കിട്ടിയ കൂവല്‍ ഒരു നിമിത്തമാകട്ടെ.. മാധ്യമങ്ങളെ വലിച്ചു കീറി ഡോ.ബിജു 

Sharing is caring!

മാധ്യമങ്ങൾ ബേജാറാവുകയോ പിന്നോട്ട് പോവുകയോ ചെയ്യേണ്ടതില്ല. ആ കൂവൽ മാധ്യമങ്ങൾ കണക്കിലെടുക്കേണ്ടത് തന്നെയില്ല. പക്ഷെ മറ്റൊരു അർത്ഥത്തിൽ ആ കൂവൽ മാധ്യമങ്ങൾ സ്വയം വിമർശനാത്മകമായി ഒന്ന് പരിശോധിക്കാൻ ഉപയോഗപ്പെടുത്തേണ്ടതുണ്ട് . കാരണം മലയാള സിനിമാ രംഗത്തെ സംബന്ധിച്ച അപകടകരമായ പല സംസ്കാരങ്ങളും രൂപപ്പെടുത്തിയതിൽ മാധ്യമങ്ങൾക്കുള്ള പങ്ക് ചെറുതല്ല .

ഡോ.ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് : 

Dr കഴിഞ്ഞ ദിവസം അമ്മ എന്ന താര സംഘടനയുടെ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങൾക്ക് നേരെ തട്ടിക്കയറുകയും മാധ്യമങ്ങളെ കൂവി വിളിക്കുകയും ചെയ്യുന്നത് കേരളത്തിലെ ജനങ്ങൾ കാണുകയുണ്ടായി . മാധ്യമങ്ങളാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് എന്ന ആക്രോശവും മാധ്യമങ്ങൾക്ക് നേരെയുള്ള ആ കൂവി വിളിയും മാധ്യമങ്ങൾ കാര്യമാക്കേണ്ടതില്ല . ജനങ്ങളെയും സമൂഹത്തെയും സംബന്ധിക്കുന്ന ഏത് വിഷയത്തിലും ജാഗ്രത ഉണ്ടാക്കേണ്ടതും പ്രശ്നങ്ങൾ പൊതു സമൂഹത്തിന് മുൻപാകെ ചർച്ചയ്ക്കായി ഉയർത്തി കൊണ്ടുവരേണ്ടതും മാധ്യമങ്ങളുടെ ധർമമാണ് . അത് അവർ തുടരുക തന്നെ വേണം . അതുകൊണ്ടു തന്നെ ഇന്നലെ താരങ്ങൾ മാധ്യമങ്ങൾക്ക് നേരെ കൂവി വിളിച്ചതിൽ മാധ്യമങ്ങൾ ബേജാറാവുകയോ പിന്നോട്ട് പോവുകയോ ചെയ്യേണ്ടതില്ല . ആ കൂവൽ മാധ്യമങ്ങൾ കണക്കിലെടുക്കേണ്ടത് തന്നെയില്ല . പക്ഷെ മറ്റൊരു അർത്ഥത്തിൽ ആ കൂവൽ മാധ്യമങ്ങൾ സ്വയം വിമർശനാത്മകമായി ഒന്ന് പരിശോധിക്കാൻ ഉപയോഗപ്പെടുത്തേണ്ടതുണ്ട് . കാരണം മലയാള സിനിമാ രംഗത്തെ സംബന്ധിച്ച അപകടകരമായ പല സംസ്കാരങ്ങളും രൂപപ്പെടുത്തിയതിൽ മാധ്യമങ്ങൾക്കുള്ള പങ്ക് ചെറുതല്ല . മാധ്യമങ്ങളുടെ അത്തരം നടപടികൾ പുനഃപരിശോധിക്കാൻ ഈ കൂവൽ ഒരു നിമിത്തമാകട്ടെ എന്ന് ആഗ്രഹിക്കുന്നു . കാര്യങ്ങൾ ഓരോന്നായി തന്നെ പറയാം .

