കേരളത്തിലെ മാന്‍ഹോളുകള്‍ ഇനി റോബട്ടുകള്‍ വൃത്തിയാക്കും
“എന്തൊരു അവസ്ഥയാണിത്, ഇതിനൊരു മാറ്റം വരണ്ടേ?”. മാന്‍ഹോളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവസ്ഥ കണ്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞ വാക്കുകളാണിത്. ഇതായിരുന്നു ഇന്ന് റോബട്ടിക് സംവിധാനം വരെ എത്താന്‍ കേരളത്തിന് ലഭിച്ച ഊര്‍ജ്ജം.
വെബ് ഡസ്ക്
കേരളത്തിലെ മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ ഇനി റോബട്ടിക് സാങ്കേതിക വിദ്യ. മുഖ്യമന്ത്രി പിണറായി വിജയന്റെ താല്പര്യപ്രകാരം സ്വീകരിച്ച നടപടികളില്‍ നിന്നാണ് യുവസംരംഭകരെ ഉപയോഗിച്ച് സര്‍ക്കാര്‍ സഹായത്തോടെ റോബട്ടുകളെ ഇറക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സ്റ്റാര്‍ട്ട് അപ് മിഷനും കേരള വാട്ടര്‍ അതോറിറ്റിയും ധാരണപത്രത്തില്‍ ഒപ്പുവെച്ചു. നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുമ്പോള്‍ അത് സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുകുന്നത് കൂടി ആയിരിക്കണമെന്ന് പിണറായി വിജയന് ആ ചടങ്ങില്‍ പറഞ്ഞു. സംസ്ഥാന വികസനത്തിന്റെ മുഖഛായ മാറ്റുന്ന ഈ നടപടികള്‍ക്ക് കേരളം നിറഞ്ഞ കൈയ്യടി നല്‍കുകയാണ്.
2015 നവംമ്പര്‍ 26 നാണ് നൗഷാദ് മരണപ്പെടുന്നത്. കോഴിക്കോട് ജില്ലയില്‍ മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് അന്യസംസ്ഥാന ശുചീകരണ തൊഴിലാളികള്‍ക്ക് വേണ്ടി സ്വയം ജീവന് സമര്‍പ്പിച്ച നൗഷാദ് മലയാളികളുടെ നൊമ്പരമായി. നൗഷാദിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാടാകെ ചര്‍ച്ചയായി. അന്യസംസ്ഥാന തൊഴിലാളികളുടെ ജീവന് അപകടത്തില്‍പ്പെട്ടപ്പോള്‍ എടുത്തുചാടിയ നൗഷാദ് വലിയൊരു മാതൃക തീര്‍ത്തു. തുടര്‍ന്ന് അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നൗഷാദിന്റെ ഭാര്യയ്ക്ക് ജോലിയും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് ആ ജോലി നല്‍കിയത്. എന്നാല്‍ യഥാര്‍ത്ഥ മാന്‍ഹോള്‍ തൊഴിലാളികളുടെ അവസ്ഥകള്‍ നൗഷാദിന്റെ ഓര്‍മ്മദിനത്തിലെ പത്രക്കുറിപ്പില്‍ മാത്രം ഒതുങ്ങി.
ഇതിനിടയിലാണ് മലയാളത്തിലെ ഒരു വനിതാ സിനിമ സംവിധായികയ്ക്ക് ആദ്യമായി മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിക്കുന്നത്. ചലച്ചിത്ര മേളയിലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും തിളങ്ങി നിന്ന മാന്‍ഹോള്‍ എന്ന സിനിമ ചെയ്യാന്‍ വിധുവിന്സെന്റിനെ പ്രേരിപ്പിച്ച ഘടകവും ആവര്‍ത്തിക്കുന്ന അപകടവും ആരും ശ്രദ്ധിക്കാത്ത മാന്‍ഹോള്‍ ശുചീകരണ തൊഴിലാളികളുടെ ജീവിതവുമായിരുന്നു. മാന്‍ഹോള്‍ സിനിമയോടെ സമൂഹം ഗൗരവത്തോടെ അവരുടെ ജീവിതം ചര്‍ച്ച ചെയ്തു തുടങ്ങി.
