ഞാനായിട്ട് ഒരു ദുരന്തത്തിന്റെ വിത്ത് ഈ നാട്ടില്‍ വിതയ്ക്കൂല സാറെ.. കണ്ണുനിറച്ച് വിനോദ് കോവൂരിന്റെ ഷോര്‍ട്ട് ഫിലിം
“ഞാനായിട്ട് ഒരു ദുരന്തത്തിന്റെ വിത്ത് ഈ നാട്ടില്‍ വിതയ്ക്കൂല സാറെ.. ഇതൊരു പ്രവാസിന്റെ ഉറച്ച വാക്കാണ്..” ജനാലയ്ക്കുള്ളിലൂടെ മാസ്ക് ധരിച്ച് ആരോഗ്യപ്രവര്‍ത്തകരോട് സംസാരിക്കുന്ന ഈ പ്രവാസിയെ ഇപ്പോള്‍ സംസ്ഥാനത്തെങ്ങും കാണാം. അവരുടെ ദുഃഖം ക്യാമറയില്‍ പകര്‍ത്തിയിരിക്കുകയാണ് നടന് വിനോദ് കോവൂര്‍. ഏകപാത്രമായി വന്ന് പ്രവാസിയുടെ വേദനകളും നാടിനോടുള്ള കടപ്പാടും അവതരിപ്പിച്ച് വിനോദ് മികച്ച പ്രകടനം കാഴ്ചവെച്ചു. പ്രേക്ഷകന്റെ കണ്ണുനിറച്ചുകൊണ്ടാണ് ആറ് മിനുട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം അവസാനിക്കുന്നത്.
കോവിഡ് 19 ന്റെ ഭാഗമായി നാട്ടിലെത്തിയ പ്രവാസികളെല്ലാം വീട്ടില്‍ നിരീക്ഷണത്തിലാണ്. വര്‍ഷങ്ങള്‍ക്കോ മാസങ്ങള്‍ക്കോ ശേഷം സ്വന്തം കുടുംബത്തെ കാണാനായി നാട്ടിലെത്തിയ പ്രവാസികള്‍ ഇപ്പോള്‍ വീട്ടിനുള്ളിലെ ഒരു മുറിയില്‍ അടച്ചിരിക്കുകയാണ്. ഭാര്യയ്ക്കും മക്കള്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമായി കൊണ്ടുവന്ന സാധനങ്ങള്‍ മാത്രമാണ് അയാള്‍ക്ക് കൂട്ടായി മുറിക്കകത്തുള്ളത്. എന്നാല്‍ നമ്മുടെ നാട്ടുകാര്‍ പ്രവാസികളെ ഒറ്റപ്പെടുത്തുന്ന സമീപനം പലസ്ഥലത്തും സ്വീകരിച്ചു. കേരളത്തിന്റെ സമ്പത്തായ പ്രവാസികളെ ഇപ്പോള്‍ കേരളത്തിലേക്ക് രോഗം പടര്‍ത്തുന്നവരായി കണ്ടുകൊണ്ട് വിദ്വേഷ പ്രചരണങ്ങളും ചിലയിടങ്ങളില്‍ നടന്നു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രവാസികളെ ഒറ്റപ്പെടുത്തുന്നതിനെതിരെ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. വീടിനുള്ളില്‍ എല്ലാം സഹിച്ച് കഴിയുന്ന പ്രവാസിയുടെ മാനസികാവസ്ഥയിലൂടെയാണ് വിനോദ് കോവൂര്‍ ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്.
സേതുമാധവനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വീട്ടിലിരുന്ന് ചെയ്യാന്‍ പറ്റുന്ന ഒരു വിഷയം ഉണ്ടോയെന്ന് സംസാരത്തിനിടെ വിനോദ് ചോദിച്ചതില്‍ നിന്നാണ് കോവിഡ് കാലത്തെ പ്രവാസിയുടെ മാനസികാവസ്ഥ എഴുതാന്‍ പ്രചോദനമായതെന്ന് തിരക്കഥാകൃത്ത് പറഞ്ഞു. അഭയ മനോജ് ആണ് ക്യാമറ. വി പി ഫൈസല്‍, എം എം ലുഹൈ എന്നിവര്‍ എഡിറ്റിംഗും മിക്സിംഗും നിര്‍വ്വഹിച്ചു. അഡ്വ. മനോജ് കുമാര്‍ എംസി, ശ്രീലത മനോജ്, ദേവു വിനോദ് എന്നിവരാണ് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍.