ധൈര്യമുണ്ടെങ്കിൽ സ്റ്റേജിൽ കയറി കൂവെടാ..
ടോവിനോയുടെ വിവാദമായ സ്റ്റേജിൽ കയറി കൂവിക്കൽ ഓർമ്മപ്പെടുത്തി കിലോമീറ്റർസ് ആൻഡ് കിലോമീറ്റേഴ്സിന്റെ ട്രെയിലർ.
കുട്ടികൾക്കിടയിൽ നിന്നും കൂവിയ കോളേജ് വിദ്യാർത്ഥിയെ സ്റ്റേജിൽ വിളിച്ചുവരുത്തി കൂവിച്ച ടോവിനോയുടെ നിലപാട് വിവാദമായിരുന്നു. ആ സംഭവത്തെ ഓർമ്മിപ്പിച്ചുകൊണ്ട് സ്റ്റേജിൽ പട്ടുപാടുന്ന ടോവിനോയുടെ കഥാപാത്രം പറയുന്ന വാക്കുകളാണ് ട്രെയിലറിൽ ഉപയോഗിച്ചിരിക്കുന്നത്. “..അവിടെയിരുന്ന് കൂവാൻ ആർക്കും പറ്റും, ധൈര്യമുണ്ടെങ്കിൽ സ്റ്റേജിൽ കയറി കൂവെടാ..” എന്നാണ് ടോവിനോ സിനിമയുടെ ഒരു ഭാഗത്ത് പറയുന്നത്. ഇതാണ് ട്രെയിലറിൽ അവസാനഭാഗത്ത് നൽകിയിരിക്കുന്നത്.
രണ്ടുപെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്കുശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് ടൊവിനോ തോമസ് നായകനാവുന്ന കിലോമീറ്റർസ് ആൻഡ് കിലോമീറ്റേഴ്സ്. പഴയ മോഹൻലാലൽ സിനിമയിലെ പ്രശസ്തമായ ഡയലോഗ് എന്ന നിലയിൽ സിനിമയുടെ ആരംഭം മുതൽ ശ്രദ്ധനേടിയിരുന്നു.
സാധാരണക്കാരനായ ഒരു യുവാവും വിദേശ യുവതിയും തമ്മിലുള്ള ബന്ധം രസകരമായി പറഞ്ഞുപോകുന്ന ചിത്രം ഗ്രാമീണ സ്വഭാവമുള്ളതാണെന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. ഒരു റോഡ് മൂവി ആണ് ലോമീറ്റർസ് ആൻഡ് കിലോമീറ്റേഴ്സ്. കേരളത്തിൽനിന്നു തുടങ്ങി പത്തുപതിനഞ്ച് സംസ്ഥാനങ്ങളിലൂടെയുള്ള നായകന്റെ യാത്രയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.
സംവിധായകന്റേത് തന്നെയാണ് തിരക്കഥ. സിനു സിദ്ധാർഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ് ആണ്. സുഷിൻ ശ്യാമാണ് പശ്ചാത്തല സംഗീതം. അമേരിക്കക്കാരിയായ ജാർവിസാണ് നായിക.
റംഷി മുഹമ്മദ്, ആന്റോ ജോസഫ്, ടൊവിനോ തോമസ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും റംഷി അഹമ്മദ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്. മാർച്ച് 12 ന് ചിത്രം റിലീസ് ചെയ്യും.