“എന്തൊരു അവസ്ഥയാണിത്, ഇതിനൊരു മാറ്റം വരണ്ടേ?”. മാന്‍ഹോളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവസ്ഥ കണ്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞ വാക്കുകളാണിത്. ഇതായിരുന്നു ഇന്ന് റോബട്ടിക് സംവിധാനം വരെ എത്താന്‍ കേരളത്തിന് ലഭിച്ച ഊര്‍ജ്ജം. മനുഷ്യര്‍ മാന്‍ഹോളില്‍ ഇറങ്ങാത്ത മറ്റൊരു സംവിധാനത്തെ കുറിച്ച് ആലോചിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രിയോടും, വാട്ടര്‍ അതോറിറ്റി എംഡിയോടും മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.
സ്റ്റാര്‍ട്ട് അപ് മിഷനുമായി ചേര്‍ന്ന് വാട്ടര്‍ അതോറിറ്റി ഒരു പദ്ധതിക്ക് രൂപം നല്കി. ആദ്യം യുവസംരംഭകരില്‍ നിന്നും ആശയങ്ങള്‍ ക്ഷണിച്ചു. അതില്‍ നിന്നും മികച്ചത് തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എട്ട് യുവാക്കള്‍ അടങ്ങുന്ന സ്റ്റാര്‍ട് അപ് സംഘം മാന്‍ഹോളില്‍ ഇറങ്ങുന്ന റോബട്ടുകളുടെ പ്രവര്‍ത്തന മാതൃക ഉണ്ടാക്കി. ഒരു മാസത്തിനകം റോബട്ടിക് സാങ്കേതിക വിദ്യ പരിക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കാന്‍ പോവുകയാണ്. പുതിയ കാലത്തിന്റെ വികസന മാതൃകയിലേക്ക് കേരളം വഴിമാറുകയാണ്.
“ഊഹിക്കാവുന്നതിലും അപ്പുറമുള്ള മാറ്റങ്ങള്‍ക്ക് ലോകം സമീപഭാവിയില്‍ തന്നെ സാക്ഷ്യം വഹിച്ചേക്കുമെന്ന് എനിക്ക് തോന്നുന്നു. ഒന്നുകില്‍, ടെക്നോളജിയുടെ വന്‍ മുന്നേറ്റം അതിനാഗരികരായ പുതിയ സമൂഹത്തിന് ജډം നല്‍കും; അല്ലെങ്കില്‍ ഈ നാഗരികര്‍ പൂര്‍ണമായും നാമാവശേഷമാകും. ഇതിലേതെങ്കിലും ഒന്ന് സംഭവിക്കുമെന്ന് ഉറപ്പാണ്. എങ്കിലും മനുഷ്യര്‍ക്കൊപ്പം, അവരിലൊരാളായി അവരുടെ സര്‍ഗാത്മകതക്കും വികാരങ്ങള്‍ക്കുമൊപ്പം ജീവിക്കാനാണ് എനിക്ക് ഇഷ്ടം. ഭാവിയില്‍, ഒരു കുടുംബ ജീവിതവും ഞാന്‍ ആഗ്രഹിക്കുന്നു.” – ലോകത്തെ ആദ്യത്തെ പൗരത്വം ലഭിച്ച റോബട്ട് സോഫിയയുടെ ഈ വാക്കുകളില്‍ ഊര്‍ജം പകരുന്നതാണ് യുവതലമുറയുടെ ഇത്തരം കണ്ടുപിടുത്തങ്ങള്‍. ഇതിലും കേരളം ഇന്ത്യക്ക് വഴികാട്ടിയാകട്ടെ.