ചുവടുവെച്ച തട്ടം നോക്കുന്നവരിലേക്ക് അപ്പോത്തിക്കരിയുമായി വിദ്യാര്‍ത്ഥികള്‍

Sharing is caring!

വെബ്‌ ഡെസ്ക് 

മൂന്ന് പെണ്‍കുട്ടികള്‍. അവര്‍ തട്ടമിട്ടിട്ടുണ്ട്. അതായത് മുസ്ലീം മതവിശ്വാസികളാണെന്ന് അര്‍ത്ഥം. അവര്‍ മലപ്പുറം ടൗണിന്‍റെ ഒത്തനടുവില്‍ ചുവടുവെച്ചു. ആളുകള്‍ കൂടി. കൂടെ ആടാനും പാടാനും മറ്റ് വിദ്യാര്‍ത്ഥികളും എത്തി. ഒടുവില്‍ കൂടിനില്‍ക്കുന്ന ജനങ്ങളോടായി അവര്‍ എയ്ഡ്സിനെ കുറിച്ച് സംസാരിച്ചു. പക്ഷെ, മൂന്ന് തട്ടം മാത്രമെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജനങ്ങള്‍ കാണുന്നുള്ളു. സോഷ്യല്‍മീഡിയകളില്‍ അതാണ് പ്രധാന ചര്‍ച്ച. എയ്ഡ്സ് ബോധവല്‍ക്കരണം നടത്തിയവരുടെ മതമാണ് ചര്‍ച്ചയായത് എന്ന വിരോധാഭാസം കാണുകയാണ് കേരളം.


ഇതേ സമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് മറ്റൊരു ക്യാമ്പെയിന്‍ നടക്കുന്നുണ്ട്. പൊതുജനാരോഗ്യം ഞങ്ങളുടെ ഉത്തരവാദിത്വം എന്ന മുദ്രാവാക്യത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കുട്ടികളാണ് അപ്പോത്തിക്കരിയുമായി എത്തുന്നത്. എം ആര്‍ വാക്സിന്‍ ബോധവല്‍ക്കരണമാണ് കുട്ടികളുടെ ലക്ഷ്യം. കോഴിക്കോട് ജില്ലയില്‍ മാത്രം 32 സ്കൂളുകളിലായി നാലായിരത്തോളം രക്ഷിതാക്കളില്‍ ഇവര്‍ ബോധവല്‍ക്കരണം നടത്തി. വാക്സിന്‍ വിരുദ്ധ പ്രചരണം നടക്കുന്ന സ്ഥലങ്ങളിലാണ് ഇവര്‍ പ്രധാനമായും ക്യാമ്പെയിന്‍ പ്രവര്‍ത്തനം നടത്തുന്നത്.

ഓരോ ഗ്രാമത്തിലും ചെറുപട്ടണങ്ങളിലും ചെന്ന് ഫ്ളാഫ് മോബ് പോലുള്ള പരിപാടികളിലൂടെ ആളുകളെ സംഘടിപ്പിക്കുകയും അവരിലേക്ക് വാക്സിന്‍റെ പ്രാധാന്യം വിശദീകരിക്കുന്ന ബോധവല്‍ക്കരണം എത്തിക്കുകയും ചെയ്യുന്ന ഈ വിദ്യാര്‍ത്ഥികളിലും തട്ടമിട്ടവരും അല്ലാത്തവരും ഉണ്ടായിരുന്നു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഉണ്ടായിരുന്നു. അവരെല്ലാം ജാതിയും മതവും മറന്ന് മനുഷ്യജീവന് വേണ്ടി സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. ഈ വിദ്യാര്‍ത്ഥികളെ ചൂണ്ടി നമുക്ക് നെഞ്ചില്‍ കൈവെച്ച് പറയാം ഇവരാണ് നാളത്തെ ഡോക്ടര്‍മാര്‍. കാരണം അവര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന മനസിന് ഉടമകളാണ്.
ഈ രണ്ട് സംഭവങ്ങളിലും ചില വിരലുകള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. എയ്ഡ്സ് ബോധവല്‍ക്കരണം നടത്തിയ പെണ്‍കുട്ടികള്‍ക്ക് എതിരെ ഉണ്ടായതും എം ആര്‍ വാക്സിന് എതിരെ ഉണ്ടായതും ഒരേ കോണില്‍ നിന്നുള്ള പ്രചരണങ്ങളാണ്. മതവും വിശ്വാസവും കൂട്ടിക്കുഴച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരമാളുകള്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വിരല്‍ചൂണ്ടുമ്പോള്‍ ബാക്കി നാല് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് എന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. അവര്‍ക്കെതിരായാണ് പുതിയ തലമുറ.

മതത്തിനും ജാതിക്കും അതീതമായി ഒറ്റക്കെട്ടായി ബോധവല്‍ക്കരണപരിപാടി നടത്തിയ പെണ്‍കുട്ടികള്‍ മാറ്റത്തിന്‍റെ പുതിയ തുടക്കക്കാരാണ്. അവര്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാനും സമൂഹത്തെ സേവിക്കാനും ആഗ്രഹിക്കുമ്പോള്‍ ആര്‍ക്കാണ് കൃമികടി എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
സമൂഹത്തിലെ അരാജകത്വത്തിനെതിരെ ബോധവല്‍ക്കരണങ്ങള്‍ നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തന്നെ വേണം മുന്നിട്ടിറങ്ങാന്‍. സാമൂഹ്യജീവിയായി വളരാനാണ് ഓരോ വിദ്യാര്‍ത്ഥിയും പഠിക്കേണ്ടത്. മതജീവിയായി വളര്‍ത്താന്‍ നോക്കുന്നവരെ എതിര്‍ക്കുക തന്നെ വേണം. അതിന് ബോധവല്‍ക്കരണ പരിപാടി ഒരു പ്രതിഷേധമാര്‍ഗം കൂടി ആകട്ടെ.

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com