ബ്രിട്ടീഷുകാര്‍ക്ക് സംസ്കാരവും ബഹുമാനവും ഉള്ളതുകൊണ്ട് ഗാന്ധി ജയിച്ചു
“ഈ ഗാന്ധിസേവാസദനം നമുക്ക് സംരക്ഷിക്കണം”
“എങ്ങനെ..? ആരുണ്ട് കൂടെ..?”
“ഗാന്ധിജി ഇല്ലേ..? അദ്ദേഹം കാട്ടിത്തന്ന വഴികളില്ലേ..?
സഹന സമരം.. നമുക്ക് നിരാഹാരമിരിക്കാം.. മരണം വരെ.. ഞാനുണ്ട്..”
“ഹും.. ചെറുപ്പക്കാരാ.. ബ്രിട്ടീഷുകാര്‍ക്ക് സംസ്കാരവും ബഹുമാനവും ഉള്ളതുകൊണ്ട് ഗാന്ധി സമരങ്ങള്‍ വിജയിച്ചു..”
ഷെറിയുടെ സിനിമ. വിനയ് ഫോര്‍ട്ടിന്റെ ഗാന്ധിയന്‍ വേഷം. മൈഥിലി, ജോയ് മാത്യു, മാമുക്കോയ, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖ താരങ്ങള്‍. ഗോഡ്സെ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഗോഡ്സെ എന്ന മനുഷ്യന് വീണ്ടും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടം നല്കുമ്പോള് ആ വാക്കില്‍ നിന്നും പുതിയ രാഷ്ട്രീയ ഭാവം കണ്ടെത്തുകയായിരുന്നു ഷെറി. ഗോഡ് സെ എന്നതില്‍ നിന്നും ദൈവം പറയുന്നത് എന്ന അര്‍ത്ഥം കൂടി അദ്ദേഹം കണ്ടെത്തി. ഇനി ആരാണ് ദൈവം എന്നതാണ് ചോദ്യം. അതിന്റെ ഉത്തരമാണ് സിനിമ.
പൊളിഞ്ഞുവീഴാറായ ലോഡ്ജിലെ ഒരു പണിയും ഇല്ലാതെ കുറെ പേര്. പഴയകാല ചായക്കടകള്‍ അനുസ്മരിപ്പിക്കും വിധം ചില ചര്‍ച്ചകളും മറ്റുള്ളവന്റെ സ്വകാര്യതയിലേക്കുള്ള മലയാളിയുടെ എത്തി നോട്ടവും അവിടെ പ്രകടമാണ്. ആകാശവാണിയില്‍ ജോലി ചെയ്യുന്ന ഹരിശ്ചന്ദ്രന് അവിടെയാണ് താമസം. ചായയിലും, ഇഡലിയിലും വരെ മദ്യം ഒഴിച്ചു കഴിക്കുന്ന അമിത മദ്യപാനി. കൂട്ടിന് കുറെ കലാകാരന്മാരും മദ്യപാനികളും. രസകരമായ ജീവിതം രസച്ചരട് മുറിഞ്ഞുപോകാതെ അവതരിപ്പിച്ചു. 1991 കളില്‍ ആകാശവാണി എന്തായിരുന്നുവെന്നും നമ്മെ എത്രത്തോളം സ്വാധീനിച്ചിരുന്നുവെന്നും സിനിമ തുടക്കത്തില്‍ തന്നെ പറയുന്നു. ബ്ലാക് ആന്റ് വൈറ്റ് ടിവിയൊക്കെ കടന്നു വരുന്നത് പ്രേക്ഷകനെ ഒരു കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന് ഇടയാക്കി. ഇങ്ങനെയുള്ള ഓരോ സീനിലും സ്ക്രീനില്‍ കാണിക്കുന്ന ഓരോ വസ്തുവിലും കൃത്യമായ രാഷ്ട്രീയം കണ്ടെത്തിയിരുന്നു സംവിധായകര്‍ എന്നത് പ്രശംസനീയമാണ്.
യാദൃശ്ചികമായി ആകാശവാണിയിലെ ഗാന്ധിമാര്‍ഗം പരിപാടി ചെയ്യേണ്ടി വരുന്ന ഹരിശ്ചന്ദ്രനിലുണ്ടാകുന്ന മാറ്റത്തോടെയാണ് സിനിമയ്ക്ക് പുതിയ ദിശാബോധം കൈവരുന്നത്. “ഇതൊരു പുസ്തകമല്ല.. ഒരു ലഹരിയാണ്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ മദ്യത്തേക്കാള്‍ അപകടം..” ഗാന്ധിജിയിലേക്ക് സഞ്ചരിച്ചുതുടങ്ങിയ ഹരിശ്ചന്ദ്രനോട് ജോയ് മാത്യു അവതരിപ്പിച്ച കഥാപാത്രം പറയുന്ന ഈ വാക്കുകളാണ് സിനിമയുടെ കാമ്പ്. പിന്നീട് കഥ പോകുന്നതും ഇതിലൂടെയാണ്. ഗാന്ധിജി എന്താണെന്നും ഇപ്പോള്‍ എന്ത് ചിന്തിക്കുന്നുവെന്നും പറയാന്‍ സാധിക്കുന്ന വിധത്തിലേക്ക് ആ മഹാത്മാവുമായി ഹരിശ്ചന്ദ്രന് അടുത്തിരുന്നു. ഒരു ദൈവം ആയിരുന്നുവെങ്കില്‍ ഗാന്ധി വചനങ്ങള്‍ക്ക് ഇന്നും വലിയ പരിഗണന കിട്ടുമായിരുന്നു എന്ന വാക്കുകള്‍ സമകാലിക രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയാണ്.
രാജീവ് ഗാന്ധി വധം, 1991 ലെ നരസിംഹറാവു സര്‍ക്കാര്‍ എന്നിവ ഹരിശ്ചന്ദ്രനെ അസ്വസ്ഥനാക്കുന്നു. സംഭവങ്ങളുടെ പഴയകാല പത്രങ്ങള്‍ തന്നെ ദൃശ്യവല്‍കരിച്ചത് എടുത്തുപറയേണ്ട ഒന്നാണ്. ആഗോളവല്കരണ നയങ്ങളുടെ തുടക്കമായിരുന്നു ഈ സര്‍ക്കാര്‍. സ്വയം ഗാന്ധിയായി മാറിയ ഹരിശ്ചന്ദ്രന് ഈ വാര്‍ത്തകളില്‍ അസ്വസ്ഥനായി ബോധരഹിതനാകുന്നു. ശരിക്കും ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ആദര്‍ശ ജീവിതത്തിന് താങ്ങാനാകാത്ത ഒന്നാകുമായിരുന്നു ആ നയങ്ങള്‍ എന്ന് സിനിമ പറഞ്ഞു. എല്ലാം വിലപേശലാകുന്ന ലോകം വരുന്നു എന്ന ആപത് സൂചന കൃത്യമായി വരച്ചിടുന്നുണ്ട് സിനിമ. അതിന്റെ ഭാഗമായി ആകാശവാണി പോലും ഗാന്ധിയെ മറന്ന് പുതിയ കച്ചവട തന്ത്രങ്ങളിലേക്ക് നീങ്ങി. ലാഭക്കണ്ണുകള്‍ മാത്രം ചുറ്റും കണ്ടുതുടങ്ങി. രോഗങ്ങള്‍ക്കുള്ള മരുന്ന് പ്രകൃതിയില്‍ നിന്നും കണ്ടെത്തണമെന്ന പുതിയ കാലത്തിന് നല്കാവുന്ന ഏറ്റവും വലിയ ഉപദേശമാണ് സിനിമ പങ്കുവെക്കുന്നത്. മൂത്ര ചികില്‍സ, മണ്ണ് ചികില്‍സ എന്നിവയാണ് ഗാന്ധിയിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്. മരുന്ന് തീനികളായി രോഗം വരുത്തിവെച്ചും ആശുപത്രികളെ വളര്‍ത്തിയും കച്ചവടക്കണ്ണുകള് നിറയുകയാണ്. പ്രകൃതിയിലേക്ക് മടങ്ങാം എന്ന സിനിമ ഉയര്‍ത്തുന്ന മുദ്രാവാക്യത്തിന് ഇന്ന് വലിയ പ്രസക്തിയാണുള്ളത്.
