ഞാന്‍ യാചിക്കുകയാണ്, ഈ രാത്രിയെങ്കിലും ഇവര്‍ക്ക് വേണ്ടി സംസാരിക്കു..

വെബ് ഡസ്ക്

രാജ്യത്ത് കര്‍ഷക പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോഴും അത് പ്രധാന ചര്‍ച്ചാവിഷയമായി എടുക്കാത്ത മാധ്യമങ്ങള്‍ക്കെതിരെ മിറര്‍ നൗ ചാനല്‍. ടടെംസ് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇംഗ്ളീഷ് ചാനലായ മിറര്‍ നൗവിന്‍റെ ചര്‍ച്ചാവേളയിലാണ് അവതാരിക ഏറെ വൈകാരികമായി കര്‍ഷകര്‍ക്ക് വേണ്ടി സംസാരിച്ചത്. രാജ്യത്തെ കര്‍ഷകന്‍റെ യഥാര്‍ത്ഥ ജീവിതം വരച്ചുകാട്ടുകയും നമ്മുടെ ഉത്തരവാദിത്വങ്ങളെ ഓര്‍മ്മിപ്പിക്കുകയും ചെയ്ത അവതാരികയുടെ വാക്കുകളിലേക്ക്..

”അമ്പതിനായിരം കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. ആ കര്‍ഷകരോട്, ഇന്ത്യയിലെ കര്‍ഷകരോട്, എനിക്ക് ഇപ്പോള്‍ മാപ്പ് ചോദിക്കേണ്ടിയിരിക്കുന്നു. കര്‍ഷകരോട് മാപ്പ് ചോദിക്കേണ്ടത് എന്‍റെ ആവശ്യമായിരിക്കുന്നു. കാരണം, ഈ രാത്രിയില്‍ മറ്റെല്ലാ വാര്‍ത്താ ചാനലുകളും ചര്‍ച്ച ചെയ്യുന്നത് പാക്കിസ്ഥാനെ സംബന്ധിച്ചാണ്. നമ്മുടെ രാജ്യത്ത് എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് നോക്കുനിങ്ങള്‍. കര്‍ഷകര്‍ സമരത്തിലാണ്. എന്തുകൊണ്ട് ഈ ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തയായി കര്‍ഷകരുടെ സമരം മാറുന്നില്ല.? ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് വരികയാണ്. എല്ലാവര്‍ക്കും ഒരേ ആവശ്യമാണ്. അതുകൊണ്ട് ഇവിടെ ഭയാനകമായ, ഞെട്ടിപ്പിക്കുന്ന എന്തോ തെറ്റ് നടക്കുന്നുണ്ട്.

നിങ്ങള്‍ 180 രൂപ കൊടുത്ത് മാര്‍ക്കറ്റില്‍ നിന്നും ഒരു കിലോ മാതളനാരങ്ങ (ഉറുമാമ്പഴം) വാങ്ങുകയാണെങ്കില്‍ അത് കൃഷി ചെയ്ത കര്‍ഷകന് ലഭിക്കുന്നത് വെറും 10 രൂപയാണ്. 28 അല്ലെങ്കില്‍ 30 രൂപ കൊടുത്ത് മാര്‍ക്കറ്റില്‍ നിന്നും ഒരു കിലോ ചുവന്നുള്ളി നിങ്ങള്‍ വാങ്ങുമ്പോള്‍ അത് കൃഷി ചെയ്ത കര്‍ഷകന് ലഭിക്കുന്നത് വെറും രണ്ട് രൂപയാണ്. കഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്തെ കര്‍ഷകന്‍റെ അവസ്ഥയാണിത്. നാല് വര്‍ഷം.

നമ്മുടെ കര്‍ഷകര്‍ ദാരിദ്ര്യത്തിലാണ്. ഒരു മുതിര്‍ന്ന മനുഷ്യനെ ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് കാണാം. നോക്കൂ, ആ മുതിര്‍ന്ന കര്‍ഷകന്‍ നിരാശയോടെ തന്‍റെ കാര്‍ഷികവിളവ് നിലത്തെറിഞ്ഞുടയ്ക്കുകയാണ്. നശിപ്പിക്കുകയാണ്. ഈ രാജ്യത്തെ ഒരു കര്‍ഷകനാണ് അയാള്‍. കൃഷിചെയ്ത ഉല്‍പ്പന്നം വില്‍ക്കാതെ നിലത്തെറിഞ്ഞുടയ്ക്കുന്ന പ്രതിഷേധമാണ് കാണുന്നത്. വേറെ എന്താണ് ചെയ്യേണ്ടതെന്നറിയാത്ത കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്.

