ഇത് ജനാധിപത്യത്തിന്റെ മറുപടി…
“ഞാന്‍ നടത്തുന്ന നിര്‍ഭയ എന്ന സ്ഥാപനം വളരെ നല്ല നിലയില്‍ പോകുന്നു എന്നാണ് ഇവിടെ പറഞ്ഞത്. ശരിയാണ്. നല്ല നിലയില്‍ പോകുന്നു. പീഢനം അനുഭവിക്കുന്ന നാല് സ്ത്രീകളായിരുന്നു തുടങ്ങുമ്പോഴുണ്ടായതെങ്കില് ഇപ്പോള്‍ 41 പേരുണ്ട്. ഇതാണ് നല്ല നിലയില്‍ നടക്കുന്നത്. ഈ നല്ല നില എന്നെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.. ആര് തരും ഇതിനുള്ളി മറുപടി..?”
സിനിമ കണ്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഈ വാക്കുകള്‍ മനസില്‍ നിന്നും മായുന്നില്ല. ഒന്ന് ചിന്തിച്ച് നോക്കിയാല്‍ എത്ര അര്‍ത്ഥവത്തായ വാക്കുകളാണിത്. വൃദ്ധസദനത്തിന്റെയും ഓര്‍ഫനേജുകളുടെയും വളര്‍ച്ചയല്ല വികസനം. കാരുണ്യഭവനുകള്‍ കൂണുപോലെ വളരുന്നത് എങ്ങനെയാണ് സമൂഹത്തിന് നല്ലതാവുക.. മറുപടി സിനിമ കഴിഞ്ഞ ശേഷം അലട്ടിക്കൊണ്ടേയിരിക്കുന്ന ചോദ്യം. ഒരു പക്ഷെ ഓരോ മലയാളിയും ഇരുന്ന് ചിന്തിക്കേണ്ട കാലികപ്രസക്തിയുള്ള വാക്കുകള്‍. മറുപടി ഒരു സിനിമയല്ല. മറിച്ച് വലിയൊരു ജീവിതമാണ്.
യെസ് യുവര്‍ ഓണര്‍, മകന്റെ അച്ഛന്, ബാലേട്ടന്, വേഷം തുടങ്ങി ഒരുപിടി നല്ല സിനിമകള്‍ നമുക്ക് നല്കിയ വി എം വിനുവിന്റെ പുതിയ സിനിമ. നാല് വര്‍ഷത്തെ ഇടവേശയ്ക്ക് ശേഷമാണ് അദ്ദേഹം മറുപടിയുമായി എത്തിയത്. മലയാളിയുടെ ആരാധനാ കഥാപാത്രം റഹ്മാന്റെയും കുറച്ച് കാലമായി സജീവമല്ലാത്ത ഭാമയുടെയും തിരിച്ചുവരവ്. സന്തോഷ് കീഴാറ്റൂരിനെ പോലുള്ള നടന്റെ സാന്നിധ്യം, എന്നിങ്ങനെ പ്രതീക്ഷകള്‍ ഒരുപാട് നല്കിയ ചിത്രമായിരുന്നു മറുപടി. ഈ പ്രതീക്ഷകളൊന്നും തെറ്റിയില്ലെന്ന് സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ് പറഞ്ഞു. അത്രയേറെ ചിട്ടയോടെയാണ് വി എം വിനു സിനിമ ഒരുക്കിയത്. ഓരോ അഭിനേതാവും ജീവിക്കുകയായിരുന്നു. കഥാപാത്രത്തിലൂടെ ജീവിക്കുമ്പോഴാണ് കലാകാരന് യാഥാര്‍ത്ഥ്യമാകുന്നതെന്ന പൊതു ചിന്ത അടുത്ത കാലത്ത് കണ്ട സിനിമകളില്‍ മറുപടിയില്‍ മാത്രമെ നിറഞ്ഞു നിന്നുള്ളു. ഭാമയുടെ അഭിനയത്തെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഇതിന് മുമ്പും മലയാള സിനിമയില്‍ പ്രസംഗിക്കുന്ന പൊതുവേദിയില്‍ നായകനോ നായികയോ പ്രസംഗിക്കുന്ന രംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഥപറയുമ്പോള്‍ സിനിമയിലെ മമ്മൂട്ടിയുടെ ആ പ്രസംഗം ആരും മറക്കാനിടയില്ല. ഉള്ളില്‍തട്ടിയുള്ള ഒരു പ്രസംഗം അതിനു ശേഷം സിനിമയില്‍ കണ്ടത് മറുപടിയിലൂടെയാണ്. ഭാമുയുടെ ഓരോ വാക്കുകളും നേരില്‍ ഒരു വേദിയില്‍ കാണുംപോലെ അനുഭവേദ്യമാകുന്നതായിരുന്നു. അതുപോലെ മലയാളിയുടെ നെഞ്ചില്‍ കുത്തിത്തറക്കുന്നതും.
