ആരുടെയും പക്ഷത്തില്ല, പക്ഷെ ആശങ്കയുണ്ട് : ടോവിനോ
അന്‍വര്‍ റഷീദ്, അമല്‍ നീരദ് തുടങ്ങിയ സംവിധായകരുടെ വിതരണ കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള നീക്കം മലയാള സിനിമയ്ക്ക് ദോഷകരമായി ബാധിക്കുമോ എന്ന ആശങ്കയുമായി ടോവിനോ തോമസ്. ആരുടെയും പക്ഷം പിടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിലക്കുകളിലേക്ക് പോകാതെ പരസ്പരം ചര്‍ച്ച ചെയ്ത്, പിടിവാശികള്‍ ഒഴിവാക്കി മലയാള സിനിമയ്ക്ക് ഗുണം ചെയ്യുന്ന തീരുമാനങ്ങളിലെക്കെത്തെട്ടെ എന്നുമുള്ള പ്രതീക്ഷകള്‍ പങ്കുവെച്ചാണ് ടോവിനോ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
തര്‍ക്കം നിലനില്‍ക്കെ മള്‍ട്ടിപ്ലസുകളില്‍ സിനിമകള്‍ നല്കിയ കാരണത്താല്‍ വിതരണ കമ്പനികളെ വിലക്കാന്‍ പോകുന്നു എന്ന വാര്‍ത്തയുടെ പ്രതികരണമായാണ് ടോവിനോ ഈ ആശങ്ക പ്രേക്ഷകരുമായി പങ്കുവെച്ചത്. എആന്റ്എ റിലീസ്, എന്റര്‍ടെയിന്‍മെന്റ്, വൈഡ് ആംഗിള്‍ പ്രൊഡക്ഷന്‍സ്, ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്, എവിഎ, ഹണ്ട്രഡ് മങ്കീസ് തുടങ്ങിയ കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം എന്നാണ് സൂചന.
എആന്റ്എ വിതരണം ചെയ്ത അമല്‍നീരദിന്റെ ദുല്‍ഖര്‍ നായകനായ സിഐഎ, ഹണ്ട്രഡ് മങ്കീസിന്റെ രക്ഷാധികാരി ബൈജു, ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ഗോദ എന്നീ സിനിമകള്‍ വിജയകരമായി പ്രദര്‍ശനം തുടരവെയാണ് ഇത്തരം ഒരു വാര്‍ത്ത പുറത്തുവരുന്നത്.
ടോവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ് :
ആരുടേയും പക്ഷം പിടിക്കാൻ ആഗ്രഹിക്കുന്നില്ല . പക്ഷെ മലയാള സിനിമകൾ വലിയ വിജയങ്ങൾ നേടി മുന്നോട്ടു പോകുന്ന ഈ കാലഘട്ടത്തിൽ ഇതുപോലെയുള്ള പ്രശ്നങ്ങൾ മലയാള സിനിമയുടെ വളർച്ചക്ക് ദോഷകരമാകുമോ എന്ന ഭയങ്കരമായ ആശങ്കയുണ്ട് . വിലക്കുകളിലേക്കു പോകാതെ , പരസ്പരം ചർച്ച ചെയ്തു ,പിടിവാശികൾ ഒഴിവാക്കി മലയാളസിനിമക്കു ഗുണം മാത്രം ചെയ്യുന്ന തീരുമാനങ്ങളിലേക്കെത്തട്ടെ. ഒരുപാട് നല്ല സിനിമകൾ ഉണ്ടാകട്ടെ , എല്ലാ നല്ല സിനിമകളും വിജയിക്കട്ടെ !