മുത്തപ്പൻ കാവിൽ പോണമെന്നുള്ളതും, ഡാ തടിയാന്നുള്ള വിളിയും.. വല്ലാത്തൊരു മനുഷ്യനാണ്.!!!

Sharing is caring!

വൈഷ്ണവ് പുല്ലാട്ട്

കോഴിക്കോട് ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ആദ്യമായി ഞാൻ ശശി ഏട്ടനെ കാണുന്നത്. പാളയം ബസ് സ്റ്റാന്റിൽ അച്ഛന്റെ വീട്ടിലേക്കു പോകാൻ ബസ് കാത്ത് നിന്ന എന്റെ മുന്നിലൂടെ തോളിൽ ഒരു കറുത്ത ബാഗുമായി ആജാനബാഹുവായ ഒരു മനുഷ്യൻ നടന്നു പോയി. മൊബൈലിൽ തല കുത്തി നിന്ന എനിക്ക് ആളെ ഒറ്റയടിക്ക് മനസിലായില്ലെങ്കിലും ചുറ്റും ഉണ്ടായിരുന്നവരുടെ സംസാരവും കുശുകുശുക്കലും എല്ലാം കൂടി വന്നപ്പോ ഞാൻ ആ മുഖത്തേക്ക് ഒന്നുകൂടി നോക്കി. ആ ഇത് മ്മളെ ശശി കലിംഗയല്ലേ. ! ഒരു ആത്മഗതം.

എല്ലാവരെയും പോലെ ഞാനും ഒരു സിനിമാക്കാരനെ അടുത്ത് കാണുന്നതിന്റെ കൗതുകവും അമ്പരപ്പും ആവേശവും കാണിച്ചു. ഞാനടക്കം ഉള്ളവരുടെ നോട്ടം സഹിക്കാഞ്ഞിട്ടെന്നോണം കുറച്ചു കഴിഞ്ഞപ്പോ പുള്ളി ഒന്ന് മാറി നിന്നു, മൂത്രപ്പുരയുടെ ചുമരിനോട് ചേർന്ന് നിന്ന് ഒരു സിഗരറ്റ് കത്തിച്ചു. വിടാതെ പിന്തുടരുന്ന കണ്ണുകളിലേക്ക് സിഗരറ്റ് പുക ഊതിക്കൊണ്ട് അദ്ദേഹം അലസമായി നോക്കിയിരുന്നു. ചിലരോട് ലളിതമായൊരു ചിരിയും. ആ കൂട്ടത്തിൽ എനിക്കും കിട്ടി ഒരു കഷ്ണം ചിരി. പക്ഷെ എനിക്ക് വലിയ അംഗീകാരമായിരുന്നു ആ ചിരി. നാലാളറിയുന്ന ഒരു സിനിമ നടൻ എന്നെയും നോക്കി ചിരിച്ചിരിക്കുന്നു. പോരേ പൂരം. ആ സന്തോഷം ഉടനെ വീട്ടിൽ എത്തി എല്ലാവരെയും അറിയിക്കുയും ചെയ്തു. പിന്നീട് അങ്ങോട്ട്‌ ശശി കലിംഗ എന്ന പേരും മുഖവും കണ്ടത് മുഴുവൻ മിനിസ്ക്രീനിലും ബിഗ്‌ സ്‌ക്രീനിലുമാണ്. നേരിട്ടൊരു കാഴ്ചക്ക് അവസരം ലഭിച്ചില്ല.

