ഗോദ എന്ന ലക്ഷ്യം..

നമുക്കുചുറ്റും കാണുന്ന ചില ജീവിതങ്ങളാണ് ഗോദ. സ്വാതന്ത്ര്യത്തിന്‍റെ കഥയാണ് ഗോദ. കുഞ്ഞിരാമായണത്തിലൂടെ ഗ്രാമീണതയുടെ നിഷ്കളങ്കത വ്യത്യസ്തമായ നിലയില്‍ മലയാളിക്ക് മുന്നില്‍ അവതരിപ്പിച്ച ബേസില്‍ ജോസഫ് തന്‍റെ രണ്ടാം വരവും ഗംഭീരമാക്കി എന്ന് തന്നെ പറയാം. ഗ്രാമീണതയും, മലയാളിയുടെ ചില ശീലങ്ങളും, സ്വഭാവങ്ങളും അതോടൊപ്പം കൂട്ടായ്മയും ഭംഗിയായി അവതരിപ്പിക്കാന്‍ ഗോദയിലും ബേസിലിന് കഴിഞ്ഞിട്ടുണ്ട്. ഗ്രാമത്തിന്‍റെ കൂട്ടായ്മയാണ് മലയാളത്തിന്‍റെ സ്വത്ത്. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും അവര്‍ ഒന്നിച്ചെ നില്‍ക്കു.

18519673_1772554452774568_3902802487730191763_nരണ്ട് മണിക്കൂര്‍ പ്രേക്ഷകനെ ചിരിപ്പിച്ചു മുന്നേറുകയാണ് ഗോദ. പേരിലും ട്രെയിലറിലും പോസ്റ്ററിലുമെല്ലാം ഒരു ആക്ഷന്‍ സിനിമയുടെ പ്രതീതി സൃഷ്ടിച്ചെങ്കിലും അത്തരത്തിലൊരു ട്രീറ്റ്മെന്‍റ് അല്ല ഗോദ. തുടക്കം മുതല്‍ ഗുസ്തിയില്‍ ഉറച്ചു നിന്ന് അവസാനം വരെ കഥയുടെ കെട്ട് വിട്ടുപോകാതെ കൈകാര്യം ചെയ്തതാണ് ഗോദയുടെ വിജയരഹസ്യം. ഓരോ സീനിലും ഹാസ്യത്തിന്‍റെ മേമ്പൊടി ചേര്‍ത്തു. ഗൗരവമേറിയ സീനുകളില്‍ പോലും ചിരിക്കാനുണ്ട്. അതോടൊപ്പം ചിന്തിക്കാനും. പെണ്ണിന്‍റെ സ്വാതന്ത്ര്യമാണ് സിനിമയിലുടനീളം ചര്‍ച്ച ചെയ്യുന്നത്. എന്തൊക്കെ പറഞ്ഞാലും, എത്ര വലിയ മനസുള്ളയാളായാലും പെണ്ണ് അടങ്ങിയൊതുങ്ങി ജീവിക്കണമെന്ന കാഴ്ചപ്പാടാണ് എല്ലാ സമൂഹത്തിലും ഉള്ളത് എന്ന് സിനിമ അടിവരയിട്ടു പറയുന്നു. തുടക്കം മുതല്‍ നായികയുടെ കൂടെ നില്‍ക്കുന്ന ടോവിനോയുടെ നായക കഥാപാത്രം അവസാനം തന്‍റെ ആണ്‍കോയ്മ പുറത്തെടുക്കുന്നുണ്ട്. അവിടെയും തന്‍റെ ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വാമിഖയുടെ അതിഥി.

