ആന്മരിയ പോയാലെന്താ.. അവിനാഷ് തിരക്കിലാണ്
മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആന്മരിയയുടെ കലിപ്പ് തിയേറ്ററില്‍ തരംഗമാകുമ്പോള്‍ ആന്മരിയയോട് പ്രണയം പറയാനാകാതെ നിരാശനായി നടക്കുകയല്ല അവിനാഷ്. അതെ, അവിനാഷ് തിരക്കിലാണ്. അല്ലെങ്കില്‍ വിശാല്‍ കൃഷ്ണ എന്ന മാസ്റ്റര്‍ വിശാല്‍ തിരക്കിലാണ് . സിനിമയില്‍ നല്ല അഭിനയം കാഴ്ച വെച്ചതിന് പലരും വിളിച്ച് അഭിനന്ദിച്ച തിരക്കിലല്ല. പുതിയ സിനിമയുടെ തിരക്കിലുമല്ല. സ്വന്തമായി സിനിമ പിടിക്കാനുള്ള തിരക്കിലാണ് ഈ ആറാം ക്ലാസുകാരന്.
“അവന് ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യുന്ന കുട്ടിയാണ്. എന്തെങ്കിലും ക്രിയേറ്റീവ് ആയി ചെയ്യാന്‍ ഓടി നടക്കും..”- പറയുന്നത് വിശാല്‍ കൃഷ്ണയുടെ അച്ഛന് കെ ആര് സുനില്‍. ബിഎസ്എന്‍എലില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു നല്ല സിനിമാ പ്രേമിയാണ്. അതിലപ്പുറം സിനിമയെന്ന മോഹം പൂത്തുലഞ്ഞിട്ടൊന്നുമില്ല. ഒരു സാധാരണ സിനിമാ പ്രേമി. അത് കൊണ്ട് തന്നെ മകനെ
സിനിമയിലെത്തിക്കണമെന്ന് അതിയായ മോഹങ്ങളുമില്ല. അവന്റെ ടാലന്റ് അച്ഛന് നന്നായി അറിയാമായിരുന്നു. പക്ഷെ ഒരിക്കല്‍ പോലും അവന്റെ തീരുമാനങ്ങളില്‍ ഇടപെടുകയോ അവനെ എന്തിനെങ്കിലും പ്രേരിപ്പിക്കാനോ സുനിലും എല്‍ഐസി ജീവനക്കാരിയായ അമ്മ അംബികയും തയ്യാറായിരുന്നില്ല. എന്നാല്‍ വിശാല്‍ എന്തും ചെയ്യാന്‍ സന്നദ്ധനായ കുട്ടിയായിരുന്നു. അത് കൊണ്ട് വിശാല്‍ ഒരു ഡാന്‍സറാണ്, ആക്ടറാണ്, ഇപ്പോള്‍ ഡയറക്ടറുമാണ്. എന്നാല്‍ ഇതൊന്നും ഈ ആറാം ക്ലാസുകാരന് എവിടെയും പോയി പഠിച്ചിട്ടുമില്ല. എറണാകുളം വൈറ്റിലയിലെ വീടാണ് ലോകം.
മാല്‍ഗുഡി ഡെയ്സ് എന്ന സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുള്ള പരസ്യം കണ്ടപ്പോള്‍ ഒരു കൗതുകത്തിനാണ് അച്ഛന് സുനില്‍ വിശാലിന്റെ ഫോട്ടോ അയച്ചത്. അതും അവന്റെ സമ്മതത്തോടെ. എന്നാല്‍ ആ സിനിമ വിശാലിനെ എത്തിച്ചത് അഭിനയത്തിനുള്ള മികച്ച സംസ്ഥാന ക്രിറ്റിക്സ് അവാര്‍ഡിലേക്കാണ്. മികച്ച ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി ഒറ്റ സിനിമ കൊണ്ട് തന്നെ വിശാല്‍ താരമായി. തൃപ്പൂണിത്തറയിലെ ചിന്മയ വിദ്യാലയത്തില്‍ വിശാല്‍ കൃഷ്ണ വെറും ആറാം ക്ലാസുകാരന് സിനിമാ താരം മാത്രമായിരുന്നില്ല.
“എറണാകുളത്തെ വീട്ടില്‍ അനിയത്തിയുടെ കൂടെ ഒരു രസത്തിന് വെറുതെ മൊബൈലില്‍ എടുത്ത വീഡിയോ ആണ്..” അവന്റെ വാക്കുകളിലുണ്ടായിരുന്നു ആത്മാര്‍ത്ഥതയുടെ സ്വരം. സ്കൂളിലും വീട്ടിലും അവന് കുട്ടികളുടെ ഷോര്‍ട് ഫിലിമുകള്‍ എടുത്തു. മൊബൈലിലെ ക്ലാരിറ്റിയില്‍ അവന്റെ കുഞ്ഞുമനസിലെ വലിയ കഥയിലും തിരക്കഥയിലും നല്ല സിനിമകള്‍ വിരിഞ്ഞു. എല്ലാം ഒരു രസത്തിനായിരുന്നു. എന്നാല്‍ അവനിലെ ഡയറക്ടര്‍ ചില്ലറക്കാരനല്ലെന്ന് ഈ വീഡിയോ കണ്ടാല്‍ മനസിലാകും. ഈ തിരക്കുകളിലൂടെ ഓടിനടക്കുമ്പോള്‍ അവിനാഷിന്റെ ആന്മരിയ തിയേറ്ററുകളെ പൂരപ്പറമ്പാക്കുകയായിരുന്നു.
മാല്‍ഗുഡി ഡെയ്സ് കഴിഞ്ഞ് മറ്റൊരു സിനിമയെന്നത് അച്ഛനും അമ്മയ്ക്കും ചിന്തിക്കാന്‍ കൂടി കഴിഞ്ഞില്ല. അപകടകരമായ പല സീനുകളും ആ സിനിമയില്‍ ഉണ്ടായിരുന്നു എന്നതാണ് കാരണം. മാത്രമല്ല, 24 ദിവസത്തെ ഷൂട്ടിംഗ് സ്കൂളിലെ ക്ലാസും നഷ്ടമുണ്ടാക്കി. എന്നാല്‍ പഠിക്കാന്‍ മിടുക്കനായ വിശാലിനെ സ്കൂള്‍ അധികൃതരും കൂട്ടുകാരും നന്നായി സഹായിച്ചു. അവന്റെ ടാലന്റ് കളയരുതെന്ന സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ നിര്‍ദേശത്തില്‍ നിന്നാണ് മാസ്റ്റര്‍ വിശാല്‍, അവിനാഷായി തിളങ്ങിയത്.
പ്രിന്‍സിപ്പാളിന്റെ നിര്‍ദേശത്തിന് ശേഷമാണ് മിഥുന് മാനുവലിന്റെ പുതിയ സിനിമയ്ക്ക് വേണ്ടി കുട്ടികളെ തേടുന്നതായി പരസ്യം കണ്ടത്. വിശാലിന്റെ സമ്മതത്തോടെ തന്നെ അച്ഛന് സുനില്‍ മെയില്‍ അയച്ചു. മറുപടിയൊന്നും കിട്ടാത്തപ്പോള്‍ ആന്മരിയ എന്ന സിനിമ വിശാല്‍ ഉപേക്ഷിച്ചതായിരുന്നു. എന്നാല്‍ മലയാളിക്ക് പുതിയ കുട്ടിക്കുറുമ്പനെ പരിചയപ്പെടുത്താന്‍ ഒരു സുഹൃത്തിന്റെ രൂപത്തില്‍ സുനിലിന് മുന്നില്‍ വിശാലിന്റെ ചാന്‍സ് എത്തി. ആദ്യം നഷ്ടമായെങ്കിലും അവര്‍ മിഥുന് മാനുവലിന്റെ സെലക്ഷന് ക്യാമ്പിലെത്തിപ്പെട്ടത് ഇങ്ങനെയായിരുന്നു. പൂമ്പാറ്റയെ ശരത്ത് പരിചയപ്പെടുത്തുന്ന സിനിമയിലെ ഏറ്റവും രസകരമായ സീന്‍ അഭിനയിക്കാനായിരുന്നു ആദ്യ നിര്‍ദേശം. അത് ഭംഗിയായി പൂര്‍ത്തിയാക്കി. സെലക്ഷന് ക്യാമ്പ് കഴിഞ്ഞ് വിശാല്‍ വീട്ടിലെത്തി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കഥാപാത്രമായി വിശാലിനെ തിരഞ്ഞെടുത്തു എന്ന് പറഞ്ഞ് മിഥുന്റെ ഫോണ്‍ വന്നു. അതോടെ വിശാലിന്റെ സിനിമാ ജീവിതത്തിന് രണ്ടാമതും ചിറക് മുളച്ചു.
