പാത്തുവാണ് താരം, വനിതാദിനത്തിലെ മിന്നും താരം

Sharing is caring!

Special Reporter  

ഫാത്തിമ അസ്ല. Dream Beyond Infinity എന്ന പരിപാടിയിലൂടെ യൂട്യൂബേര്‍സിന്‍റെ പ്രിയപ്പെട്ട താരം. വീല്‍ചെയറിലിരുന്ന് അവള്‍ അവതരിപ്പിക്കുന്ന ഈ പരിപാടി ആയിരങ്ങള്‍ക്ക് പ്രചോദനമാണ്. തന്‍റെ വികലാംഗത്വത്തെ മറന്ന് പ്രത്യാശയുടെ തിരിനാളം എല്ലാവര്‍ക്കുമായി പകര്‍ന്നുനല്‍കിയ ഫാത്തിമ അസ്ലയെന്ന പാത്തുവാണ് ഈ വനിതാദിനത്തിലെ താരം. കാരണം, അവള്‍ ഇന്ന് വീല്‍ചെയറില്‍ അല്ല. എണീറ്റ് നടക്കുന്നു. തന്‍റെ കാലുകളെ ഇഷ്ടം പോലെ ചലിപ്പിക്കുന്നു. ഈ മാറ്റത്തിലേക്ക് അവള്‍ എത്തിയത് നിശ്ചയദാര്‍ഢ്യം കൊണ്ട് മാത്രമാണ്. പിച്ചവെച്ചവള്‍ നടന്നുകയറിയത് നിശ്ചയദാര്‍ഢ്യത്തിന്‍റെ ജീവിതവിജയത്തിലേക്കാണ്.

‘പാത്തുവിന്‍റെ ചിരിക്ക് പത്തരമാറ്റ് തിളക്കം’ എന്ന തലക്കെട്ടോടെ എഴുത്തുകാരന്‍ നജീബ് മൂടാടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഫാത്തിമ അസ്ലയുടെ നിശ്ചയദാര്‍ഢ്യം ലോകം അറിഞ്ഞത്.

യൂട്യൂബില്‍ കാണുന്ന എനര്‍ജറ്റിക്കായ ഫാത്തിമയെ രൂപപ്പെടുത്തിയത് ജീവിതത്തിലെ ദുരിതങ്ങള്‍ തന്നെയായിരുന്നു. ഏറെ കഷ്ടപ്പാടുകള്‍ക്ക് ശേഷമാണ് ഫാത്തിമയ്ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിച്ചത്. എന്നാല്‍ വീല്‍ചെയറില്‍ ഇരിക്കുമ്പോഴും പഠനത്തിലും ജീവിത വിജയത്തിലും മറ്റുള്ളവര്‍ക്ക് മാതൃകയായി ഫാത്തിമ രണ്ടുകാലില്‍ ഉയര്‍ന്നുനില്‍ക്കുകയായിരുന്നു.

കോട്ടയം ഹോമിയോ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായ ഫാത്തിമയ്ക്ക് എല്ലുകള്‍ പൊടിയുന്ന രോഗമായിരുന്നു. കൂടെ നട്ടെല്ലിന് വളവും. എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ സാധിക്കില്ല. ശരീരം നുറുങ്ങുന്ന വേദന തിന്നണം. വര്‍ഷങ്ങളായി വീല്‍ചെയറിലാണ് ജീവിതം. ഇടതുകാലിന് മാത്രം അറുപത് തവണയില്‍ അധികം പൊട്ടലുണ്ടായിട്ടുണ്ട്. കഠിനമായ വേദനയും ദീര്‍ഘനാളത്തെ ചികിത്സയും ഫലം കണ്ടില്ല. അപ്പോഴും അതെല്ലാം സഹിച്ച് അവള്‍ പഠിക്കുകയായിരുന്നു.

“അവളെ പഠിപ്പിച്ചിട്ട് കാര്യൊന്നുല്ല”, “വീല്‍ചെയറില്‍ തന്നെ ജീവിതം”, “ഇനി എന്ത് ചികിത്സ” എന്നൊക്കെ കുത്തുവാക്കുകളും പിന്തിരിപ്പിക്കാന്‍ ആളുകളും ഉണ്ടായിരുന്നു. അതൊന്നും വകവെക്കാതെ വലിയ ചികിത്സാചെലവുകള്‍ക്കിടയിലും അവളുടെ ആഗ്രഹം പോലെ ഉപ്പയും ഉമ്മയും പഠിപ്പിച്ചു. പഠിച്ച് ഉയരങ്ങളിലെത്തണം, ഈ വീല്‍ചെയറിനെ തോല്‍പ്പിക്കണം. അതായിരുന്നു അവളുടെ സ്വപ്നം. അതിനായിരുന്നു അവള്‍ തന്‍റെ സ്വപ്നങ്ങള്‍ മറ്റുവള്ളവര്‍ക്ക് കൂടി പ്രയോജനകരമാകുന്ന രീതിയില്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബി.ഫാം പഠിക്കുന്ന അനുജനും ഫാത്തിമയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് വിരിച്ചുനല്‍കി.

രണ്ട് മാസം മുന്‍പെ കോയമ്പത്തൂരില്‍ വെച്ച് നടത്തിയ ശാസ്ത്രക്രിയയ്ക്ക് ശേഷം വീല്‍ചെയറിനെ ആശ്രയിക്കാതെ നില്‍ക്കാനും കുറച്ച് നടക്കാനും ഫാത്തിമയ്ക്ക് സാധിക്കുന്നുണ്ട്. ഏത് വേദനയിലും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന, പ്രത്യാശ കൈവിടാത്ത ഫാത്തിമ അസ്ലയും എല്ലാ പ്രതിസന്ധിയിലും ഫാത്തിമയെന്ന പെണ്‍കുട്ടിക്ക് നല്ല വിദ്യാഭ്യാസവും നിശ്ചയദാര്‍ഢ്യവും നല്‍കിയ ഉപ്പയും ഉമ്മയും അനുജനുമാണ് ഈ വനിതാ ദിനത്തിലെ താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com