സമകാലിക അടയാളമായി ചലച്ചിത്രമേളയുടെ തുടക്കം
വെബ് ഡസ്ക്
ആശങ്കകള്‍ക്കും പരിഭ്രാന്തികള്‍ക്കും ഇടയിലാണ് 2017 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമായത്. ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തിന്റെ ഭാഗമായി ആഘോഷങ്ങളും ആരവങ്ങളും ഒഴിവാക്കിയാണ് മേള തുടങ്ങിയത്. കുറച്ച് നിമിഷങ്ങള്‍ ദുരന്തത്തില്‍ ജീവന്‍പൊലിഞ്ഞവര്‍ക്കായി സമര്‍പ്പിച്ച് നിശാഗന്ധി തിയേറ്ററില്‍ ആയിരങ്ങള്‍ മെഴുകുതിരിവെട്ടം തെളിച്ച് മൗനമായി നിന്നു. പിന്നീട് നടന്ന ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ മലയാളിയുടെ അഭിമാനനിമിഷം തന്നെയായിരുന്നു. ഇന്ത്യയുടെ അഭിമാനം നടി മാധവി മുഖര്‍ജി ഇന്ത്യന്‍ സിനിമയിലും ലോക സിനിമയിലും മലയാളത്തിന്റെ പ്രാധിനിത്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ മുഖ്യ അതിഥിയായെത്തിയ നടന് പ്രകാശ് രാജ് സെന്‍സറിംഗ് ഇല്ലാത്ത മേളയില്‍ സെന്‍സറിംഗ് ഇല്ലാത്ത നാട്ടില്‍ സെന്‍സറിംഗ് ഇല്ലാതെ സംസാരിക്കാനായി വന്നതാണെന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. ഇന്ത്യയിലെ മാറുന്ന രാഷ്ട്രീയസാഹചര്യത്തില്‍ കലാകാരന്മാരും സാഹിത്യകാരന്മാരും പൊരുതേണ്ടതിന്റെ ആവശ്യകതയും യുവാക്കള്‍ സജീവമായി രംഗത്ത് വരേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. കേരളത്തിലെ യുവാക്കള്‍ അസഹിഷ്ണുതയും ഫാസിസവും കേരളത്തില്‍ വരാതിരിക്കാന്‍ ആടാനും, പാടാനും, പറയാനും മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്ത പ്രകാശ് രാജ് ഇന്ത്യ ഒട്ടാകെ പേടിച്ച് നില്ക്കുമ്പോള് കേരളം ഒറ്റയ്ക്കാണ് എതിര്‍ത്ത് നില്‍ക്കുന്നതെന്ന് പറഞ്ഞപ്പോള്‍ നിശാഗന്ധി ഇളകിമറിയുകയായിരുന്നു. ഓരോ വാചകത്തിനും കയ്യടി നേടിയാണ് പ്രകാശ് രാജ് പുതിയകാലത്തില്‍ പ്രതിരോധത്തിന്റെ മാര്‍ഗമാകണം സിനിമയും കലയും സാഹിത്യവും എന്നാണ് പറഞ്ഞത്. ആ വാക്കുകള്‍ക്ക് അടിവരയിടുന്നതായിരുന്നു ഉദ്ഘാടന ചിത്രമായ ഇന്‍സള്‍ട്ട്.
ദേശീയഗാനത്തിന് ശേഷം ഇന്‍സള്‍ട്ട് തുടങ്ങി. ചുറ്റുപാടും നടക്കുന്നതോ, പറഞ്ഞുകേള്‍ക്കുന്നതോ, ഇനി നടന്നേക്കാവുന്നതോ ആയ സംഭവങ്ങള്‍ പോലെയാണ് ഈ സിനിമ അനുഭവപ്പെട്ടത്. വളരെ നിസാരമായ പല സംഭവങ്ങളും എങ്ങനെയാണ് ഒരു സമൂഹത്തിന്റെ പ്രശ്നമാകുന്നത് എന്ന് മികച്ച രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു ഇന്‍സള്‍ട്ട്. ആര്, ആരെ ഇന്‍സള്‍ട്ട് ചെയ്യുന്നു എന്ന ചോദ്യത്തോടെയാണ് സിനിമ അവസാനിക്കുന്നത്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയവും അതിലെ അപകടങ്ങളും ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഇന്‍സള്‍ട്ട്.
മനുഷ്യര്‍ക്ക് സാധാരണയായി ഉണ്ടാകുന്ന ഈഗോ, കോംപ്ലക്സ്, അമിത വികാരം, ദേഷ്യം എന്നിവയെല്ലാം പലപ്പോഴും പല പ്രശ്നങ്ങളിലേക്കും ചെന്നെത്താറുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ ഈ അടുത്തകാലത്ത് അത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു കുടുംബത്തില്‍ മാത്രം ഒതുങ്ങേണ്ട പ്രശ്നം ഒരു സമൂഹത്തിലാകെ കുഴപ്പങ്ങളും വിവാദങ്ങളും ചര്‍ച്ചകളും ഉണ്ടാക്കുന്ന സ്ഥിതികള്‍ ഉണ്ടാകാറുണ്ട്. അതിന് തീവ്രദേശീയത, തീവ്രമതചിന്ത എന്നിവയാണ് പ്രധാനകാരണമായി പറയാറുള്ളത്.
