വ്യത്യസ്ത പ്രമേയം, വേറിട്ട ഗെറ്റപ്പ് : ആർട്ടിക്കിവൾ 21 വരുന്നു..
ഭരണഘടന രാജ്യത്തെ വലിയ ചർച്ചയാകുന്ന സമയത്താണ് ആർട്ടിക്കിൾ 21 സിനിമയുടെ പോസ്റ്റർ റിലീസാകുന്നത്. ആർട്ടിക്കിൾ 15 എന്ന പേരിൽ ഹിന്ദിയിൽ ഇറങ്ങിയ സിനിമ സംവാദങ്ങളും വിമർശനങ്ങളും ഉണ്ടാക്കി കടന്നുപോയതേയുള്ളു. ജാതിയും മതവും നിലനിൽക്കുന്ന ചൂഷണ സമൂഹത്തെയാണ് ആ സിനിമ കാണിച്ചുതന്നത്. മലയാളത്തിൽ ആർട്ടിക്കിൾ 21 വരുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് അതിന്റെ പ്രമേയത്തെയാണ്.
ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവുമാണ് ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 21 ൽ നൽകുന്ന അവകാശം. അത് ചർച്ച ചെയ്യുന്നത് തന്നെയാകും സിനിമയുടെ പ്രമേയം എന്ന് വ്യക്തമാക്കുന്നതായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ. വ്യത്യസ്തമായ പ്രമേയത്തിന് വേറിട്ട ഗെറ്റപ്പിലാണ് നടി ലെന എത്തിയിരിക്കുന്നത്.
നവാഗതനായ ലെനിന് ബാലകൃഷ്ണനാണ് ആര്‍ട്ടിക്കിള്‍ 21 സംവിധാനം ചെയ്യുന്നത്. സിഗരറ്റ് പുകച്ചുകൊണ്ട് ഗ്ലാസിലേക്ക് മദ്യം പകരുന്ന നായികയാണ് മൂന്ന് ഭാഗങ്ങളുള്ള പോസ്റ്ററിലെ പ്രധാന ഭാഗം. മുറുക്കി കറപിടിച്ച പല്ലുമായി നില്ക്കുന്ന ലെനയേയും പോസ്റ്ററില്‍ കാണാം.
ജോജു ജോര്‍ജ്ജ്, അജു വര്‍ഗ്ഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്, മാസ്റ്റര്‍ നന്ദന് രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഛായാഗ്രഹണം അഷ്കറും ഗോപിസുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും കൈകാര്യം ചെയ്യുന്നു.
വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി.ആര്.ഒ – എ.എസ് ദിനേഷ്