വിജയിയുടെ രാഷ്ട്രീയപ്രവേശനമല്ല, തമിഴ് ജനതയോടുള്ള ആഹ്വാനമാണ് മെര്‍സല്‍..

തമിഴ് മക്കളുടെ ദുരിതം മാത്രമല്ല, ഒരു തരത്തില്‍ ഇന്ത്യന്‍ ജനതയുടെയും ദുരിതമാണ് വിജയ് പറഞ്ഞത്. അത്തരം കലാപ്രവര്‍ത്തനങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം മെര്‍സലിനെതിരെയും നടക്കുന്നുണ്ട് എന്നത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം.

“30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിസേറിയന്‍ എന്ന ശാസ്ത്രക്രിയ പേടിയും അത്ഭുതവുമായിരുന്നെങ്കില്‍ 30 വര്‍ഷങ്ങള്‍ക്കിപ്പുറം നോര്‍മല്‍ ഡെലിവറി എന്നത് ആളുകള്‍ക്ക് അത്ഭുതമായിരിക്കും” ഇന്നത്തെ കാലത്തെ നോക്കി സത്യസന്ധമായ ഈ വസ്തുത പറഞ്ഞ മെര്‍സല്‍ എന്തുകൊണ്ടും വലിയൊരു രാഷ്ട്രീയം പറയുന്നുണ്ട്.

തമിഴ് രാഷ്ട്രീയം കലങ്ങി മറിയുന്ന സമയത്താണ് വിജയ് മൂന്ന് വേഷങ്ങളിലെത്തുന്ന ആറ്റ്ലി സിനിമ മെര്‍സല്‍ പുറത്തിറങ്ങുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ ഒരു മാസ് തന്നെയാണ്. കമല്‍ഹാസന്‍ മൂന്ന് വേഷത്തിലെത്തിയ പഴ സിനിമയോടും ഇടയ്ക്ക് രജനി സിനിമകളോടും വിജയിയുടെ തന്നെ കത്തി യോടും സാമ്യം തോന്നാവുന്ന ഒന്നാണ് മെര്‍സല്‍. ഒരു സിനിമ എന്ന നിലയില്‍ ഇങ്ങനെ ഒരുപാട് പാകപ്പിഴകള്‍ ആറ്റ്ലിക്ക് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊന്നുമല്ല സാധാരണ ജനങ്ങള്‍ മെര്‍സലിനെ കാണുന്നത്. താരമൂല്യമുള്ള ഒരു അഭിനേതാവിനെ വെച്ച് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിന്നുകൊണ്ട് ഒരു കാലാകാരനെന്ന നിലയില്‍ മെര്‍സല്‍ ടീം വലിയ വിജയം കൈവരിച്ചിരിക്കുന്നു. കാരണം, ആ സിനിമ പലരുടെയും ഉറക്കം കെടുത്തുന്നതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
കുഞ്ചന്‍ നമ്പ്യാര്‍ എന്ന മനുഷ്യന്‍ പലതും സമൂഹത്തോട് പറഞ്ഞിട്ടുണ്ടാകാം. അതൊന്നും നമുക്കറിയില്ല. എന്നാല്‍ കുഞ്ചന്‍ നമ്പ്യാര്‍ എന്ന തുള്ളല്‍ക്കാരന്‍ പറഞ്ഞ കാര്യങ്ങളെല്ലാം നമുക്കറിയാം. അതാണ് കലാകാരന്‍റെ ധര്‍മ്മം. അത് നിര്‍വ്വഹിക്കുമ്പോള്‍ എതിര്‍വാദങ്ങളും വിമര്‍ശനങ്ങളും പതിവാണ്. അവിടെ മെര്‍സല്‍ ഏത് കാലത്ത് ഇത് പറയുന്നു എന്ന് മാത്രം നോക്കിയാല്‍ മതി. ഇന്ന് തമിഴ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. രജനിയും കമലഹാസനും രാഷ്ട്രീയ പ്രവേശനത്തിന്‍റെ സൂചനകള്‍ നല്‍കി കഴിഞ്ഞു. അവരെ ചാക്കിട്ടുപിടിക്കാന്‍ ദേശീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ രംഗത്തെത്തി. ഇങ്ങനെയൊരു രാഷ്ട്രീയ കാലാവസ്ഥയില്‍ ചാക്കിട്ടുപിടിക്കാനും കുതിരക്കച്ചവടം നടത്താനും വരുന്നവരെ ആട്ടിപ്പായിക്കണമെന്നാണ് വിജയ് തന്‍റെ സിനിമയിലൂടെ പറയുന്നത്.


രജനിക്കും കമലഹാസനും പിറകെ വിജയിയുടെ രാഷ്ട്രീയ പ്രവേശന സൂചന കൂടി മെര്‍സല്‍ നല്‍കുന്നുണ്ട് എന്ന വാദവും ഇതിനിടെ ഉയര്‍ന്നുവരികയുണ്ടായി. മെര്‍സലെന്ന കഥയെ മുഴുവനായി നോക്കുമ്പോള്‍ അങ്ങനെ ചിന്തിക്കാനാവില്ല എന്ന് തന്നെ വേണം പറയാന്‍. കാരണം, തമിഴ് മക്കളുടെ ദ്രാവിഢ സംസ്കാരത്തെ ഊട്ടിയുറപ്പിക്കുന്ന ഡയലോഗുകളാല്‍ സമ്പന്നമാണ് സിനിമ. ഒറ്റക്കെട്ടായി നില്‍ക്കണം എന്ന് തമിഴ് ജനതയോടുള്ള ആഹ്വാനം പോലുണ്ട് ഇത്. ക്ഷേത്രങ്ങളല്ല ആശുപത്രിയാണ് വേണ്ടത് എന്ന് പറയുന്ന സിനിമ സാധാരണക്കാരന്‍റെ ദുരിതം അകറ്റുന്നവരുടെ കൂടെ മാത്രമെ നില്‍ക്കാവൂ എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുണ്ട്. കോര്‍പ്പറേറ്റുകളുടെ കഴുകന്‍ കണ്ണുകള്‍ തിരിച്ചറിയണമെന്നും വിദ്യാഭ്യാസം നേടണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്. തമിഴ് ജനതയിലെ സാധാരണക്കാരുടെ ജീവിതാവസ്ഥയാണ് സിനിമ വരച്ചുകാട്ടുന്നത്. ആ അവസ്ഥയില്‍ നിന്നും മോചനം തേടണമെന്നാണ് സിനിമ ആഹ്വാനം ചെയ്യുന്നത്. “എല്ലാ കാലത്തും ഞങ്ങളുടെ കൈ താഴെ നില്‍ക്കില്ല. ഒരുനാള്‍.. ഒരു നാള്‍ അത് ഉയര്‍ന്നു തന്നെ നില്‍ക്കു”മെന്ന് വിജയ് പറയുമ്പോള്‍ തിയേറ്ററിലെ കൈയ്യടികള്‍ക്കപ്പുറം തമിഴ് ജനതയോട് അവകാശങ്ങള്‍ക്ക് വേണ്ടി ഉയര്‍ന്നു നില്‍ക്കാനും പോരാടാനും തെറ്റുകള്‍ക്കെതിരെ പ്രതിഷേധിക്കാനും വിദ്യാഭ്യാസം നേടാനും തിരിച്ചറിവ് കൈവരിക്കാനുമൊക്കെ ആഹ്വാനം ചെയ്യുന്നുണ്ട്. അതെ, മെര്‍സല്‍ ഒരു ആഹ്വാനമാണ്. ഇത്തരം രാഷ്ട്രീയം പറയുന്ന സിനിമ തമിഴില്‍ ആദ്യമല്ല. നേരത്തെയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ കാലാവസ്ഥയില്‍ മെര്‍സലിന് വലിയ പ്രസക്തിയുണ്ട്. കാരണം, തമിഴ് മക്കളുടെ ദുരിതം മാത്രമല്ല, ഒരു തരത്തില്‍ ഇന്ത്യന്‍ ജനതയുടെയും ദുരിതമാണ് വിജയ് പറഞ്ഞത്. അത്തരം കലാപ്രവര്‍ത്തനങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം മെര്‍സലിനെതിരെയും നടക്കുന്നുണ്ട് എന്നത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം.

മെഡിക്കല്‍ ഫീല്‍ഡിലെ ഏറ്റവുംവ വലിയ അഴിമതി മെഡിക്കല്‍ ചെക്കപ് ആണെന്ന് പറയുന്ന നായകന്‍ അക്ഷരാര്‍ത്ഥത്തില്‍ എല്ലാതരം മനുഷ്യരെയും ഇരുത്തി ചിന്തിപ്പിക്കുകയാണ്. 7 ശതമാനം ജിഎസ്ടി ഈടാക്കുന്ന സിംഗപ്പൂരില്‍ സൗജന്യ ചികിത്സയും മരുന്നും നല്‍കുമ്പോള്‍ 28 ശതമാനം ജിഎസ്ടിയുള്ള ഇന്ത്യയില്‍ എന്തുകൊണ്ട് ആയിക്കൂട എന്ന ചോദ്യം വെറുതെ കയ്യടിക്കാനുള്ളതല്ല. അഞ്ച് രൂപ വാങ്ങുന്ന ഡോക്ടറെ ജനം പുഛിച്ച് തള്ളും, അയ്യായിരം രൂപ വാങ്ങുന്നവനെ വാനോളം പുകഴ്ത്തും.. എത്രമാത്രം ശരിയാണ് പറഞ്ഞതെന്ന് ഓര്‍ക്കുക.
ഈ ഡയലോഗുകളും സിനിമയും എല്ലാം ഇന്ത്യയെ ഒന്നാകെ ചിന്തിപ്പിക്കുന്നതാണ്. 120 കോടി ജനങ്ങളില്‍ 120 പേര്‍ മാത്രം കോടീശ്വരന്‍മാരാകുന്ന ഇന്ത്യയെ കുറിച്ചാണ് സിനിമ പറയുന്നത്. അടുത്ത കാലത്തായി ഇന്ത്യയില്‍ നടന്ന പല സംഭവങ്ങളും ചൂണ്ടിക്കാട്ടി, ഇന്ത്യയിലെ സാധാരണക്കാരന് വേണ്ടി ശബ്ദിക്കാന്‍ സാധാരണക്കാരന്‍ മാത്രമെ ഉള്ളു എന്നും ആരാധനാലയങ്ങള്‍ക്ക് വേണ്ടിയല്ല, നല്ല ആരോഗ്യത്തിനും ജീവിത സുരക്ഷയ്ക്കും വേണ്ടി പോരാടണമെന്നും മെര്‍സല്‍ പറയുന്നത്.

ഈ പറച്ചിലുകളാണ് മെര്‍സലിനെ ജനം ഏറ്റെടുക്കാനുള്ള കാരണം. സ്ഥിരം വിജയ് സിനിമ ഫോര്‍മുലകള്‍ ഇതിലും ഉണ്ട്. കഥ മുന്നോട്ട് പോകില്ല എന്ന ഘട്ടത്തിലും, വലിച്ചു നീട്ടല്‍ അനുഭവപ്പെട്ടേക്കാം എന്ന തോന്നലിലും ആറ്റ്ലി പാട്ടുകള്‍ കുത്തിനിറച്ചിട്ടുണ്ട്. പ്രേക്ഷകന് അതെല്ലാം അരോജകമായിരുന്നു. അതേ സമയം മടുപ്പിക്കുന്ന രംഗങ്ങള്‍ എന്ന് പ്രേക്ഷകന്‍ ചിന്തിച്ചു തുടങ്ങിന്നിടത്ത് സസ്പെന്‍സുകള്‍ നിറച്ചാണ് ആറ്റ്ലി മെര്‍സലിനെ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ പകുതിയില്‍ തന്നെ സസ്പെന്‍സ് ത്രില്ലര്‍ സ്വഭാവം സിനിമയ്ക്കുണ്ട്. ഒരാളല്ല, ഞങ്ങള്‍ രണ്ട് പേരാണ് എന്ന് പ്രേക്ഷകന് മനസിലാകുന്നത് തന്നെ ഇന്‍റര്‍വെല്ലിനോട് അടുത്താണ്. തുടര്‍ന്ന് തിയേറ്ററിനെ കയ്യിലെടുക്കുന്നത് ദളപതിയാണ്.
ശങ്കറിന്‍റെ ശിഷ്യന്‍ എന്ന നിലയില്‍ മാത്രം ഉയര്‍ന്നിട്ടില്ലെങ്കിലും സാമൂഹ്യപ്രതിബന്ധതയും അതിനൊത്ത വിഷ്വല്‍ ട്രറ്റ്മെന്‍റും ഒരുക്കുന്നതില്‍ ആറ്റ്ലി വിജയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ തെറിയും സാമൂഹ്യപരമായ ഒരു വിഷയം വ്യത്യസ്തമായി അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് നായകډാരെയും വ്യത്യസ്തമാക്കുന്നതില്‍ ആറ്റ്ലി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പ്രണയവും അക്രമവും നഷ്ടപ്പെടലും എല്ലാം തീവ്രമായി തന്നെ അവതിരിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകനെ അത് വല്ലാതെ സ്പര്‍ശിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. തനിക്ക് പറയാനുള്ള ആറ്റ്ലി ഭംഗിയായി പറഞ്ഞിട്ടുണ്ട്. ഒപ്പം മൂന്ന് മണിക്കൂര്‍ ത്രില്ലടിച്ച് കാണാനാകുന്ന സിനിമയും ഒരുക്കിയിട്ടുണ്ട്.
സിനിമ എന്ന സാങ്കേതിക മികവിനപ്പുറം കലാപ്രവര്‍ത്തനം എന്ന നിലയില്‍ കണ്ടിരിക്കേണ്ട സിനിമയാണ് മെര്‍സല്‍. മാറ്റത്തിന് വേണ്ടി പോരാടാന്‍ ആഹ്വാനം ചെയ്യുന്ന സിനിമ.

Leave a Reply

Your email address will not be published. Required fields are marked *