ഒറ്റ വില്ലന്‍, കൊറോണ.. കാണാം ഫെഫ്കയുടെ വണ്ടര്‍ വുമണ്‍ വനജ
കൊറോണക്കാലത്ത് സിനിമാ മേഖല സ്തംഭിച്ചുനില്‍ക്കുമ്പോഴും തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുകയാണ് മലയാള സിനിമാ ലോകം. ഫെഫ്കയുടെ നേതൃത്വത്തില്‍ കൊറോണ ബോധവല്‍ക്കരണത്തിനായി ഹ്രസ്വ സിനിമകള്‍ ഒരുക്കിയാണ് മലയാള സിനിമാ പ്രവര്‍ത്തകര്‍ കൊറോണക്കാലത്ത് മാതൃകയാകുന്നത്.
ആദ്യത്തെ സിനിമ വണ്ടര്‍ വുമണ്‍ വനജ എന്ന പേരില്‍ പുറത്തിറങ്ങി. മുത്തുമണിയാണ് കേന്ദ്രകഥാപാത്രമായ വനജയെ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാവരും വീട്ടിലിരിക്കേണ്ടി വരുമ്പോള്‍ നിത്യചിലവിനായി ബുദ്ധിമുട്ടുന്ന ആളുകളാണ് ഏറെ പ്രയാസം അനുഭവിക്കുക. സ്വയം പ്രതിരോധിക്കുന്നതോടൊപ്പം ഇത്തരക്കാരുടെ സുരക്ഷയും നമ്മുടെ ഉത്തരവാദിത്വമാണെന്ന് വനജ ഓര്‍മ്മപ്പെടുത്തുന്നു. മഞ്ജു വാര്യരുടെ ഗസ്റ്റ് റോളും സിനിമയ്ക്ക് കരുത്തേകുന്നു.
ഒന്‍പത് ഹ്രസ്വ സിനിമകളാണ് ഫെഫ്കയുടെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്നത്. ഒന്‍പത് സാധാരണ കഥാപാത്രങ്ങള്‍, ഒന്‍പത് അസാധാരണ സന്ദര്‍ഭങ്ങള്‍, ഒറ്റ വില്ലന്‍, കൊറോണ എന്ന ടാഗ് ലൈനാണ് സിനിമകള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഫെഫ്കയും ഇന്ത്യന്‍ ആഡ് ഫിലിം മേക്കേര്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.
വരും ദിവസങ്ങളില്‍ ബാക്കി എട്ട് സിനിമകളും റിലീസ് ചെയ്യും. നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചിരുന്ന ഫെഫ്കയുടെ തന്നെ യൂട്യൂബ് ചാനല്‍ ഇതിന്റെ ഭാഗമായി ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. കാണാം, വണ്ടര്‍ വുമണ്‍ വനജ..
ബി ഉണ്ണികൃഷ്ണന്, രഞ്ജി പണിക്കര്‍ എന്നിവരാണ് പ്രൊജക്ട് ഹെഡ്. സിജോയ് വര്‍ഗ്ഗീസ്, ഷെല്‍ട്ടണ്‍, ഫെഫ്ക യൂണിയന് എന്നിവരുടേതാണ് ആശയം. അപ്പുണ്ണി, കുമാര്‍ നീലകണ്ഠന്, എ കെ വിനോദ് എന്നിവര്‍ സംവിധാനം. മഹേഷ് രാജ്, സുധീര്‍ സുരേന്ദ്രന്, മുകേഷ് മുരളീധരന്, എന്നിവര്‍ ഛായാഗ്രഹണം. ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും ഇ എസ് സൂരജ്, കാപ്പില്‍ ഗോപാലകൃഷ്ണന്, നെബു ഉസ്മാന് എന്നിവര്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. രാഹുല്‍ രാജ്, റോണി റാഫേല്‍ എന്നിവര്‍ പശ്ചാത്തല സംഗീതവും അരുണ്‍ വര്‍മ്മ സൗണ്ട് ഡിസൈനും നിര്‍വ്വഹിച്ചു.