എന്തിനാണ് ഫിലിം ചേംബർ പോലെ ഒരു സ്വകാര്യ ഏജൻസി.? വിലക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡോ. ബിജു

Sharing is caring!

ഈ ഡിജിറ്റൽ കാലത്ത് സിനിമ എടുക്കുന്നതിലും കാണുന്നതിലും പ്രദര്ശിപ്പിക്കുന്നതിലും ഒന്നും ഒരാളെയും വില ക്കാനോ തടയാനോ ആകില്ല എന്നത് പോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്തവരാണ് പല സംഘടനാ നേതാക്കളും

ഡോ. ബിജു 

മലയാള സിനിമയിലെ സംഘടനകളുടെ ഇരട്ടത്താപ്പും കള്ളത്തരങ്ങളും സാമൂഹിക പ്രതിലോമകരമായ നിലപാടുകളും ഒക്കെ പൊതു സമൂഹവും മാധ്യമങ്ങളും ചർച്ച ചെയ്യുകയാണല്ലോ . ഈ അവസരം തന്നെയാണ് മുൻപ് പല സമയങ്ങളിലും സൂചിപ്പിച്ചിരുന്ന ചില കാര്യങ്ങൾ വീണ്ടും ഉന്നയിക്കേണ്ടത് എന്ന് തോന്നുന്നു .പ്രേത്യേകിച്ചും സിനിമാ മേഖലയിൽ ഇത്ര കാലമായും എന്തെങ്കിലും തരത്തിലുള്ള സാംസ്കാരിക ഇടപെടലുകൾ നടത്താൻ സർക്കാർ മടിച്ചു നിൽക്കുകയാണ് എന്ന യാഥാർഥ്യം കണക്കിലെടുക്കുമ്പോൾ .മലയാള സിനിമയിൽ ഇപ്പോഴും പല സംഘടനകളും ആളുകളെ വിലക്കുക എന്ന കലാ പരിപാടി നടപ്പാക്കി വരികയാണ് . മഹാനായ നടൻ തിലകനെ വിലക്കിയതാണ് ഇവിടുത്തെ താര സംഘടന . സുകുമാർ അഴീക്കോടിനെപ്പോലെയുള്ള ഒരാളെ പുലഭ്യം പറഞ്ഞ നടന്മാർ ഇവിടെ ഉണ്ട് . പിന്നെയും എത്രയോ പേരെ വിലക്കിയിട്ടുണ്ട് നിരവധി സിനിമാ സംഘടനകൾ . ഏറ്റവും ഒടുവിൽ അമൽ നീരദിനെയും അൻവർ റഷീദിനെയും ഈ അടുത്ത ദിവസം വിലക്കിയിരിക്കുന്നു . ഈ ഡിജിറ്റൽ കാലത്ത് സിനിമ എടുക്കുന്നതിലും കാണുന്നതിലും പ്രദര്ശിപ്പിക്കുന്നതിലും ഒന്നും ഒരാളെയും വില ക്കാനോ തടയാനോ ആകില്ല എന്നത് പോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്തവരാണ് പല സംഘടനാ നേതാക്കളും . മുൻപ് പലപ്പോഴും ആവശ്യപ്പെട്ടി ട്ടുള്ള ഒരു കാര്യം വീണ്ടും ചർച്ചയ്ക്ക് വിധേയമാകട്ടെ .

ഇത് തികച്ചും ജനാധിപത്യ വിരുദ്ധമായ ഒരു രീതിയാണ് . സംഘടനയിൽ അംഗമല്ലെങ്കിൽ ഒരാൾക്ക് സിനിമയിൽ പ്രവർത്തിക്കാൻ കഴിയില്ല എന്നത് മലയാള സിനിമയിൽ ഇന്നും നില നിൽക്കുന്ന അലിഖിതമായ ഒരു ഏർപ്പാട് ആണ് . അംഗത്വം ഇല്ലാതെ ജോലി ചെയ്യുന്നവരെ ഭീഷണിപ്പെടുത്തി സിനിമയുടെ സെറ്റിൽ നിന്നുമൊഴിവാക്കുന്ന സംഭവങ്ങൾ ഇപ്പോളും ധാരാളമായുണ്ട് . ഇത്തരം കാര്യങ്ങൾക്ക് പൂർണമായ വിരാമം കുറിക്കേണ്ടതാണ് .

ഒരു സിനിമയുടെ പേര് രെജിസ്റ്റർ ചെയ്യുന്നത് നിലവിൽ ഫിലിം ചേമ്പറിലാണ് . ഇങ്ങനെ ചെയ്യണം എന്ന് കൃത്യമായ ഒരു നിയമം യഥാർത്ഥത്തിൽ ഇല്ല . വളരെ കാലമായി നിലനിൽക്കുന്ന ഒരു രീതി മാത്രമാണ് ഇത് . ഒരു സിനിമ സെൻസറിങ്ങിന് അപേക്ഷിക്കുമ്പോൾ ഫിലിം ചേമ്പറിൽ നിന്നുള്ള ടൈറ്റിൽ രജിസ്‌ട്രേഷനും പബ്ലിസിറ്റി ക്ലിയറൻസും നല്കണം എന്ന് ആവശ്യപ്പെടാറുണ്ട് . വിവരാവകാശ നിയമ പ്രകാരം സെൻസർ ബോർഡിനോട് ചോദിച്ചപ്പോൾ ഇത് ഇല്ലെങ്കിലും സെൻസർ ചെയ്ത് നൽകും ഇങ്ങനെ സിനിമകൾ ഫിലിം ചേമ്പറിൽ രെജിസ്റ്റർ ചെയ്യണം എന്ന ഒരു നിയമം ഇല്ല എന്നാണ് മറുപടി നൽകിയിട്ടുള്ളത് . പക്ഷേ ഇപ്പോഴും ഫിലിം ചേമ്പറിൽ നിന്നുള്ള രെജിസ്ട്രേഷൻ ഒരു നടപടി പോലെ എല്ലാ സിനിമകളും ചെയ്യാറുണ്ട് . അതിന് ഏതാണ്ട് 25000 രൂപ ചിലവ് വരും . നിങ്ങൾ പുതിയ ഒരു സംവിധായകനോ നിർമാതാവോ ആണ് എന്നിരിക്കട്ടെ . നിങ്ങളുടെ സിനിമ രെജിസ്റ്റർ ചെയ്യുവാനായി നിങ്ങൾ ഫിലിം ചേംബറിനെ സമീപിക്കുന്നു. അവർ ഉടനെ അങ്ങ് രെജിസ്റ്റർ ചെയ്തു തരികയല്ല . നിർമാതാവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഫിലിം ചേമ്പറിൽ രെജിസ്റ്റർ ചെയ്യാൻ സാധിക്കൂ . സംവിധായകനും മറ്റ് പ്രധാന സാങ്കേതിക വിദഗ്ദ്ധരും സാങ്കേതിക വിദഗ്ദ്ധരുടെ സംഘടനയിൽ അംഗത്വം ഉണ്ടെങ്കിലേ ഫിലിം ചേമ്പറിൽ സിനിമ രെജിസ്റ്റർ ചെയ്യാനാകൂ .അതുകൊണ്ട് അതൊക്കെ ആദ്യം ചെയ്തിട്ട് വരാനാണ് ചേംബർ നിർദ്ദേശിക്കുന്നത് . നിർമാതാക്കളുടെ സംഘടനയിൽ ഏതാണ്ട് 75000 രൂപ നൽകിയാലേ അംഗത്വം ലഭിക്കൂ . സാങ്കേതിക പ്രവർത്തകരുടെ സംഘടനയിൽ പല സാംകേതിക വിദഗ്ധർക്കും അംഗത്വം എടുക്കണം എങ്കിൽ ലക്ഷങ്ങൾ ആണ് അംഗത്വ ഫീസ് ആയി നൽകേണ്ടത് . അല്ലെങ്കിൽ താൽക്കാലിക മെമ്പർഷിപ് എങ്കിലും നിർബന്ധമായും എടുത്തേ പറ്റൂ . അതായത് ഇത് ഒരു ചെയിൻ ആണ് . ഒരു സിനിമ സെൻസർ ചെയ്യണമെങ്കിൽ ഫിലിം ചേമ്പറിൽ സിനിമയുടെ പേരും പബ്ലിസിറ്റി ക്ലിയറൻസും രെജിസ്റ്റർ ചെയ്യണം . ഫിലിം ചേമ്പറിൽ ഇത് ചെയ്യണമെങ്കിൽ നിർമാതാക്കളുടെ സംഘടനയിലും സാങ്കേതിക പ്രവർത്ഥകാരുടെ സംഘടനയിലും അംഗത്വം എടുത്തേ മതിയാകൂ . ഈ അംഗത്വം ഒക്കെ എടുത്ത് വരുമ്പോൾ ഏതാനും ലക്ഷങ്ങൾ കൂടി കൂടുതലായി നൽകേണ്ടി വരും. ഇതിന് പുറമെ ആണ് സംഘടനാ അംഗത്വം ഇല്ലെങ്കിൽ സിനിമയിൽ പ്രധാന സാങ്കേതിക മേഖലകളിൽ ജോലി ചെയ്യാൻ സാധിക്കില്ല എന്ന (അപ്രഖ്യാപിത) നിയമവും നില നിൽക്കുന്നത് .