1 ) മലയാള സിനിമയെ ഇത്ര മേൽ (പുരുഷ) താര കേന്ദ്രീകൃതമായ ഒന്നാക്കി മാറ്റിയതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചിട്ടുള്ളത് മാധ്യമങ്ങൾ ആണ് . സിനിമ എന്നാൽ താരങ്ങൾ മാത്രം എന്ന നിലയിൽ താരങ്ങളെ ഗ്ലോറിഫൈ ചെയ്തതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട് . മറ്റൊരിടത്തും ഇല്ലാത്ത വിധം സിനിമ എന്നത് താരങ്ങൾ മാത്രം എന്ന തരത്തിലേക്ക് ചുരുക്കി താരങ്ങളുടെ അടുക്കള വിശേഷം വരെ ആഘോഷമായി കൊണ്ടാടി സിനിമയെ താരങ്ങളുടെ പൈങ്കിളി വർത്തമാനങ്ങളും സ്വയം പുകഴ്ത്തലുമായി മാത്രം തരം താഴ്ത്തുന്ന ഒരു മാധ്യമ സംസ്കാരം ആണ് മലയാള മാധ്യമങ്ങൾ എല്ലാം തന്നെ കൈക്കൊണ്ടത് . ഇതിലൂടെ താരങ്ങളുടെ അപ്രമാദിത്വം ഊട്ടിയുറപ്പിക്കാൻ സഹായിക്കുകയും സിനിമ കടുത്ത താര കേന്ദ്രീകൃതമാക്കുകയും ചെയ്യാൻ മാധ്യമങ്ങൾ സഹായിച്ചു . നിങ്ങൾ തന്നെ അങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും കൊണ്ടാടി പൈങ്കിളി മഹത്വവൽക്കരിച്ച അതേ സമൂഹം തന്നെയാണ് നിങ്ങളെ ഇന്നലെ ആ ഹാളിലിരുന്ന് കൂവി വിളിച്ചത് .

2 ) മലയാളത്തിൽ മറ്റെല്ലാ കലാരൂപങ്ങൾക്കും സാഹിത്യ രൂപങ്ങൾക്കും മുകളിൽ സിനിമാക്കാർക്ക് സ്ഥാനം കൽപിച്ചു നൽകിയത് ഇവിടുത്തെ മാധ്യമങ്ങൾ ആണ് . സിനിമ ഒഴികെയുള്ള മറ്റെല്ലാ കലാ രൂപങ്ങളെയും കലാകാരന്മാരെയും തിരസ്കൃതമാക്കുകയും സിനിമാ താരങ്ങളെ അവർക്കെല്ലാം മുകളിൽ പ്രതിഷ്ഠിക്കുകയും ചെയ്തത് ഇവിടുത്തെ മാധ്യമങ്ങൾ ആണ് .