പലസ്തീന് അഭയാര്‍ത്ഥിയായ യാസറും, ലെബനീസ് ക്രിസ്ത്യന്‍ ടോണിയും തമ്മിലുണ്ടാകുന്ന നിസാരമായ വഴക്കാണ് സിനിമയുടെ ഇതിവൃത്തം. ഒരു ചെറു പട്ടണത്തില്‍ കണ്‍സ്ട്രക്ഷന്‍ ജോലിക്കായെത്തുന്ന യാസര്‍ അവിടുത്തെ താമസക്കാരനായ ടോണിയുടെ വീടിന്റെ മുകളില്‍ നിന്നും വെള്ളം പോകുന്ന പൈപ്പ് മാറ്റാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ കടുത്ത ദേശീയവാദിയായ ടോണി അതിന് തയ്യാറാകുന്നില്ല. ടോണി കേള്‍ക്കുന്ന പ്രസംഗങ്ങളെല്ലാം തീവ്രദേശീയതയില്‍ ഊന്നിയതായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തെ നയിച്ചതും. യാസറെന്ന അഭയാര്ത്ഥിയോടുള്ള തന്റെ ദേഷ്യവും അമര്‍ഷവും അയാള്‍ പ്രകടമാക്കി. ആ സംഘര്‍ഷം കോടതിയിലേക്ക് എത്തുന്നു. മാധ്യമങ്ങള്‍ അവര്‍ രണ്ട് പേര് തമ്മിലുള്ള പ്രശ്നങ്ങള്‍ ഏറ്റെടുത്ത് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. അവരുടെ ജീവിതത്തിലെ ഓരോ ചെറിയ കാര്യങ്ങളും വാര്‍ത്തയാകുന്നതോടെ കോടതി മുറിക്കുള്ളില്‍ വരെ രണ്ട് ചേരികള്‍ ഉണ്ടാവുകയും സംഘര്‍ഷം നടക്കുകയുമാണ്. ഒരു ക്ഷമാപണം നടത്തിയാലോ, പരസ്പരം സംസാരിച്ചാലോ തീരാവുന്ന പ്രശ്നം ദേശീയശ്രദ്ധയാകര്‍ഷിച്ചു. രാജ്യം യുദ്ധസമാനമായ നിലയിലേക്ക് മാറുന്നുവെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. രണ്ട് ചേരികള്‍ പല കോണില്‍ ഏറ്റുമുട്ടി. അവരെ സഹായിക്കാനെത്തുന്ന അഭിഭാഷകരും തങ്ങളുടെ കോംപ്ലക്സുകളിലൂടെയാണ് സഞ്ചരിക്കുന്നത്. ഇന്‍സള്‍ട്ട് തന്നെയാണ് അവരുടെയും പ്രശ്നം. ഒടുവില്‍ എല്ലാം കോടതി മുറിക്കുള്ളില്‍ തീരുമ്പോള്‍ നമുക്ക് ചിന്തിക്കാനും ഏറെ ബാക്കിവെച്ചാണ് തിയേറ്ററില്‍ നിന്നും ഇറങ്ങേണ്ടിവരിക.
നിറഞ്ഞ കൈയ്യടി നേടിയ ഇന്‍സള്‍ട്ട് തന്നെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കാന്‍ മനസുകാട്ടിയ ചലച്ചിത്ര അക്കാദമിയെ നിറഞ്ഞകൈയ്യടിയോടെ അഭിനന്ദിക്കുന്നു. അത്രമാത്രം ചിന്തിപ്പിക്കാനും ജീവിതം കാണിച്ചുതരാനും ഇന്‍സള്‍ട്ടിന് സാധിച്ചിട്ടുണ്ട്. മറ്റൊരു ദേശത്ത് നടക്കുന്ന കഥയാണെങ്കിലും നമുക്ക് ചുറ്റുമുള്ള മനുഷ്യരാണ് അതില്‍ ജീവിക്കുന്നവരെല്ലാം. നടന് പ്രകാശ് രാജ് ഭയപ്പെട്ട സമൂഹത്തെ വരച്ചുകാട്ടുകയും പരസ്പരം ചിരിക്കാനും തെറ്റുകള്‍ പറ്റിയാല്‍ ക്ഷമാപണം നടത്താനും എല്ലാവരെയും ഒരുപോലെ കാണാനും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇന്‍സള്‍ട്ട്. ശരിക്കും ഈ ലോകത്ത് എന്താണോ ഇന്‍സള്‍ട്ടായി ഉള്ളത്, അത് അതേ പടി പകര്‍ത്തുകയും വലിയ സന്ദേശം പകരുകയുമാണ് സിനിമ.
ഒരു മാതൃക തീര്‍ക്കുമ്പോഴാണ് നല്ല വിജയങ്ങള്‍ ഉണ്ടാകുന്നത്. അത്തരത്തില്‍ വലിയ പ്രതീക്ഷകള്‍ സമ്മാനിക്കാന്‍ ആദ്യദിവസം തന്നെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് കഴിഞ്ഞിട്ടുണ്ട്.