വിവാദങ്ങളോടൊപ്പം മെര്‍സലിലെ വില്ലന്‍..
നിരോധനങ്ങളെയാണ് ആദ്യം നിരോധിക്കേണ്ടത്. അപ്പൊഴെ കലയുടെ രാഷ്ട്രീയം തുറന്നമനസോടെ പറയാന്‍ പറ്റു. ഞാന്‍ കലയുടെ രാഷ്ട്രീയത്തോടൊപ്പമാണ്. അത് മനുഷ്യപക്ഷത്താണ് എന്നും നിലകൊണ്ടിട്ടുള്ളത്.
വെബ് ഡെസ്ക്
മെര്‍സല്‍ എന്ന വിജയ് ചിത്രം രാജ്യത്താകെ ഇന്ന് ചര്‍ച്ചയാണ്. മെര്‍സലിലെ ചില ഡയലോഗുകള്‍ കാരണം വിജയിയുടെ ജാതകം വരെ തെരഞ്ഞുപിടിച്ചാണ് ചിലര്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. കമലഹാസനും, വിജയ് സേതുപതിയും, അരവിന്ദ് സ്വാമിയും തുടങ്ങി തമിഴ് സിനിമാലോകം ഒന്നാകെ മെര്‍സലിന് പിന്തുണയുമായെത്തി. വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. മെര്‍സലിലെ വില്ലന്‍ മലയാളികളുടെ അഭിമാന താരം ഹരീഷ് പേരടി ഓണ്മലയാളത്തോടൊപ്പം..
”മെര്‍സല്‍ ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. വിവാദങ്ങള്‍ സ്വാഭാവികമാണ്. സിനിമകള്‍ക്ക് നേരെ ഇതിന് മുന്‍പും പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്രത്തോളം രൂക്ഷമായ ചര്‍ച്ചകളിലേക്ക് സിനിമ പറഞ്ഞ രാഷ്ട്രീയം അന്നൊക്കെ പോയിരുന്നോ എന്നതാണ് ഇവിടെ വിഷയം. ഇപ്പോഴുയരുന്ന വിവാദങ്ങള്‍ ഏതെങ്കിലും ഒരാളുടെ പ്രശ്നമല്ല. മാറുന്ന സമൂഹത്തിന്റെ സങ്കുചിത മനസാണ് വിവാദങ്ങള്‍ക്ക് കാരണം. ഇതിനെക്കാള്‍ ശക്തമായ രാഷ്ട്രീയം പറഞ്ഞ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തില്‍ ദാമോദരന്‍ മാസ്റ്ററുടെ സിനിമകള്‍ തന്നെയാണ് ഉദാഹരണം. അന്നൊക്കെ വിശാലമായ മനസായിരുന്നു നമ്മുടേത്. അതുകൊണ്ട് തന്നെ വിവാദങ്ങള്‍ക്ക് ഇത്രയധികം സ്പേസ് ഉണ്ടായിരുന്നില്ല. നിരോധനങ്ങളെയാണ് ആദ്യം നിരോധിക്കേണ്ടത്. അപ്പൊഴെ കലയുടെ രാഷ്ട്രീയം തുറന്നമനസോടെ പറയാന്‍ പറ്റു. ഞാന്‍ കലയുടെ രാഷ്ട്രീയത്തോടൊപ്പമാണ്. അത് മനുഷ്യപക്ഷത്താണ് എന്നും നിലകൊണ്ടിട്ടുള്ളത്.”
ഹരീഷ് പേരടിയുടെ ഈ വാക്കുകളില്‍ ഒരു കാലാകരന്റെ ചോരത്തിളപ്പും കലാപ്രവര്‍ത്തനത്തിന്റെ പ്രതിബന്ധതയും ഉണ്ട്. ഒരു സിനിമ പറയുന്ന രാഷ്ട്രീയം സമൂഹം ചര്‍ച്ച ചെയ്യുന്നുവെങ്കില്‍, പ്രേക്ഷകര്‍ നിറഞ്ഞ സദസ്സില്‍ കാണുന്നുവെങ്കില്‍ അത് ആ സിനിമയുടെ വിജയമാണ്, ആ സിനിമ പറയുന്ന രാഷ്ട്രീയത്തിന്റെ വിജയമാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്. മെര്‍സല്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഓണ്‍മലയാളം ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഹരീഷ് മണാലിയില്‍ ഒരു മലയാള സിനിമയുടെ ഷൂട്ടിംഗിലായിരുന്നു. നിലവിലുള്ള വിവാദങ്ങള്‍ക്ക് ചിലര്‍ മറുപടിയായി മുരളി ഗോപിയുടെ മലയാളം സിനിമ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എടുത്തുകാണിക്കുന്നുണ്ട്. അതിലെ പ്രധാന കഥാപാത്രമായിരുന്ന ഹരീഷ് പേരടി ആ സിനിമയെ കുറിച്ചും സംസാരിച്ചു.
”ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ പറഞ്ഞ രാഷ്ട്രീയത്തിലും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുണ്ടായ പോലെ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ നേതൃത്വത്തിലിരിക്കുന്നവര് പ്രതികരിച്ചതായി അറിയില്ല. പ്രേക്ഷരുടെ പ്രതികരണങ്ങള്‍ സിനിമയുടെ വിജയമായാണ് ഞാന്‍ കാണുന്നത്. ആ സിനിമയെ കുറിച്ച് മുരളി ഗോപി തന്നെ പറഞ്ഞിട്ടുള്ളതാണ്.”
മെര്‍സല്‍ വലിയൊരു ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. അതില്‍ ഒന്ന് എന്തൊക്കെ വിവദങ്ങളുണ്ടായാലും മലയാള സിനിമയിലെ താരങ്ങളൊന്നും പ്രതികരിക്കാറില്ലെന്ന വിമര്‍ശനമാണ്.
”അങ്ങനെ ഉണ്ടാകാം. അത് ആരുടെയും കുറ്റമല്ല. കേരളത്തില്‍ വളര്‍ന്നുവന്ന രാഷ്ട്രീയമല്ല തമിഴില്‍ ഉള്ളത്. തമിഴില്‍ സിനിമയും രാഷ്ട്രീയവും ഒന്നാണ്. അതിന്റെ ചരിത്രവും അങ്ങനെയാണ്. കേരള ചരിത്രം അങ്ങനെയല്ല. എന്നുവെച്ച് കേരളീയര്‍ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാതിരുന്നിട്ടില്ലല്ലോ.? അത് കേരളത്തിന്റെ രാഷ്ട്രീയമാണ്. അടുത്തകാലത്തായി കുറെ ചെറുപ്പക്കാര്‍ മലയാള സിനിമയിലേക്ക് കടന്നുവന്നിട്ടുണ്ട്. പല സ്ക്രിപ്റ്റുകളും വായിച്ച് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അവരില്‍ നല്ല പ്രതീക്ഷയുണ്ട്. അതിന്റെ മാറ്റങ്ങള്‍ മലയാള സിനിമയിലും പ്രകടമാണ്.”
ഓണ്‍മലയാളം ഈ ചോദ്യങ്ങളെല്ലാം ചോദിക്കുന്നതിന് മുന്‍പ് തന്നെ ഹരീഷ് പേരടി മെര്‍സലിലെ വിവാദങ്ങള്‍ക്ക് നേരെ പ്രതികരിച്ചിരുന്നു. തന്റെ ഫേസ്ബുക്കിലൂടെ, കലാകാരന്റെ ഭാഷയില്‍. ”ജനങ്ങളോട് കലാകാരന് ഒന്നും നേരിട്ട് പറയാറില്ല. അവര്‍ ചിന്തിക്കട്ടെ..” എന്നാണ് ഹരീഷ് ഇതിന് മറുപടിയായി പറഞ്ഞത്.
ചിന്തിക്കാനുള്ള ആ പോസ്റ്റ് ചുവടെ.. ഇതിലുണ്ട് എല്ലാം..
എന്റെ അച്ഛന്റെ പേർ ഗോവിന്ദൻ നായർ ,ഗോവിന്ദൻ നായരുടെ അച്ഛന്റെ പേർ അതായത് എന്റെ അച്ഛചന്റെ പേർ കുഞൻ നായർ … കുഞൻ നായരുടെ അച്ഛന്റെ പേർ എനിക്കറിയില്ലാ… ആ അച്ഛൻ ഹിന്ദുവായിരുന്നോ കൃസ്ത്യാനിയായിരുന്നോ മുസ്ലിംമായിരുന്നോ ബുദ്ധമതക്കാരനായിരുന്നോ വിദേശിയായിരുന്നോ ഒന്നും എനിക്കറിയില്ലാ… ഈ ചോദ്യം നിങ്ങൾ എല്ലാവരും സ്വയം ചോദിച്ചു നോക്കൂ…. മുന്നോ നാലോ തലമുറകൾക്കപ്പുറമുള്ള ഒരു പിതാവിന്റെ പേരറിയാത്ത നമ്മളാണ് ജാതിയുടെയും മതത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ അല്ലെങ്കിൽ ബൈബിളിന്റെയും ഖുറാന്റെയും ഭഗവത് ഗീതയുടെയും പേരിൽ അടി കുടുന്നത് … മതം എന്ന വാക്കിന്റെ അർത്ഥം അഭിപ്രായം എന്നാണ്… മതവും ദൈവവും തമ്മിൽ ഒരു ബന്ധവുമില്ലാ…. ദൈവത്തെ അറിയണമെങ്കിൽ കുറ്ച്ച കാലം നിരീശ്വരവിശ്യാസിയായി ജീവിക്കുന്നത് നല്ലതാണ് എന്നാണ് എന്റെ മതം ….