങ്ങള്‍ പോലും അഭിനയിക്കുന്നു. തുടക്കത്തില്‍ പറഞ്ഞതുപോലെ ഒരു കള്ളനെ നേരില്‍ കണ്ട ഫീലിംഗ്സ് ആയിരുന്നു. തൊണ്ടിമുതല്‍ കണ്ടെടുക്കാതെ രക്ഷപ്പെടുക എന്നതായിരുന്നു ആദ്യ പകുതി. കണ്ടെത്തിയാലും രക്ഷപ്പെടുക എന്നതായിരുന്നു രണ്ടാം പകുതി. അതിന് അയാള്‍ നടത്തുന്ന പ്രയത്നം യഥാര്ത്ഥമെന്നോണം അവതരിപ്പിക്കാന്‍ ഫഹദല്ലാതെ മറ്റൊരു നടനില്ലെന്ന് വരെ തോന്നിപ്പോകുന്ന പ്രകടനം. അലന്‍സിയറിന്റെ കഥാപാത്രത്തെ കൃത്യമായി നിരീക്ഷിച്ചതിന് ശേഷമാണ് കള്ളന് അവസാനത്തെ അടവ് സ്വീകരിക്കുന്നത്. ഓരോ ആളുകളെയും അയാള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അവസാന നിമിഷം വരെ പിടിച്ച് നില്ക്കാന് അയാള്‍ കാണിക്കുന്ന ധൈര്യവും അതാണ്. സുരാജിന്റെ നിഷ്കളങ്കനായ മലയാളി യുവാവ് യഥാര്‍ത്ഥത്തില്‍ നമുക്കിടയിലുള്ള കഥാപാത്രമാണ്. ആ രീതിയില്‍ തന്നെ പ്രതിഫലിപ്പിക്കാനും സുരാജിന് സാധിച്ചു.
പുതുമുഖതാരം നിമിഷ സജയനും അവരോടൊപ്പം അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് തോന്നിപ്പോകുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അവളുടെ ഒരു നോട്ടം മതി. അതില്‍ എല്ലാം ഉണ്ടായിരുന്നു. ഒരു പുതുമുഖതാരത്തെ ഇങ്ങനെ തിരഞ്ഞെടുത്ത് അവതരിപ്പിക്കാന്‍ പോത്തേട്ടന് മാത്രമെ സാധിക്കു. അത് മഹേഷിലും കണ്ടതാണ്. വെട്ടുകിളി പ്രകാശിനെ കുറെ കാലത്തിന് ശേഷം മലയാള സിനിമ കാണുകയാണ്. ചെറിയ സീനുകളില്‍ മാത്രം നിന്നിരുന്ന മലയാളി മറന്നുപോയ പ്രകാശിനെപോലെയുള്ള കലാകാരന്മാരെ തിരികെ കൊണ്ടുവരുന്നത് നല്ലൊരു മാതൃകയാണ്. ഈ സിനിമയിലെ വെട്ടുകിളി പ്രകാശിന്റെ അഭിനയം തന്നെയാണ് അതിന് തെളിവ്.
എടുത്തുപറയാനുള്ളത് പോലീസ് സ്റ്റേഷനും പോലീസുകാരുമാണ്. റിയാലിറ്റിക്ക് വേണ്ടി പോലീസുകാരെ തന്നെ അഭിനേതാക്കളാക്കിയപ്പോള് ദിലീഷ് പോത്തന് തെറ്റ് പറ്റിയില്ല. റിയാലിറ്റിക്കും അപ്പുറമായിരുന്നു സ്റ്റേഷനും അതിലെ സംഭവങ്ങളും. കഥയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കഥാപാത്രങ്ങളെ തിരഞ്ഞെടുത്തതാണ് സിനിമയുടെ മറ്റൊരു വിജയഘടകം.
സജീവ് പാഴൂര്‍ മലയാളത്തിന് സമ്മാനിച്ച ഈ കഥ സിനിമാ മേഖലയിലേക്ക് കടന്നുവരുന്ന ഓരോ ആളിനും പാഠമാണ്. എത്രനിസാരമായ സംഭവത്തെയും നല്ല സിനിമയാക്കാം. ചെറിയ സംഭവങ്ങളെ സിനിമയാക്കാം. എല്ലാത്തിലും സിനിമയുണ്ട്. പക്ഷെ അത് സമൂഹവുമായി സംവദിക്കണം. അതാണ് തൊണ്ടിമുതലിലൂടെ സജീവ് പറഞ്ഞുവെച്ചത്.
തൊണ്ടിമുതല്‍ പ്രഖ്യാപിച്ചത് മുതല്‍ ദിലീഷ് പോത്തനും ടീമും കാസര്‍ഗോഡ് താമസമാക്കിയത് വെറുതെയായില്ല. ഓരോ സീനിലും സംഭാഷണത്തിലും അത് കാണാനുണ്ട്. മാറ്റത്തിന്റെ പാതയില്‍ പോകുന്ന മലയാള സിനിമയ്ക്ക് പുതിയ പാഠപുസ്തകമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും.