ഈ ലില്ലി വാടില്ല, ഇതിന് മുള്ളുണ്ട്

Sharing is caring!

സനക് മോഹന്‍

ലില്ലിയിലേക്ക് കടക്കും വരെ പ്രശോഭ് വിജയന്‍ എങ്ങനെയായിരുന്നോ ആ സ്ഥലത്ത് ഇപ്പോള്‍ നില്‍ക്കുന്ന ആളാണ് ഞാന്‍. ഒരു ഷോര്‍ട്ട് ഫിലിം ചെയ്ത് സിനിമയിലേക്കുള്ള കാല്‍വെയ്പും സ്വപ്നം കണ്ട് നില്‍ക്കുകയാണ്. റിവ്യൂ എഴുത്ത് എന്തുകൊണ്ടോ ഇതിനിടയില്‍ വേണ്ടെന്ന് വെച്ചു. എന്നാല്‍ ലില്ലിയെ കുറിച്ച് എഴുതണം. സിനിമ കണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും മനസ്സ് മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു. ലില്ലി എനിക്ക് പ്രചോദനമാണ്. അതുകൊണ്ട് തന്നെ ഇതൊരു റിവ്യൂ അല്ല. ഒരു വികാരമാണ്.

മുള്ളുള്ള പൂക്കളും വാടും. അത് പ്രകൃതിനിയമമാണ്. എന്നാല്‍ പ്രശോഭ് വിജയനെന്ന പുതുമുഖ സംവിധായകന്‍ ധീരതയുടെ മുള്ളുകളുള്ള ഒരു ലില്ലിപ്പൂവിനെയാണ് നമുക്ക് സമ്മാനിച്ചത്. തിയേറ്ററില്‍ നിന്നും പോയാലും അത് വാടില്ല. കാരണം അതിന് കൂര്‍ത്ത മുള്ളുകളുണ്ട്. സമൂഹത്തെയും മലയാള സിനിമയെയും അത് കുത്തിനോവിച്ചുകൊണ്ടേയിരിക്കും.

ഇഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ്സ് ഏറെ നല്ല സിനിമകള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. പ്രത്യേകിച്ചും താരങ്ങള്‍ക്കപ്പുറം കഥയ്ക്കും കഥാപാത്രത്തിനും സംവിധാനത്തിനും മേക്കിംഗിനും പ്രാധാന്യം ലഭിക്കുന്ന ഇക്കാലത്ത് സി വി സാരഥിയും മുകേഷ് മേത്തയും ഒരു പ്രചോദനം തന്നെയാണ്. യുവ തലമുറയ്ക്ക് സിനിമയിലേക്ക് കടന്നുവരാനും വ്യത്യസ്തങ്ങളായ സിനിമകള്‍ ചുരുങ്ങിയ ചിലവില്‍ പ്രേക്ഷകന് മുന്നില്‍ എത്തിക്കാനും ഇവരുടെ നേതൃത്വത്തില്‍ തന്നെ തുടങ്ങിയ ഇഫോര്‍ എക്സ്പരിമെന്‍റ്സ് ആദ്യം നിര്‍മ്മിച്ച ചിത്രമാണ് ലില്ലി. സംവിധായകന്‍ പ്രശോഭ് അഞ്ചോളം കഥകള്‍ പറഞ്ഞതില്‍ നിന്നും നിര്‍മ്മാതാവ് തിരഞ്ഞെടുത്തതാണ് ലില്ലിയെ.

ഇഫോര്‍ എക്സ്പരിമെന്‍റ്സ് എന്തിനാണ് എന്ന് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ ലില്ലി കണ്ടാല്‍ മതി എന്നാണ് ഉത്തരം. സിനിമയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ ഈ നിര്‍മ്മാതാക്കളെ കാണാന്‍ പോകുമ്പോള്‍ തീര്‍ച്ചയായും ലില്ലി കണ്ടിരിക്കണം. കാരണം, വേറിട്ട പുതിയ സിനിമകളാണ് അവര്‍ക്ക് വേണ്ടത്. മലയാളം ഇന്നുവരെ കാണാത്ത സിനിമകളാണ് അവര്‍ക്ക് വേണ്ടത്. അതിനെ പരീക്ഷണ സിനിമ എന്ന് പറഞ്ഞ് രണ്ടാംകിട തട്ടിലേക്ക് മാറ്റി നിര്‍ത്താന്‍ എനിക്ക് വ്യക്തിപരമായി താല്‍പര്യമില്ല. കാരണം, പരീക്ഷണ സിനിമകള്‍ക്ക് മാത്രമായി ഒരു സ്ഥിരം പ്രേക്ഷകരെ സൃഷ്ടിച്ചാല്‍ മലയാള സിനിമ ഒരുകാലത്തും നന്നാവില്ല. അതുകൊണ്ട് പരീക്ഷിച്ചാലും അല്ലേലും സിനിമ എന്നും സിനിമയാണ്.