20 ദിവസമായിരുന്നു ഷൂട്ടിംഗ് ഉണ്ടായത്. ഏറ്റവും വലിയ പ്രത്യേകത ഷൂട്ടിംഗ് തുടങ്ങും മുമ്പെ മിഥുന് മാനുവല്‍ സ്ക്രിപ്റ്റ് വിശാലിന് മെയില്‍ അയച്ചു കൊടുത്തു എന്നുള്ളതാണ്. അത് കൊണ്ട് തന്നെ ആ ക്യാരക്ടറായി മാറാന്‍ വിശാലിന് വലിയ സമയം വേണ്ടി വന്നില്ല. മാര്‍ച്ചിലായിരുന്നു ഷൂട്ടിംഗ്. പരീക്ഷാക്കാലമായതിനാല്‍ സ്കൂളില്‍ പോകാന്‍ സാധിച്ചില്ല. എന്നാല്‍ സ്കൂളിന്റെ സഹായത്തോടെ എഴുതിയെടുത്ത പരീക്ഷകളുടെ ഫലം വന്നപ്പോള്‍ അവിടെയും വിശാല്‍ തന്നെ താരം. അപ്പോഴേക്കും ആന്മരിയയോടുള്ള പ്രണയം പ്രകടിപ്പിക്കാനുള്ള വ്യഗ്രതയില്‍ പൂമ്പാറ്റയുടെയും ശരത്തിന്റെയും കെണിയില്‍ അകപ്പെട്ട അവിനാഷിനെ കേരളം ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ആ സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും നാം പരിചയപ്പെടാന്‍ കാരണമായിത്തീരുന്നത് അവിനാഷായിരുന്നു. കൊച്ചുകുറുമ്പന്റെ പ്രണയം അവസാനം വരെ പറഞ്ഞില്ലെങ്കിലും ആന്മരിയയുടെ കലിപ്പ് കാണികളിലെത്തിക്കുന്നതില്, സിനിമയിലെ കഥയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വിശാലെന്ന അവിനാഷിന് നിഷ്പ്രയാസം സാധിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയുടെ വലിയ വിജയത്തിന്റെയും തന്റെ കഥാപാത്രത്തിന്റെയും ആഘോഷങ്ങളൊന്നും അവിനാഷിന്റെ വിഷയമല്ല. അതെ, അവിനാഷ് തിരക്കിലാണ്. മാസ്റ്റര്‍ വിശാലിന്റെ ലോകത്തില്‍ സിനിമ വെറും അഭിനയം മാത്രമല്ല. പഠനം കൂടിയാണ്. ഈ ആറാം ക്ലാസുകാരന്റെ ചിന്തയും പ്രവര്‍ത്തനവും ഇപ്പോള്‍ സിനിമയാണ്. അഭിനയം, സംവിധാനം എല്ലാമുണ്ട് വിശാലെന്ന കൊച്ചുമിടുക്കനില്‍. തന്റെ മൊബൈല്‍ ഫോണിലെ വീഡിയോയില്‍.