മാരാമണ്‍ കണ്‍വെന്‍ഷനും സ്ത്രീകള്‍ക്കായി വഴി മാറുന്നു
വെബ് ഡസ്ക്
കാലങ്ങളായുള്ള വിശ്വാസങ്ങളും കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറണമെന്ന് ശബരിമല കേരളത്തെ പഠിപ്പിച്ചിരിക്കുന്നു. ശബരിമല സ്ത്രീ പ്രവേശന വിധിക്കും വിവാദത്തിനും ശേഷം നിഷിദ്ധമെന്ന് മുദ്രകുത്തിയ സ്ഥലങ്ങളെല്ലാം സ്ത്രീകള്‍ക്കായി വഴിമാറുകയാണ്. ആദ്യം ശബരിമലയിലും പിന്നെ അഗസ്ത്യാര്കൂടമലയിലും ഇപ്പോള്‍ മാരാമണ്‍ കണ്‍വെന്‍ഷനിലും സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കുകയാണ്.
ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ മാരാമണ്‍ കണ്‍വെന്‍ഷനിലെ രാത്രി യോഗങ്ങളിൽ ഇതുവരെ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. കാലങ്ങളായി പൊതുസമൂഹവും ക്രിസ്തീയ സഭയ്ക്കുള്ളിലെ പുരോഗമന വാദികളും ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും പരിഹാരം കണ്ടിരുന്നില്ല. എന്നാല്‍ ശബരിമല വിധി എല്ലാത്തിനെയും മാറ്റിമറിച്ചിരിക്കുന്നു.
124 ാമത് മാരാമണ്‍ കണ്‍വെന്‍ഷന്റെ പൊതുയോഗ സമയങ്ങളില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുകയാണ്. എട്ട് ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ രാത്രികാലങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ സ്ത്രീകള്‍ക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനെ ചോദ്യം ചെയ്ത് സഭയ്ക്ക് അകത്ത് മാത്രമല്ല, ചിലര്‍ കോടതിയെയും സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ രാത്രികാല പൊതുയോഗം വൈകിട്ട് അഞ്ചിനും ആറിനും ആക്കാന്‍ തീരുമാനിച്ചത്. രാവിലെയും ഉച്ചയ്ക്കും ഇപ്പോള്‍ ക്രമീകരിച്ച പ്രകാരം വൈകിട്ടും നടക്കുന്ന പൊതുയോഗങ്ങളില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം.
രാത്രിയോഗങ്ങള്‍ പമ്പാ മണപ്പുറത്ത് നിന്നും മാറ്റി കോഴഞ്ചേരി മാര്‍ത്തോമാ പള്ളിയിലേക്ക് ക്രമീകരിക്കാനും തീരുമാനം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
എല്ലാ മതങ്ങളിലും സമുദായങ്ങളിലും നിലനില്‍ക്കുന്ന അനാചാരവും അയിത്തങ്ങളും മാറണമെന്നത് പുതിയ കാലം ആഗ്രഹിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ മാറ്റങ്ങള്‍.