മറ്റൊരു വീഡിയോ നോക്കു. ഇന്ന് നാസിക്കില്‍ സംഭവിച്ചതാണ്. കൃഷിചെയ്ത് തന്‍റെ ട്രാക്ടറില്‍ കൊണ്ടുവന്ന ചുവന്നുള്ളികള്‍ കര്‍ഷകന്‍ റോഡില്‍ നിക്ഷേപിക്കുകയാണ്. വില്‍ക്കാന്‍ കൊണ്ടുവന്ന സാധനമാണ് റോഡില്‍കളയുന്നത്. അത് വിറ്റാല്‍ അയാള്‍ക്ക് ലാഭം കിട്ടുന്ന രാജ്യമല്ല ഇപ്പോള്‍ ഇന്ത്യ. തിരിച്ച് ഗ്രാമത്തിലേക്ക് കൊണ്ടുപോകാനുള്ള ഡീസല്‍ ചിലവ് ആ കര്‍ഷകന് താങ്ങാനും കഴിയില്ല. അത് സൂക്ഷിച്ചുവെക്കാന്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ സ്ഥലങ്ങളില്ല. അത് റോഡില്‍ നിക്ഷേപിച്ച് പ്രതിഷേധിക്കുകയാണ്. ഈ വീഡിയോകള്‍ ഇന്നത്തെ രാത്രി നമ്മുടെ ഹൃദയമിടിപ്പ് കൂട്ടുന്നില്ലെങ്കില്‍, നമുക്ക് അസ്വസ്ഥനാകാന്‍ പോലും അര്‍ഹതയില്ല.

മാര്‍ക്കറ്റില്‍ പോയി നല്ല സാധനങ്ങള്‍ തിരഞ്ഞെടുത്ത് നമ്മള്‍ വാങ്ങിക്കും. അപ്പോള്‍ കര്‍ഷകന്‍റെ മുഖത്ത് നമ്മളോട് സ്നേഹമുണ്ടാകും. ആ സാധനങ്ങള്‍ ഉപയോഗിച്ച് ഇന്ന് രാത്രി നമ്മള്‍ നല്ല ഭക്ഷണം കഴിക്കും. നമുക്ക് വേറെ ഒന്നും പ്രശ്നമല്ല. നാട്ടിലെ കര്‍ഷകന് വേണ്ടി നാം ചെയ്യുന്നത് ഇതില്‍ തീരുകയാണ്. അവര്‍ക്ക് ട്വിറ്ററില്ല, അവര്‍ക്ക് ഫേസ്ബുക്ക് ഇല്ല, അവര്‍ക്ക് എവിടെയും പ്രവേശനമില്ല, അവര്‍ക്ക് അവകാശത്തെക്കുറിച്ച് അറിയില്ല. അവര്‍ക്ക് ഇത്തരം വിവരങ്ങളൊന്നും ലഭിക്കുന്നില്ല. അതുകൊണ്ട് അവരെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

രാജ്യം തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. നമ്മള്‍ നമുക്ക് വേണ്ടിയാണ് വോട്ടുചെയ്യുന്നത്. എന്നാല്‍ ഞാന്‍ നിങ്ങളോട് യാചിക്കുകയാണ്, നമ്മള്‍ കര്‍ഷകര്‍ക്ക് വേണ്ടി വോട്ട് ചെയ്യണം, ചോദ്യങ്ങള്‍ ചോദിക്കണം, ഇപ്പോള്‍ സംഭവിക്കുന്നത് അറിയണം, വായിക്കണം, വിവരങ്ങള്‍ തേടണം, കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളണം. കാരണം, നിങ്ങള്‍ ഇന്ന് നമ്മുടെ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്നില്ലെങ്കില്‍ നാളെ നമ്മുടെ കുട്ടികള്‍ വിശക്കുന്നവരായി മാറും. അത് നമ്മുടെ തെറ്റാണ്. വീട്ടിലുള്ള കുട്ടികളുടെ മുഖത്തേക്ക് നോക്കു. കര്‍ഷകന്‍റെ അധ്വാനവും വിയര്‍പ്പുമാണ് നമ്മുടെ കുട്ടികളുടെ പുഞ്ചിരി. നമ്മള്‍ കുട്ടികള്‍ക്ക് കൊടുക്കുന്ന പോഷകാഹാരം കര്‍ഷകന്‍റെ ജീവിതമാണ്.

ഇന്ന് കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തുകയാണ്. ഈ കര്‍ഷകര്‍ക്ക് കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ ഞാന്‍ യാചിക്കുകയാണ്. മാധ്യങ്ങളോട് അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഞാന്‍ യാചിക്കുകയാണ്. അവര്‍ക്ക് അത് ആവശ്യമാണ്. നമ്മള്‍ അത് ചെയ്യാതിരുന്നാല്‍, നമ്മള്‍ അതില്‍ വീഴ്ച വരുത്തിയാല്‍ ഈ രാജ്യവും വീണുപോകും.
എന്‍റെ വാക്കുകള്‍ കേട്ടതിന് നന്ദി”

അവതാരികയുടെ ഈ ഓര്‍മ്മപ്പെടുത്തലുകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *