താരങ്ങളുടെ നിലപാടിന് ഇതാണ് അവസ്ഥ : തപ്സി പന്നുവിന്റെ ഥപട് കാണുന്നത് വിലക്കണം
ഥപട് കാണുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽമീഡിയയിൽ ബോയ്ക്കോട്ട് ഥപട് ക്യാമ്പെയിൻ. തപ്സി പന്നു നായികയാകുന്ന ഥപട് എന്ന ചിത്രം കാണുന്നത് വിലക്കണം എന്ന ആവശ്യമാണ് ഹാഷ്ടാഗിലൂടെ പലരും ആവശ്യപ്പെടുന്നത്. അടുത്തകാലത്തായി രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങളിൽ പ്രതികരിച്ചു എന്ന കാരണം പറഞ്ഞാണ് ഒരു വിഭാഗം ആളുകൾ തപ്സിക്കെതിരെ ഹാഷ്ടാഗ് ക്യാമ്പെയിൻ നടത്തുന്നത്.
സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ തപ്സി പന്നു ശക്തമായി പ്രതികരിക്കാറുണ്ട്. പൗരത്വബില്ലിനെതിരെ തപ്സി നടത്തിയ പ്രതിഷേധങ്ങളും ജെ.എന്‍.യുവില്‍ മര്‍ദനത്തിനിരയായ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച് അവരോടൊപ്പം സമരത്തില്‍ പങ്കെടുത്തതും വലിയ ചർച്ചയായിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ നിരവധി സൈബര്‍ ആക്രമണങ്ങളും താരം നേരിടുന്നുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് ബോയ്ക്കോട്ട് ഥപ്പട് ഹാഷ്ടാഗ്.
ഭാര്യയെ അല്ലെങ്കില്‍ ജീവിതപങ്കാളിയെ തല്ലിയാല്‍ നിസ്സാരവല്‍ക്കരിക്കുന്ന പൊതുസമൂഹത്തോടുള്ള ചൂണ്ടുവിരലാണ് അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ഥപട്. സ്നേഹം അല്ലെങ്കില്‍ ദേഷ്യം ശാരീരിക അതിക്രമത്തിലൂടെ പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് അനുഭവ് സിന്‍ഹ ഈ ചിത്രത്തിലൂടെ നല്‍കുന്നത്. ഫെബ്രുവരി 28 നാണ് റിലീസ് ചെയ്യുന്നത്. ദിയ മിര്‍സ, പവലി ഗുലാട്ടി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.