ഈ കാഴ്ചപ്പാടില്‍ നിന്നുമാണ് ലില്ലിയെ നോക്കിക്കാണുന്നത്. എന്താണ് ലില്ലി എന്ന് ചോദിച്ചാല്‍ എല്ലാ റിവ്യൂകളിലും കാണും പോലെ കഥയുടെ ചുരുക്കം എഴുതിവെച്ച് കഥാപാത്രങ്ങളെയും സംവിധായകനെയും പ്രശംസിച്ച് പറയാന്‍ പറ്റുന്ന ഒന്നല്ല. രണ്ടര മണിക്കൂറും മൂന്ന് മണിക്കൂറും സിനിമ കണ്ടവരാണ് നമ്മള്‍. ചിരിപ്പിച്ചും അത്ഭുതപ്പെടുത്തിയും താരങ്ങള്‍ക്ക് ജയ് വിളിച്ചും ഈ മണിക്കൂറുകള്‍ നാം ചിലവഴിക്കുമായിരുന്നു. എന്നാല്‍ പൊട്ടിപ്പൊളിഞ്ഞ ഒരു കെട്ടിടത്തില്‍ മൂന്ന് പേര്‍ ചേര്‍ന്ന് ഒരു പൂര്‍ണഗര്‍ഭിണിയെ പൂട്ടിയിടുകയും കുഞ്ഞ് പുറത്തേക്ക് വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആ സ്ത്രീ രക്ഷപ്പെടാന്‍ എടുക്കുന്ന സമയമാണ് ഒന്നരമണിക്കൂര്‍. അതെ, ലില്ലി വെറും ഒന്നര മണിക്കൂര്‍ സിനിമയാണ്. എന്നാല്‍ മൂന്നല്ല, നാല് മണിക്കൂര്‍ കണ്ടാലും മതിവരാത്ത അത്രയും പറഞ്ഞുവെച്ചിട്ടുണ്ട് ഈ സിനിമ.
ഒരു മുഴുനീള ത്രില്ലര്‍ സിനിമയാണ് പ്രശോഭ് നമുക്കായി ഒരുക്കിയത്. പുമുഖ നടി സംയുക്ത മേനോന്‍ ഞെട്ടിച്ചുകളഞ്ഞ പെര്‍ഫോമന്‍സ് ആയിരുന്നു. ഒരുപക്ഷെ മുന്‍നിര മലയാളതാരങ്ങളായ നടികളാരും ചെയ്യാന്‍ ഭയപ്പെടുന്ന ഒരു കഥാപാത്രം. ഒന്ന് വഴുതിപ്പോയാല്‍ സിനിമ തന്നെ ഇല്ലാതായേക്കാവുന്ന മാനറിസം. ഇതിനെല്ലാമിടയിലൂടെ സംയുക്ത മനോഹരമായി ലില്ലിയെ അവതരിപ്പിച്ചു. കൂടെ അഭിനയിച്ച ഒരുപറ്റം പുതുമുഖ അഭിനേതാക്കള്‍. ആര്യന്‍ കൃഷ്ണമേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, സജിന്‍ ചെറുകയില്‍ എന്നിങ്ങനെ പാറ്റയും പ്രാണിയും പഴുതാരയും പച്ചിലയും തേരട്ടയും അത്ഭുതപ്പെടുത്തും വിധം അഭിനയിച്ച സിനിമ. സിനിമ സംവിധായകന്‍റെതാണ്. ലില്ലി പ്രശോഭിന്‍റെതാണ്. അത് മലയാള സിനിമ ചരിത്രത്തില്‍ എന്നും വലിയൊരു അടയാളമായി തന്നെ നില്‍ക്കും. മലയാള സിനിമ ലില്ലിക്ക് ശേഷവും മുന്‍പും എന്ന വിലയിരുത്തലുകള്‍ ഭാവിയില്‍ പ്രതീക്ഷിക്കുന്നു.

എന്നാല്‍ പുതുമുഖ സിനിമകളോടും പുരോമന കഥാശൈലിയോടും മലയാളികള്‍ ആദ്യം കാണിക്കുന്ന വിമുഖത ലില്ലിയിലും കാണാം. അതിലൊന്ന് വലിയ വട്ടത്തിലുള്ള ആ എ അടയാളമാണ്. കാലഘട്ടം മാറിയിട്ടും മലയാളി മാറാത്തതിന്‍റെ അടയാളമാണ് ആ എ. അത് തന്നെയാണ് സിനിമ പറയുന്നതും. ലില്ലിയോടൊപ്പം തന്നെ ഇന്ത്യയിലെ പരമോന്നത നീതിപീഠം സുപ്രധാന വിധികള്‍ പുറപ്പെടുവിക്കുകയുണ്ടായി. അതോടൊപ്പം നീതിപുലര്‍ത്തുന്ന സിനിമയാണ് ലില്ലി. ഉച്ചി മുതല്‍ ഉപ്പൂറ്റി വരെ ഒന്നര മണിക്കൂര്‍ തരിപ്പ് കേറിയിരിക്കാനുള്ള സിനിമ മാത്രമല്ലെന്ന് അര്‍ത്ഥം. സ്ത്രീ സ്വാതന്ത്ര്യത്തെ, ലൈംഗിക അരാജകത്വത്തെ, വെറിപിടിച്ച സമൂഹത്തെയൊക്കെ ലില്ലി കാണിച്ചുതരുന്നുണ്ട്. അത് വെറുതെ കാണിച്ചുതരുകയുമല്ല. അടിച്ചമര്‍ത്തപ്പെട്ടവന്‍ ഒരുനാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന വചനം പോലെ എത്ര അടിച്ചമര്‍ത്തിയാലും സ്ത്രീകള്‍ ഒരുനാള്‍ ഈ സമൂഹത്തിലെ മുഖ്യധാരയിലേക്ക് പുരുഷനോളം തന്നെ പോന്നവളായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ലില്ലി പറയുന്നുണ്ട്. അതുകൊണ്ടാണ് ലില്ലിക്ക് മുള്ളുണ്ട്. പ്രതിഷേധത്തിന്‍റെയും പ്രതികരണത്തിന്‍റെയും മുള്ള്.

സമൂഹത്തിലെ മാറ്റത്തിന്‍റെ പരിഛേദമാണ് കലാരൂപം. ലില്ലിയും ഒരു മാറ്റത്തിന്‍റെ തുടക്കമാണ്. മലയാളികളുടെയും മലയാള സിനിമയുടെയും. താരങ്ങളില്ലാത്ത, സ്ത്രീകള്‍ മാത്രം കഥാപാത്രങ്ങളായ ആക്ഷന്‍ ത്രില്ലറുകള്‍ വിദേശസിനിമാവിഭാഗത്തില്‍ പിറക്കുകയും അവയെ യുട്യൂബില്‍ കണ്ട് മനംകുളിര്‍ക്കുകയും ചെയ്യുന്ന മലയാളികള്‍ തീര്‍ച്ചയായും കാണേണ്ട സിനിമയാണ് ലില്ലി. എന്തൊക്കെ അടയാളങ്ങളുണ്ടെങ്കിലും ഒളിഞ്ഞ് നോക്കാതെയും തോണ്ടാതെയും ഇത്തരം സ്ത്രീപ്രാധാന്യമുള്ള സിനിമകള്‍ ഒരുമിച്ചിരുന്ന് കാണാനുള്ള പക്വതയിലേക്ക് മലയാളികള്‍ എത്തിച്ചേരുന്നതിന് ലില്ലി ഒരു കാരണമായി തീരും എന്ന് തന്നെ പ്രതീക്ഷിക്കാം. പ്രശോഭിനും ഇഫോര്‍ എക്സപരിമെന്‍റ്സിനും ലില്ലിയുടെ എല്ലാ ടീം അംഗങ്ങള്‍ക്കും അഭിമാനിക്കാം.

ഒരിക്കല്‍ കൂടി പറയട്ടെ, ലില്ലി തിയേറ്ററില്‍ നിന്നു തന്നെ കാണേണ്ട സിനിമയാണ്. ലോലഹൃദയര്‍ കാണരുതെന്നൊക്കെ പറയുന്നുണ്ട് ചിലര്‍. എല്ലാവരും കാണണം. ലോലന്മാരുടെ ഹൃദയം ചുടുചോരകൊണ്ട് കട്ടിയാവട്ടെ. അത് പുതിയൊരു വഴിത്താര തെളിക്കട്ടെ.

ലില്ലിക്ക് അഭിവാദ്യങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com