2017ൽ – ഞാൻ മംഗളം ന്യുസ് ചാനലിൽ ജോലി ചെയ്യുന്ന കാലത്ത്, സുഹൃത്ത് സുധീഷ് തിരുവണ്ണൂർ ഒരു ഷോർട് ഫിലിം എഴുതി സംവിധാനം ചെയ്യാൻ തീരുമാനിച്ചു. ഞാനാണ് ചീഫ് അസോസിയേറ്റ് സംവിധായകൻ. കഥകളി പശ്ചാത്തലത്തിൽ ഒരുക്കേണ്ട കുഞ്ഞു സിനിമയിൽ കേന്ദ്ര കഥാപാത്രമായി ശശി കലിംഗ വേണമെന്ന് സുധീഷ് ഏട്ടന് (മോനുട്ടൻ) നിർബന്ധം. ദർശന ചാനലിന് വേണ്ടി മുൻപ് ശശി ഏട്ടനെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട് പുള്ളി. പക്ഷെ നിലവിൽ ബന്ധപ്പെടാൻ നമ്പർ ഒന്നുമില്ല. അങ്ങനെ ഒരു മാധ്യമ പ്രവർത്തകൻ കൂടി ആയത് കൊണ്ട് ആ ദൗത്യം എനിക്ക് കിട്ടുന്നു. ശശി ഏട്ടനെ വിളിച്ചിട്ട് ഒന്ന് നേരിട്ട് കാണാൻ ഉള്ള അനുവാദം വാങ്ങണം. നമ്മള് പണ്ടേ ആവേശ കമ്മിറ്റി ആയത് കൊണ്ട് വൈകിയില്ല നമ്പർ തപ്പിയെടുത്ത് വിളിച്ചു. പരുക്കൻ ശബ്ദം ആണ് അപ്പുറത്ത്. ഒരു മയവുമില്ല. കാര്യം പറഞ്ഞപ്പോ വീട്ടിലെക്ക് ചെല്ലാൻ പറഞ്ഞു. ഫോണിൽ കൂടുതൽ സംസാരം ഇല്ല. ഫോൺ കട്ടാക്കി. മനസ്സിൽ ഞാൻ പറഞ്ഞു എന്ത് മനുഷ്യൻ ആണിത്.

വൈഷ്ണവും ശശി കലിംഗയും

എങ്ങനെ ആണ് ഇപ്പോ നേരിട്ട് ഉണ്ടാവുക! പണി പാളുമോ ! അങ്ങനെ കാര്യങ്ങൾ പറഞ്ഞത് പ്രകാരം ഞാനും സുധീഷ് ഏട്ടനും ശശി ഏട്ടന്റെ വീട്ടിലേക്കു പുറപ്പെട്ടു. വീടിനടുത്തുള്ള ഒരു കടയിൽ നിർത്തി വഴി ചോദിച്ചു. കടക്കാരൻ വഴിയും പറഞ്ഞു. മുന്നോട്ട് പോകുമ്പോൾ ഞാൻ വണ്ടി ഓടിക്കുന്നത് അല്പം മെല്ലെ ആക്കി, വേറെ ഒന്നുമല്ല ഒരു ലുങ്കിയും ഉടുത്ത്, കയ്യിൽ ഒരു പൊതിയും ചുണ്ടിൽ കത്തിച്ച സിഗററ്റുമായി ശശി ഏട്ടനതാ നടന്ന് പോകുന്നു. കാർ മെല്ലെ അടുത്ത് കൊണ്ടുപോയി നിർത്തി, പുള്ളി നടത്തം മെല്ലെ ആക്കി ഞങ്ങളെ ഒന്ന് കറഞ്ഞു നോക്കി, ഞാൻ തല പുറത്തേക്കിട്ട് പറഞ്ഞു ശശി ഏട്ടാ… ഞാൻ വൈഷ്ണവ്… വിളിച്ചിരുന്നു. ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് പുള്ളിടെ ഒരു പ്രതികരണം. !

