2015 ല്‍ മോഹന്‍ലാല്‍ മുഖ്യ അതിഥി : ഇന്ന് ഭീമഹര്‍ജിയില്‍ ഒപ്പിട്ടവരും പങ്കെടുത്തു
2011 ല്‍ കോഴിക്കോട് വെച്ച് നടന്ന അവാര്‍ഡ് വിതരണത്തില്‍ തമിഴ് താരം സൂര്യയും 2015 ല്‍ കോട്ടയത്ത് വെച്ച് നടന്ന ചടങ്ങില്‍ മോഹന്‍ലാലുമാണ് മുഖ്യഅതിഥിയായി പങ്കെടുത്തത്. അന്ന് ഉണ്ടാകാതിരുന്ന പ്രശ്നമാണ് ഇപ്പോള്‍ സിനിമാ മേഖലയിലെ തന്നെ ചിലര്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും വിവാദങ്ങളില്‍ ഉയര്‍ന്നുവരുന്നു.
വെബ് ഡസ്ക്
സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാര വിതരണത്തില്‍ താരങ്ങളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുകയാണ്. മോഹന്‍ലാലിനെ മുഖ്യ അതിഥിയായി പങ്കെടുപ്പിക്കാമെന്ന സാംസ്കാരിക മന്ത്രിയുടെ അഭിപ്രായമാണ് മോഹന്‍ലാലിനെ ഔദ്യോഗികമായി ക്ഷണിക്കും മുന്‍പ് തന്നെ വിവാദമായിരിക്കുന്നത്. മലയാള സിനിമാമേഖല രണ്ട് ചേരിയായി സംവാദത്തിലേര്‍പ്പെടുന്ന കാഴ്ചയാണുള്ളത്. ഇതേ സമയം കഴിഞ്ഞ കാലങ്ങളില്‍ മുഖ്യ അതിഥികള്‍ ഉണ്ടായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. മോഹന്‍ലാല്‍ തന്നെ മുഖ്യഅതിഥിയായി സര്‍ക്കാരിന്റെ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.
2011 ല്‍ കോഴിക്കോട് വെച്ച് നടന്ന അവാര്‍ഡ് വിതരണത്തില്‍ തമിഴ് താരം സൂര്യയും 2015 ല്‍ കോട്ടയത്ത് വെച്ച് നടന്ന ചടങ്ങില്‍ മോഹന്‍ലാലുമാണ് മുഖ്യഅതിഥിയായി പങ്കെടുത്തത്. അന്ന് ഉണ്ടാകാതിരുന്ന പ്രശ്നമാണ് ഇപ്പോള്‍ സിനിമാ മേഖലയിലെ തന്നെ ചിലര്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും വിവാദങ്ങളില്‍ ഉയര്‍ന്നുവരുന്നു. മാത്രമല്ല, താരങ്ങളെ മുഖ്യ അതിഥിയായി പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 105 പേര് മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും നല്കിയ ഭീമഹര്‍ജിയില്‍ ഉള്‍പ്പെട്ട പലരും 2015 ല്‍ മോഹന്‍ലാലിനെ മുഖ്യ അതിഥിയാക്കിയുള്ള പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കുകയും അവാര്‍ഡ് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മലയാള സിനിമയില്‍ ഉടലെടുത്ത പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയാണ് ഇപ്പോഴത്തെ വിവാദത്തെയും എല്ലാവരും കാണുന്നത്. ദിലീപിനെ തിരിച്ചെടുക്കാന്‍ മുന്നില്‍നിന്ന സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുത് എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുന്നത് അമ്മയുടെ പ്രസിഡന്റ് എന്ന പദവിയിലോ, താരം എന്ന പദവിയിലോ അല്ലെന്നും മലയാളത്തിന്റെ അഭിമാന നടന് എന്ന നിലയിലാണെന്നും ചിലര്‍ മറുവാദം ഉന്നയിക്കുന്നു.
മോഹന്‍ലാല്‍ പങ്കെടുത്താല്‍ മികച്ച നടനായി പുരസ്കാരം നേടിയ ഇന്ദ്രന്‍സിന്റെ മാറ്റ് കുറയും എന്നാണ് മറ്റൊരു വാദം. എന്നാല്‍, മോഹന്‍ലാലിനെപ്പോലെ തന്നെ മികച്ച നടനാണ് ഇന്ദ്രന്‍സ് എന്ന് അംഗീകാരിക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ് ഇങ്ങനെ പറയുന്നതെന്ന് മറ്റൊരുവിഭാഗം പറയുന്നു. ഇങ്ങനെ, വാദങ്ങളും മറുവാദങ്ങളും കൊഴുക്കുകയാണ്. ഇതിനിടയില്‍ ഔദ്യോഗിക ക്ഷണം ലഭിക്കാതെ തീരുമാനം പറയില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം സെനറ്റ് ഹാളായിരുന്നു അവാര്‍ഡ് വിതരണ വേദി. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ ഒരു തവണ കോഴിക്കോടും പിന്നെ കോട്ടയത്തും വിപുലമായ ചടങ്ങ് നടത്തി. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലക്കാടും തലശ്ശേരിയിലും ആഘോഷപൂര്‍ണമായ പുരസ്കാര വിതരണ ചടങ്ങാണ് സംഘടിപ്പിച്ചത്. പതിനായിരങ്ങളെ സാക്ഷിയാക്കിയാണ് കഴിഞ്ഞ രണ്ട് അവാര്‍ഡ് വിതരണവും നടന്നത്. 2017 ലെ അവാര്‍ഡ് 2018 ഓഗസ്ത് മാസം 8 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് വിതരണം ചെയ്യുന്നത്.