ഉടലാഴം അഥവാ ഉടലിനുനേരെ വെച്ച കണ്ണാടി
സനക് മോഹന്‍
ഐഎഫ്എഫ്കെയില് ആദ്യമായി കണ്ട മലയാളം സിനിമ ഉണ്ണികൃഷ്ണന് ആവളയുടെ ഉടലാഴമാണ്. ഏറെ വായിച്ചും കേട്ടും അറിഞ്ഞത് കൊണ്ടാണ് ഉടലാഴത്തിന്റെ കേരളത്തിലെ ആദ്യപ്രദര്‍ശനത്തില്‍ തന്നെ കയറിപ്പറ്റിയത്. വയനാടന്‍ കാടിന്റെ മനോഹരമായ ദൃശ്യങ്ങളിലൂടെ സഞ്ചരിച്ച് ഉള്ളുലയ്ക്കുന്ന പ്രമേയം പറഞ്ഞവസാനിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് സംവദിക്കാനുള്ള അവസരമായി. ഒരു പ്രേക്ഷകന് ചോദിച്ചത്, “ഉത്സവസ്ഥലത്തെ ഒരു രംഗത്തില്‍ ഗുളികനെ ആക്രമിക്കുന്നവന്റെ വസ്ത്രം കാവിയാക്കിയത് എന്തിനാണ്.? രാഷ്ട്രീയപരമായ വേര്‍തിരിവാണോ.?”. മറുപടിയായി സംവിധായകന് ഉണ്ണികൃഷ്ണന് ആവള പറഞ്ഞു, “എന്റെ നാട്ടില്‍ പണിക്ക് പോകുന്ന എല്ലാവരും ഇപ്പോഴും കാവിയാണ് ധരിക്കാറുള്ളത്. എന്നുമുതലാണ് ഈ നിറത്തിന് രാഷ്ട്രീയം വന്നതെന്ന് എനിക്ക് അറിഞ്ഞുകൂട.”
ഈ സംഭാഷണം ഇവിടെ പറയാന്‍ കാരണം, ഈ ചോദ്യത്തിലും ഉത്തരത്തിലുമുണ്ട് ഉടലാഴമെന്ന സിനിമ. നമുക്ക് നേരെ തിരിച്ചുവെച്ച കണ്ണാടിയാണത്. എന്ന് മുതലാണ് നിറങ്ങളെ രാഷ്ട്രീയത്താല്‍ വേര്‍തിരിക്കുന്ന സങ്കുചിത മനസുള്ളവരായി മലയാളി മാറിയത്.? എന്നുമുതലാണ് ലോകത്തില്‍ കറുപ്പും വെളുപ്പും വന്നത്.? എന്ന് മുതലാണ് നിറത്തിന്റെയും ലിംഗത്തിന്റെയും സ്നേഹത്തിന്റെയും പേരില്‍ നാം വേര്‍തിരിക്കപ്പെട്ടത്.? ഉടലിന്റെ ആഴമെത്രയെന്ന് ഉറക്കെ ചോദിക്കുന്ന ഉടലിന്റെ രാഷ്ട്രീയമാണ് ഈ മലയാളസിനിമ.
ആള്‍ക്കൂട്ടകൊലപാതകത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഉണ്ണികൃഷ്ണന് ആവള സിനിമ നമുക്ക് മുന്നിലേക്ക് തുറന്നിട്ടത്. ആള്‍ക്കൂട്ടത്തിന് പറഞ്ഞുചിരിക്കാനും ഉപയോഗിക്കാനും ആവശ്യം കഴിഞ്ഞാല്‍ അടിച്ചോടിക്കാനുമുള്ളതാണ് അടിയാളവര്‍ഗം. അല്ലെങ്കില്‍ കറുത്തവര്‍ഗം. വയനാടന്‍ കാടുകളുടെ മനോഹരമായ ദൃശ്യങ്ങളിലൂടെ ആദിവാസി ജീവിതം കണ്ണാടിയില്‍ കാണുകയായിരുന്നു. ആരും അഭിനയിക്കുകയല്ലായിരുന്നു. ഷൂട്ടിംഗിനിടയില്‍ എവിടെ നിന്നോ കയറിവന്ന കറുത്ത നായ പോലും അത്ഭുതപ്പെടുത്തിക്കളഞ്ഞു. വയനാട്ടിലെ ഒരു ആദിവാസി ഊരിന് മുന്നില്‍ കണ്ണാടി വെച്ച പോലെയാണ് സിനിമ കണ്ടതെന്ന് ഒരു പ്രേക്ഷകന് ചോദ്യോത്തര വേളയില്‍ അഭിപ്രായപ്പെട്ടത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു.
ആണും ആണും തമ്മിലുള്ള പ്രണയം മഹാസംഭവമാക്കി കണ്ടുപിടിക്കുകയും എന്തോ അശ്ലീലം സംഭവിച്ചത് പോലെ അവരെ തല്ലിയോടിക്കുകയും ചെയ്ത ആള്‍ക്കൂട്ടത്തെ നോക്കി ജോയ് മാത്യുവിന്റെ കഥാപാത്രം ചോദിക്കുന്നുണ്ട് “അവര്‍ സ്നേഹിച്ചല്ലേയുള്ളു, ബോംബിട്ടിട്ടൊന്നുല്ലല്ലോ”. തിയേറ്ററില്‍ കയ്യടി നേടിയ ഈ ഡയലോഗ് മാറുന്ന പുതിയ കാലത്തിലേക്ക് തുറന്നുവെച്ച കണ്ണാടികൂടിയാണ്. തെറ്റേതെന്നും ശരിയേതെന്നും അറിയാതെ ആള്ക്കൂട്ടമനസിന്റെയും സദാചാര ബോധത്തിന്റെയും കപടതയുടെയുമെല്ലാം മുഖംമൂടികളെ അനാവരണം ചെയ്യുന്നുണ്ട് സിനിമയില്‍. പ്രകൃതിയിലൂടെയും മനുഷ്യാവസ്ഥയിലൂടെയും ഇഴചേര്‍ന്നാണ് കഥവികസിക്കുന്നത്. സിനിമ സമകലാകി സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ തുറന്നുകാട്ടുന്നുണ്ട്.
ഫോട്ടോഗ്രാഫറിലൂടെ മലയാളിക്ക് സുപരിചിതനാണെങ്കിലും ഗുളികനായി അഭിനയിച്ച മണി ശരിക്കും അതിശയിപ്പിച്ചു. ആണ്ശരീരത്തിലെ പെണ്‍വിചാരങ്ങളെ നടത്തത്തിലും നോട്ടത്തിലും കൈകളുടെ ചില റിയാക്ഷനുകളിലും പോലും മണി പ്രകടമാക്കി. “ഞാന്‍ എന്നത് ശരീരമല്ലെന്നും, എന്റെ വ്യക്തിത്വമാണെന്നും” പറയുന്ന അനുമോളുടെ ടീച്ചറുടെ കഥാപാത്രം, തെരുവില്‍ കഴിയുമ്പോഴും പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലാത്ത സജിതമഠത്തിലിന്റെ കഥാപാത്രം, നിറത്തിനം മണത്തിനും പണത്തിനും ഉപരിയായി സ്നേഹബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ജോയ് മാത്യുവിന്റെ കഥാപാത്രം, തെരുവില്‍ വീണുടയുന്ന പേരില്ലാത്ത ശവങ്ങള്‍ക്ക് കൂട്ടിരിക്കുന്ന കടലിന്റെ കാവലാളായ ഇന്ദ്രന്‍സിന്റെ കഥാപാത്രം. അങ്ങനെയങ്ങനെ മാതിയായും മീന്‍കാരനായും അഭിനയിച്ചവര്‍, കോളനിവാസികളായി വന്നവര്‍, മരമില്ലിലെ ജീവനക്കാരും ഗുളികന്റെ സ്നേഹിതനും ഒക്കെ അഭ്രപാളിയില്‍ ജീവിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഒരു നോവ് ഉള്ളില്‍ ബാക്കിയാക്കിയാണ് ഉടലാഴം അവസാനിക്കുന്നത്.
പൂര്‍ണമായും സിങ്ക് സൗണ്ടിലാണ് സിനിമ ചെയ്തിരിക്കുന്നത്. സിനിമയുടെ എഫക്ടും അത് തന്നെയാണ്. പണിയ ഭാഷയിലാണ് ആദിവാസി സംഭാഷണങ്ങളുള്ളത്. സിങ്ക് സൗണ്ട് ഉപയോഗിച്ച് അത് ഒപ്പിയെടുക്കുമ്പോഴം സിനിമയ്ക്ക് ഒരു പോറലും ഏറ്റിട്ടില്ല. ഗാനങ്ങള്‍ കൊണ്ട് മലയാളികള്‍ക്കിടയില്‍ സുപരിചിതയായ സിതാര കൃഷ്ണകുമാര്‍ ആദ്യമായി സംഗീതസംവിധായികയായി എത്തിയ സിനിമ കൂടിയാണിത്. ഓരോ സെക്കന്റിലും സിനിമയടെ മൂഡ് നിലനിര്‍ത്തുന്ന മനോഹരമായ സംഗീതമാണ് സിതാര ഒരുക്കിയത്.
ഡോക്ടേര്‍സ് ഡിലേമ്മയുടെ പേരില്‍ അനോജ് കെ ടി, രാജേഷ് കുമാര്‍, സജീഷ് എം എന്നീ ഡോക്ടര്‍മാരാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ലാഭത്തിനപ്പുറം കലയ്ക്കും സമൂഹത്തിനും മുഖ്യപിന്തുണ നല്‍കിക്കൊണ്ട് ഒരുകൂട്ടം ഡോക്ടര്‍മാര്‍ എത്തിയത് ഏറെ അഭിമാനകരമാണ്. നല്ല സിനിമകള്‍ പിറക്കുന്നതിന് ഇത്തരം കൂട്ടായ്മകള്‍ മാതൃകയാകും എന്ന് തന്നെ പ്രതീക്ഷിക്കാം.