തിയേറ്ററുകള്‍ ഉണരുന്നു.. ഇതാ റംസാന്‍ ചിത്രങ്ങള്‍..

മലയാള സിനിമയ്ക്ക് ഇപ്പോള്‍ നല്ല കാലമാണെന്നാണ് പൊതുവെ പറയുന്നത്. വ്യത്യസ്തങ്ങളായ സിനിമകള്‍ ആസ്വദിക്കാന്‍ തിയേറ്ററുകള്‍ നിറയുന്ന കാഴ്ചയാണ് അടുത്തകാലത്തായി കണ്ടുവരുന്നത്. ഒരുമാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ വീണ്ടും സജീവമാവുകയാണ്. മലയാളത്തില്‍ നിന്നും അഞ്ച് ചിത്രങ്ങളാണ് ഈദ് റിലീസിനായി തയ്യാറെടുക്കുന്നത്.

തൊണ്ടിമുതയും ദൃക്സാക്ഷിയും


മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രം. മഹേഷിന്‍റെ പ്രതികാരം ടീം ഒന്നിക്കുന്നതുകൊണ്ട് തന്നെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ് തൊണ്ടിമുതയും ദൃക്സാക്ഷിയും. ഫഹദിനൊപ്പം അലന്‍സിയര്‍, സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തിലുണ്ട്. രാജീവ് രവിയാണ് ഛായാഗ്രഹണം. സജീപ് പാഴൂരാണ് തിരക്കഥ. ചിത്രത്തിന്‍റെ പോസ്റ്ററും, ടീസറും, ട്രെയിലറുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ടിയാന്‍


ട്രെയിലറും പോസ്റ്ററും കൊണ്ട് തന്നെ മലയാളികളെ ആകാംക്ഷഭരിതരാക്കിയ ടിയാന്‍ ഈദ് റിലീസായി എത്തും. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാറാണ് സംവിധാനം.പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി, പത്മപ്രിയ, അനന്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. ഹനീഫ് മുഹമ്മദാണ് നിര്‍മ്മാതാവ്.

റോള്‍ മോഡല്‍സ്


റാഫി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഫഹദ്ഫാസിലും നമിത പ്രമോദും പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് റോള്‍ മോഡല്‍സ്. വിനായകന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സിനിമയുടെ ട്രെയിലര്‍ ഇതിനകം ഹിറ്റായി കഴിഞ്ഞു.

അവരുടെ രാവുകള്‍


ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അവരുടെ രാവുകള്‍. ആസിഫ് അലിയും ഉണ്ണിമുകുന്ദനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഹണി റോസ്, വിനയ് ഫോര്‍ട്ട്, അജു വര്‍ഗ്ഗീസ്, മുകേഷ് തുടങ്ങിയ താരനിരയും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. പേരിലെ വ്യത്യസ്തത കൊണ്ട് തന്നെ മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് അവരുടെ രാവുകള്‍.

ഒരു സിനിമാക്കാരന്‍


ലിയോ തദ്ദേവൂസിന്‍റെ വിനീത് ശ്രീനിവാസന്‍ ചിത്രം ഒരു സിനിമാക്കാരനാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു മലയാള ചിത്രം. രജീഷ വിജയനാണ് നായിക. ലാല്‍, രഞ്ജി പണിക്കര്‍, അനുശ്രീ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഗാനങ്ങളും ട്രെയിലറും ഇതിനകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

ട്യൂബ് ലൈറ്റ്


ബോളിവുഡില്‍ നിന്നും എത്തുന്ന ഈദ് റിലീസാണ് ട്യൂബ് ലൈറ്റ്. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. ഖാബിര്‍ഖാന്‍ ആണ് സംവിധാനം. ബജ്രംഗി ഭായ്ജാന് ശേഷം സല്‍മാന്‍ഖാനും ഖാബിര്‍ഖാനും ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ പ്രേക്ഷകപ്രീതി ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ ട്രെയ്ലര്‍ ഇതിനകം തന്നെ ഹിറ്റായി.

വനമകന്‍


ജയംരവി നായകനാകുന്ന തമിഴ് ചിത്രമാണ് വനമകന്‍. എ എല്‍ വിജയ് ആണ് സംവിധാനം.

 

Leave a Reply

Your email address will not be published. Required fields are marked *