മോഹന്‍ലാലും ഡോ. ബിജുവും സൈബര്‍ ആക്രമണവും

വെബ്‌ ഡസ്ക് 

“ചലച്ചിത്രരംഗത്തെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ അവാര്‍ഡുകള്‍ നല്‍കുന്നത്. അതിനെ ചലച്ചിത്രലോകം അതുപോലെ കണ്ട് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അവാര്‍ഡ് കിട്ടുന്നവര്‍ മാത്രമല്ല, സിനിമാലോകത്തെ ഒരു പരിഛേദം തന്നെ ഈ പരിപാടിയില്‍ ഉണ്ടാവേണ്ടതായിരുന്നു.” 2016 ലെ സംസ്ഥാന സിനിമാ അവാര്‍ഡ് തലശ്ശേരിയില്‍ വെച്ച് വിതരണം ചെയ്തപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാക്കുകളാണിത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ തലശ്ശേരിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും ആരും തന്നെ പങ്കെടുത്തില്ല. “ആര് വന്നാലും ഇല്ലെങ്കിലും സിനിമ ഇവിടത്തന്നെ കാണും” എന്നാണ് മികച്ച നടന്‍ വിനായകന്‍ അന്ന് മറുപടി പ്രസംഗത്തില്‍ പറഞ്ഞത്.

2015 ലെ അവാര്‍ഡ് 2016 ല്‍ പാലക്കാട് വെച്ചാണ് നടന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നടക്കുന്ന ആദ്യ അവാര്‍ഡ് ആഘോഷമായി തന്നെ നടത്തി. മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരെ ക്ഷണിച്ചു. റസൂല്‍പൂക്കുട്ടി, മഞ്ജു വാര്യര്‍, മധു, ഷീല, ശാരദ എന്നിവരൊക്കെ പങ്കെടുത്തു. താരനിബിഡായ ചടങ്ങായിരുന്നു അത്. മുതിര്‍ന്ന കലാകാരډാരെ ആദരിക്കുന്ന ചടങ്ങിലേക്കാണ് മധു, ഷീല, ശാരദ എന്നിവര്‍ എത്തിച്ചേര്‍ന്നത്.
ഇതിനിടയില്‍ സിനിമാ നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും തമ്മിലുണ്ടായ തര്‍ക്കം സിനിമാ മേഖലയില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി എ കെ ബാലനും കടുത്ത നിലപാടാണ് സ്വീകരിച്ചത്. ഇത് സിനിമാ മേഖലയിലെ ഒരു വിഭാഗത്തില്‍ സര്‍ക്കാരിനോട് കടുത്ത എതിര്‍പ്പ് പ്രകടമാക്കി. പ്രശ്നം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു.

നടിയെ അക്രമിച്ച സംഭവവും ദിലീപിന്‍റെ അറസ്റ്റും അമ്മ വിവാദവും നടക്കുന്നത് ഇതിന് ശേഷമാണ്. ഇതിലും സര്‍ക്കാര്‍ കടുത്ത നിലപാടാണ് സ്വീകരിച്ചത്. വിനായകന്‍ ഉള്‍പ്പെടെയുള്ള നടന്‍മാരും ആഷിഖ് അബുവിനെ പോലെയുള്ള സംവിധായകരും സിനിമാ സംഘടനകള്‍ക്കെതിരെയും ദിലീപിനെതിരെയും ആഞ്ഞടിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച കടുത്ത നിലപാടും ഏത് ഉന്നതന്‍ ആയാലും അറസ്റ്റ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും താരങ്ങളില്‍ എതിര്‍പ്പുളവാക്കിയിട്ടുണ്ട്. ഇത് പരസ്യമായ രഹസ്യമായിരുന്നു. ഈ സംഭവത്തിന് ശേഷം തലശ്ശേരിയില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങിലേക്ക് സര്‍ക്കാര്‍ ക്ഷണിച്ച ഒരു താരവും എത്താതിതിരുന്നത് സര്‍ക്കാരിന്‍റെ ഈ നിലപാട് കാരണമാണെന്നും ചര്‍ച്ചകളുണ്ടായി.

ഈ വിവാദങ്ങളെല്ലാം ഇപ്പോഴും കത്തിനില്‍ക്കുന്നുണ്ട്. ഓരോ സന്ദര്‍ഭത്തിലും സര്‍ക്കാരിന്‍റെ നിലപാട് കര്‍ശനമായിരുന്നു. ഡോ. ബിജു ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയും സിനിമാ മേഖലയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.
ഇപ്പോള്‍ മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്‍റായി. ശേഷം അമ്മ സ്വീകരിച്ച നിലപാടുകള്‍ മോഹന്‍ലാലിന്‍റെ ഇമേജിനെ കൂടി ബാധിച്ചിട്ടുണ്ട്. നടിയെ അക്രമിച്ച സംഭവത്തോട്കൂടി സിനിമാ മേഖലയിലെ ആരാധ്യ കഥാപാത്രങ്ങളുടെ മുഖംമൂടികള്‍ പലതും അഴിഞ്ഞുവീഴുകയായിരുന്നു. മാധ്യമങ്ങളും സമൂഹവും ഇവരെ കലാകാരډാരായി പോലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിക്കുന്ന ഘട്ടം വരെ എത്തിയപ്പോഴാണ് മോഹന്‍ലാല്‍ പത്രസമ്മേളനം വിളിക്കുന്നതും ഇരയുടെ കൂടെ നില്‍ക്കുമെന്നും ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും പറഞ്ഞത്. അത് വീണ്ടും വിവാദങ്ങളിലേക്കാണ് ചെന്നെത്തിയത്. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മോഹന്‍ലാല്‍ സാംസ്കാരിക മന്ത്രിയെ കാണുകയും സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. അതിന് ശേഷം അവാര്‍ഡ് വിതരണത്തിന്‍റെ സംഘാടക സമിതി യോഗത്തില്‍ മോഹന്‍ലാലിനെ മുഖ്യഅതിഥിയാക്കാമെന്ന് സാംസ്കാരിക മന്ത്രി അഭിപ്രായം പറഞ്ഞു. ഇതാണ് ഇപ്പോഴത്തെ വിവാദത്തിന് ആധാരം.

കഴിഞ്ഞ രണ്ട് അവാര്‍ഡ് വിതരണ ചടങ്ങുകളിലും ഉടക്കി നിന്ന താരങ്ങള്‍. പ്രത്യേകിച്ച് തലശ്ശേരിയിലെ ചടങ്ങില്‍ നിന്നും പൂര്‍ണമായും വിട്ടുനിന്നവര്‍, ഇപ്പോള്‍ ഷൂട്ടിംഗ് മാറ്റിവെച്ചിട്ടായാലും സര്‍ക്കാരിന്‍റെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പറഞ്ഞ് മുന്നോട്ട് വരുന്നു. ഇവിടെയാണ് ഔചിത്യം ചോദ്യം ചെയ്യപ്പെടുന്നത്.

മലയാളിയുടെ അഭിമാനമായ സംവിധായകരില്‍ ഒരാളാണ് ഡോ. ബിജു. തന്‍റെ ഔദ്യോഗിക ജീവിതത്തിനിടയിലും അദ്ദേഹം സിനിമാ മേഖലയ്ക്ക് നല്‍കിയ സംഭാവന എത്രയോ വലുതാണ്. എല്ലാ വിഷയത്തിലും തന്‍റെ അഭിപ്രായം തുറന്നു പറയുന്ന വ്യക്തിത്വം. തലശ്ശേരി അവാര്‍ഡില്‍ മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ക്കെതിരെ ഡോ. ബിജു പ്രതികരിച്ചിട്ടുണ്ട്. ടിവി അവാര്‍ഡ് വിതരണം പോലെ താരനിശയാക്കി സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡിനെ മാറ്റരുതെന്നും ഈ കോപ്രായങ്ങള്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍ അടൂര്‍ഗോപാലകൃഷ്ണന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ നടപ്പിലാക്കണമെന്നും അന്ന് അദ്ദേഹം പറഞ്ഞു. ഇതേ നിലപാട് തന്നെയാണല്ലോ അദ്ദേഹം ഇപ്പോഴും സ്വീകരിച്ചത്. സിനിമാ മേഖലയിലെ എല്ലാവരും അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിലും മാറ്റം വന്നിട്ടില്ല.

പക്ഷെ, ഇപ്പോള്‍ സിനിമ മേഖല മറ്റൊരു വലിയ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. പ്രത്യേകിച്ച് ആരാധനാപാത്രങ്ങളായ താരങ്ങളുടെ, കലാകാരന്മാര്‍ എന്ന നിലയിലുള്ള നിലപാടില്ലായ്മ വലിയ നിലയില്‍ ചോദ്യം ചെയ്യപ്പെടുന്നു. ഈ അവസരത്തില്‍ ഡോ. ബിജു തന്‍റെ നിലപാട് ആവര്‍ത്തിച്ചപ്പോള്‍ സിനിമാ മേഖലയില്‍ നിന്നുതന്നെ വലിയ പിന്തുണ ലഭിച്ചു. പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവര്‍ മോഹന്‍ലാലിനെതിരെയുള്ള ഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ല എന്നാണ് പറഞ്ഞത്. അത് ശരിയുമാണ്. ആ ഹര്‍ജിയില്‍ മോഹന്‍ലാല്‍ എന്ന് എവിടെയും പറയുന്നില്ല. അതേ സമയം പ്രകാശ് രാജ് അമ്മയുടെ നിലപാടിനെ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്. ഇവിടെ നിലപാട് വ്യക്തമാണല്ലോ.

താരങ്ങള്‍ എന്ന ലേബലില്‍ സര്‍ക്കാരിന്‍റെ പുരസ്കാര വിതരണം അറിയപ്പെടരുതെന്ന് ചലച്ചിത്രമേഖലയിലെ കലാകാരന്മാര്‍ ഉറക്കെപ്പറയുന്നു. എന്നാല്‍ ഇത് ചര്‍ച്ച ചെയ്യപ്പെടുന്നതിന് പകരം മോഹന്‍ലാലിനെതിരെ എന്ന നിലയിലേക്ക് സംവാദങ്ങള്‍ കൊഴുക്കുപ്പിക്കുകയാണ്. ഇപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ ഡോ. ബിജുവിനെതിരെ, അല്ലെങ്കില്‍ പ്രതികരിക്കുന്നവരോ, അഭിപ്രായം തുറന്നുപറയുന്നവരോ ആയ ആള്‍ക്കാര്‍ക്കെതിരെ തെറിവിളി അഭിഷേകം നടത്തുകയാണ്. ഡോ. ബിജു എന്ന കലാകാരന് തന്‍റെ ഫേസ്ബുക്ക് എക്കൗണ്ട് ഡിലീറ്റ് ചെയ്ത് പ്രതിഷേധിക്കേണ്ടിവന്നു. ഇതാണോ കേരളത്തിന്‍റെ സാംസ്കാരം.?

ഈ വിവാദങ്ങളുടെ ഫലം എന്താകും.? സമാന്തര സിനിമ, കച്ചവട സിനിമ എന്നിങ്ങനെ രണ്ട് ചേരികളിലേക്ക് നീങ്ങുകയാണ് സിനിമാ മേഖല ഇപ്പോള്‍. എല്ലാ സിനിമയും നല്ല സിനിമയാവുകയും എല്ലാ കലാകാരന്മാരും താരങ്ങള്‍ക്കപ്പുറം ആദരിക്കപ്പെടുകയും ചെയ്യുന്ന സാംസ്കാരിക നയമാണ് ഇടതുപക്ഷം കാലങ്ങളായി ഉയര്‍ത്തിപ്പിടിക്കുന്നത്. വിനായകന് നല്‍കിയ അവാര്‍ഡും, ഇന്ദ്രന്‍സിന് നല്‍കിയ അവാര്‍ഡും ഇതിന് ഉദാഹരണങ്ങളാണ്. എന്നാല്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ഇതിന് വിപരീതമായി സാംസ്കാരിക കേരളത്തിന് വലിയ അപമാനമാണ് ഉണ്ടാക്കുക.

“താനടക്കം ഒപ്പിട്ട നിവേദനം മോഹന്‍ലാലിന് എതിരല്ല. സര്‍ക്കാരിനെ ലക്ഷ്യമിട്ടുള്ളതാണ്. മോഹന്‍ലാലിനെ ആശ്രയിച്ച് നില്‍ക്കുന്നവരല്ല തങ്ങളാരും. അതുകൊണ്ട് തന്നെ മോഹന്‍ലാലിനെ മനഃപൂര്‍വ്വം ആക്രമിക്കേണ്ട ആവശ്യം ഒരു തരത്തിലും ഞങ്ങള്‍ക്കില്ല. ശരിയായ നിവേദനമാണ് ഇത്. അതുകൊണ്ടാണ് ഒപ്പിട്ടത്.” സംവിധായകന്‍ രാജീവ് രവി.

Leave a Reply

Your email address will not be published. Required fields are marked *