നല്ല സിനിമയായുതുകൊണ്ടാകണം, വലിയ ആളുകളൊന്നും തിയേറ്ററില്‍ ഉണ്ടായിരുന്നില്ല. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയായതിനാല് തിരുവനന്തപുരത്തെ തിയേറ്ററുകളില്‍ ഇപ്പോഴാണ് മറുപടി നിറഞ്ഞുനില്ക്കുന്നത്. ഈ സിനിമ കാണാത്തവര്‍ക്ക് അത് വലിയൊരു നഷ്ടം തന്നെയാണ്. ഓരോ കഥാപാത്രത്തെയും കോര്‍ത്തിണക്കിയ കഥ അത്രയേറെ മികച്ചതും കുടുംബസമേതം കാണാവുന്നതുമാണ്. സ്വന്തം ജീവിതത്തെ ബാധിച്ചാല്‍ മാത്രം ചുറ്റുപാടുകളെ നോക്കുന്ന മലയാളിയുടെ യഥാര്‍ത്ഥ കഥയാണിത്. ആര്‍ക്കും എപ്പോഴും സംഭവിക്കാവുന്നത്. അവിടെ നമ്മുടെ ഭരണകൂടത്തെ നാം പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടി വരും. ഭരണകൂടം ക്രൂരമായാണ് പെരുമാറുന്നതെന്ന യാഥാര്‍ത്ഥ്യം ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. ആ തിരിച്ചറിവ് ജനത്തിനുണ്ടായാല് ജനം ആധിപത്യം ഏറ്റെടുക്കും. അത് തന്നെയാണ് മറുപടി. ഈ യാഥാര്‍ത്ഥ്യം സ്ത്രീകളുടെ വിഷയവുമായി കോര്‍ത്തിണക്കിയാണ് സിനിമ പറയുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പീഢനം അനുഭവിക്കുന്ന വിഭാഗമായി സ്ത്രീകളെ നാം മാറ്റി നിര്‍ത്തിക്കഴിഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം തന്നെയാണ് സിനമയുടെ മറുപടി.
ഓരോ അമ്മയ്ക്കും വളരുടെ മകളെ കുറിച്ച് പേടിയാണ്. അവളെ സ്വന്തം കൈപ്പിടിയില്‍ നിന്നും പുറത്തേക്ക് വിടാന്‍ ഭയമാണ്. ഭാര്യയും ഭര്‍ത്താവും മകളും അടങ്ങുന്ന കുടുംബം. ഒരു ഫ്ളാറ്റ് മുറിയില്‍ സന്തോഷത്തോടെയാണ് അവര്‍ ജീവിച്ചത്. അച്ഛനെയും അമ്മയെയും പിരിഞ്ഞിരിക്കാന്‍ സാധിക്കാത്ത മകള്‍. കൂട്ടുകാരനും കുടുംബവും അവരുടെ കൂടെ നിഴല്‍പോലെയുണ്ട്. എന്റേത് ഇതുപോലൊരു കുടുംബമായിരുന്നെങ്കിലെന്ന് സിനിമ കാണുന്ന ഓരോ അച്ഛനും അമ്മയും മകളും മകനും ചിന്തിച്ചുപോകും. അത്ര മനോഹരമായി ആദ്യ പകുതി സംവിധായകന് ആവിഷ്കരിച്ചു. തന്റെ ജീവിതാനുഭവത്തില്‍ പഠിച്ച നിഷ്കളങ്കതയായിരുന്നു നായകനായി അഭിനയിച്ച റഹ്മാന്റെ കൂട്ട്. ആ നിഷ്കളങ്കത അയാള്‍ക്ക് നഷ്ടങ്ങള്‍ സമ്മാനിക്കുന്നു. സ്ഥലം മാറ്റം കിട്ടി കൊല്‍ക്കത്തയിലേക്കുള്ള യാത്രയില്‍ മകളും ഭാര്യയും ഉണ്ട്. സ്വയം അറിയുകപോലും ചെയ്യാത്ത കുറ്റത്തിന് കൊല്‍ക്കത്തയില്‍ വെച്ച് കുടുംബം മുഴുവന്‍ ജയിലിലാകുന്നു. അവിടെ മനുഷ്യത്വമുള്ള ഏതാനും മുഖങ്ങള്‍ മാത്രമെ അവര്‍ കണ്ടുള്ളു. അധികാരമുള്ള ആണിന് സ്ത്രീ എന്നും കാമം തീര്‍ക്കാനുള്ള വസ്തുവാണെന്ന് കൃത്യമായി സൂചിപ്പിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. എല്ലാ പീഢനങ്ങളും അനുഭവിച്ച അവള് മകളുടെ സംരക്ഷണത്തിനും ഭര്‍ത്താവിനും വേണ്ടിയാണ് ജീവിച്ചത്.
കൊല്ലപ്പെട്ട് കിടക്കുന്ന ഭര്‍ത്താവിനെ നോക്കി അവള് തൊഴുകയ്യോടെയാണ് നില്‍ക്കുന്നത്. അത് നിസ്സഹായാവസ്ഥയായിരുന്നില്ല. ജീവിതം മടുത്ത അവള്‍ക്ക് സ്വയം എന്തും ചെയ്യാനുള്ള തയ്യാറെടുപ്പിന് അനുവാദം നല്കിയതിനുള്ള നന്ദിയായിരുന്നു. പെണ്ണിന്റെ ആ പ്രതികാരം വളരെ ഭംഗിയായും പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തും വിധവും വി എം വിനു അവതരിപ്പിച്ചു. ഓരോ ഭാവമാറ്റത്തിലൂടെയും സഞ്ചരിക്കുമ്പോള്‍ ഭാമ കഥാപാത്രത്തോട് കൂടുതല്‍ അടുക്കുകയാണെന്ന് തോന്നിപ്പോകും. അതുകൊണ്ടാണ് ഏറ്റവും അവസാനത്തെ ആ പ്രസംഗത്തിലെ വാക്കുകള്‍ പ്രേക്ഷകന്റെ നെഞ്ചില്തറക്കുന്നത്. ആ വാക്കുകളിലെ വികാരം ഭാമയില്‍ തെളിഞ്ഞുകാണാമായിരുന്നു.
റഹ്മാനും ഭാമയും മല്‍സരിച്ചാണ് സിനിമയില്‍ അഭിനയിക്കുന്നത്. നിവേദ്യത്തിലൂടെ സിനിമാ അഭിനയരംഗത്ത് എത്തിയ ഭാമയ്ക്ക് തന്റെ കരിയറില്‍ ലഭിച്ച ഏറ്റവും കരുത്തുറ്റ കഥാപാത്രമായിരുന്നു സിനിമയിലെ സാറ. മകളായി അഭിനയിച്ച ബേബി നയന്‍താരയും മികച്ച അഭിനയം കാഴ്ചവെച്ചു. സന്തോഷ് കീഴാറ്റൂരാണ് മറ്റൊരു കഥാപാത്രമായി തിളങ്ങി നിന്നത്. കഥാപാത്രത്തിന്റെ എല്ലാ വികാര പ്രകടനങ്ങളും അദ്ദേഹത്തിന്റെ മുഖത്ത് മിന്നി മറയുകയായിരുന്നു. തന്റെ കൂട്ടുകാരന് എബിയും കുടുംബവും കൊല്‍ക്കത്തയില്‍ ജയിലിലായി എന്ന് ഫോണിലൂടെ അറിയുമ്പോള്‍ സന്തോഷ് കാഴ്ചവെക്കുന്ന അഭിനയ മുഹൂര്‍ത്തം ഒരിക്കലും മനസില്‍ നിന്നും മാഞ്ഞുപോകുന്നതല്ല. ടെസ്സ ജോസഫ്, ജനാര്ദ്ദനന് തുടങ്ങി എല്ലാവരും മികച്ച പ്രകടം തന്നെ നടത്തി.
കൊല്‍ക്കത്തയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ജുലൈന അഷ്റഫാണ് കഥയും തിരക്കഥയും രചിച്ചത്. മനുഷ്യ വികാരങ്ങളിലൂടെയും കുടുംബ ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് കഥ. ചില രംഗങ്ങള്‍ ആദ്യ പകുതയില്‍ ചിലയിടത്ത് അള്‍പം കൂടിപ്പോയോ എന്ന് തോന്നിക്കുന്നുണ്ട്. എന്നാല്‍ രണ്ടാംപകുതിയെ മുന്നോട്ട് നയിക്കുന്നതില്‍ ആദ്യ പകുതിയിലെ രംഗങ്ങള്‍ അത്രയേറെ മികച്ചതുമായിട്ടുണ്ട്.
ബേഡി മോഷന്‍ പിക്ചേര്‍സിന്റെ ബാനറില്‍ അഷ്റഫ് ബേഡിയാണ് നിര്‍മ്മാണം. എം ജയചന്ദ്രന്റെ സംഗീതം സിനിമയുടെ ഓരോ രംഗത്തിന്റെയും തനിമ ചോര്‍ന്നുപോകാതെ ഒരുക്കിയതായിരുന്നു. റഫീഖ് അഹമ്മദിന്റെ ഗാനങ്ങളും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗിതവും മികച്ചുനിന്നു.
മാനം കാക്കാന്‍ പല്ലും നഖവും ഉപയോഗിച്ചുള്ള പ്രതിരോധത്തെ ഹീനകൃത്യമായി കാണാന്‍ സാധിക്കില്ലെന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകളോടെയാണ് സിനിമ അവസാനിക്കുന്നത്. സമൂഹത്തിനും ഭരണകൂടത്തിനും നേരെ വിരല്‍ചൂണ്ടി നില്ക്കുന്ന മറുപടി നല്ല സിനിമ എന്ന നിലയില്‍ തന്നെ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതാണ്. നല്ല സിനിമകളുടെ കാലം കഴിഞ്ഞിട്ടില്ലെന്ന പൂര്‍ണ വിശ്വാസത്തോടെ മറുപടിക്ക് ടിക്കറ്റെടുക്കാം.