ട്രാൻസ് അഥവാ അന്ധവിശ്വാസങ്ങള്‍ക്ക് നേരെയുള്ള ഒരു സിനിമാറ്റിക്ക് മൂവ്

Sharing is caring!

വൈഷ്ണവ് പുല്ലാട്ട്

മലയാള സിനിമ ഗതിമാറി സഞ്ചരിക്കുന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് ഫഹദ് ഫാസില്‍ നായകനായി എത്തിയ ട്രാന്‍സ്. റിയലിസ്റ്റിക്ക് സിനിമയെന്ന പ്രയോഗം വര്‍ദ്ധിച്ചുവരുന്ന കാലത്ത് ആശയസമ്പന്നതകൊണ്ട് ട്രാന്‍സ് 2020ലെ ആദ്യ റിയലിസ്റ്റിക്ക് സ്വഭാവമുള്ള സിനിമയെന്ന് അടയാളപ്പെടുത്താം.

ഭക്തി വില്‍പന ചരക്കാക്കി നാടുവാഴുന്നവരുടെ നേരെയാണ് അന്‍വര്‍റഷീദും സംഘവും തങ്ങളുടെ മാധ്യമം ഉപയോഗിച്ചിരിക്കുന്നത്. വര്‍ഗീയ ധ്രുവീകരണവും പാര്‍ശ്വവത്ക്കരണവും വളക്കൂറോടെ തഴച്ചുവളരുന്ന ഈ കാലഘട്ടത്തിലും ഭക്തിയുടെ മറവില്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പടര്‍ത്തുന്ന, ഭക്തികൃഷി നടത്തുന്ന ഒരു വിഭാഗത്തെ കൃത്യമായി അടയാളപ്പെടുത്താന്‍ സംവിധായകനും സംഘത്തിനും സാധിച്ചിട്ടുണ്ട്. ചിത്രത്തില്‍ ക്രൈസ്തവ വിശ്വാസികളും, വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ചില സാഹചര്യങ്ങളും കഥാപാത്രങ്ങളുമാണ് കേന്ദ്ര ബിന്ദുക്കളായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നതെങ്കിലും സമാനമായി വിശ്വാസങ്ങളും ഭക്തിയും ദുരുപയോഗം ചെയ്യുന്ന സംഘങ്ങള്‍ക്കു നേരെയും ചിത്രം സംസാരിക്കുന്നുണ്ട്. ഭക്തി പ്രസ്ഥാനങ്ങള്‍ക്ക് പിന്നിലെ കോര്‍പ്പറേറ്റ് അജണ്ടകളും ചർച്ച ചെയ്യുന്നുണ്ട് ട്രാൻസ്.

വിജു പ്രസാദ് എന്ന മോട്ടിവേഷന്‍ സ്പീക്കറുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം. വിജു പ്രസാദ് ആയി വേഷമിട്ട ഫഹദ് ഫാസിലിന്റെ പ്രകടനം തന്നെയാണ് പ്രധാന ആകര്‍ഷണം. ഓരോ ഫ്രെയ്മിലും വ്യത്യസ്ത ഭാവപ്രകടനങ്ങള്‍ നടത്തുന്നതിലെ ഫഹദിന്റെ സൂക്ഷമത ചിത്രത്തില്‍ മുഴുനീളം കാണാവുന്നതാണ്. വിജുപ്രസാദില്‍ നിന്നും പാസ്റ്റര്‍ ജോഷ്വാ കാര്‍ട്ടണ്‍ എന്ന സുവിശേഷ പ്രഭാഷകനിലേക്കുള്ള കഥാപാത്രത്തിന്റെ വളര്‍ച്ചയും ഏറ്റകുറച്ചിലുകളും മാനസിക സഞ്ചാരവുമെല്ലാം കൈ ഒതുക്കത്തോടെ പൂര്‍ത്തീകരിക്കാന്‍ ഫഹദ് ഫാസിലിന് സാധിച്ചു.

ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധായകനായി എത്തുന്ന ട്രാന്‍സിന്റെ ചിത്രീകരണം നാല് ഷെഢ്യൂളുകളിലായി രണ്ട് വര്‍ഷത്തിന് മുകളില്‍ സമയമെടുത്താണ് പൂര്‍ത്തീകരിച്ചിരുന്നത്. ചിത്രത്തിന്റെ അവ്യക്തമായ ചില സൂചനകള്‍ അല്ലാതെ തുടക്കം മുതല്‍ മറ്റൊന്നും പുറത്തുവന്നിരുന്നില്ല. ട്രെയിലര്‍ പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ എത്തിച്ചത് തന്നെ ഫഹദിന്റെ നിര്‍ബന്ധത്തിന് മുന്നില്‍ വഴങ്ങിയാണെന്നും വാര്‍ത്തകള്‍ ഉണ്ട്. ആദ്യം മുതല്‍ തന്നെ സംവിധായകനും അണിയറ പ്രവര്‍ത്തകരും രഹസ്യ സ്വഭാവം സൂക്ഷിച്ചതിന്റെ കാരണവും തിയേറ്ററില്‍ നിന്നിറങ്ങുന്ന പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുന്നുണ്ട്.

കേരളം, തമിഴ്‌നാട്, മുംബൈ, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളിലായാണ് ട്രാന്‍സിന്റെ ചിത്രീകരണം നടന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റസ് നിര്‍മ്മിച്ച ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, നസ്രിയ, സൗബിന്‍, ശ്രീനാഥ് ഭാസി, ജോജുജോര്‍ജ്, ധര്‍മ്മജന്‍ തുടങ്ങിയവരും ശക്തമായ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

അമല്‍ നീരദ് ഛായാഗ്രാഹകനായി എത്തുന്ന ട്രാന്‍സില്‍ റോബോട്ടിക് ക്യാമറ ഉപയോഗിച്ചാണ് ഒരു സംഘട്ടനം ചിത്രീകരിച്ചിട്ടുള്ളത്. ഹോളിവുഡിലും വിദേശ പരസ്യചിത്രങ്ങളിലും ഉപയോഗിക്കുന്ന റോബോട്ടിക് ക്യാമറ ആദ്യമായാണ് മലയാള സിനിമയില്‍ ഉപയോഗിക്കുന്നത്. വിന്‍സന്റ് വിജയന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ത്രസിപ്പിക്കുന്ന സംഗീതം ഒരുക്കിയിരിക്കുന്നത് ജാക്‌സണ്‍ വിജയിയും സുഷിന്‍ ശ്യാമും ചേര്‍ന്നാണ്. ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.

യാഥാര്‍ത്ഥ്യങ്ങളെ മടുപ്പിക്കാത്ത ട്രീറ്റ്‌മെന്റിലൂടെ ശക്തമായി അവതരിപ്പിക്കാനും പ്രേക്ഷകരിലേക്ക് എത്തിക്കാനും സാധിച്ചു എന്നത്‌കൊണ്ട് തന്നെ അന്‍വര്‍റഷീദും സംഘവും ഒരുക്കിയ ട്രാൻസ് മലയാളത്തിലെ ഒരു വ്യത്യസ്ത റിയലിസ്റ്റിക്ക് സിനിമയാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com