ഈ കാട് പൂക്കേണ്ടത് തന്നെ..
കാട് എങ്ങനെയാണ് പൂക്കുക.? ഉത്തരം കിട്ടണമെങ്കില്‍ ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം കാണണം. സിനിമ കാണും മുന്‍പെ പലതരം വാര്‍ത്തകള്‍ വായിച്ചിരുന്നു. ഇതൊരു മാവോയിസ്റ്റ് കഥ പറയുന്ന സിനിമ എന്നതിനാണ് പ്രാധാന്യം നല്കി കണ്ടത്. ദളിത് വിഷയങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ സിനിമയിലെ എടുത്ത് പറയേണ്ട സംവിധായകന് തന്നെയാണ് ഡോ. ബിജു എന്ന നിലയില്‍ സിനിമയെ സമീപിച്ചവരും കുറവല്ല. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ടാഗോര്‍ തിയേറ്ററിലെ നിറഞ്ഞ സദസ്സിലായിരുന്നു പ്രദര്‍ശനം. പലര്‍ക്കും സീറ്റ് കിട്ടിയില്ല. വളരെ കഷ്ടപ്പെട്ടാണ് സിനിമ കണ്ടത്. ദേശീയഗാന വിഷയത്തില്‍ അറസ്റ്റ് തുടങ്ങിയ രണ്ടാം ദിവസം കൂടിയായിരുന്നു അത്. പ്രതിഷേധങ്ങള്‍ മറ്റൊരു വശത്ത് തകൃതിയായി നടക്കുന്നു. ആരാണ് ഞങ്ങളുടെ ദേശീയബോധം അളക്കുന്നത് എന്ന വാദമുഖങ്ങള്‍ സജീവം. സിനിമ കണ്ടിറങ്ങിയപ്പോഴും ഇത് മാവോയിസ്റ്റ് സിനിമ എന്ന് പറയുന്നത് കേട്ടു. ഇതൊരു ശക്തമായ രാഷ്ടീയ സിനിമയായി മാത്രമല്ല ഞാന്‍ കാണുന്നത്. ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞ ഈ സിനിമ, ഓരോ മനുഷ്യനും കണ്ടിരിക്കേണ്ടതാണ്.
കാടിനുള്ളില്‍ നിരവധി ജീവജാലങ്ങളുണ്ട്. മനുഷ്യരുമുണ്ട്. പുറം ലോകത്തെ മനുഷ്യര്‍ക്ക് കാട്ടിലെ മനുഷ്യര്‍ ആദിവാസികളും ദരിദ്രജനവിഭാഗങ്ങളുമാണ്.. പക്ഷെ, ആ കാട്ടില്‍ അവര്‍ എത്രയോ വലിയ സമ്പന്നരാണ്. “ഞങ്ങളെ ഒന്നു വെറുതെ വിട്ടാല്‍ മതി.. സര്‍ക്കാരും പോലീസും ഇങ്ങോട്ട് വരാതിരുന്നാ മതി..” ഈ വാക്കുകള്‍ ഓരോ ആദിവാസിയുടെയും മനസാണ്. അവരുടെ പ്രശ്നങ്ങളില്‍ കൈയ്യിട്ടു വാരുന്നവനെ നിലയ്ക്ക് നിര്‍ത്താന്‍ ഇത്രയും കാലത്തിന് ശേഷവും നമുക്ക് സാധിച്ചിട്ടില്ലെന്നത് തന്നെയാണ് മാവോയിസ്റ്റുകളെ അവര്‍ സഹായിക്കാന്‍ കാരണവും. അവകാശബോധമുള്ള ജനതയായും വിശക്കുമ്പോള്‍ അവകാശപ്പെട്ട ഭക്ഷണം ചോദിച്ച് വാങ്ങാനും അവരെ പ്രാപ്തരാക്കാന്‍ ഭരണകൂടം തയ്യാറാകാതിരിക്കുമ്പോള്‍ അവിടെ മറ്റ് പലരും കടന്നുകൂടുക തന്നെ ചെയ്യും. ഇവയെല്ലാം സിനിമ പറഞ്ഞുപോകുന്നുണ്ട്. ചില സീനുകളിലൂടെ, ചില സംഭാഷണങ്ങളിലൂടെ ഒക്കെ നമുക്ക് പല സൂചനകളും മുന്നറിയിപ്പുകളും സിനിമ തരുന്നുണ്ട്.