3 ) മലയാളത്തിൽ നല്ല സിനിമകൾ നിർമിക്കാൻ ഉള്ള അന്തരീക്ഷം പോലും ഇല്ലാതാക്കിക്കളഞ്ഞത് മാധ്യമങ്ങൾ ആണ് . ടെലിവിഷൻ ചാനലുകളുടെ സാറ്റലൈറ്റ് റൈറ്റ് എന്ന ഏർപ്പാടാണ് മലയാളത്തിൽ നല്ല സിനിമകളുടെയും പരീക്ഷണ സിനിമകളുടേയുമൊക്കെ കൂമ്പടപ്പിച്ചതിൽ ഒരു പ്രധാന പങ്ക് വഹിച്ചത് . ചില താരങ്ങൾക്ക് സാറ്റലൈറ്റ് റൈറ്റ് മൂല്യം നൽകുകയും ആ താരം അഭിനയിക്കുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ ആ താരം ഡേറ്റ് നൽകിയാലുടൻ ആ സിനിമയ്ക്ക് എത്ര കോടി രൂപയും സാറ്റലൈറ്റ് തുക നൽകാം എന്ന തരത്തിൽ മലയാള സിനിമയുടെ നിർമാണ രംഗത്തെ വഴി തിരിച്ചു വിട്ടത് കേരളത്തിലെ പ്രധാനപ്പെട്ട വിനോദ ചാനലുകൾ ആണ് . താരം അഭിനയിക്കുന്നുണ്ടോ എന്നത് മാത്രമായിരുന്നു ടെലിവിഷൻ ചാനലുകൾ സിനിമയ്ക്ക് പണം നൽകുന്നതിലെ ഒരേ ഒരു മാനദണ്ഡം . ആ സിനിമ എന്ത് വിഷയം കൈകാര്യം ചെയ്യുന്നു എന്നതോ ആ സിനിമയുടെ കഥ എന്ത് എന്നതോ പോകട്ടെ ആ സിനിമയുടെ നിർമാതാവോ ,സംവിധായകനോ, പിന്നണി പ്രവർത്തകരോ ആരാണ് എന്നത് പോലും ചാനലുകൾക്ക് വിഷയം അല്ലായിരുന്നു . സൂപ്പർ താരങ്ങളുടെ അനേകം അനേകം സിനിമകൾ ദയനീയമായി തിയറ്ററിൽ തുടർച്ചയായി പരാജയപ്പെട്ടിട്ടും ആ താരങ്ങളെ സൂപ്പർ താരങ്ങളായി തന്നെ നിലനിർത്താൻ സഹായിച്ചത് സാറ്റലൈറ്റ് റൈറ്റ് എന്ന ടെലിവിഷൻ ചാനലുകളുടെ ഔദാര്യം ആയിരുന്നു . അതിലൂടെ സിനിമാ നിർമാണ രംഗം താരങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ളതായി മാറ്റുന്നതിൽ ടെലിവിഷൻ മാധ്യമങ്ങൾ വലിയ പങ്ക് വഹിച്ചു . ചെറു സിനിമകളും , കലാമൂല്യ സിനിമകളും , പരീക്ഷണ സിനിമകളും , സമാന്തര സിനിമകളുമൊക്കെ ഈ ടെലിവിഷൻ സാറ്റലൈറ്റ് റൈറ്റ് എന്ന ദുർഭൂതത്തിന്റെ പ്രഹരമേറ്റ് നില തെറ്റി വീണു .മലയാളത്തിലെ സിനിമാ രംഗത്തെ എല്ലാ നല്ല നിലപാടുകളുടെയും കൂമ്പടച്ച് മലയാള സിനിമയെ മാഫിയവൽക്കരിക്കുകയും കോക്കസ് വൽക്കരിക്കുകയും ചെയ്തത് വീണ്ടു വിചാരമില്ലാത്ത ഈ സാറ്റലൈറ്റ് റൈറ്റ് വിതരണം ആയിരുന്നു . മറ്റെല്ലാ ഭാഷകളിലും വലിയ താരങ്ങൾ അഭിനയിക്കുമ്പോൾ ഒരു മിനിമം തുക സാറ്റലൈറ്റ് റൈറ്റ് ആയി നൽകുകയും പിന്നീട് സിനിമ തയറ്ററിൽ വിജയിക്കുകയാണെങ്കിൽ മാത്രം കൂടുതൽ തുക ആനുപാതികമായി നൽകുകയും ആയിരുന്നു ടെലിവിഷൻ ചാനലുകളുടെ രീതി . മലയാളത്തിൽ മാത്രമാണ് അത് മാറി താരത്തിന്റെ ഡേറ്റ് ഉണ്ടായാൽ മാത്രം മതി സിനിമ എങ്ങനെയായാലും പ്രശനമില്ല ഉയർന്ന സാറ്റലൈറ്റ് തുക നൽകാം എന്ന അസംബന്ധം നില നിന്നത് . അതിലും ഉള്ള വിചിത്രമായ കാര്യം മലയാളത്തിൽ സ്ത്രീ താരങ്ങൾക്ക് ഒന്നും സാറ്റലൈറ്റ് റൈറ്റ് ഇല്ല എന്നതാണ് . സിനിമ എത്ര മേൽ പുരുഷ താര കേന്ദ്രീകൃതമാക്കാൻ ടെലിവിഷൻ ചാനലുകൾ സഹായിച്ചു എന്നത് ഇതിൽ നിന്ന് തന്നെ വ്യക്തമാണ് . ഇതിൽ പല താരങ്ങൾക്കും അവരുടെ മൂല്യം ഉറപ്പിച്ചു നിർത്തുന്നതിനായി ടെലിവിഷൻ കമ്പനികളുമായി വാണിജ്യ പങ്കാളിത്തം വരെ ഉണ്ടായിരുന്നു , ഇപ്പോഴും ഉണ്ട് .

4 ) മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ വിനോദ ചാനലുകളും വാങ്ങിയിരുന്നത് ഏറ്റവും സ്ത്രീ വിരുദ്ധമായ , ഏറ്റവും കീഴാള വിരുദ്ധമായ , നിലവാരം കുറഞ്ഞ തമാശകൾ മാത്രം കുത്തി നിറച്ച സിനിമകൾ ഒക്കെ തന്നെയായിരുന്നു . പ്രേത്യേകിച്ചും സാറ്റലൈറ്റ് റൈറ്റ് വന്നതിനു ശേഷം . ഒരു വിധത്തിലുള്ള കലാ മൂല്യ സിനിമകളും പരീക്ഷണ സിനിമകളും മലയാളത്തിലെ ചാനലുകൾ വാങ്ങിയിരുന്നില്ല . ദേശീയമോ അന്തർ ദേശീയമോ ആയി ശ്രെദ്ധേയമായ എത്ര സിനിമകൾ മലയാളത്തിലെ ടെലിവിഷൻ ചാനലുകൾ ഇത്രയും കാലത്തിനോടകം വാങ്ങിയിട്ടുണ്ട് ? . വിരലിലെണ്ണാവുന്നവ പോലുമില്ല . മലയാളത്തെ ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും ശ്രെദ്ധേയമാക്കിയ ചിത്രങ്ങളോട് ചാനൽ മേധാവികൾ പറയുന്നത് അയ്യോ ഇത് നല്ല സിനിമയാണ് ഞങ്ങൾക്ക് വേണ്ട എന്നാണ് . നല്ല സിനിമ വേണ്ട എന്ന് പറയുന്ന ഒരേ ഒരു ഇടമാണ് മലയാളത്തിലെ ടെലിവിഷൻ ചാനലുകൾ . ഹിന്ദിയിലും മറാത്തിയിലും ഒക്കെ സീ ടി വിയും, സ്റ്റാർ ടി വിയും ഒക്കെ കലാ മൂല്യ സിനിമകളും ദേശീയ അന്തർ ദേശീയ പുരസ്കാരം നേടിയ സിനിമകളും വാങ്ങിക്കാൻ മത്സരിക്കുമ്പോഴാണ് മലയാളത്തിൽ ടെലിവിഷൻ ചാനലുകൾ ഇങ്ങനെ പിന്തിരിപ്പൻ നിലപാട് എടുക്കുന്നത് . മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലും ഇക്കാര്യത്തിൽ മോശക്കാരല്ല

5 ) മലയാളത്തിൽ ഏറ്റവും കടുത്ത സ്ത്രീ വിരുദ്ധമായ സിനിമകൾ പോലും ഏറ്റവും കൂടുതൽ ആഘോഷിച്ചതിനെ പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് ഒട്ടും ചെറുതല്ല .അടിമുടി സ്ത്രീ വിരുദ്ധമായ മലയാള സിനിമയെ, പുരുഷ കേന്ദ്രീകൃതമായ, സവർണ്ണ കേന്ദ്രീകൃതമായ മലയാള സിനിമയെ പാലൂട്ടി വളർത്തുക ആണ് മാധ്യമങ്ങൾ മിക്കപ്പോഴും ചെയ്തിട്ടുള്ളത് . 90 വർഷങ്ങൾ ആയിട്ടും പി കെ റോസിക്ക് ശേഷം ഇന്നേ വരെ ഒരു കറുത്ത നായിക ഉണ്ടായിട്ടില്ലാത്ത ഇടമാണ് മലയാള സിനിമ. പുരുഷ താരത്തിന് കോടികൾ പ്രതിഫലം കൊടുക്കുമ്പോൾ സ്ത്രീ താരത്തിന് ഏറ്റവും കുറഞ്ഞ പ്രതിഫലം മാത്രം കൊടുക്കുന്ന ഒരു തൊഴിലിടം ആണ് മലയാള സിനിമ . സിനിമയിൽ അടിസ്ഥാനപരമായ തൊഴിൽ എടുക്കുന്നവരെ അടിമകളെ പോലെ കണക്കാക്കുകയും പെരുമാറുകയും ചെയ്യുന്ന ഭൂരിപക്ഷം ആളുകൾ ഉള്ള ഒരു ഇടമാണ് മലയാള സിനിമ. ഏറ്റവും തൊഴിലാളി വിരുദ്ധമായ ഒരു മേഖല ആണ് മലയാള സിനിമ. പക്ഷെ ഈ വിഷയങ്ങളൊക്കെ പലപ്പോഴും മാധ്യമങ്ങൾ കാണാറില്ല .

6 ) കാര്യമായ അഭിനയ ശേഷി പോലുമില്ലാത്ത ആവറേജ് മനുഷ്യന്മാരെ പോലും ഏതാനും സിനിമകളിൽ അഭിനയിച്ചു എന്നത് കൊണ്ട് വമ്പൻ താരങ്ങളും നടന്മാരും ആക്കി അവരുടെ താര പരിവേഷം അരക്കിട്ട് ഉറപ്പിച്ചു കൊടുക്കാൻ മാധ്യമങ്ങൾ വഹിച്ച പങ്ക് ചെറുതല്ല . ഇക്കൂട്ടത്തിൽ നല്ല നടന്മാരും ഉണ്ട് എന്നതിൽ തർക്കമില്ല . ജീവിതകാലം മുഴുവൻ കലയ്ക്ക് വേണ്ടി സമർപ്പിച്ച യാതൊരു പ്രതിഫലേച്ഛയും ഇല്ലാതെ ജീവിക്കുന്ന അനേകം കലാകാരന്മാർ ഉള്ള നാടാണ് നമ്മുടേത് . നാടക പ്രവർത്തകരും , അനുഷ്ഠാന കലാകാരന്മാരും , പാരമ്പര്യ കലകളിലെ ആചാര്യന്മാരും , ചിത്രകാരന്മാരും അങ്ങനെ അങ്ങനെ എത്രയോ ശുദ്ധ കലാകാരന്മാർ നമുക്കുണ്ട് . പക്ഷെ മാധ്യമങ്ങളിൽ അവർക്ക് താര പരിവേഷം ഇല്ല . മാധ്യമങ്ങൾക്ക് അവരെ അറിയുക പോലുമില്ല . കലയുടെയും കലാകാരന്മാരുടെയും സംസ്കാരവും നിർമിതിയും പ്രയോഗവുമൊക്കെ ചാനലുകൾ നിർണ്ണയിക്കുന്നത് പുറം മോടി മാത്രം നോക്കിയാണ് .. നിങ്ങൾ ഇങ്ങനെ നിർമിക്കപ്പെട്ട ഈ താരങ്ങൾ ആരെങ്കിലും ഏതെങ്കിലും ജനകീയ വിഷയങ്ങളിൽ എപ്പോഴെങ്കിലും പ്രതികരിച്ചു കണ്ടിട്ടുണ്ടോ

അത് കൊണ്ട് നിങ്ങൾ തന്നെ വലിയ താര പരിവേഷം നിർമിച്ചു കൊടുത്ത നിങ്ങൾ തന്നെ രൂപപ്പെടുത്തിയെടുത്ത ആ താരങ്ങൾ ആണ് നിങ്ങളെ ഇന്നലെ അവിടെ ഇരുന്ന് കൂവി വിളിച്ചു പുറത്താക്കിയത് . പക്ഷെ ഇന്നലെ നിങ്ങൾ ഉന്നയിച്ച ചോദ്യങ്ങളും നിങ്ങൾ പുലർത്തിയ നിലപാടും പൊതു സമൂഹത്തിന് വേണ്ടിയായിരുന്നു . അത് കൊണ്ട് തന്നെ ആ കൂവലിൽ നിങ്ങൾക്ക് ഒട്ടും അപമാനം തോന്നേണ്ട കാര്യമില്ല . നിങ്ങളുടെ നിലപാടുകൾക്ക് കിട്ടിയ അംഗീകാരമായി അതിനെ കണക്കാക്കിയാൽ മതി. പക്ഷെ ആ കൂവൽ മലയാള സിനിമയുടെ സാംസ്കാരികതയുമായി ബന്ധപ്പെട്ട് നിങ്ങൾ പുലർത്തിയിരുന്ന നിലപാടുകൾ ഒന്ന് തിരിഞ്ഞു നോക്കുവാൻ നിങ്ങളെ പ്രാപ്തരാക്കട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു

പി .എസ് – താരങ്ങളാണ് സിനിമയിലെ കേമന്മാർ എന്നൊക്കെ പറഞ്ഞുകൊണ്ട് ഏതെങ്കിലും ഏട്ടന്മാരുടെ അനിയന്മാരൊന്നും ഈ വഴിക്ക് വരരുത് (മറുപടി പറയാൻ ഒട്ടും സമയമില്ല). കേരളം വിട്ടാൽ ഇന്ത്യയിലും ലോകത്തെ നിരവധി രാജ്യങ്ങളിലും സിനിമയെ ഗൗരവമായി വീക്ഷിക്കുന്ന സമൂഹത്തിന് മലയാള സിനിമ എന്നാൽ ഇപ്പോഴും മൂന്നോ നാലോ പേരുകളേ അറിയുള്ളൂ അവ അടൂർ ഗോപാലകൃഷ്ണൻ , അരവിന്ദൻ , ഷാജി എൻ കരുൺ , ടി വി ചന്ദ്രൻ എന്ന പേരുകളാണ് ….അല്ലാതെ ഏതെങ്കിലും താരങ്ങളുടെ അല്ല .. നേരിട്ട് 23 രാജ്യങ്ങളിൽ നിന്നും ബോധ്യപ്പെട്ട വസ്തുതയാണ് …

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com