മലയാളം മിഷൻ വേദിയിലെ മുഖ്യമന്ത്രിയുടെ ദാർഷ്ട്യം : സുജ സൂസൻ ജോർജ്ജ് പ്രതികരിക്കുന്നു

Sharing is caring!

സനക് മോഹൻ

“സ്വാഗത പ്രസംഗം തടഞ്ഞ് മുഖ്യമന്ത്രി നേരെ ഉദ്ഘാടനത്തിലേക്ക്” എന്നാണ് മനോരമയുടെ തലക്കെട്ട്. “വേറെ വഴിയില്ല, പോകേണ്ട തിരക്കുണ്ട്” എന്ന വാചകത്തോടെയാണ് ന്യൂസ് 18 സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒട്ടുമിക്ക  മാധ്യമങ്ങളും മുഖ്യമന്ത്രിയുടെ ദാർഷ്ട്യം ആഘോഷിച്ചിട്ടുണ്ട്.

തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന മലയാളം മിഷൻ മലയാൺമ 2020 പരിപാടിയുടെ ഉദ്ഘാടന വേദിയിലാണ് സംഭവം. മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് സ്വാഗതം പറയാൻ തുടങ്ങി. പെട്ടെന്ന് മുഖ്യമന്ത്രി എണീറ്റ് സുജ സൂസൻ ജോർജ്ജിനോട് എന്തോ സംസാരിക്കുന്നു. നേരെ മൈക്കിന് സമീപത്തേക്ക്. തുടർന്ന് ഉദ്ഘാടനം തുടങ്ങി. അങ്ങനെ ഉദ്ഘാടനം കഴിഞ്ഞായി സ്വാഗത പ്രസംഗം.

സംഗതി പിണറായി വിജയൻ ആയതുകൊണ്ട് തന്നെ ധാർഷ്ട്യത്തിന് നല്ല സ്കോപ്പുണ്ട്. അതാണ് മനോരമ തലക്കെട്ടിൽ തന്നെ പ്രയോഗിച്ചത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അറിയാൻ ആർക്കും താൽപര്യമില്ല. പിണറായി അല്ലേ, ചിലപ്പോ പറഞ്ഞുകാണും എന്ന മട്ടിലാണ് കാര്യങ്ങൾ. എന്നാൽ അങ്ങനെയല്ല.

യഥാർത്ഥത്തിൽ ആ വേദിയിൽ സംഭവിച്ചത് ഇതാണ്. പ്രൊഫ. സുജ സൂസൻ ജോർജ്ജിൻറെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.. 

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന്‍റെ ഇതുവരെയുള്ള കഥ ഇങ്ങനെ തന്നെയാണോ?

ഇന്നത്തെ മാധ്യമങ്ങളുടെ ഒരു കിടുക്കന്‍ വാര്‍ത്തയുടെ ഇരയായിരുന്നല്ലോ ഞാന്‍. പ്രതീക്ഷിച്ചിരുന്നതിനാല്‍ അത്ര വലിയ ഞെട്ടലായില്ല. 130 പ്രവാസികള്‍ പങ്കെടുക്കുന്ന ക്യാമ്പ് നടത്തുന്ന തിരക്കിലാണെന്നതിനാല്‍ അതിനൊട്ട് നേരവും കിട്ടിയില്ല. എന്താണ് യഥാര്‍ത്ഥത്തില്‍ അയ്യങ്കാളി ഹാളില്‍ ഉണ്ടായതെന്ന് പറയണമെന്ന് ഇപ്പോള്‍ തോന്നുന്നു.

മലയാളം മിഷന്‍റെ ഭരണസമിതി ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. മലയാണ്മ 2020 എന്ന പേരില്‍ മലയാളം മിഷന്‍ വാര്‍ഷികവും അധ്യാപകരുടെ ക്യാമ്പും ഫെബ്രുവരി 21 മുതല്‍ സംഘടിപ്പിച്ചിരുന്നു.ഭാഷാപ്രതിഭാപുരസ്ക്കാര വിതരണം, റേഡിയോ മലയാളത്തിന്‍റെ ഉദ്ഘാടനം,സമ്മാനവിതരണം എന്നിവയെല്ലാം ഇന്നലത്തെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കേണ്ടതുമായിരുന്നു.(നിര്‍വ്വഹിക്കുകയും ചെയ്തു) അടിയന്തരമായി നിര്‍വ്വഹിക്കേണ്ടതും പങ്കെടുക്കേണ്ടതുമായ, പല പരിപാടികളും മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ വരികയും മുഖ്യമന്ത്രി ആ ദിവസം ഇഞ്ചോടിഞ്ച് തിരക്കില്‍ പെടുകയും ചെയ്തിരുന്നു ഇതെല്ലാം ഞങ്ങള്‍ക്ക് അറിവുള്ളതുമാണ്..