ഇതെല്ലാം ഒരു വശത്തേക്ക് മാറ്റി നിര്‍ത്തിയാല്‍ ഈ സിനിമ ഒരു വലിയ പ്രമേയത്തിലൂടെ കടന്നുപോകുന്നതായി കാണാന്‍ സാധിക്കും. ഏതൊരു സാധാരണക്കാരനും അധികാരം കിട്ടിയാല്‍ തന്നെക്കാള്‍ താഴ്ന്നവനെ ഉപദ്രവിക്കാനാണ് ഇഷ്ടം എന്ന ലോകരാഷ്ട്രീയം സിനിമ പങ്കുവെക്കുന്നുണ്ട്. ആദിവാസി കുട്ടികളുടെ നാല് മുറികള്‍ മാത്രമുള്ള സ്കൂളെന്ന് വിളിക്കാവുന്ന കൂരയിലേക്കാണ് ഒരു സംഘം പോലീസ് എത്തുന്നത്. ഒരു വികൃതി കുട്ടി പോലീസിന്റെ തോക്ക് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ അവനെ പോലീസ് ഉദ്യോഗസ്ഥന് അടിക്കുന്നു. അവന് അന്ന് ആ പോലീസ് ക്യാമ്പിന് നേരെ കല്ലെറിയുന്നു. `പോലീസ് കള്ളന്’ എന്ന് സ്കൂള്‍ ചുമരില്‍ എഴുതി വെക്കുന്നു. അധികാര വര്‍ഗത്തിന്റെ പ്രവര്‍ത്തനത്തിനെതിരെയുള്ള ഒന്നാമത്തെ പ്രതിഷേധം ഇവിടെ തുടങ്ങുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ അടിച്ചമര്ത്തപ്പെടുന്നവനാണെന്ന ബോധം ആ കുട്ടിയില്‍ വരികയാണ്. അല്ലെങ്കില്‍, ആ ബോധം അവനില്‍ അധികാരവര്‍ഗം വരുത്തുകയാണ്. സമാനമായ നിരവധി സീനുകള്‍ സിനിമയില്‍ കാണാന്‍ സാധിക്കും. മാവോയിസ്റ്റെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യപ്പെട്ട റിമ അവതരിപ്പിച്ച സ്ത്രീ കഥാപാത്രത്തിന് യാദൃശ്ചികമായി പോലീസിന്റെ തോക്ക് കിട്ടുന്നു. “..ഈ തോക്കും പിന്നെയാ യൂണിഫോമും ഉണ്ടാകുമ്പോഴാണ് നിങ്ങള്‍ അധികാരിയാകുന്നത്. അല്ലെങ്കില്‍ നിങ്ങള്‍ പേടിയുള്ള വെറും പച്ചമനുഷ്യന്..” ഈ വാക്കുകള്‍ മതി ഡോ. ബിജു എന്ന സംവിധായകന് ലക്ഷ്യം വെച്ച ലോക രാഷ്ട്രീയം മനസിലാക്കാനും ഈ സിനിമയെ വിലയിരുത്താനും.
അധികാരം ഓരോ മനുഷ്യനും മത്ത് പിടിച്ച പോലെയാണ്. ആദിമ മനുഷ്യന് അധികാരം വീതിച്ച് കിട്ടാത്തത് കൊണ്ട് അവിടെ വലിയവനും ചെറിയവനും ഉണ്ടായില്ല. അടിച്ചമര്ത്തപ്പെട്ടവന് ഉണ്ടായില്ല. ബ്രിട്ടീഷുകാര്‍ നമ്മെ ഭയപ്പെടുത്തിയാണ് ഭരിച്ചതെന്ന് ഓര്‍ക്കുക. “മാവോസേത്തു വിപ്ലവം തോക്കിന് കുഴലിലൂടെ എന്ന് പറഞ്ഞു.. ഇവിടെ ഇന്ത്യയില്‍ അധികാരികള്‍ ജനങ്ങളെ ഭയപ്പെടുത്താനാണ് തോക്ക് ഉപയോഗിക്കുന്നത്..” സിനിമയിലെ ഈ ഡയലോഗ് ഒരുപാട് അര്‍ത്ഥതലങ്ങളിലൂടെയാണ് പോകുന്നത്. ഈ ലേഖനത്തിന്റെ ആദ്യം പറഞ്ഞ ഇപ്പോഴുയരുന്ന ദേശീയഗാന വിവാദം ഇതോടൊപ്പം കൂട്ടി വായിക്കാം. അടുത്ത കാലത്തുണ്ടായ പല സംഭവങ്ങളും ഓര്‍മകളില്‍ നിറയാം.
സിനിമയില്‍ മാവോയിസം എന്നത് ഒരു പ്രതീകം മാത്രമാണ്. ഇതൊരു മാവോയിസ്റ്റ് സിനിമയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അടിച്ചമര്‍ത്തപ്പെടുന്നവന്റെ കഥ പറയാന്‍ ഡോ. ബിജു കണ്ടെത്തിയ വഴി മാത്രമായിരുന്നു മാവോയിസ്റ്റുകള്‍. അവസാനം വരെ റിമയുടെ കഥാപാത്രത്തെ മാവോയിസ്റ്റായി ചിത്രീകരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നമുക്കിടയില്‍ എല്ലാവരിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അടിച്ചമര്ത്തപ്പെടുന്നവനുണ്ട്.
സിനിമയില്‍ തന്നെ ഇന്ദ്രജിത്തിന്റെ കഥാപാത്രം ഒരു സാദാ പോലീസുദ്യോഗസ്ഥനാണ്. മേലുദ്യോഗസ്ഥന്റെ ആജ്ഞ അനുസരിക്കുന്നവന്. എന്നാല്‍ മേലുദ്യോഗസ്ഥനില്ലാത്ത സമയത്ത് അവനാണ് അധികാരി. അവിടെ അവന് അധികാരം ഉപയോഗിക്കും. ഇത് വളരെ ലളിതമായി തന്നെ സിനിമ സംവദിക്കുന്നുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും അതിന്റെ തീവ്രതയും സിനിമ ചര്‍ച്ച ചെയ്യുന്നു. എല്ലാ ജീവജാലങ്ങളും ഒരുപോലെ വസിക്കുന്ന കാട്ടില്‍ മതത്തിന്റെയും ജാതിയുടെയും പണത്തിന്റെയും വേര്‍തിരിവുകള്‍ ഉണ്ടാകുന്നില്ല. ജീവിതം അവര്‍ക്ക് സുന്ദരമാണ്. അവിടേക്ക് വലിഞ്ഞുകയറി അതിക്രമം കാണിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് സിനിമ ചോദിക്കുന്നു. അവിടെയാണ് കാട് പൂക്കുക തന്നെ വേണമെന്ന് പറഞ്ഞതിന്റെ പ്രസക്തി. എല്ലാവര്ക്കും തുല്യ നീതി നടപ്പാകുമ്പോള്‍ കാട് പൂക്കും. അല്ലെങ്കില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കും. അവിടെ അടിച്ചമര്ത്തപ്പെടുന്നവന് ഉയിര്ത്തെഴുന്നേല്ക്കുക തന്നെ ചെയ്യും. ഒന്നും ആരിലും അടിച്ചേല്പിക്കാനാകില്ലെന്ന ശക്തമായ മുന്നറിയിപ്പുകൂടിയാണ് സിനിമ.
ഡോ. ബിജുവിന്റെ ഇതുവരെയുള്ള സിനിമകളില്‍ നിന്നും വളരെ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട് കാട് പൂക്കുന്ന നേരം. സംഭാഷണങ്ങള്‍ക്ക് ആവശ്യത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ ചില ഡയലോഗുകളിലെ നാടകീയത പ്രമേയത്തോട് ചേരാതെ നില്‍ക്കുന്നതായും അനുഭവപ്പെടുന്നുണ്ട്. സിനിമയുടെ പ്രമേയത്തിന് അനുസരിച്ചുള്ള പശ്ചാത്തലം എടുത്ത് പറയുക തന്നെ വേണം. തന്റെ സിനിമ ജനങ്ങള്‍ കാണുമ്പോള്‍ അത് യാഥാര്‍ത്ഥ്യബോധത്തോടെ വേണമെന്ന് നിര്‍ബന്ധബുദ്ധിയുള്ള കലാകാരനാണ് ഡോ. ബിജു. യാതൊരു ലാഭവും പ്രതീക്ഷിക്കാതെ സോഫിയ പോളിനെ പോലുള്ള ഒരു സ്ത്രീ സംരഭക ഈ സിനിമയ്ക്ക് മുതല്‍ക്കൂട്ടായി എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ആവശ്യത്തിന് മുതല്‍മുടക്ക് നടത്തിയത് കൊണ്ട് തന്നെ പിശുക്കാതെയുള്ള ഷോട്ടുകള്‍ സിനിമയുടെ ഭംഗി കൂട്ടി. നയന മനോഹരമായ കാഴ്ചകളിലൂടെയുള്ള യാത്ര കൂടിയാണ് കാട് പൂക്കുന്ന നേരം. പതിവ് രീതികളില്‍ നിന്നും ഡോ. ബിജു പുതിയ പരീക്ഷണങ്ങളിലൂടെ സഞ്ചരിക്കുന്നത് പുതിയ പ്രതീക്ഷകള്‍ നല്കുന്നു.
റിമ കല്ലിങ്കലും ഇന്ദജിത്തും മല്‍സരിച്ച് അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. റിമയ്ക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമാണ് മാവോയിസ്റ്റെന്ന് ആരോപിക്കപ്പെട്ട സിനിമയിലെ വേഷം. അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തില്‍ നിന്നും വരുന്ന സ്ത്രീ, ഒരു ജനതയുടെ ഉന്നമനത്തിനും അവകാശത്തിനും വേണ്ടി പോരാടുന്ന കഥാപാത്രം എന്നീ നിലയില്‍ റിമ ജീവിക്കുകയായിരുന്നു. “ഞാന്‍ നിന്നെ കൊല്ലില്ല.. പക്ഷെ, നീയൊരു പെണ്ണാണ്.. എനിക്ക് നിന്നെ പലതും ചെയ്യാനാകും..” ആണിന്റെ അധികാരം കാണിക്കുന്ന ഈ വാക്കുകള്‍ക്ക് നേരെ റിമ കാര്‍ക്കിച്ച് തുപ്പുകയാണ് ചെയ്യുന്നത്. ഒരു സ്ത്രീയുടെ ഏറ്റവും വലിയ പ്രതിഷേധമാണത്. ഈ സീനിലൂടെ അധികാരമുള്ളവന്റെ മറ്റൊരുതലം കൂടി ഡോ. ബിജു കാട്ടിത്തരുന്നുണ്ട്. റിമയുടെ കണ്ണുകളില്‍ ആദ്യാവസാനം വരെ ഒരു തീനാളം കത്തിനില്‍ക്കുന്നതായി അനുഭവപ്പെടുന്നു. ഇന്ദ്രന്‍സ്, പ്രകാശ് ബാരെ, ഇര്‍ഷാദ്, പേരറിയാത്ത കുറെ ആദിവാസികള്‍, മറ്റ് കഥാപാത്രങ്ങള്‍, സ്കൂളിലെ കുട്ടികള്‍, എല്ലാറ്റിനും ഉപരിയായി കാടും പുഴയും പൂക്കളും പൂമ്പാറ്റകളും അഭിനയിച്ച് തകര്‍ക്കുകയായിരുന്നു.
ഒരു കഥാപാത്രത്തിനും പേരില്ല എന്ന തീയറി ഇവിടെയും ഡോ. ബിജു ഉപയോഗിച്ചു കണ്ടു. അവസാനം പരസ്പരം പേര് ചോദിക്കുമ്പോള്‍ അധികാരത്തിന്റെയും അടയാളത്തിന്റെയും പേരുകളാണ് കൈമാറുന്നത്. കഥാപാത്രങ്ങളുടെ പേര് പറയുന്നതിലല്ല സിനിമയുടെ പ്രതലം എന്ന് ഡോ. ബിജു ഒരിക്കല്‍ കൂടി തെളിയിച്ചു. അല്ലെങ്കില്‍, പേരറിയാത്ത കുറെ പേരുടെ പോരാട്ടം അധികാരത്തിന്റെ കണ്ണു തുറപ്പക്കട്ടെ എന്ന് ഡോ. ബിജു പ്രതീക്ഷിച്ചു കാണും. സിനിമയില്‍ എടുത്തു പറയേണ്ട മറ്റൊന്ന് ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്റെ സാന്നിധ്യമാണ്. ഓരോ ഷോട്ടുകളും മനോഹരവും നയനഭംഗിയുള്ളതും ആക്കിയതിലും കാടിന്റെ ഭംഗി ഒപ്പിയെടുത്ത് കഥാപ്രതലത്തിന് അനുസരിച്ച് അവതരിപ്പിച്ചതിലും എംജെയുടെ സാന്നിധ്യം പ്രകടമായുണ്ട്. ഇദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ച അഞ്ച് ചിത്രങ്ങള്‍ ഇത്തവണ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്ര മേളയില്‍ ഉണ്ടെന്നത് ചരിത്രം കൂടിയാണ്.
സിനിമ കണ്ടിറങ്ങുമ്പോള്‍ മനസില്‍ തോന്നിയ മറ്റൊരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. “നിങ്ങള്‍ ഒരു അധികാരത്തിലിരിക്കുന്ന ആളാണെങ്കില്‍, ഒരു സെലിബ്രിറ്റി ആണെങ്കില്‍ ഒരു ദിവസം ഈ ഭാരങ്ങളൊന്നും ഇല്ലാതെ ജനങ്ങള്‍ക്കിടയില്‍ നില്ക്കുക. നിങ്ങള്‍ക്ക് നേരെ ചീമുട്ടയെറിയുന്നവനെ തിരഞ്ഞുപിടിച്ച് കാര്യം അന്വേഷിക്കുക. നിങ്ങള്‍ക്ക് കിട്ടുന്ന നല്ല വാക്കുകള്‍ മനസില്‍ സൂക്ഷിക്കാതിരിക്കുക. ജനങ്ങളില്‍ ഒരാളാകാന്‍ മറ്റൊന്നും വേണ്ടതില്ല.”
All the best.?
All the best.? and a wonderful time
A revelation of most of things around us. Most of the time truth is twisted.