മലയാളിയുടെ വാനമ്പാടിക്ക് യുവ ഗായകരുടെ പിറന്നാളാശംസകള്‍…
മലയാളിയുടെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് പിറന്നാളാശംസയുമായി പ്രശസ്ത യുവഗായകര്‍ ഓണ്‍ മലയാളത്തോടൊപ്പം..
മലയാളിയുടെ മനസ്സില്‍ നാദസ്വരത്തിന്റെ സ്വര്‍ഗ്ഗ സംഗീതം തീര്‍ത്ത മലയാളിയുടെ സ്വന്തം വാനമ്പാടി കെഎസ് ചിത്രയുടെ അന്‍പത്തിമൂന്നാം ജന്മദിനമാണ് ഇന്ന്. കുട്ടിക്കാലത്ത് തന്നെ സംഗീതത്തോടുള്ള കുഞ്ഞു ചിത്രയുടെ കഴിവ് കണ്ടെത്തിയ പിതാവ് കരമന കൃഷ്ണന് നായര്‍ തന്റെ പുത്രിയെ സംഗീതത്തിന്റെ ബാലപാഠം പഠിപ്പിച്ച് ചിത്രയെന്ന ഗായികയെ ലോകത്തിന് സമ്മാനിക്കുകയായിരുന്നു.
വിവിധ ഭാഷകളിലായി 25000-ത്തോളം ഗാനങ്ങള്‍ക്ക് ചിത്ര ഇതിനകം ശബ്ദം നല്‍കിയിട്ടുണ്ട് .
നറുപുഞ്ചിരി തൂകി എല്ലാവരോടും സ്നേഹബന്ധം കാത്തു സൂക്ഷിക്കുന്ന കെഎസ് ചിത്രയെന്ന വാനമ്പാടിക്ക് യുവഗായകരായ അഫ്സലും സിത്താരയും ആശംസകള്‍ നേര്‍ന്ന് അനുഭവങ്ങള്‍ പങ്ക് വെക്കുന്നു.
അഫ്സല്ഃ
ചേച്ചിയോടൊപ്പ ഒരു പാട്ടുപാടാന്‍ കഴിയുകയെന്നത് എന്റെ ഒരു സ്വപ്നമായിരുന്നു. 1992 -ല്‍ ഒരുപരിപാടിയില്‍ കോറസ് പാടുന്നതിനായാണ് ഞാന്‍ ചേച്ചിയുടെ അടുത്തെത്തുന്നത്.
എസ്പി ബാലസുബ്രഹ്മണ്യം സാറും മാര്‍കോസ് ചേട്ടനുമാണ് പാട്ടിന്റെ ലീഡിംഗ്. ഒരു വര്‍ഷത്തിന് ശേഷം 1993-ല്‍ ജെയ്സണ്‍ ആന്റണി സാറാണ് ചേച്ചിയോടൊപ്പം ഒരു ഡ്യുയറ്റ് സോംഗ് ആലപിക്കാന്‍ ആദ്യമായി ക്ഷണിക്കുന്നത്. അന്ന് നാലോളം പാട്ടുകള്‍ ചേച്ചിയോടൊപ്പം പാടാന്‍ സാധിച്ചു. ചേച്ചിയോടൊപ്പൊം പാടാന്‍ കഴിഞ്ഞ ഈ അവസരത്തെ ഒരു സ്വപ്ന സാക്ഷാത്കാരമായിട്ടാണ് ഈ പിറന്നാള്‍ ദിനത്തില്‍ ചേച്ചിയെ കുറിച്ച് ഞാനോര്‍ക്കുന്നത്. ഒരുപാടു നാള് ആ കുയില്‍ നാദം കേള്‍ക്കാന്‍ സാധിക്കട്ടെ. എല്ലാ സൗഖ്യങ്ങളും നേര്‍ന്ന് നമ്മുടെ സ്വന്തം ചിത്ര ചേച്ചിക്ക് എന്റെ പിറന്നാള്‍ ആശംസകള്‍.
സിത്താരഃ
ഒരു മത്സരപരിപാടിക്കിടെയാണ് ആദ്യമായി ചേച്ചിയെ ഞാന്‍ പരിചയപ്പെടുന്നത്. ചേച്ചിയോടൊപ്പം ഒരുമിച്ച് പാടാനും അവസരമുണ്ടായി. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചപ്പോള്‍ ചേച്ചിയോട് വളരെ അടുത്തു.ആദ്യമായി കാണുന്പോള്‍ എനിക്ക് ചേച്ചിയില്‍ നിന്നും ലഭിച്ച സ്നേഹം ഇന്നും ഞാന്‍ നേരില്‍ അനുഭവിക്കുന്നു.
ഒരു വലിയ ഗായികയുടെ യാതൊരു ഭാവവുമില്ലാതെ എല്ലാവരോടും ഒരേപോലെ സംസാരിക്കുകയും വാല്‍സല്യം ചൊരിയുകയും ചെയ്യുന്നതാണ് ചേച്ചിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥയാക്കുന്നത്. മനുഷ്യര്‍ എങ്ങനെ ആയിരിക്കണം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ചിത്രചേച്ചി. എന്നെ പോലുള്ള പുതിയ തലമുറ ഗായഗരും അല്ലാത്തവരും അത് നേരില്‍ അനുഭവിച്ചറിഞ്ഞതുമാണ്. എല്ലാവരോടും വ്യക്തി ബന്ധം മാത്രമല്ല, കുടുംബബന്ധം കൂടി കാത്തുസൂക്ഷിക്കാന്‍ ചേച്ചി ശ്രമിക്കാറുണ്ട്. എന്റെ കുടുംബത്തോടും നല്ല ബന്ധമാണ് ചേച്ചിക്കുള്ളത്. ചേച്ചിയുടെ പിറന്നാള്‍ ദിനത്തില്‍ ചേച്ചിയെ കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല. എന്നാല്‍ പറയാനായി വാക്കുകളും കിട്ടില്ല. ഇതു തന്നെയാണ് ചേച്ചിയുടെ സവിശേഷയും. ഒരുപാട് സന്തോഷങ്ങള്‍ പങ്കു വയ്ക്കാനും ഇനിയുമൊരുപാട് മനോഹര ഗാനങ്ങള്‍ പാടാനും ചേച്ചിക്ക് കഴിയട്ടെയന്ന് ആശംസിക്കുന്നു..