മാന്‍ഹോള്‍… അഥവാ, പോരാട്ടത്തിനുള്ള ആഹ്വാനം..

തിരുവനന്തപുരം ടാഗോര്‍ തിയേറ്ററാണ് വേദി. കേരള അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ ഇന്‍റര്‍നാഷണല്‍ മല്‍സര വിഭാഗത്തില്‍ ആദ്യമായി ഒരു മലയാളി വനിതയുടെ സിനിമ പ്രദര്‍ശിപ്പിക്കുന്നു. കേട്ടും വായിച്ചും അറിഞ്ഞ വിധു വിന്‍സെന്‍റിന്‍റെ മാന്‍ഹോള്‍ കാണാന്‍ ചെന്നതായിരുന്നു. കസേരകള്‍ക്ക് നിറഞ്ഞിരിക്കുന്നു. ആളുകള്‍ സീറ്റിനിടയില്‍ നിന്നും, തറയില്‍ ഇരുന്നും സിനിമ കാണാന്‍ തയ്യാറായിരിക്കുന്നു. തറയില്‍ ഒരാള്‍ക്കു മാത്രമുള്ള സ്ഥലം കണ്ടപ്പോള്‍ സമയം പാഴാക്കാതെ ചെന്നിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ആരും എഴുന്നേറ്റില്ല. ശ്വാസമടക്കിപ്പിടിച്ച് കണ്ടു. സിനിമ കഴിഞ്ഞു. നിറഞ്ഞ കയ്യടി.

photoതുടക്കത്തില്‍ കോടതി ഉത്തരവുപ്രകാരം ദേശീയ ഗാനം കേള്‍പിച്ചപ്പോള്‍ പലരും എഴുന്നേറ്റ് നിന്നില്ല. എന്നാല്‍ സിനിമ അവസാനിച്ചപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് വിധുവിന്‍സെന്‍റിനും സഹപ്രവര്‍ത്തകര്‍ക്കും സര്‍വോപരി കുഴിയിലകപ്പെട്ട കുറെ ജീവിതങ്ങള്‍ക്കും ആദരവോടെ കൈയ്യടി നല്‍കി. ചോദ്യോത്തര വേളയില്‍ വിധു ഈ സിനിമ ഉണ്ടായതിന്‍റെ കാരണങ്ങള്‍ പറഞ്ഞു. അതിലേക്കെത്തപ്പെട്ട വഴികള്‍ വിവരിച്ചു. ആ ജീവിതം ജീവിച്ച് തീര്‍ത്ത ഒരുപറ്റം അഭിനേതാക്കളെയും സഹപ്രവര്‍ത്തകരെയും വേദിയിലേക്ക് വിളിച്ചു.
“നമ്മടെ സമുദായത്തിന്, ഈ തൊഴിലിന് ഇങ്ങനെ അംഗീകാരം കിട്ടയല്ലോ.. സന്തോഷം..” അയാള്‍ കരഞ്ഞു. വികാരം അണപൊട്ടിയൊഴുകി. അതെ, ആ കഥാപാത്രം നമുക്കിടയിലിരുന്ന് സിനിമ കാണുന്നുണ്ടായിരുന്നു. വിധുവിന് ഈ സിനിമയ്ക്ക് പ്രചോദനമായ സിനിമയിലെ അയ്യാസ്വാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പച്ചയായ മനുഷ്യന്‍. മറ്റുള്ളവന്‍റെ മാലിന്യം എടുത്തും തെരുവില്‍ അന്തിയുറങ്ങിയും വിലാസമില്ലാതെ ജീവിച്ച മനുഷ്യ ജീവിതങ്ങളുടെ പ്രതിനിധിയായിരുന്നു അയാള്‍. ആരെങ്കിലും ഒരാള്‍ അയാളുടെ തോളില്‍ തട്ടി നിങ്ങള്‍ ഈ ലോകത്തിലെ ഏറ്റവും നന്‍മയുള്ള മനുഷ്യന്‍ എന്ന് പറയണമായിരുന്നു. കാരണം അയാള്‍ നമ്മളെ വൃത്തിയാക്കുന്നവരാണ്. പക്ഷെ, കൂടെയുള്ളവരെല്ലാം സുരക്ഷയില്ലാതെ മരണത്തിന് കീഴടങ്ങിയപ്പോള്‍ അയാള്‍ സര്‍ക്കാരിനെ തേടിയെത്തി. വര്‍ഷങ്ങളോളം പലരുടെയും വാതിലുകള്‍ തട്ടി. ഒടുവില്‍ ഒരു തിയേറ്ററില്‍ നിറഞ്ഞുകവിഞ്ഞ സദസ്സിന് മുന്നില്‍ നില്‍ക്കുമ്പോള്‍ അവര്‍ ആദരവോടെ അദ്ദേഹത്തിന് മുന്നില്‍ എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ നിസ്സഹായനായി കണ്ണീരുവാര്‍ക്കാനെ കഴിയുമായിരുന്നുള്ളു. “ഞങ്ങള്‍ സ്വാതന്ത്ര്യത്തിന് മുമ്പെ ഇവിടെ വന്ന് ഈ തൊഴില്‍ ചെയ്യുന്നവരാണ്. ആ ഞങ്ങളോട് സര്‍ക്കാര്‍ പറയുന്നു 1950 ന് ഇവിടെ വന്നതിനും താമസിച്ചതിനും രേഖ വേണമെന്ന്. എന്നാല്‍ മാത്രമെ എന്തെങ്കിലും സഹായം കിട്ടുള്ളുവെന്ന്.” അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കാനെ കഴിഞ്ഞുള്ളു. ഇതിന് ഒരു മറുപടിയെ ഉള്ളു. സിനിമയിലെ ആ വരികള്‍ ഞാന്‍ കടമെടുക്കുന്നു..”ഒരു ദിവസം ഞങ്ങള്‍ ഈ പണി ചെയ്യുന്നില്ലെന്ന് വെച്ചാല്‍ ഈ നാടിന്‍റെ സ്ഥിതിയെന്താകും..” ഈ ചോദ്യത്തിനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടത്.?

vidhu_vincent_3മാന്‍ഹോള്‍ എന്ന് ആദ്യമായി കേള്‍ക്കുന്നത് കോഴിക്കോട് നൗഷാദിന്‍റെ മരണ സമയത്താണ്. അന്നാണ് കേരളം മാന്‍ഹോള്‍ തൊഴിലാളികളെ കുറിച്ച് അന്വേഷിച്ചതും ചര്‍ച്ച ചെയ്തതും. ആ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ നൗഷാദ് സ്വന്തം ജീവന്‍ പണയം വെച്ചില്ലായിരുന്നുവെങ്കില്‍ കോഴിക്കോട് സംഭവം കുറച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ വെറും മരണമായി ഒതുങ്ങിയേനെ. നൗഷാദ് നമ്മോട് വിട പറഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ ഈ തൊഴില്‍ നിരോധിച്ചതാണെന്നും ഇവരുടെ ജീവിനും സ്വത്തിനും യാതൊരു സുരക്ഷയു ഇല്ലെന്നും പറഞ്ഞ് വിധുവിന്‍സെന്‍റ് വന്നു. ഇതൊരു നേര്‍കാഴ്ചയായിരുന്നു. സിനിമ എന്നതിനപ്പുറം ജീവിതം തന്നെയായിരുന്നു. സ്വയം മേനിനടിക്കുന്ന മലയാളിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുന്നുണ്ട് മാന്‍ഹോള്‍ എന്ന സിനിമ. നാം എല്ലാം തികഞ്ഞവരും എല്ലാം നേടിയവരുമാണെന്ന് പറയുമ്പോഴും മനസില്‍ ജീര്‍ണത വെച്ചു നടക്കുന്നവരാണെന്ന് വിളിച്ചു പറയുന്നുണ്ട് മാന്‍ഹോള്‍. അതെ, പോരാട്ടങ്ങള്‍ക്ക് അവസാനമില്ല. മാന്‍ഹോള്‍ പോരാട്ടത്തിന്‍റെ ആഹ്വാനമാണ്.

vidhu_vincent_2
ഞാന്‍ താഴ്ന്ന ജാതിക്കാരിയാണെന്ന് പറയാന്‍ ഒരു കുട്ടിക്ക് മടിയുള്ള നാടാണ് കേരളം എന്ന് നാം തിരിച്ചറിയണം. ദളിതനെ ഇന്നും അകറ്റി നിര്‍ത്തുന്ന കാഴ്ചപ്പാടാണ് നമ്മുടേത്. തീര്‍ത്തും മനുഷ്യത്വരഹിതമായ ഒന്ന്. ഞാന്‍ കോളനിയിലാണ് താമസമെന്നും എന്‍റെ അച്ഛന് തോട്ടിപ്പണിയാണെന്നും പറയാന്‍ ഒരു പെണ്‍കുട്ടി മടികാണിച്ചു. അതിലെന്താണ് മടിക്കാന്‍ എന്ന് ചോദിക്കുന്നവര്‍ക്ക് മാന്‍ഹോള്‍ ഉത്തരം നല്‍കുന്നുണ്ട്. അവളുടെ ജാതിയും വീടും തൊഴിലും അറിഞ്ഞതുമുതല്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച കൂട്ടുകാരും ഒരേ ബെഞ്ചില്‍ കൂടെ ഇരുന്നവരും അകലാന്‍ തുടങ്ങി. കാരണം അവള്‍ മലം കോരുന്നവന്‍റെ മകളായിരുന്നു. ഞാനും നീയും ദിവസേന തിന്നു വലിച്ചെറിയുന്ന മാലിന്യം വൃത്തിയാക്കുന്ന മഹാന്‍റെ മകള്‍. ഒറ്റപ്പെടലുകളില്‍ തളരാതെ പഠിച്ചു. കോളേജിലും ഒറ്റയ്ക്കായി. പഠനത്തിന്‍റെയും പോരാട്ടത്തിനും ഇടയ്ക്കുള്ള ജീവിതത്തില്‍ അവള്‍ സ്വയം സന്തോഷം കണ്ടെത്തി. സ്വയം ജോലി ചെയ്ത് പഠനം നടത്തി. എത്ര വിദ്യാഭ്യാസം ഉണ്ടായാലും തെരുവില്‍ ജനിച്ചവള്‍ തെരുവിലെ പണി ചെയ്തുകൊള്ളണമെന്ന നിയമം ഭരണഘടനയില്‍ ഉള്ളതുപോലെയുള്ളയായിരുന്നു അവള്‍ നേരിട്ട മുഖങ്ങള്‍.
മാന്‍ഹോളില്‍ ജീവിച്ചുമരിക്കുന്നവന്‍റെ നീതിക്ക് വേണ്ടി അവള്‍ പോരാടി. സ്വയം പഠിച്ച നിയമപുസ്തകങ്ങള്‍ പാഠമാക്കിയ പോരാട്ടം. പക്ഷെ, തെളിവുകളും, പഴുതുകളും നിറഞ്ഞാടുന്ന ജനാധിപത്യം അവള്‍ക്ക് നിരാശയേകി. ഒടുവില്‍ ഞങ്ങള്‍ ഇനി ഈ പണിക്കില്ലെന്ന് ഒരു സമൂഹം പറയുന്നിടത്ത്, ഈ ലോകത്തോട് ആഹ്വാനം ചെയ്യുന്നിടത്ത് സിനിമ അവസാനിക്കുന്നു.
മികച്ച തിരക്കഥ, എഡിറ്റിംഗ്, ക്യാമറ എന്നിവ സിനിമയെ വേറിട്ടതാക്കുന്നു. മാന്‍ഹോള്‍ എന്ന ഇംഗ്ളീഷ് വാചകത്തിലെ വൃത്തത്തില്‍ നിന്നും ആരംഭിക്കുന്ന സിനിമ നവ്യാനുഭവം നല്‍കുന്നു. കുഴിയില്‍ നിന്നും ആരംഭിക്കുന്ന സിനിമ ശരിക്കും കുഴിയിലകപ്പെട്ടന്‍റെ ജീവിതത്തിന്‍റെ തുടക്കമായി തന്നെ പ്രേക്ഷകമനസിനെ പിടിച്ചിരുത്തുന്നു. ഓരോ അഭിനേതാവും സിനിമയില്‍ ജീവിക്കുകയായിരുന്നു. പശ്ചാത്തലസംഗീതവും മികവുറ്റതാക്കി.

iffk_2016മാന്‍ഹോള്‍ പോരാട്ടത്തിനുള്ള ആഹ്വാനമാണ്. അടിസ്ഥാനവര്‍ഗ്ഗമെന്ന തത്വശാസ്ത്രം എന്നും നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ ഇന്നും അടിസ്ഥാനവര്‍ഗ്ഗമായി തന്നെ പീഢനങ്ങള്‍ അനുഭവിച്ച് ജീവിക്കുകയാണെന്നും മാന്‍ഹോള്‍ ഓര്‍മ്മപ്പെടുത്തുന്നു. ശക്തമായ ഈ രാഷ്ട്രീയം നമ്മോട് പറഞ്ഞത് ഒരു സ്ത്രീയാണെന്നതില്‍ നമുക്ക് അഭിമാനിക്കാം. ഒപ്പം എല്ലാ തൊഴിലിനെയും അംഗീകരിക്കാനും വിദ്യാഭ്യാസത്തെ മഹത്തായി കാണാനും പഠിക്കാം. വിദ്യാഭ്യാസത്തിനും സൗഹൃദത്തിനും അതിരിടാന്‍ കുട്ടികളെ പഠിപ്പികാതിരിക്കാം. ജാതിയും മതവും തൊഴിലും നോക്കി ആളുകളെ വേര്‍തിരിക്കുന്നത് നിര്‍ത്താം. മാന്‍ഹോള്‍ എന്നതിന് പോരാട്ടത്തിന്‍റെ പ്രതീകം എന്ന് കൂടി അര്‍ത്ഥമുണ്ടെന്ന് പറഞ്ഞുതന്ന വിധുവിന്‍സെന്‍റിന് നന്ദി.

Leave a Reply

Your email address will not be published. Required fields are marked *