ചായം പൂശിയ വീടിനെ വെറും നഗ്ന സിനിമയാക്കരുത്.. പ്ലീസ് .. വായനക്കാര്‍ എഴുതുന്നു
മലയാളത്തില്‍ ഒരു നഗ്ന സിനിമ വരുന്നു… ആദ്യത്തെ നഗ്ന സിനിമ..? ഇത് യാഥാര്‍ത്ഥ്യമോ..? സ്വന്തം സൈറ്റിന്റെ ട്രാഫിക് വര്‍ധിപ്പിക്കാന്‍ നടത്തുന്ന പ്രചാരണങ്ങള്‍ നശിപ്പിക്കുന്നത് നല്ല സിനിമകളെയാണ് . പ്രേക്ഷകര്‍ ഓണ്മലയാളത്തോട് പ്രതികരിക്കുന്നു…
മലയാള സിനിമയെ സ്നേഹിക്കുന്ന ഒരു സാധാരണക്കാരന് എന്ന നിലയിലാണ് ഞാനീ കുറിപ്പെഴുതുന്നത് , ഈയിടെയായി നവമാധ്യമങ്ങളില്‍ കണ്ടു വരുന്ന ഒരു പ്രധാന “ഐറ്റം” ആണ് നഗ്ന സിനിമകള്‍ , ലിപ് ലോക്കുകള്‍ തുടങ്ങിയ ചില “ടേംസ്” ഉപയോഗിച്ച് സ്വന്തം സൈറ്റിലേക്ക് ട്രാഫിക് വര്‍ധിപ്പിക്കാനായി ചിലര്‍ നടത്തുന്ന കോപ്രായങ്ങള്‍ . ചില പോസ്റ്റുകളിലൂടെ ഇവര്‍ നല്ല സിനിമകളെയും കൂടി ഈ അഭാസത്തിനായി ഉപയോഗിച്ചത് കൊണ്ടാണ് ഞാന്‍ ഈ കുറിപ്പെഴുതുന്നത് . കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയകളില്‍ കണ്ടുവരുന്ന പ്രധാന സിനിമ പരസ്യമാണ് മലയാളത്തിലെ ആദ്യ നഗ്ന സിനിമ റിലീസിന് ഒരുങ്ങുന്നു എന്നത്. എന്താണ് യാഥാര്‍ത്ഥ്യം..?
കേരളത്തിലെ സിനിമാ സ്നേഹികളുടെ ഉത്സവമാണ് എല്ലാ വര്‍ഷവും തിരുവനന്തപുരത്തുവച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള , പത്തു ദിവസങ്ങളിലായി നടക്കുന്ന ഈ ചലച്ചിത്ര മമാങ്കതിനായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് സിനിമാ സ്നേഹികള്‍ ഒഴുകിയെത്തുന്നു . അവിടെ വച്ചാണ് എനിക്ക് ലോകോത്തര നിലവാരം പുലര്‍ത്തുന്നവ തന്നെയാണ് നമ്മുടെ മലയാള സിനിമകളും എന്ന് മനസിലായത് . ഇന്നും ഈ യഥാര്‍ത്ഥ്യം ഭൂരിപക്ഷം മലയാളികളും അറിയാതെ പോകുന്നു എന്നത് ദുഖകരം തന്നെ. കഴിഞ്ഞ വര്‍ഷം മേളയില്‍ വച്ചാണ് ചായം പൂശിയ വീട് എന്ന സിനിമ കാണുന്നത്. മേളയ്ക്കെത്തുന്നവര്‍ക്ക് നല്കുന്ന ചാര്‍ട്ടില്‍ മൂലയ്ക്കെവിടെയോ ഒളിച്ചിരുന്ന ആ സിനിമ ഞാന്‍ തികച്ചും യാദ്രിശ്ചികമായാണ് കാണാന്‍ ഇടയായത്. സംവിധായകരായ സന്തോഷ് ബാബുസേനന്‍ , സതിഷ് ബാബുസേനന്‍ എന്നിവര്‍ സെന്‍സര്‍ ബോര്‍ഡിനെ വെല്ലുവിളിച്ചാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. സിനിമയിലെ ഒരു സീന്‍ പോലും കട്ട് ചെയ്യാന്‍ സംവിധായകര്‍ സമ്മതിച്ചിരുന്നില്ല. ഫിലിം ഫെസ്റ്റിവല്‍ തീയേറ്ററില്‍ അടുത്തിരുന്ന ചിലരുടെ സംസാരത്തില്‍ നിന്നും സിനിമ അല്പം മസാലയാണെന്ന് പറയുന്നു കേട്ടു. മനസ്സില്‍ ഒന്നല്ല ഒരുപാട് ലഡ്ഡു മെനെക്കെട്ടിരുന്നു പൊട്ടിച്ച എന്നെ പക്ഷെ സിനിമയില്‍ കാത്തിരുന്നത് ഒരു ബിഗ് ബാങ്ങ് തന്നെയായിരുന്നു.
ഏകാന്തമായി ജീവിതം നയിക്കുന്ന ഒരെഴുത്തുകാരനില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത് , ചുംബന സമരത്തിനെപ്പറ്റിയുള്ള വാര്‍ത്ത കേട്ട് രാവിലെ ഉണരുന്ന അയാള്‍ കഥ മുന്നോട്ടു പോകുമ്പോള്‍ പൊടുന്നനെയേറ്റ ഹൃദയാഘാതം മൂലം നിലത്തേക്ക് വീഴുന്നു , പെട്ടെന്ന് ഒന്നും സംഭവിക്കാത്ത മട്ടില്‍ കഥ വീണ്ടും അയാളില്‍ നിന്ന് തന്നെ ആരംഭിക്കുന്നു , ഇത്തരം സൈകിക് ടെക്നിക്കുകള്‍ പൊതുവേ പരിചയമില്ലാത്ത മലയാളി പ്രേക്ഷകര്‍ ഒരുപക്ഷെ ഇത് കണ്ടു മുഖം ചുളിച്ചേക്കാമെങ്കിലും മര്‍മ പ്രധാനമായ ഒരു സങ്കേതത്തെയാണ് ഈ ട്രിക്ക് സിനിമയുമായി യോജിപ്പിക്കുന്നത് .തുടര്‍ന്ന് അയാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന യുവതി അയാളില്‍ വരുന്ന മാറ്റവും തുടര്‍ന്ന് സ്വയം ഒരു ബുദ്ധിജീവിയായി അവരോധിച്ച ഈ വ്യക്തിയുടെ ജീവിതത്തിന്റെ എല്ലാ ഉള്ളറകളിലേക്കും കടന്നുചെന്ന് ഇടപെടുമ്പോള്‍ ഇതുവരെ സമൂഹം കല്പിച്ചു നല്കിയ എല്ലാ മുഖം മൂടികളും താനേ അടര്‍ന്നു വീഴുന്നു , സമൂഹത്തില്‍ സ്വയം അവരോധിച്ച സാംസ്കാരിക നായകരുടെയും ബുദ്ധിജീവികളുടെയും പൊളിച്ചെഴുത്താണ് ഇവിടെ നടക്കുന്നത് ഇതിനിടയിലെവിടെയോ സിനിമയുടെ അവിഭാജ്യഘടകമായ സീനുകളില്‍ പ്രദര്‍ശിക്കപ്പെടുന്ന നഗ്നത , അതും വളരെ മനോഹരമായ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു കാണികളില്‍ അത് ഉള്‍ക്കിടിലമുണ്ടാക്കുക തന്നെ ചെയ്യും എന്നാലും അവിടെയും ഈ സിനിമ ചോദ്യം ചെയ്യുന്നത് നമ്മള് സ്വയം അവരോധിച്ച നഗ്നതയെ കുറിച്ചുള്ള പൊതു ബോധത്തെയാണ് .നഗ്നത കണ്ടാല്‍ കാമം മാത്രമാണ് ഉണ്ടാകുകയെന്ന കല്പിത ചിന്തകളെ ഇത് തകിടം മറിക്കും.
ഇത്തരത്തില്‍ പുതിയ മാനങ്ങളിലൂടെ നമ്മുടെ സങ്കല്പങ്ങളെ വളര്‍ത്തുന്ന കലാസൃഷ്ടികളെ പഴകിയ ചിന്താ രീതികള്‍ കൊണ്ട് മുഖം തിരിച്ച് മാറ്റി നിര്‍ത്തിയാല്‍ അത് നല്ലൊരു കലയ്ക്കു നേരെയുള്ള അവഗണന മാത്രമാകും. കെ കലാധരന്‍ , നേഹ മഹാജന് , അക്രം മൊഹമ്മദ് എന്നീ മൂന്നുപേരാണ് ഇതിലെ അഭിനേതാക്കള്‍ . ഒരുപാട് കഷ്ടതകള്‍ സഹിച്ചാണ് ഈ സിനിമ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ വെളിച്ചം കാണിച്ചത് .കേവലം മേളകളില്‍ മാത്രം ഒതുക്കി നിറുത്തപ്പെടാതെ ഇത്തരം കലാമൂല്യമുള്ള സിനിമകള്‍ നമ്മളില്‍ ചിലരുടെ ട്രോളുകളിലൂടെയോ മറ്റോ ഒരു തുണ്ട് പടമാക്കി മാറ്റപ്പെടുമ്പോള്‍ അവസാനിക്കുന്നത് മികച്ച ഒരു സൃഷ്ടിയാണെന്ന് മറക്കരുത്.
ഒഴിവു ദിവസത്തെ കളി എന്ന സിനിമ കൈകാര്യം ചെയ്ത മലയാളിയുടെ കപട ബോധത്തെ കുറ ച്ച് കൂടി ഭാവനാത്മകമായി അവതരിപ്പിക്കുകയാണ് ഈ സിനിമ. മലയാളിയുടെ കപട സദാചാരം ഏറ്റവും കുടുതല്‍ ചര്‍ച്ച ചെയ്ത ചുംബന സമരത്തില്‍ നിന്നാണ് സിനിമ ആരംഭിക്കുന്നത്. നമ്മുടെ മനസ്സിലെ സദാചാരവും പുറത്തെ സദാചാരവും രണ്ടാണെന്നും മലയാളിയുടെ മുഖത്ത് നോക്കി നിങ്ങള്‍ വെറും കപട സദാചാര വാദികള്‍ മാത്രമാണെന്നും പറയാന്‍ തന്റെടം കാണിച്ച ചായം പൂശിയ വീട് എന്തുകൊണ്ട് മലയാളിക്കു മുന്നില്‍ വെറും നഗ്ന ചിത്രമായി ചിലര്‍ അവതരിപ്പിക്കുന്നു എന്നത് ഒരു വലിയ ചോദ്യചിഹ്നം തന്നെയാണ്. അല്ലെങ്കില്‍ അതും മലയാളിയുടെ കപട മുഖത്തിന്റെ ഭാഗമായിരിക്കും. ലോക സിനിമകളോട് കിടപിടിക്കുന്ന ഈ സിനിമയെ നാം കണ്ടില്ലെന്നു നടിക്കരുത് എന്ന അപേക്ഷ മാത്രമാണ് എനിക്കുള്ളത്..