സത്യം പുറത്തുവരട്ടേ.. അതുവരെ മാധ്യമങ്ങള്‍ ക്ഷമകാണിക്കണം..

മലയാള മാധ്യമങ്ങളുടെ ഇഷ്ടവിഷയമാണ് ഇപ്പോള്‍ ദിലീപ്. തന്‍റെ ഓരോ സിനിമ ഇറങ്ങുമ്പോഴും ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കി സിനിമയെ പരാചയപ്പെടുത്തുകയെന്ന ഗൂഢ ലക്ഷ്യമാണിതെന്ന് ദിലീപും പറയുന്നു. സിനിമാ ലോകത്തെ കുടിപ്പകകള്‍ മലയാളിക്ക് പുതുമയുള്ള കാര്യമല്ല. പക്ഷെ, അതൊരു നടിയെ അക്രമിക്കുക, ക്വട്ടേഷന്‍ നല്‍കുക എന്നിടത്തോളം എത്തിയപ്പോള്‍ അംഗീകരിച്ചുകൊടുക്കാന്‍ മലയാളി തയ്യാറുമല്ല. യഥാര്‍ത്ഥ സത്യം പുറത്തുവരും മുമ്പെ സെന്‍സേഷനുണ്ടാക്കുന്ന മലയാള മാധ്യമങ്ങളുടെ പ്രവര്‍ത്തനം ഇവിടെയും ചര്‍ച്ചയാവുകയാണ്.
പ്രതികള്‍ പോലീസിന് നല്‍കിയ മൊഴികള്‍ വെച്ച് വാര്‍ത്തകള്‍ ചമയ്ക്കുമ്പോള്‍ ഒരു നിമിഷത്തേക്കെങ്കിലും ഒരു നിരപരാധി അപരാധിയായി ജനങ്ങള്‍ക്കുമുന്നിലെത്തുകയാണ്. ദിലീപാണ് ഇതിന് പിന്നിലെങ്കില്‍ ശിക്ഷിക്കുക തന്നെ വേണം. പക്ഷെ, സത്യം പുറത്തുവരും മുമ്പ് തന്നെ തേജോവധവുമായി എത്തിയ മാധ്യമ സംസ്കാരം എത്രത്തോളം ഗുണകരമാണെന്ന് മലയാളി സമൂഹം ചിന്തിക്കുന്നത് നല്ലതായിരിക്കും. നടി അക്രമിക്കപ്പെട്ട സംഭവം മുതല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ദിലീപിനെ സംശയമുനയില്‍ നിര്‍ത്തി വാര്‍ത്തകള്‍ മെനഞ്ഞിരുന്നു. അത്തരം മാധ്യമ സംസ്കാരത്തെ ഇനിയെങ്കിലും പ്രോത്സാഹിപ്പിക്കാതിരിക്കുക.
ഇപ്പോള്‍ കേസില്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ പോലീസിനൊപ്പവും അക്രമിക്കപ്പെട്ട നടിക്കൊപ്പവുമാണ് മലയാളി സമൂഹം നില്‍ക്കേണ്ടത്. സിനിമയും, വിവാദങ്ങളും മാധ്യമങ്ങള്‍ക്ക് റേറ്റിംഗ് കൂട്ടാനുള്ള നല്ല ഉപാധിയാണ്. അതു തന്നെയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതും. എവിടെനിന്നോ പടച്ചുണ്ടാക്കുന്ന വാര്‍ത്തകള്‍ ആ മാധ്യമത്തിന്‍റെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി മാത്രമായിരിക്കാം. സത്യം പുറത്തുവരും മുമ്പ് വ്യക്തിപരമായി ആരെയും സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തരുത്.. അയാള്‍ നിരപരാധിയാണെങ്കില്‍ നഷ്ടപ്പെട്ട അയാളുടെ ദിവസങ്ങള്‍ തിരികെ കൊടുക്കാന്‍ ആര്‍ക്കും ആകില്ലെന്ന് കൂടി ഓര്‍ക്കുക..

ദിലീപിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം :

സലിംകുമാറിനും,അജുവർഗ്ഗീസിനും നന്ദി, ഈ അവസരത്തിൽ നിങ്ങൾ നൽകിയ പിന്തുണ വളരെ വലുതാണ്‌.

ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു,അതിനുവേണ്ടിയെ പ്രവർത്തിച്ചീട്ടുള്ളൂ.പക്ഷെ ഒരു കേസിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യൽ മീഡിയായിലൂടെയും,ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും,തെളിഞ്ഞും എന്റെ ഇമേജ്‌ തകർക്കാൻ ഒരു വിഭാഗം ശ്രമിക്കുന്നു,ഇപ്പോൾ ഈ ഗൂഡാലോചന നടക്കുന്നത്‌ പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും,അതിലൂടെ അവരുടെ അന്തിചർച്ച്യിലൂടെ എന്നെ താറടിച്ച്‌ കാണിക്കുക എന്നുമാണു.

ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്‌, എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ്‌ എന്നിൽ നിന്നകറ്റുക, എന്റെ ആരാധകരെ എന്നെന്നേക്കുമായ്‌ ഇല്ലായ്മചെയ്യുക, അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും, തുടർന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക, എന്നെ സിനിമാരംഗത്ത്‌ നിന്നുതന്നെ ഇല്ലായ്മചെയ്യുക. ഞാൻ ചെയ്യാത്ത തെറ്റിന്‌ എന്നെക്രൂശിക്കാൻ ശ്രമിക്കുന്നവരോടും, എന്റെ രക്തത്തിനായ്‌ ദാഹിക്കുന്നവരോടും, ഇവിടത്തെ മാധ്യമങ്ങളോടും, പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ, ഒരു കേസിലും എനിക്ക്‌ പങ്കില്ല, സലിം കുമാർ പറഞ്ഞതു പോലെ ബ്രയിൻ മാപ്പിങ്ങോ, നാർക്കോനാലിസിസ്സ്‌, ടെസ്റ്റോ, നുണ പരിശോധനയോ എന്തുമാവട്ടെ ഞാൻ തയ്യാറാണു, അത്‌ മറ്റാരെയും കുറ്റവാളിയാക്കാനല്ല, എന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി മാത്രം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ്‌ ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *