” എന്റെ അധിക പ്രസംഗങ്ങള്‍” : ബാലചന്ദ്രമേനോന്

പ്രസംഗം എനിക്കു എന്നും ഇഷ്ട്ടമുള്ള കാര്യമാണ്. “നീ അധികമൊന്നും പ്രസംഗിക്കണ്ട ” എന്നു വീട്ടിലുള്ളവരും സ്കൂളിലെ സാറമ്മാരും പിന്നീട് പൊതുസമൂഹത്തിലെ സഹിഷ്ണുത കുറഞ്ഞ മേലാളന്മാരുമൊക്കെ പലകുറി ആജ്ഞാപിച്ചിട്ടും ഞാൻ പ്രസംഗം അഭംഗുരം തുടർന്നു. ആറാം ക്ളാസ്സിലായിരുന്നു അരങ്ങേറ്റം.പിന്നീട് കേരളത്തിൽ എമ്പാടും ഇന്ത്യയിലും വിദേശത്തു പലയിടത്തും മലയാളത്തിലും ഇംഗ്ളീഷിലും പ്രസംഗമഹാമഹം തുടർന്നു. തുറന്നു പറയട്ടെ ,ഞാൻ ഒരു വേദിയിലും തയ്യാറെടുപ്പോടെ പോകാറില്ല . മൈക്കിനരികിൽ നിന്നു മുന്നിലിരിക്കുന്ന സദസ്സിനെ കാണുമ്പോൾ എന്റെ വായിൽ എന്തു വരുന്നോ അതാണ് എന്റെ പ്രസംഗം. ‘എയ്ത അമ്പും വായിൽ നിന്നു വീണ വാക്കും’ തിരിച്ചെടുക്കാനാവില്ല എന്ന സത്യം പ്രസംഗവേദിയിൽ എന്നെ കുറച്ചല്ല ഭയപ്പെടുത്തിയിട്ടുള്ളത് . ഒരു പ്രതിരോധമായി ഞാൻ എന്റെ പ്രസംഗങ്ങൾ മൊബൈൽ ഫോണിൽ റെക്കോര്‍ഡ് ചെയ്യാൻ തുടങ്ങി. അങ്ങിനെ റെക്കോര്‍ഡ് ചെയ്തവ പിന്നീട് എപ്പഴോ കേട്ടപ്പോൾ ചുറ്റുമിരുന്നവർ ആണ് എന്തു കൊണ്ടു ഇതു പുസ്തകരൂപത്തിൽ ആക്കിക്കൂടാ എന്നു എന്നോട് ചോദിച്ചത് .അങ്ങിനെ ഒരു പുതിയ പുസ്തകം കൂടി എന്റെ പേരിൽ വരുന്ന ആഗസ്ത് 19 ന് കൊച്ചിയിൽ വെച്ചു പ്രകാശിതമാവും .
പേര് ….”എന്റെ അധികപ്രസംഗങ്ങൾ “…
തീര്‍ത്തും വ്യത്യസ്തമായൊരു അനുഭവമായിരിക്കും ബാലചന്ദ്രമേനോന് തന്റെ പുസ്തകത്തിലൂടെ മലയാളി വായനക്കാര്‍ക്ക് നല്‍കാനിരിക്കുന്നത് .