വേലുത്തമ്പിയും മരയ്ക്കാരും ഒരുങ്ങുന്നു.. മലയാള സിനിമ ചരിത്രത്തിന് പിന്നാലെ..

വെബ് ഡസ്ക് 

വീണ്ടും ചരിത്രസിനിമകളുടെ ആഘോഷമായി മലയാളം ഒരുങ്ങുന്നു. മറുനാടന്‍ സിനിമകളില്‍ ചരിത്രസിനിമകള്‍ പുതിയ സാങ്കേതിക വിദ്യകളോടെ കോടികള്‍ വാരുമ്പോഴാണ് പുലിമുരുകന്‍ നേടിയ നൂറ് കോടിയെയും കവച്ചുവെക്കാന്‍ മലയാളം ഒരുങ്ങുന്നത്. എംടിയുടെ രണ്ടാമൂഴമാണ് ഇതില്‍ ഏറ്റവും വലിയ പ്രൊജക്ട്. ഇന്ത്യന്‍ സിനിമയില്‍ തന്നെ വലിയ ചര്‍ച്ചയ്ക്ക് രണ്ടാമൂഴം തുടക്കം കുറിച്ചിരിക്കുകയാണ്. ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കുഞ്ഞാലിമരക്കാരായി എത്തുന്നു എന്ന വാര്‍ത്തയും യുവതാരം പൃഥ്വിരാജ് വേലുത്തമ്പി ദളവയായി എത്തുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുകയാണ്.

ചരിത്ര സിനിമകളിലെ തിളങ്ങുന്ന താരമായിരുന്നു മമ്മൂട്ടി. ചതിയന്‍ ചന്തുവായും, വീര പഴശ്ശിയായും നിറഞ്ഞഭിനയിച്ച മമ്മൂട്ടിയെ മലയാളം മറന്നിട്ടില്ല. സാമൂതിരിയുടെ പടത്തലവനായ കുഞ്ഞാലിമരക്കാര്‍ ബ്രിട്ടീഷുകാരോട് പൊരുതിയാണ് വീരമൃത്യു വരിക്കുന്നത്. എന്നാല്‍ സാമൂതിരി ചതിയില്‍പ്പെടുത്തി കൊന്നതാണെന്നും കഥകളുണ്ട്. പഴശ്ശിരാജ എന്ന വീരപുരുഷനെ തിരശ്ശീലയില്‍ കണ്ടപ്പോഴാണ് പഴയകാല ധീരډാരെ നാം ഓര്‍ത്തത്. അതുപോലെ ഒരു ഓര്‍മ്മപ്പെടുത്തലാകും മരക്കാരും. പ്രശസ്ത ക്യാമറാമാനും വ്യത്യസ്ത സിനിമാ അനുഭവം നമുക്ക് സമ്മാനിക്കുകയും ചെയ്ത സന്തോഷ് ശിവനാന് കുഞ്ഞാലിമരക്കാര്‍ ഒരുക്കുന്നത്. ഓഗസ്ത് സിനിമാസ് നിര്‍മ്മിക്കും. രചന പൂര്‍ത്തിയായി എന്നാണ് അറിയാന്‍ കഴിയുന്നത്. 16 ാം നൂറ്റാണ്ടിലെ കഥ എന്ന നിലയില്‍ കോടികള്‍ മുടക്കിയാണ് പഴയ സെറ്റുകള്‍ ഒരുക്കുക.


ധീരകഥാപാത്രങ്ങളുടെ സ്രഷ്ടാവ് രഞ്ജി പണിക്കര്‍ തിരക്കഥയെഴുതുന്ന സിനിമയാണ് വേലുത്തമ്പി ദളവ. വിജി തമ്പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യുവതാരം പൃഥ്വിരാജ് ദളവയായി തിരശീലയിലെത്തും. ഉറുമിയിലെ താരത്തിന്‍റെ പ്രകടം മാത്രം മതി ദളവയുടെ കഥാപാത്ര സൃഷ്ടിയെ വിലയിരുത്താന്‍. രജപുത്ര വിഷ്വല്‍ സിനിമയുടെ ബാനറില്‍ എം രഞ്ജിത്താണ് നിര്‍മ്മാണം.

മലയാള സിനിമ ഇന്ത്യന്‍ സിനിമയില്‍ വിസ്മയം തീര്‍ക്കുമ്പോള്‍ നമ്മുടെ പോരാട്ട കഥകളുടെ ചരിത്രം വീണ്ടും രാജ്യം അറിഞ്ഞുതുടങ്ങും. ഈ നല്ല സിനിമകള്‍ക്കായി നമുക്ക് കാത്തിരിക്കാം..

Leave a Reply

Your email address will not be published. Required fields are marked *