കൊറോണക്കാലത്ത് ലോകം ഏറ്റവും കൂടുതൽ കണ്ടത് ഈ സിനിമയാണ്..

Sharing is caring!

യദുൻലാൽ സി വി

രണ്ടു വർഷം മുമ്പുള്ള ഒരു നിപ കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന സുഹൃത്തിന്റെ വാട്സാപ്പ് സ്റ്റാറ്റസുകളിലും ഷെയർ ചെയ്ത ന്യൂസ് ഫീഡുകളിലും മെഡിക്കൽ കോളേജിന്റേയും കോഴിക്കോട് നഗരത്തിന്റേയും ആളൊഴിഞ്ഞ ദൃശ്യങ്ങളും നിർജീവാവസ്ഥയും കണ്ടപ്പൊഴൊന്നും അതിരിൽ കവിഞ്ഞ ജാഗ്രതയോ ഭയമോ ഇല്ലായിരുന്നു എന്നതു തന്നെയായിരുന്നു സത്യം. അത് അങ്ങനെ തന്നെയാണ് പ്രിയപ്പെട്ടവരിൽ ഒരാൾ ബാധിതനാകുന്നതുവരെ ഏതു മഹാമാരിയും നമ്മളെയൊക്കെ ബാധിക്കുന്നതിനുമപ്പുറം ദൂരെയെവിടെയോ ആണെന്ന ആശ്വാസം തന്നെയായിരിക്കും അതല്ലെങ്കിൽ കേവലം വാർത്തകളിലും ചിത്രങ്ങളിലും മാത്രമുള്ള കേട്ടറിവോ മാത്രം ആയിരിക്കും അതു കൊണ്ടൊക്കെ തന്നെയാണെന്നു തോന്നുന്നു രണ്ട് വർഷങ്ങൾക്കിപ്പുറം ലോകം വലിയൊരു പ്രതിസന്ധി നേരിടുമ്പോൾ ഞാൻ കൂടെ അതിന്റെ ഭാഗമാണെന്ന് തോന്നുന്നതും. ഒരു തരത്തിൽ പറഞ്ഞാൽ കുറച്ച് ഭയം കൂടി നമ്മൾ എടുക്കേണ്ട ജാഗ്രതയെ സ്വാധീനിക്കുന്നുണ്ടെന്നു തോന്നുന്നു. പക്ഷെ നിരാശയോടെ തന്നെ സമ്മതിക്കേണ്ടി വരും ജാഗ്രതയിൽ അലസത കാട്ടുന്ന ഒരു പക്ഷം ഇപ്പോഴും എവിടെയൊക്കയോ ഉണ്ടെന്ന്.

ഇത്തരത്തിലൊരു സോഷ്യൽ സിറ്റുവേഷനെ ലോകമൊന്നാകെ ഹാൻഡിൽ ചെയ്യാൻ പാടുപെടുമ്പോൾ തന്നെയാണ് അമേരിക്കൻ സംവിധായകൻ സ്റ്റീവൻ സോഡർബർഗിന്റെ Contagion എന്ന 2011 ൽ പുറത്തിറങ്ങിയ ചിത്രത്തെ നിർബന്ധമായും ചർച്ച ചെയ്യേണ്ടുന്ന വിഷയമായി എടുക്കുന്നതും.കാരണം മറ്റൊന്നല്ല കടന്നു പോയി കൊണ്ടിരിക്കുന്ന ഈ കോവിഡ് കാലം അത്രകണ്ട് ഭീതിപ്പെടുത്തുന്നുണ്ട് എന്നതു തന്നെയാണ്. എന്തിനാണ് ഈ സമയം ഇത്തരത്തിലുള്ള ചിത്രങ്ങളെ ചർച്ചയാക്കുന്നതെന്ന ആശങ്ക പങ്കു വെച്ചവരുണ്ട് പക്ഷെ കഴിഞ്ഞ ദിവസം കടന്നു പോയ കർഫ്യൂ ദിനത്തിലെ കാഴ്ചകളിൽ നിന്നും ഇനിയും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാത്ത ഒരു വിഭാഗം ഉണ്ടെന്നത് പകൽ പോലെ വ്യക്തമാണ്

2002-04 കാലഘട്ടത്തിലെ സാർസ് ഔട്ട് ബ്രേക്ക് 2009 ലെ പാൻ ഡെമിക്ക് H1N1 എന്നിവയിൽ നിന്നും സോഡർബർഗും തിരക്കഥാകൃത്ത് സ്കോട്ട് ഇസഡ് ബേൺസും ചേർന്ന് ഒരുക്കിയ മെഡിക്കൽ ത്രില്ലറാണ് contagion.

ഹോംങ്കോങിലെ ബിസ്സിനസ് ട്രിപ്പ് കഴിഞ്ഞ് ചിക്കാഗോയിൽ തന്റെ പഴയ കാമുകനുമായി ചിലവഴിച്ചതിനു ശേഷം രണ്ട് ദിവസങ്ങൾ കഴിഞ്ഞ് മിനിയാപൊളിസിലെ വീട്ടിലെത്തുന്ന ബെത്ത് എം ഹോഫ് കുഴഞ്ഞു വീഴുകയാണ്