“എടാ മക്കളെ…നിങ്ങൾ ഇങ്ങെത്തിയോ, ഞാൻ കുറച്ചു സാധനങ്ങൾ വാങ്ങാൻ പോയതാ… വിട്ടോ വിട്ടോ ആ കാണുന്നതാ വീട് ഞാൻ പിറകിലുണ്ട്.” ഞങ്ങൾ അന്തംവിട്ടിരുന്നു. ഇത്രക്ക് സിമ്പിളായിരുന്നോ ഈ മനുഷ്യൻ. ഞങ്ങൾ വീട്ടിൽ എത്തി, പുള്ളിയുടെ ഒരുപാട് സമയം ചിലവഴിച്ചു. അന്നത്തെ ദിവസത്തിന് ശേഷം ശശി ഏട്ടൻ മിക്കവാറും വിളിക്കുന്ന ഒരു അവസ്ഥഉണ്ടായിരുന്നു. കുശലം പറച്ചിലും പൊതുകാര്യങ്ങളും ഒക്കെ ആയി കുറച്ചു സമയം. പിന്നീട് പലപ്പോഴായി നേരിട്ട് കണ്ട് സംസാരിക്കുന്ന സാഹചര്യങ്ങൾ… ഒടുവിൽ ഞാൻ എഴുതി സംവിധാനം ചെയ്ത ബലൂൺ എന്ന ഷോർട് ഫിലിമിന്റെ ക്യാമ്പിൽ ഇങ്ങോട്ട് ആവശ്യപ്പെട്ട് എത്തിയാണ് ശശി ഏട്ടൻ എന്നെ ഞെട്ടിച്ചത്. ക്യാമ്പ് കഴിഞ്ഞു ഞാൻ ശശി ഏട്ടനെ ഫോണിൽ വിളിച്ചു, ശശി ഏട്ടാ… നിങ്ങളെ പോലൊരാൾ ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ട് എന്റെ ഈ കുഞ്ഞു സിനിമയുടെ ക്യാമ്പിൽ വന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചു. മറുപടി : ഡാ തടിയാ…. സ്വന്തം കുടുംബത്തിൽ ഒരു പരിപാടി നടക്കുമ്പോ നമ്മള് മാറി നിൽക്കുമോ? നീ എന്റെ അനിയനല്ലെടാ….

ഈ മനുഷ്യൻ ഇങ്ങനെ ആണ് ഇടക്കിടക്ക് ഞെട്ടിക്കും. മഹാറാണി ഹോട്ടലിൽ വെച്ച് സെൽഫി എടുക്കാൻ അനുവാദം ചോദിച്ച ചെറുപ്പക്കാരെ ചീത്ത പറഞ്ഞു ഓടിച്ചിട്ട്… എന്നോട് പറഞ്ഞത്…. നീ നിന്റെ ഫോണിൽ എടുക്കട നമ്മുടെ ഒരു സെൽഫി എന്നാണ്…

നേരിട്ട് കാണുമ്പോഴൊക്കെ പഴയ തമാശകളും കഥകളും സിനിമ വിശേഷങ്ങളും പറയാൻ വലിയ ആവേശമായിരുന്നു ശശി ഏട്ടന്. ഡാ നീ ഒരു സിനിമ എടുക്കുമ്പോ ഞാൻ വരും…അഭിനയിക്കാനല്ല.. നിന്റെ ഏട്ടനായിട്ടെന്ന് ഇടയ്ക്കിടെ പറയുമായിരുന്നു.

കണ്ണൂർ മുത്തപ്പൻ കാവിൽ ഒരുമിച്ച് പോകണം, കൂടെ വരണം എന്ന് എന്നോട് പറഞ്ഞിട്ടാണ് അവസാനമായി ശശി ഏട്ടൻ കോഴിക്കോട് സ്റ്റേഡിയം ജങ്ഷനിൽ എന്റെ കാറിൽ നിന്ന് ഇറങ്ങിയത്. പിന്നീട് ഫോണിൽ വിളിച്ചു…വെറുതെ ചിരിക്കും….എന്താ മനുഷ്യാ ഒരു ആക്കിയ ചിരി എന്ന് ചോദിച്ചാ പറയും….. ഡാ തടിയാ, നീ ന്റെ അനിയൻ ചെക്കനാടാ…ന്ന്. !!

വല്ലാത്തൊരു മനുഷ്യനെന്ന് ഫോൺ വെച്ചിട്ട് ഞാൻ സ്വയം പറയുന്നതും പതിവാണ്. അതെ ഇപ്പോഴും അത് തന്നെ പറയണം.. വല്ലാത്തൊരു മനുഷ്യൻ.. ഈ ലോക് ഡൗൺ കാലത്ത്.. ആരെയും ഒന്ന് കാണാൻ അനുവദിക്കാതെ യാത്രയാവുകയാണ്. മുത്തപ്പൻ കാവിൽ പോണമെന്നുള്ളതും, ഡാ തടിയാ എന്നുള്ള വിളിയും…. തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചിരുന്ന സിഗരറ്റ് മണമുള്ള ആ കയ്യും ഓർമ്മകളാണ്…. പൊള്ളുന്ന ഓർമ്മകൾ. ശശി ഏട്ടാ….നിങ്ങൾ വല്ലാത്തൊരു മനുഷ്യനാണ്.!!!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com