ഇവിടെയുണ്ട് , മമ്മൂട്ടി മോഹന്‍ലാലിന് നല്‍കിയ മോഹനോപഹാരം

Sharing is caring!

Mohanam 2016 (24)എല്ലാവരും ശ്രദ്ധിച്ചിരുന്നു ആ ശില്‍പം. അതിന്‍റെ മനോഹാരിത നടന വൈഭവത്തിന്‍റെ എല്ലാ മേന്‍മയും ഉള്‍കൊള്ളുന്നതായിരുന്നു. പരിപാടിയും വിവാദവും കഴിഞ്ഞെങ്കിലും ആ ശില്‍പിയെ ആരും അറിഞ്ഞില്ല. കോഴിക്കോട് നടന്ന മോഹനം പരിപാടിയില്‍ മമ്മൂട്ടി മോഹന്‍ലാലിന് നല്‍കിയ ശില്‍പോപഹാരം പത്രങ്ങളിലും സോഷ്യല്‍മീഡിയകളിലും നിറഞ്ഞു നിന്നു. ആ ശില്‍പം കണ്ണൂര് ജില്ലയിലെ കുഞ്ഞിമംഗലത്തു നിന്നും ഉണ്ടാക്കിയതായിരുന്നു. ലോകപ്രശസ്തമായ കുഞ്ഞിമംഗലം ശില്‍പ പാരമ്പര്യത്തിന് ഇതോടെ മറ്റൊരു അംഗീകാരം കൂടിയായി. ശില്‍പി ചിത്രന്‍ കുഞ്ഞിമംഗലമാണ് ശില്‍പങ്ങള്‍ നിര്‍മിച്ചത്. ഇന്ത്യന്‍ പാര്‍ലിമെന്‍റിന് മുന്നിലെ എകെജി പ്രതിമ ഉള്‍പെടെ നിര്‍മിച്ച പ്രശസ്ത ശില്‍പി കുഞ്ഞിമംഗലം നാരായണന്‍റെ മകനാണ് ചിത്രന്‍. അച്ഛന്‍റെ പാത തുടരുന്ന മകനും പ്രശസ്തമായ ശില്‍പങ്ങള്‍ ഇതിനകം നിര്‍മിച്ചു കഴിഞ്ഞിട്ടുണ്ട്.
കഷ്ടതയനുഭവിക്കുന്ന കോഴിക്കോടെ സിനിമാ കലാകാരന്‍മാര്‍ക്ക് സഹായം നല്‍കാനാണ് മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലിനെ ആദരിക്കാന്‍ കോഴിക്കോട് സ്വപ്ന നഗരിയില്‍ മോഹനം പരിപാടി നടത്തിയത്. സംവിധായകന്‍ രഞ്ജിത്തും മേയര്‍ തോട്ടത്തില്‍ രവീന്ദ്രനുമായിരുന്നു സംഘാടനത്തിന്‍റെ നേതൃ സ്ഥാനത്ത്.

Mohanam silpam

പരിപാടിയുടെ അവസാനം വേദിയില്‍  മമ്മൂട്ടി മോഹന്‍ലാലിനെ ശില്‍പോപഹാരം നല്‍കി ആദരിച്ചു. മലയാളത്തിന്‍റെ രണ്ട് നടനവൈഭവങ്ങള്‍ ഒരേ വേദിയില്‍ പരസ്പരം ആദരിച്ചപ്പോള്‍ മാധ്യമങ്ങള്‍ അത് ആഘോഷമാക്കി. തനിക്ക് കിട്ടിയ ശില്‍പത്തിന്‍റെ ഭംഗി ലാലും നല്‍കിയ ശില്‍പം മമ്മൂക്കയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂടാതെ വേദിയില്‍ നാല്‍പതോളം മറ്റ് സിനിമാ കലാകാരന്‍മാരെയും ആദരിച്ചിരുന്നു. സോഷ്യല്‍മീഡിയകളിലും മാധ്യമങ്ങളിലും നിറഞ്ഞു നിന്ന മമ്മൂട്ടി ലാലിന് നല്‍കിയ ആ ശില്‍പോപഹാരം കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലത്തുണ്ടാക്കിയതാണെന്ന് അധികമാര്‍ക്കും അറിയില്ല. അത് കുഞ്ഞിമംഗലത്ത് എത്തിയതിന് പിന്നിലും കഥയുണ്ട്.

Chithran kunhimangalam with silpam mohanamസിനിമയിലെ കലാസംവിധായകന്‍ സന്തോഷ് രാമനാണ് ആദരിക്കേണ്ട ഉപഹാരം രൂപകല്‍പന ചെയ്തത്. പാരമ്പര്യമായി കിട്ടിയ കഴിവുകള്‍ മാത്രം ഉപയോഗിച്ച് ഇന്നും ശില്‍പ നിര്‍മാണം നടത്തുന്നവര്‍ നിരവധിയുണ്ടെങ്കിലും പുതിയ പരീക്ഷണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നവരെയായിരുന്നു സന്തോഷ് രാമന് ആവശ്യം. ആ അന്യേഷണത്തിലാണ് കുഞ്ഞിമംഗലം ഗ്രാമത്തെ കുറിച്ചും ചിത്രന്‍ കുഞ്ഞിമംഗലത്തെ കുറിച്ചും കേള്‍ക്കുന്നത്. പാരമ്പര്യമായി ലഭിച്ച കഴിവ് പുതിയ കാലത്തിനനുസരിച്ച് നൂതനമായി ചെയ്യുക എന്നതാണ് ചിത്രന്‍റെ ശില്‍പങ്ങളുടെ പ്രത്യേകത. ആദരിക്കേണ്ട ഉപഹാരത്തിന്‍റെ ഡിസൈന്‍ ചിത്രന് നല്‍കി ഏകദേശം രണ്ട് മാസത്തിനുള്ളില്‍ ചിത്രന്‍ ശില്‍പങ്ങള്‍ നിര്‍മിച്ചു. മമ്മൂട്ടി മോഹന്‍ലാലിന് നല്‍കിയ മോഹനോപഹാരം ഭംഗിയിലും ചിത്രപ്പണികളിലും കൈപ്പണിയിലും സിനിമാ ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇതിന്  പുറമെ കലാകാരന്‍മാരെ ആദരിക്കുന്നതിന് നാല്‍പതോളം ശില്‍പങ്ങള്‍ വേറെയും ചിത്രന്‍ നിര്‍മിച്ചു. കോഴിക്കോടിന്‍റെ കലാ പൈതൃകത്തിന്‍റെ ഉത്തമോദാഹരണമായ മാനാഞ്ചിറ സ്ക്വയറിലെ പാത്തുമ്മായുടെ ആട് ശില്‍പം ചെറിയ രൂപത്തില്‍ ഉണ്ടാക്കണമെന്നാണ് ചിത്രന് കിട്ടിയ നിര്‍ദേശം. ആ ശില്‍പത്തിന്‍റെ പേരും പെരുമയും ചോര്‍ന്ന് പോകാതെ ചെറിയ ശില്‍പങ്ങള്‍ നിര്‍മിച്ച്  പ്രശംസ നേടാനും ചിത്രന് സാധിച്ചു.

s1മോഹന്‍ലാലിന് നല്‍കിയ മോഹനോപഹാരം വെങ്കലത്തിലാണ് നിര്‍മിച്ചത്. 40 പാത്തുമ്മായുടെ ആട് ശില്‍പം ഫൈബറിലും. മഹേഷ് ഒളവറ, കിരണ്‍, രമിത്ത്, അനില്‍ തൃപ്പാണിക്കര, ജയന്‍ എന്നിവരായിരുന്നു ചിത്രന്‍റെ ശില്‍പ സഹായികള്‍.

വെങ്കല ശില്‍പ ഗ്രാമമായ കുഞ്ഞിമംഗലം പഞ്ചായത്തിലെ മൂശാരിക്കൊവ്വല്‍ ഇന്ന് ഏറെ പ്രസിദ്ധമാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ഇവിടുന്നുണ്ടാക്കിയ ശില്‍പങ്ങള്‍ക്ക് പ്രത്യേക ആവശ്യക്കാരുണ്ട്. രാജ്യത്തെ വിവിധ ക്ഷേത്രങ്ങളില്‍ പണി കഴിപ്പിച്ച ശില്‍പങ്ങളിലും കുഞ്ഞിമംഗലത്തിന്‍റെ കരവിരുത് കാണാനുണ്ട്. നൂറോളം കുടുംബങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടെ എല്ലാവരും ചേര്‍ന്ന് ചെയ്തിരുന്ന വെങ്കല ശില്‍പ നിര്‍മാണം ഇന്ന് പത്തോളം കുടുംബങ്ങളില്‍ ഏതാനും പേരിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. അപ്പോഴും സമൂഹത്തില്‍ കുഞ്ഞിമംഗലം വിളക്കിന് പ്രത്യേക ആവശ്യക്കാരുണ്ട്. ഇവിടെ നിര്‍മ്മിച്ചിട്ടുള്ള ആല്‍വിളക്കും, കെടാവിളക്കും, ലക്ഷ്മിവിളക്കുമെല്ലാം പ്രത്യേക കൈപ്പണിയുടെ അത്ഭുതങ്ങള്‍ തീര്‍ത്തിട്ടുണ്ട്.

Mohanam 2016 (31) copy

 ‘കുഞ്ഞിമംഗലം വിളക്ക്’ എന്ന പേരില്‍ പ്രത്യേകമായ വിളക്കുകള്‍ തന്നെ നിലവിലുണ്ട്. അതിന്‍റെ കൈപ്പണി പ്രത്യേക തരത്തിലുള്ളതും മറ്റാര്‍ക്കും അവകാശപ്പെടാനാവാത്തുമാണ്. വെങ്കല ശില്‍പ നിര്‍മാണത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയും കാലത്തിനനുസരിച്ച് നൂതനമായ ആശയങ്ങള്‍ ഉള്‍പെടുത്തി നിര്‍മാണം നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും വേണ്ടത്ര പ്രോല്‍സാഹനം കുഞ്ഞിമംഗലത്തെ കലാകാരന്‍മാര്‍ക്ക് ലഭിക്കുന്നുണ്ടായിരുന്നില്ല.  ടി വി രാജേഷ് എംഎല്‍എ പ്രദേശത്തെ ശില്‍പഗ്രാമമാക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുകയും ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ പ്രാരംഭ പ്രവര്‍ത്തനത്തിന് തുക വകയിരുത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com