ഭർത്താവ് മിച്ച് എംഹോഫ് അവളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അജ്ഞാതമായ ഒരു കാരണത്താൽ അവൾ മരിക്കുന്നു. വീട്ടിൽ തിരിച്ചെത്തിയ മിച്ച് മകൻ ക്ലാർക്കും സമാന രീതിയിൽ മരണപ്പെട്ടതായി മനസ്സിലാക്കുന്നു. മരണത്തിൽ അസ്വാഭാവികത കണ്ട മിച്ച് ആരോഗ്യ പ്രവർത്തകരുമായി സംസാരിക്കുകയും തുടർന്ന് രോഗനിയന്ത്രണ വിഭാഗത്തിന്റേയും ആദ്യന്തര സുരക്ഷാ വിഭാഗത്തിലെയും അംഗങ്ങൾ അപകടരമായ ഒരു വൈറസിന്റെ സാന്നിദ്ധ്യം മനസ്സിലാക്കുന്നു. നിർഭാഗ്യവശാൽ അപ്പോഴേക്കും വൈറസിന്റെ സോഷ്യൽ ട്രാൻസി മിഷൻ ആരംഭിച്ചു കഴിഞ്ഞിരുന്നു. തുടർന്ന് ഒരു നഗരം അതിനെ എങ്ങനെ നോക്കി കാണുന്നു എന്ന് ചിത്രം അതിഭാവുകത്വമില്ലാതെ കാണിച്ചു തരുന്നുണ്ട്

ഒരു പക്ഷേ നാളെ ചെറിയൊരു ജാഗ്രതക്കുറവ് മൂലം ലോകത്തിന്റെ പല ഭാഗത്തും നമ്മുടെയൊക്കെ കൺമുന്നിൽ വരെ സംഭവിച്ചേക്കാവുന്ന ഒന്നിന്റെ റിയാലിറ്റി തുറന്നു കാണിക്കുന്നുണ്ട് സോഡർബർഗ് .നിലവിലെ സാഹചര്യത്തിൽ കേവലം സിനിമാക്കാഴ്ച്ച എന്നതിനപ്പുറത്തേക്കുള്ള ഒരു വിഷ്വലൈസേഷൻ തരുന്നുണ്ട് എന്നതു തന്നെയാണ് വസ്തുത.

അതു കൊണ്ടു തന്നെയാണ് നാളെ എന്താകും എന്ന യാഥാർത്യബോധത്തോടെ Contagion കാണേണ്ടതും.കരുതലിനപ്പുറത്തേക്ക് കാര്യങ്ങൾ കൈവിട്ടു പോകുകയാണെങ്കിൽ എന്തൊക്കെ സംഭവിക്കും എങ്ങനെ മുന്നോട്ട് നീങ്ങും തുടങ്ങിയ ആശങ്കകൾ, എടുക്കേണ്ട മുൻകരുതലുകളെയായിരിക്കണം സ്വാധീനിക്കേണ്ടത് വലിയൊരളവിൽ അത് സംഭവിക്കുന്നില്ല എന്നതു കൊണ്ടാണ് 2011 ലെ ചിത്രം 2020 ലും ഔട്ട് ഓഫ് ഫീൽഡ് ആവാത്തതും. ഒരു വൈറസ് വ്യാപന കാലഘട്ടത്തിന്റെ സൂഷ്മ ദ്യശ്യങ്ങളെ റിയലിസ്റ്റിക്കായി കാണിക്കുന്നുണ്ട് Contagion. വ്യാപനത്തിന് മാസങ്ങളോ വർഷങ്ങളോ വേണ്ടെന്ന സത്യം ചിത്രം ദിവസങ്ങൾ എണ്ണി തന്നെ പോയിന്റ് ഔട്ട് ചെയ്യുന്നുണ്ട്.

രോഗനിയന്ത്രണ വിഭാഗ പ്രതിനിധിയായി മിനിയാപൊളിസിലെത്തുന്ന ഡോക്ടർ എറിൻ മിയേഴ്സിനോട് ഇടയ്ക്കെപ്പോഴെങ്കിലും നന്നായി ഉറങ്ങാൻ തന്റെ മേലുദ്യോഗസ്ഥനായ ഡോക്ടർ എല്ലിസ് ചെവർ ഓർമ്മപ്പെടുത്തുമ്പോൾ ലോകത്താകമാനം കഴിഞ്ഞ കുറേ നാളുകളായി നന്നായൊന്നുറങ്ങാതെയും കഴിക്കാതെയും ഒരുപാട് പേർ കർമ്മനിരതരായിരിക്കുന്നുണ്ടെന്ന ഓർമ്മപ്പെടുത്തൽ കൂടിയാകുന്നുണ്ട്. ഒരിടത്ത് അത് മിയേഴ്സൺ ആകുമ്പോൾ മറ്റൊരിടത്ത് അത് ലിനി എന്നാകുന്നു എന്നു മാത്രം .

കലക്കു വെള്ളത്തിൽ മീൻ പിടിക്കുന്ന വിദഗ്ധമായി മണ്ടത്തരം പറയുന്ന അതിവിദഗ്ധൻമാരെയും വ്യാജ വൈദ്യൻമാരെയും വല്ലാത്തൊരു ദീർഘവീക്ഷണ ബോധത്തോടെ തന്നെ സോഡർബർഗ് പ്ളേസ് ചെയ്തിട്ടുണ്ട്. വൈറസിനേക്കാൾ അപകടകാരികളായ ഇത്തരക്കാരുടെ മുഖത്തേക്ക് നീട്ടിത്തുപ്പുന്നുണ്ട് ചിത്രം

അതീവ ജാഗ്രതയോടെയിരിക്കേണ്ട സമയമാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് .ആശങ്കൾക്ക് മേലെ ജാഗ്രത തന്നെയാണ് വേണ്ടത്. പക്ഷെ എവിടെയൊക്കെയോ ഇപ്പോഴും ഗൗരവക്കുറവ് കാണിക്കുന്ന ഒരു വിഭാഗം ഇല്ലേ? തിരുത്തി തന്നെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു കാരണം അല്പം അലസത നാളെ ചിലപ്പോൾ വലിയ നഷ്ടങ്ങളായേക്കാം..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com