ജീവിതത്തിനും മരണത്തിനുമിടയിലെ സ്നേഹത്തിന്റെ കൂടെ
സനക് മോഹന്‍
മറാഠി ചിത്രം ഹാപ്പി ജേണിയുടെ റീമേക്കാണ് കൂടെ. എന്നാല്‍ അഞ്ജലി മേനോന് മാജിക് എന്ന് തന്നെ വിശേഷിപ്പിക്കാം ഇതിനെ. മലയാളത്തിലേക്ക് റീമേക്ക് ചെയ്യുക എന്നതിലപ്പുറം കഥയ്ക്കും സന്ദര്‍ഭങ്ങള്‍ക്കും പുതിയൊരു മാനം തന്നെ നല്‍കിയാണ് കൂടെ ഒരുക്കിയിരിക്കുന്നത്. മലയാളികള്‍ക്ക് ഇതുവരെ കണ്ട് പരിചയമില്ലാത്ത ലോകസിനിമയുടെ തലത്തിലേക്ക് മലയാള സിനിമ മാറുമ്പോള്‍ കൂടെ അതിലൊരു പ്രധാന പങ്ക് വഹിക്കും. ബാംഗ്ളൂര്‍ ഡെയ്സിന് ശേഷം അഞ്ജലി മേനോന് ചിത്രം എന്ന പ്രത്യേകത കൊണ്ട് തന്നെ പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കൂടെയെ വരവേറ്റത്. സിനിമ കണ്ടിറങ്ങിയാലും കഥാപാത്രങ്ങള്‍ കൂടെയിറങ്ങിവരുന്ന അനുഭവമാണ് അഞ്ജലി മേനോന് ഇത്തവണ പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. അത്ര മനോഹരമാണ് കൂടെ.
മനുഷ്യബന്ധങ്ങളുടെ ഉഴയടുപ്പങ്ങളും ഇന്നും ജാതിയും മതവും സ്റ്റാറ്റസും പണവും നിയന്ത്രിക്കുന്ന സ്നേഹബന്ധങ്ങളുടെ രാഷ്ട്രീയവും പറയുന്ന സിനിമയാണിത്. ബന്ധങ്ങളുടെ കെട്ടുമാറാപ്പുകളെ അവഗണിച്ച് പാറിപ്പറന്ന് നടക്കാനാഗ്രഹിക്കുന്ന ഒരു തലമുറ വരുന്നുണ്ടെന്നും അവര്‍ക്ക് വേണ്ടി ലോകം തന്നെ മാറിനില്‍ക്കണമെന്നും അഞ്ജലി മേനോന് പറഞ്ഞുവെക്കുന്നു. കുടുംബം നോക്കുക എന്നാല്‍ ജീവിതം ത്യജിക്കുക എന്ന കാഴ്ചപ്പാടിന് പുതിയ തലമുറ വിലകല്‍പ്പിക്കുന്നില്ല. എല്ലാം പോസിറ്റീവായി കാണുന്ന എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്ന ലോകമാണ് അവരുടെ സ്വപ്നം. ആട്ടവും പാട്ടും കളികളും തമാശയുമാണ് അവരുടെ ലോകം. സഹോദരനോട് വെര്‍ജിനാണോ എന്ന് ചോദിക്കുന്ന സഹോദരിയെ കാണാന്‍ അധികകാലം ദൂരേക്ക് പോകേണ്ടിവരില്ല മലയാളിക്ക്. സഹോദരിയുടെ പെന്‍ഡ്രൈവിലെ അശ്ലീലചിത്രം കാണുന്ന സഹോദരന് അവളെ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. ‘നാച്വറലായി സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും. നമ്മള് അങ്ങനെ ചുമ്മാ നിന്നു കൊടുത്താ മതി’ എന്ന സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകം മലയാളികളെ പരിചയപ്പെടുത്താനും അഞ്ജലി മറന്നില്ല.
ഒരു ഭാഗത്ത് സ്വാതന്ത്ര്യത്തോടെയുള്ള സഹോദരിയുടെ ജീവിതവും മറുഭാഗത്ത് സ്വന്തം കുടുംബത്തില്‍ പോലും കുത്തുവാക്കുകളാലും കാമക്കണ്ണുകളാലും ജീവിക്കേണ്ടിവരുന്ന അസ്വാതന്ത്ര്യം അനുഭവിക്കുന്ന സാധാരണ സ്ത്രീയെയും മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പുരുഷന്റെ താഴെ ജീവിക്കേണ്ട, കുടുംബത്തിന്റെ അന്തസ്സും പണവും നോക്കി ജീവിക്കേണ്ടവളാണ് സ്ത്രീ എന്ന മിഥ്യാധാരണ ഇന്നും നമുക്കിടയില്‍ നിലനില്ക്കുന്നു എന്ന അപകടം അഞ്ജലിമേനോന് വരച്ചുകാട്ടുന്നു. ഇതിന്റെ അപകടം എന്തെന്നാല്‍, ഈ ചങ്ങലകളെ പൊട്ടിച്ചെറിയുന്ന ഒരു തലമുറ വരാന്‍ പോവുകയാണ്. അവിടെ സമൂഹം മാറാന്‍ തയ്യാറായില്ലെങ്കില്‍ പുതിയ തലമുറയും പഴയതലമുറയും തമ്മില്‍ യുദ്ധം നടന്നേക്കാം. മാറുന്ന ലോകത്തോടൊപ്പം അടക്കിപ്പിടിച്ച വികാരങ്ങളെ തുറന്നുവിട്ട് സ്നേഹിച്ച് ജീവിക്കാനാണ് മലയാളികളോട് അഞ്ജലി മേനോന് പറയാനുള്ളത്. കൂടെ എന്ന സിനിമയുടെ പ്രമേയത്തിലെ രാഷ്ട്രീയം അത്രയേറെ വലുതാണ്.
സംവിധായിക എന്ന നിലയില്‍ ഓരോ സീനിലും തന്റെ മികവ് കാണിക്കാന്‍ അഞ്ജലിക്ക് സാധിച്ചിട്ടുണ്ട്. ഓരോ സീനും അത്രയേറെ മികച്ചതായിരുന്നു. തിയേറ്ററില്‍ ആര്‍ക്കും പൃഥ്വിരാജിനെയോ, നസ്രിയെയോ, പാര്വ്വതിയെയോ കാണാന്‍ കഴിയില്ല. പകരം ജെനിയെയും ജോഷ്വായെയും സോഫിയെയും മാത്രമാണ് കാണാന്‍ കഴിയുക. സിനിമ കണ്ടിറങ്ങിയാലും ഇവര്‍ മാത്രമാണ് നിങ്ങളുടെ കൂടെയുണ്ടാവുക. സ്വപ്നങ്ങളില്‍ ജെനി വന്ന് നിങ്ങളോട് കൂട്ടുകൂടിയേക്കാം. അത്രയേറെ നസ്രിയ ജെനിയായി ജീവിച്ചിട്ടുണ്ട്. വളരെ പാവമായ, ഒന്നിനോടും കലഹിക്കാത്ത, സ്വയംകുറ്റപ്പെടുത്തി വിധിയെ പഴിചാരി ജീവിക്കുന്ന കഥാപാത്രത്തിന് ഉണ്ടാകേണ്ട എല്ലാ മാനറിസങ്ങളും പൃഥ്വിരാജ് തന്റെ ശരീരഭാഷയിലും സംസാരഭാഷയിലും വരുത്തിയിട്ടുണ്ട്. പൃഥ്വിരാജ് ചിത്രങ്ങളിലെ സ്ഥിരം നാടകീയത ഇവിടെ കാണാനാകില്ല. അതുപോലെ തന്നെ പാര്‍വ്വതി വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. ഓരോ കഥാപാത്രം ചെയ്യുമ്പോഴും ആ കഥാപാത്രമായി മാറാനുള്ള പാര്‍വ്വതിയുടെ കഴിവ് എത്രപേര്‍ എന്തിന്റെ പേരിലൊക്കെ കല്ലെറിഞ്ഞാലും മറ്റാര്‍ക്കും സാധിക്കാത്തതാണ്. അതിനെ അഭിനന്ദിച്ചേ മതിയാകു. ഒഴിച്ചുകൂടാനാകാത്ത മറ്റൊരു കഥാപാത്രമാണ് നായ. ബുദ്ധിശക്തിയില്‍ മുന്നില്‍ നില്ക്കുന്ന സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന നമുക്ക് കാണാന്‍ കഴിയാത്തത് കാണാനും അറിയാനും കഴിയുന്ന നായ. അവരുടെ ആ കുടംബത്തില്‍ നിന്നും നമ്മോടൊപ്പം ഇറങ്ങിവന്ന മറ്റൊരു കഥാപാത്രം.