ഇത് തികച്ചും ജനാധിപത്യ വിരുദ്ധമായ ഒരു രീതിയാണ് . സംഘടനയിൽ അംഗമല്ലെങ്കിൽ ഒരാൾക്ക് സിനിമയിൽ പ്രവർത്തിക്കാൻ കഴിയില്ല എന്നത് മലയാള സിനിമയിൽ ഇന്നും നില നിൽക്കുന്ന അലിഖിതമായ ഒരു ഏർപ്പാട് ആണ് . അംഗത്വം ഇല്ലാതെ ജോലി ചെയ്യുന്നവരെ ഭീഷണിപ്പെടുത്തി സിനിമയുടെ സെറ്റിൽ നിന്നുമൊഴിവാക്കുന്ന സംഭവങ്ങൾ ഇപ്പോളും ധാരാളമായുണ്ട് . ഇത്തരം കാര്യങ്ങൾക്ക് പൂർണമായ വിരാമം കുറിക്കേണ്ടതാണ് . അതിന് ആദ്യം വേണ്ടത് സിനിമകളുടെ പേരും പബ്ലിസിറ്റി ക്ലിയറൻസും നൽകുന്നത് സർക്കാരിന്റെ കീഴിലാക്കുക എന്നതാണ് . കെ എസ് എഫ് ഡി സി യും ചലച്ചിത്ര അക്കാദമിയും നമുക്കുണ്ട് . ഇതിലേതെങ്കിലും ഒരു സ്ഥാപനത്തിന് എന്ത് കൊണ്ട് ടൈറ്റിൽ രജിസ്‌ട്രേഷനും പബ്ലിസിറ്റി ക്ലിയറൻസും നൽകുന്ന ചുമതല നൽകിക്കൂടാ . എന്തിനാണ് ഫിലിം ചേംബർ പോലെ ഒരു സ്വകാര്യ ഏജൻസി അവരുടെ തോന്നിയ പടി ഈ രെജിസ്ട്രേഷൻ നൽകുന്ന സംവിധാനം ഇനിയും തുടർന്ന് പോരുന്നത്? . . ഇതിന്റെ മറവിലുള്ള സാമ്പത്തികവും തൊഴിൽ പരവുമായ നിബന്ധനകളും നടപടികളും അവസാനിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കേണ്ടതല്ലേ? . അതോ ഇക്കാര്യത്തിലും സർക്കാർ ഇനിയും ഉറക്കം നടിക്കാൻ തന്നെയാണോ തീരുമാനം …?.മറ്റ് സംസ്ഥാനങ്ങളിൽ അങ്ങനെയായത് കൊണ്ട് നമ്മളും തുടരുന്നു എന്ന വാദത്തിൽ അർത്ഥമില്ല. കേന്ദ്ര സർക്കാരിന് ഫിലിം ചേംബർ സ്വമേധയാ നൽകിയ ഒരു കത്തിന്റെ അടിസ്ഥാനത്തിൽ വർഷങ്ങൾക്ക് മുൻപ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നൽകിയ വെറും ഒരു നിർദ്ദേശം മാത്രം അടിസ്ഥാനമാക്കിയാണ് ഫിലിം ചേംബർ ഈ ദൗത്യം സ്വയം അവകാശമായി ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്നത് . ഇത് അടിയന്തരമായി സർക്കാരിന്റെ സിനിമാ വകുപ്പിന് കീഴിൽ കൊണ്ടു വരേണ്ടതല്ലേ .സിനിമയ്ക്ക് മാത്രമായി ഒരു പ്രത്യേക വകുപ്പും മന്ത്രിയും ഉള്ള ഒരു സംസ്ഥാനമാണല്ലോ ഇത് . അതുകൊണ്ട് തന്നെ ഇത്തരത്തിൽ അടിസ്ഥാനപരമായ ചില ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്നും പൊതു സമൂഹം പ്രതീക്ഷിക്കുന്നുണ്ട് ..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com