വയറില്ലാത്ത ഫോണ്‍ വരുന്നതൊക്കെ അന്ന് വലിയ അത്ഭുതങ്ങളായിരുന്നെന്ന് സിനിമ കാണുന്ന പുതിയ തലമുറ ഉള്‍കൊള്ളാന്‍ പ്രയാസപ്പെടും. ഗാന്ധിയെ മറക്കുന്ന ജനത എന്നാണ് സിനിമ മുന്നോട്ട് വെക്കുന്ന ആശയം എന്ന് തോന്നാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിനിമ പറയുന്ന രാഷ്ട്രീയം അതല്ല. ചരിത്രം മറക്കുന്ന ജനതയ്ക്ക് മുന്നിലേക്ക് ഒരു ഓര്‍മ്മപ്പെടുത്തലാണ് ഗോഡ് സെ. സ്വന്തമായി നാടകം രചിച്ച് അഭിനയിച്ച് ചരിത്രം പഠിപ്പിക്കാനുള്ള ഒരുക്കത്തിലായരുന്നു പിന്നീട് ഹരിശ്ചന്ദ്രന്. ഗന്ധിമാര്ഗം എന്ന പേരാണ് ആദ്യം തന്റെ നാടകത്തിന് നല്കിയ പേര്. എന്നാല്‍ അത് മാറ്റി ഗോഡ് സെ എന്നാക്കുന്നു. ഗാന്ധിവധമാണ് പ്രമേയമെന്ന് തോന്നാം. എന്നാല്‍ അങ്ങനെയല്ല. ദൈവം പറയുന്നത് എന്ന് തന്നെയാണ് സിനിമ ഉദ്ദേശിക്കുന്നത്. ചരിത്രത്തിന്റെ പുനരാഖ്യാനത്തിലൂടെ കച്ചവട മനസിലേക്ക് ചുരുങ്ങുന്ന മനുഷ്യജീവിതങ്ങളെ ചരിത്രബോധമുള്ള തലമുറകളാക്കി വാര്‍ത്തെടുക്കാനുള്ള ഉദ്യമത്തിലായിരുന്നു അയാള്‍. കൂട്ടിന് കുറെ പേരുണ്ട്. നാടിനെ സ്നേഹഹിച്ചവരും കലയെ ജീവിതമാക്കിയവരും. ഒടുവില്‍ സ്വയം ഗാന്ധിയായി അവരോധിച്ച് തോറ്റ് മടങ്ങാനില്ലെന്ന പ്രഖ്യാപനമാണ് ഹരിശ്ചന്ദ്രന് നടത്തുന്നത്. ഒരു തരത്തില്‍ മറ്റൊരു സമരം തന്നെയായിരുന്നു അത്.
ഗോഡ് സെ പറയുന്നത് ഒരു വാക്കില്‍ ഒതുങ്ങുന്നതല്ല. അത് സിനിമ കണ്ട് തന്നെ ബോധ്യപ്പെടണം. ചെറിയ വാചകങ്ങളിലും ഓരോ സീനിലും കൃത്യമായ രാഷ്ട്രീയം പറഞ്ഞാണ് സിനിമ മുന്നോട്ട് പോകുന്നത്. നായക കേന്ദ്രീകൃതമായ സിനിമ എന്ന വിശേഷണം നല്‍കാമെങ്കിലും ആശയ കേന്ദ്രീകൃതമായ സിനിമ എന്ന് പറയാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇന്ന് നാം അനുഭവിക്കുന്ന വികസനമെന്ന ലോകത്ത് ചരിത്രത്തെ മറന്നുള്ള വര്‍ത്തമാനങ്ങള്‍ എത്രത്തോളം അപകടമാണെന്ന് സിനിമ അവസാനിപ്പിക്കുമ്പോള്‍ മനസിലാക്കാവുന്നതാണ്. ഇപ്പോഴുള്ള സുഖത്തെക്കാള്‍ വലിയ അപകടമാണ് വരാന്‍ പോകുന്ന കാലമെന്ന് സിനിമ പറഞ്ഞുവെക്കുന്നു.
മൈഥിലിയുടെ കഥാപാത്രം എടുത്ത് പറയേണ്ടതാണ്. വിനയ് ഫോര്‍ട്ട് തന്റെ അഭിനയ ജീവിതത്തില്‍ ചെയ്ത ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമ ഇതായിരിക്കുമെന്ന് കരുതുന്നു. അത്രയേറെ ഈ സിനിമയ്ക്ക് വേണ്ടി അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. അതിന്റെ ഫലം ഓരോ സീനിലും കാണാം. നല്ല അഭിനേതാക്കളുടെ നല്ല സിനിമ എന്ന വിശേഷണത്തിന് അര്‍ഹമാണ് ഗോഡ് സെ. ജോയ് മാത്യുവും മാമുക്കോയയും ഇന്ദ്രന്‍സും പ്രധാനകഥാപാത്രങ്ങളായി തിളങ്ങി നിന്നു. ഓരോ കഥാപാത്രത്തിനും കൃത്യമായ ഒരിടം നല്കാന് സിനിമയ്ക്ക് സാധിച്ചു. ഗോഡ്സെയായി ഏതാനും മിനുട്ടുകള്‍ മാത്രം വന്ന സന്തോഷ് കീഴാറ്റൂരും എടുത്ത് പറയേണ്ട അഭിനയമാണ് കാഴ്ചവെച്ചത്. മാടായി പാറ ഒരിക്കല്‍ കൂടി സിനിമയുടെ ദൃശ്യഭംഗി കൂട്ടി.
ഷെറിയും ഷൈജു ഗോവിന്ദുമാണ് സിനിമയുടെ സംവിധാനം. അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ വേറിട്ട മലയാള സിനിമയായിരിക്കും ഗോഡ് സെ എന്നതില്‍ തര്‍ക്കമില്ല.