imagesഒരു പൈങ്കിളി പ്രണയം ഒരുക്കാനുള്ള എല്ലാ ചേരുവകളും സിനിമയിലുണ്ടായിട്ടും നായികയെ കരുത്തുറ്റ കഥാപാത്രമാക്കി തന്നെ നിര്‍ത്തിയതില്‍ രചന നിര്‍വ്വഹിച്ച രാജേഷ് അഭിനന്ദനമര്‍ഹിക്കുന്നു. ഒരു സീനിനും വിശദീകരണം നല്‍കാന്‍ ബേസിലും എഡിറ്റര്‍ അഭിനവ് സുന്ദറും മുതിര്‍ന്നില്ല എന്നത് മാറുന്ന മലയാള സിനിമയുടെ മറ്റൊരു പരീക്ഷണമായി കാണാം. “അവളെക്കാള്‍ ഉയരത്തില്‍ നീ എത്തി എന്ന് തോന്നുമ്പോഴേ നിനക്ക് അവളെ പ്രണയിക്കാന്‍ കഴിയു” എന്ന അച്ഛന്‍റെ വാക്കുകളില്‍ നിന്നുമാണ് അതിഥിയെപ്പോലെ ഗോദ കീഴടക്കാനുള്ള ലക്ഷ്യത്തിന് വേണ്ടി ആജ്ഞനേയദാസ് പ്രയാണം ആരംഭിക്കുന്നത്. ഒടുവില്‍ തന്‍റെ ലക്ഷ്യത്തിലെത്തിയ നായകനെ ഒരു ഗുസ്തി സീനില്‍ മാത്രം ഒതുക്കി അവതരിപ്പിച്ചതില്‍ പ്രേക്ഷകന് ഒട്ടും മുഷിപ്പ് തോന്നുന്നില്ല. വിഷ്വലുകളില്‍ നിന്നും പ്രേക്ഷകന് സ്വാഭാവികമായി ഊഹിച്ചെടുക്കാവുന്ന കഥപറച്ചില്‍ രീതിയാണ് സിനിമയില്‍ പ്രയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ട് മണിക്കൂര്‍ എന്നത് കുറഞ്ഞുപോയതായി അനുഭവപ്പെടുന്നുമില്ല. സിനിമ തീരുമ്പോള്‍ ഒരു സീനിനെ കുറിച്ചും സംശയവും പ്രേക്ഷകനുണ്ടാകുന്നില്ല. മലയാള സിനിമയ്ക്ക് പുതിയ രുചിയാണ് ഗോദ സമ്മാനിക്കുന്നത്.
കഥാപാത്രങ്ങളെ തിരഞ്ഞെടുത്തതിലും അവര്‍ക്ക് കൃത്യമായ സ്പേസ് നല്‍കിയതിലും മികച്ച മാതൃകയാണ് ഗോദ. കുറച്ച് കാലമായി മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാനാകാത്ത നടനാണ് രഞ്ജി പണിക്കര്‍. അദ്ദേഹത്തിന്‍റെ പല കഥാപാത്രങ്ങളും ഇതിനകം മലയാളിയുടെ ഹൃദയം കീഴടക്കിയെങ്കിലും തിയേറ്റര്‍ വിട്ടുപോയാലും മനസില്‍ നിന്നും മായാതെ നില്‍ക്കുന്ന കഥാപാത്രമാണ് ഗോദയിലെ ക്യാപ്റ്റന്‍. യഥാര്‍ത്ഥത്തില്‍ ക്യാപ്റ്റനാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. ഗോദയില്‍ വിജയിച്ച ഗുസ്തിക്കാരനായും ജീവതത്തില്‍ സ്വപ്നങ്ങള്‍ കുഴിച്ചുമൂടി സ്വയം മുഖം മൂടിയണിഞ്ഞ കുടുംബനാഥമായും രഞ്ജിപണിക്കര്‍ കൈയ്യടി വാങ്ങി.

18557151_1776828432347170_54801921475615601_nഓരോ സിനിമയിലും ഓരോ മുഖമാണ് ടോവിനോയ്ക്ക്. മൊയ്തീനിലെ അപ്പുവില്‍ നിന്നും ഗോദയിലെ ദാസ് ആകുമ്പോള്‍ ടോവിനോ ആകെ മാറിയപോലെ മലയാളിക്ക് ഫീല്‍ ചെയ്യുന്നു. അത് അഭിനയത്തിന്‍റെ മികവാണ്. പുതിയത് തേടിയുള്ള യാത്രയില്‍ ടോവിനോ വിജയിക്കുന്നു എന്ന് തന്നെ പറയാം. ഹാസ്യവും പ്രണയവും തമ്മിലുള്ള കോമ്പിനേഷന്‍ ആകര്‍ഷകമായി തന്നെ അവതരിപ്പിക്കാന്‍ ടോവിനോയ്ക്ക് സാധിച്ചു. പഞ്ചാബിലെ ഹോട്ടലില്‍ വെച്ച് നാട്ടിലെ ബീഫിനെ കുറിച്ച് പറയുമ്പോള്‍ തിയേറ്ററിലെ നാവുകളിലും വെള്ളമൂറും. സിനിമയിറങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്ത് ഇതു സംബന്ധിച്ച നിയമം ഉണ്ടായത് ഹോട്ടല്‍ രംഗം പ്രേക്ഷകനെ കുറെയേറെ അനുഭവേദ്യമാക്കുന്നതിന് കാരണമായിട്ടുണ്ട്. അവിടെയുണ്ടാകുന്ന പ്രശ്നങ്ങള്‍ ഹാസ്യമായി തന്നെ അവതരിപ്പിക്കുമ്പോഴും ഇപ്പോള്‍ രാജ്യം ചര്‍ച്ച ചെയ്യുന്നു എന്നത് സിനിമയുടെ പ്രമോഷനും കാരണമായിട്ടുണ്ട്.