മറാഠി ചിത്രം ഹാപ്പി ജേണിയിലെ നായകന് അതുല്‍ കുല്‍ക്കര്‍ണി നല്ലൊരു കഥാപാത്രമായി എത്തുന്നുണ്ട്. സ്നേഹത്തിന്റെ മറ്റൊരു തലം വരച്ചുകാട്ടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. രഞ്ചിത്ത് നല്ലൊരു അച്ഛനായിരുന്നെങ്കിലും ചിലഭാഗങ്ങളില്‍ അത്ര പോര എന്ന് പറയേണ്ടി വരും. മാല പാര്‍വ്വതി മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. അമ്മയായും ഭാര്യയായും സ്ത്രീയായും അവര്‍ ഓരോ ഭാവങ്ങള്‍ പകര്‍ന്നാടി. റോഷന് മാത്യുവിന്റെ കഥാപാത്രം പുതിയതലമുറയുടെ മറ്റൊരു ഭാവമായിരുന്നു. വന്ന് പോയെങ്കിലും സന്തോഷ് കീഴാറ്റൂര്‍ നിര്‍ണായക കഥാപാത്രമായി നിറഞ്ഞുനിന്നു.
ഊട്ടിയുടെ പശ്ചാത്തലമാണ് എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. കണ്ണിമചിമ്മാതെ നോക്കി ഇരുന്നുപോവും പ്രകൃതിയുടെ വശ്യതയിലേക്ക്. ലിറ്റില്‍ സ്വയംപ് ഒരിക്കല്‍ കൂടി അത്ഭുതപ്പെടുത്തിയിരിക്കുന്നു. ക്യാമറക്കണ്ണുകള്‍ക്ക് ഇത്രയേറെ മനോഹാരിതയുണ്ടെന്ന് തോന്നിപ്പോകും വിധമാണ് ഓരോ ഷോട്ടും എടുത്തിട്ടുള്ളത്. ഊട്ടിയെ ഇത്രമനോഹരമാക്കിയ ചിത്രം വേറെ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. അതോടൊപ്പം കഥാപാത്രമായ നായയുടെ വികാരങ്ങളും ഭാഷയില്ലാത്ത പ്രകടനങ്ങളും പ്രേക്ഷകനെ കണ്ണുനനയിപ്പിക്കുന്നെങ്കില് അതിന്റെ കയ്യടിയും ലിറ്റില്‍ സ്വയംപിനുള്ളതാണ്. കൂടെയെ അത്രയേറെ പ്രേക്ഷകനോട് അടുപ്പിച്ചത് ലിറ്റില്‍ സ്വയംപിന്റെ കൂടി മാജിക് ആണ്.
എല്ലാതരം പ്രേക്ഷകര്‍ക്കും കാണാന്‍ പറ്റുന്ന സിനിമയാണ് കൂടെ. കുറെ ലാഗ് ആണ് എന്നൊക്കെ അഭിപ്രായം പറയുന്നവര്‍ ഉണ്ട്. ഈ കഥ ഇതിലും മനോഹരമായി പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ലാഗ് ഉള്ളവര്‍ സ്വയം വെട്ടിച്ചുരുക്കാനുള്ള ഭാഗം കൂടി കാണിച്ചുതന്നാല്‍ നന്നായിരുന്നു എന്ന അഭിപ്രായം ഉണ്ട്. കാരണം, കൂടെ മാറുന്ന മലയാള സിനിമയുടെ കൂടെയാണ്. കണ്ടുവളര്‍ന്ന സിനിമകളില്‍ നിന്നും ഏറെ വ്യത്യാസം ഉള്ളതുകൊണ്ട് തന്നെ അത്രപെട്ടെന്ന് ചിലര്‍ക്ക് ദഹിച്ചെന്ന് വരില്ല. പക്ഷെ, മലയാളികള്‍ കണ്ടിരിക്കേണ്ട, കുടുംബപ്രേക്ഷകര്‍ അറിഞ്ഞിരിക്കേണ്ട ചിത്രമാണ് കൂടെ.