കേരളത്തിന്‍റെയും രാജ്യത്തിന്‍റെയും പുറത്ത് നിന്ന് വന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യം അത്രയും പ്രധാനപ്പെട്ടതാകയാല്‍ മാത്രമാണ് യോഗസ്ഥലത്ത് വന്നു പോകാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. അദ്ദേഹം വന്നപ്പോള്‍ തന്നെ ഒറ്റവാചകത്തില്‍ സ്വാഗതം പറയട്ടെ എന്ന് ചോദിച്ചെങ്കിലും അത് വേണ്ട അതെല്ലാം അതിന്‍റെ വഴിക്ക് നടക്കട്ടെ നിങ്ങള്‍ക്ക് മലയാളം മിഷനെക്കുറിച്ച് ധാരാളം പറയാനുണ്ടാകുമല്ലോ എന്ന് പറഞ്ഞതനുസരിച്ചാണ് ഞാന്‍ സ്വാഗതം തുടങ്ങിയത്. അതിനിടയില്‍ ഞാന്‍ ആദ്യം പറയാം പിന്നെ സ്വാഗതം വിശദമായി പറയാം അല്ലാതെ നിവൃത്തിയില്ല എന്ന് മുഖ്യമന്ത്രി ഇടപെട്ടു. വളരെ സൗഹൃദത്തിലും ക്ഷമിക്കണേ എന്ന അര്‍ത്ഥത്തിലുമാണ് അദ്ദേഹം അത് പറഞ്ഞത്. പലപ്പോഴും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഞാനും വിശ്വസിച്ച് പോയിട്ടുണ്ട്. എനിക്ക് അനുഭവപ്പെട്ടതിന് സമാനമായ സാഹചര്യങ്ങളില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ ചമച്ചിട്ടുള്ളതെങ്കില്‍ അമ്പേ കഷ്ടം എന്നേ പറയാനുള്ളു.!

മുഖ്യമന്ത്രി മലയാണ്മയില്‍ സംസാരിക്കാന്‍ തയ്യാറാക്കിയ പ്രസംഗം മുഴുമിപ്പിച്ചില്ലെല്ലോ എന്ന ഒറ്റ നിരാശയെ എനിക്ക് തോന്നിയുള്ളു. കാരണം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ കഠിനമായി അധ്വാനിച്ച് ,വളരെ ചുരുങ്ങിയ സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് മലയാളം മിഷന്‍ എന്ന സ്ഥാപനത്തെ പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട സ്ഥാപനമാക്കി മാറ്റാന്‍ ഇപ്പോഴത്തെ മലയാളം മിഷന്‍ ടീമിന് കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം ചെയര്‍മാനായ മുഖ്യമന്ത്രി തന്നെ പ്രവാസികളുള്‍ക്കൊള്ളുന്ന ഒരു സദസ്സില്‍ പറയുന്നത് അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും തീര്‍ച്ചയായും വലിയ അംഗീകാരമാകും . അത് നടക്കാത്തതില്‍ വിഷമം ഉണ്ട്.. അയ്യോ ടീച്ചറേ എന്ന് ഖേദിച്ച ഒരുപാട് പേരുണ്ട് .ഒരു ഖേദത്തിന്‍റെയും കാര്യമില്ല. ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങളും ചിലപ്പോള്‍ വലിയ വെല്ലുവിളികളും നേരിട്ടല്ലാതെ ഒന്നിനെയും മുന്നോട്ട് നയിക്കാനാവില്ല. അല്ലെങ്കില്‍ നിന്നിടത്ത് നിന്ന് വട്ടം ചുറ്റി നേരം വെളുപ്പിക്കേണ്ടി വരും.

പിണറായി വിജയൻ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട നേതാവാണെന്ന വാക്കുകളാണ് പ്രൊഫ. സുജ സൂസൻ ജോർജ്ജിൻറെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോൾ ഓർമ്മ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com