downloadg

മലയാളിക്ക് പരിചിതമില്ലാത്ത മുഖമാണെങ്കിലും സ്വന്തം വീട്ടിലെ പഞ്ചാബി പെണ്‍കൊടിയായി മലയാളികള്‍ വാമിഖയെ അംഗീകരിച്ച് കഴിഞ്ഞു. തന്‍റെ ലക്ഷ്യത്തിന് വേണ്ടി ഒറ്റയ്ക്ക് പോരാടുന്ന കരുത്തുറ്റ കഥാപാത്രമാണ് അതിഥി. തനി നാടന്‍ മലയാളി ലുക്കില്‍ സാരിയുടുത്ത് വന്നപ്പോഴും തന്‍റെ സ്വാതന്ത്ര്യത്തില്‍ കടന്നുകയറാന്‍ ശ്രമിച്ചവരെ അടിച്ച് നിലംപരിശാക്കുകയാണ് അവള്‍. അവസാനം നിമിഷം വരെ ഒന്നിനും വേണ്ടി വിട്ടുവീഴ്ചയ്ക്ക് അവള്‍ തയ്യാറായിരുന്നില്ല. കരുത്തുറ്റ കഥാപാത്രത്തെ ഉള്‍ക്കൊണ്ടുള്ള അഭിനയമാണ് കാഴ്ചവെച്ചത്. പ്രേക്ഷകനില്‍ അത് അനുഭവിപ്പിക്കാനും അഭിനയമികവിലൂടെ വാമിഖയ്ക്ക് സാധിച്ചു.

18527467_1772971029399577_159032606609281796_o

അജു വര്‍ഗീസ്, ഹരീഷ് പെരടി, മാമുക്കോയ, ശ്രീജിത്ത് രവി, ബിജുക്കുട്ടന്‍, ധര്‍മ്മജന്‍, ഹരീഷ് പെരുമന്ന, പാര്‍വ്വതി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു. നായികയോടൊത്തുള്ള ഇവരുടെ ഗുസ്തി തിയേറ്ററുകളില്‍ പൊട്ടിച്ചിരി പടര്‍ത്തുന്നതായിരുന്നു. ആ ഗുസ്തി സീന്‍ ട്രീറ്റ് ചെയ്തിരിക്കുന്ന രീതിയും പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്.
കഥാ സഞ്ചാരത്തിന് അനുസരിച്ച സംഗീതമാണ് ഷാന്‍ റഹ്മാന്‍ ഒരുക്കിയത്. ഗാനങ്ങളും മികച്ചതായിരുന്നു. വിഷ്ണു ശര്‍മ്മയുടെ ഛായാഗ്രഹണം രണ്ട് മണിക്കൂറിലെ ഓരോ സീനിലും പുതിയ അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നു. ബേസില്‍ ജോസഫിന്‍റെ സംവിധാനമികവ് മലയാള സിനിമയില്‍ ഒഴിച്ചുനിര്‍ത്താനാകില്ലെന്ന് ഗോദ തെളിയിച്ചു. ഡോ. എ വി അനൂപും, മുകേഷ് ആര്‍ മേത്തയുമാണ് നിര്‍മ്മാതാക്കള്‍.

Untitled
ഗോദ ഒരു ലക്ഷ്യമാണ്. ജീവിതത്തില്‍ ഉന്നംവെച്ച ലക്ഷ്യത്തിന് വേണ്ടിയുള്ള ത്യാഗോജ്വലമായ പ്രയാണമാണ്. അതൊരു പെണ്ണിന്‍റെ പ്രയാണമാകുന്നിടത്തും, ഒരാണിന് പ്രചോദനമാകുന്നിടത്തുമാണ് ഗോദ എന്ന സിനിമ സാമൂഹ്യപ്രതിബന്ധതയുള്ള ഒന്നായി മാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *