ലോകം കോവിഡിനു മുന്നിൽ നിശബ്ദമായ വർത്തമാനത്തിൽ ദ ഫ്ളൂ ശ്രദ്ധനേടുന്നു : യദുൻലാൽ എഴുതുന്നു..

“ഒരു കപ്പൽ തുറമുഖത്ത് സുരക്ഷിതമാണ്, പക്ഷേ കപ്പലുകൾ അതല്ല”.
അമേരിക്കൻ എഴുത്തുകാരൻ ജയിംസ് അഗസ്റ്റസ് ഷെഡ്ഡിന്റെ വാക്കുകളാണിവ. ഒരു പക്ഷേ ലോകത്താകമാനം നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെ അത്രയധികം റിലേറ്റ് ചെയ്യാൻ സാധിക്കുന്ന വരികളാണെന്നു തോന്നുന്നു.
കാരണമുണ്ട്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകമൊന്നാകെ ഒരു വൈറസിനു മുന്നിൽ നിസ്സഹായരായി നോക്കി നിൽക്കുന്ന അവസ്ഥയിലൂടെയാണ് കടന്നു പോയി കൊണ്ടിരിക്കുന്നത് . സുരക്ഷിതരെന്നു കരുതിയവർ വരെ ആകസ്മികമായി കടന്നു വന്ന മഹാമാരിക്കു മുന്നിൽ ഉത്തരമില്ലാതെയായിരിക്കുന്ന വല്ലാത്തൊരു നിശബ്ദത. അവിടെയാണ് സേഫ് സോണിൽ ആയിരിക്കും എന്ന ധാരണയിൽ തുറമുഖത്തിൽ നങ്കൂരമിട്ട കപ്പലിന്റെ സുരക്ഷിതത്വത്തെ മാത്രം നമ്മുക്ക് കാണാൻ സാധിക്കുന്നത്. പക്ഷെ കടന്നു പോയി കൊണ്ടിരിക്കുന്ന കൊറോണക്കാലമാണ് അതിനപ്പുറത്തേക്കുള്ള കടലിന്റെ പ്രക്ഷുബ്ധതയെക്കൂടി കാട്ടിത്തരുന്നത്.
ഒരർത്ഥത്തിൽ തുറമുഖത്തിനപ്പുറത്തേക്ക് പുറങ്കടലിലെ തിരകളെ കൂടി കാണാൻ നമ്മുക്ക് സാധിക്കേണ്ടതുണ്ട് അതല്ലെങ്കിൽ അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും ശുഭകരമായിരിക്കുകയില്ലെന്നതു തന്നെയാണ് സത്യം. അതു കൊണ്ടു തന്നെയാണ് ലോകമൊന്നായി ഒരു മഹാമാരിക്ക് എതിരെ പോരാടുന്ന കാലത്ത് 2013 ൽ പുറത്തിറങ്ങിയ ദക്ഷിണ കൊറിയൻ സംവിധായകൻ കിം സംഗ് സുവിന്റെ ” ദി ഫ്ളൂ” എന്ന ചിത്രം റെലവെന്റ് ആകുന്നതും. എന്തു കൊണ്ട് ഇപ്പോൾ എന്ന ചോദ്യത്തിന് സിനിമ കൈ കാര്യം ചെയ്യുന്ന വിഷയം തന്നെയാണ് ഉത്തരം.
ഹോംങ്കോങിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ ദക്ഷിണ കൊറിയയിലേക്കു കടത്തുന്ന സഹോദരൻമാരായ ഇരുവർ സംഘത്തിൽ നിന്നാണ് കഥ തുടങ്ങുന്നത്. പുറപ്പെടുന്ന സമയം തന്നെ കുടിയേറ്റക്കാരിൽ ഒരാൾക്ക് പനിയും ചുമയും ഉണ്ടായിരുന്നെങ്കിലും കാര്യമാക്കാതെ യാത്ര തുടരുകയാണ്. ദിവസങ്ങൾക്കു ശേഷം തലസ്ഥാന നഗരമായ സോളിനടുത്തുള്ള ബൻതൂങ്ങിലെത്തിച്ച കണ്ടെയ്നർ അതീവ രഹസ്യമായി തുറന്നു നോക്കിയ സഹോദരന്മാർ അരണ്ട മൊബെെൽ വെളിച്ചത്തിൽ കണ്ടെയ്നറിനകത്തു കുമിഞ്ഞു കൂടിയ ശവശരീരങ്ങൾ കണ്ടു ഞെട്ടി തരിക്കുകയാണ്. മരിച്ചു ചീഞ്ഞഴുകിയ ശവശരീരങ്ങൾക്കിടയിൽ നിന്നും തിരച്ചിലിനൊടുവിൽ ഒരാൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തുന്നു. അയാളെയും വലിച്ചെടുത്ത് മൊബൈലിൽ ദ്യശ്യങ്ങളും പകർത്തി കണ്ടെയ്നർ ഉപേക്ഷിച്ച് അവർ സ്ഥലം വിടുകയാണ്.
കൺമുന്നിൽ അസ്വാഭാവികമായ മരണം കണ്ടിട്ടും അവർ തെല്ലാശങ്കയില്ലാതെ രക്ഷപ്പെട്ട ചെറുപ്പക്കാരനെ ഏൽപ്പിച്ച് പണം വാങ്ങി പോകാനുള്ള പദ്ധതിയിലായിരുന്നു. പക്ഷെ മരണത്തിൽ നിന്നും രക്ഷപ്പെട്ട അയാൾ സഹോദരൻമാരുടെ കയ്യിൽ നിന്നും ചാടി പോവുകയാണ്.
രക്ഷപ്പെട്ടോടിയ അയാളിൽ ( മൊണാസി ) നിന്നും കുടിയേറ്റക്കാരുടെ മരണത്തിനു കാരണമായ H5 N1 വൈറസ് ബൻതൂങിൽ ആകമാനം പടർന്നു പിടിക്കുന്നു. കടത്തു സംഘത്തിലെ ഇളയ സഹോദരനും ഇതിനിടയിൽ രോഗബാധിതനാകുന്നു. രോഗലക്ഷണങ്ങളുമായി നഗരത്തിലെ ആശുപത്രിയിലെത്തിയ അയാളിൽ നിന്നും നായികാ പാത്രമായ ഡോ: കിം ഇൻ ഹ വൈറസിന്റെ സാന്നിദ്ധ്യവും അയാളുടെ മൊബൈലിലെ കണ്ടെയ്നറിന്റെ ദൃശ്യങ്ങളും മനസ്സിലാക്കുന്നു. കണ്ടെയ്നർ കണ്ടെത്തി നശിപ്പിക്കുന്നതിനിടയിൽ ശവശരീങ്ങൾക്കിടയിൽ നിന്നും പുറത്തേക്കിറങ്ങിയോടുന്ന എലികൾ വലിയൊരു വിപത്തിന്റെ പ്രോഗഷനാണ് കാണിച്ചത്.
വൈറസിന്റെ സോഷ്യൽ ട്രാൻസ്മിഷൻ എത്ര കണ്ട് വേഗത്തിലായിരിക്കുമെന്ന് ദി ഫ്ളു വ്യക്തമായി കാണിക്കുന്നുണ്ട്. ഒരു പക്ഷേ ഒരാളുടെയെങ്കിൽ മറ്റൊരാളുടെ അശ്രദ്ധ കൊണ്ട് നാളെ നമ്മുക്കും സംഭവിച്ചേക്കാവുന്ന ഒന്നിന്റെ കാഴ്ചയാകുമ്പോൾ ശ്വാസമടക്കിപ്പിടിച്ചല്ലാതെ കാണാൻ സാധിക്കില്ലെന്നുറപ്പ്.
രക്ഷപ്പെട്ടോടിയ മോൺസായിയിൽ നിന്നും കിം ഇൻ ഹയുടെ മകളായ കിം മുറുവിലേക്കും രോഗം പകരുകയാണ്. ഒരേ സമയം ഒരു അമ്മയുടേയും ഡോക്ടറുടേയും മാനസിക നിലയെ സംഗ് സു മനോഹരമായി കാണിക്കുന്നുണ്ട്. അമ്മയുടേയും മകളുടേയും ഇടയിലേക്ക് സോളിലെ എമർജൻസി റെസ്ക്യൂ ടീമംഗമായ കാങ് ജിഗുകൂടെ ചേരുമ്പോൾ ചിത്രം ശെരിക്കും അതിജീവനത്തിന്റെ കഥ പറയുന്നുണ്ട്.
അപകടത്തിൽ പെടുന്നവരെ രക്ഷിക്കുന്ന കാങ് ജി ഗു ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളുമായി മുന്നോട്ടു പോകുന്ന കിം ഇൻ ഹ പക്ഷെ അവരിലുമൊക്കെ മുകളിൽ കിം മി റെ എന്ന കൊച്ചു കുട്ടി തന്നെയാണ് ഒരു വലിയ വിഭാഗത്തിന്റെ മാലാഖയാവുന്നതും. അപ്പോഴാണ് യഥാർത്ഥത്തിൽ അതിജീവനത്തിന്റെ സംഗീതം അത്രമേൽ ആസ്വാദകരമാവുന്നതും.

ലോകം കോവിഡിനു മുന്നിൽ നിശബ്ദമായി പോയ വർത്തമാനത്തിലാണു ദി ഫ്ളു പോലുള്ള ചിത്രങ്ങൾക്കുള്ള ഇംപോർട്ടൻസ്. മരണ ഗന്ധമുള്ള തെരുവുകളുണ്ട് ഇപ്പോൾ ചൈനയിലും ഇറ്റലിയിലുമടക്കം. But survival is not so far. കാരണം ഇത് പോരാട്ടമാണ് !
പ്രണയത്തിനും മാതൃ സ്നേഹത്തിനുമൊപ്പം അതിജീവനത്തിന്റെ അതി മനോഹരമായ ദൃശ്യങ്ങളും പങ്ക് വെക്കുന്നുണ്ട് ദി ഫ്ലൂ. അവിടെയാണ് ദുരന്ത ചിത്രം എന്ന ജോണറിൽ നിന്നും ചിത്രത്തെ മാറി കാണാൻ സാധിക്കുന്നതും. അത് കൊണ്ട് തന്നെയാണ് ഈ ദുരന്ത കാലത്തും പ്രത്യാശയുടെ കണിക അവസാനിക്കാത്തതും. ഈ സമയവും കടന്നു പോകും പോകാതെ എവിടെ പോകാനാ !