കാണാതെ പോകരുത്, അതിജീവനമെന്ന യാഥാര്‍ത്ഥ്യം!
ആധുനിക കേരളത്തില്‍ ആശുപത്രികളും മരുന്ന് ഉല്പാദന, വിതരണ സ്ഥാപനങ്ങളും കുമിഞ്ഞുകൂടുമ്പോള്‍ അതിനെ വികസനമെന്ന് വിളിക്കുന്നവര്‍ ഇപ്പോഴും കാലമെത്രയോ പിറകിലോട്ടാണ് നടക്കുന്നത്. ഈ യാഥാര്‍ത്ഥ്യം എത്രയോ പേര് വിളിച്ചു പറഞ്ഞു. ആരും ചെവിക്കൊണ്ടില്ല. വന്‍കിട സിനിമകള്‍ക്കിടയില്‍ ഈ അടുത്ത ദിവസം ഒരു സിനിമ പുറത്തിറങ്ങി. അതിജീവനം. സുധീഷും അഞ്ജു അരവിന്ദും അഭിനയിച്ച ഈ രണ്ട് മണിക്കൂര്‍ സിനിമ എല്ലാ മലയാളിയും നിര്‍ബന്ധമായും കണ്ടിരിക്കണം. വെറും നേരമ്പോക്കിനുള്ള ഉപാധിയായി തിയേറ്ററില്‍ ഇടിച്ചു കയറുന്നവര്‍ അതിജീവനം കാണരുത്. കാരണം, ഇത് മലയാളിയുടെ യഥാര്‍ത്ഥ ജീവിതമാണ്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ മനുഷ്യ ജീവിതങ്ങളുടെ അതിജീവനത്തിന്റെ യാഥാര്‍ത്ഥ്യമാണ്.
തിരുവനന്തപുരം നിള തിയേറ്റളില് മാത്രമാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. വലിയ പരസ്യ കോലാഹലങ്ങളുമില്ല. കൃത്യസമയത്ത് തിയേറ്ററിലെത്തി ടിക്കറ്റെടുത്ത ഞാന്‍ ധൃതികാട്ടുന്നത് കണ്ട് തിയേറ്ററിന്റെ പുറത്ത് ടിക്കറ്റ് പരിശോധിച്ച് അകത്ത് കടത്തിവിടുന്ന ആള് പറഞ്ഞു, ڇആധികം ധൃതി വേണ്ട, എവിടെ വേണെലും ഇരിക്കാം.. ആകെ പത്താള് കാണൂല..” ആ വാക്കുകളിലെ നിരാശയോടെയാണ് ഞാന്‍ സിനിമ കണ്ടത്. എന്നാല്‍ സിനിമ കഴിയുമ്പോള്‍ ഉള്ളിലാകെ ആധിയായിരുന്നു. ഇതൊരു കഥയല്ല. വെറും ഒന്നര മണിക്കൂറിലെ എന്റര്‍ടെയ്ന്‍മെന്റല്ല. ഇത് യഥാര്‍ത്ഥ്യമാണ്. രോഗങ്ങള്‍ കാര്‍ന്നു തിന്നുന്ന മലയാളികള്‍ ഇനിയെങ്കിലും ശീലിക്കേണ്ട യാഥാര്‍ത്ഥ്യത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്
“ആദ്യം അവര്‍ നല്ലത് തരും, പിന്നെ വിഷം തരും,
പിന്നെ രോഗത്തിന് മരുന്ന് തരും, പിന്നെ വികസനം വരും..”
അതിജീവനത്തിലെ ഓരോ സംഭാഷണങ്ങളും നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ മലയാളികളെ പറ്റിച്ച് ജീവിക്കുന്ന എത്രയോ പേരുണ്ട് ഇവിടെ. എത്രയെത്ര മരുന്നുകളാണ് ദിവസേന നാട്ടിലിറങ്ങുന്നത്. ഇവയെല്ലാം വാങ്ങാന്‍ യാഥേഷ്ടം ആളുകള്‍ ഉണ്ട് താനും. നാം നന്നായി അധ്വാനിച്ചാല്‍, സ്വന്തം പ്രയത്നത്തിലൂടെ കാര്‍ഷികവൃത്തിക്ക് മുതിര്‍ന്നാല്‍ ഈ രോഗങ്ങളെയും രോഗികളാക്കുന്ന മരുന്ന് കമ്പനികളെയും തുരത്താമെന്ന് ഇനിയും തിരിച്ചറിയേണ്ടിരിക്കുന്നു. അതിന് വേണ്ടത് നാടിന്റെ കൂട്ടായ്മയാണെന്ന് അതിജീവനം പറയുന്നു.
കുട്ടികളുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. അത്താഴക്കുന്ന് ഗ്രാമത്തില്‍ മാരകമായ രോഗം പടരുകയാണ്. ജനിച്ച് വീഴുന്ന കുട്ടികള്‍ക്കെല്ലാം അംഗവൈകല്യങ്ങള്‍. എല്ലാ കുടുംബ ജീവിതങ്ങളിലും നരക തുല്യമായ അവസ്ഥ. അമിതമായ രാസവള പ്രയോഗം പുറമെ നിന്നും വാങ്ങുന്ന ഭക്ഷണപദാര്ത്ഥത്തിലല്ല ആ ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍ തന്നെ എത്തിനില്ക്കുന്നുവെന്ന് ചിലര്‍ തിരിച്ചറിയുന്നു. ഇവിടെയെത്തുന്ന വേണുമാഷും, ആനിയും നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് അതിജീവനം. നാം ചെയ്യുന്ന എളുപ്പവഴികള്‍ക്ക് ഇരകളാകുന്നത് ഭാവിതലമുറകളായ കുട്ടികളാണെന്ന വിപത്തിലേക്ക് സിനിമ വിരല്‍ചൂണ്ടുന്നു.
നാട്ടില്‍ രോഗം പരന്നത് പച്ചക്കറികളിലെ വിഷത്തിലൂടെയാണെന്ന് ആ നാടിനെ പറഞ്ഞു ബോധ്യപ്പെടുത്തുകയും ജൈവകൃഷിക്ക് നാടിനെ ഒന്നിപ്പിച്ച് നിര്‍ത്തുകയുമാണ് വേണുമാഷ്. എന്നാല്‍ മരുന്ന് കമ്പനികള്‍ അതിനെതിരെ പുതിയ തന്ത്രങ്ങള്‍ മെനയുന്നു. പുതിയ രീതികളിലൂടെ മരുന്ന് വില്പന നടത്തി ലാഭം കൊയ്യുന്നു. പഠിച്ചിട്ടും ജോലിയില്ലാതെ അലയുന്ന യുവാക്കളെ വലിയ ശമ്പളം നല്‍കിയും പ്രലോഭനം നല്‍കിയും മരുന്ന് വില്പനക്കാരാക്കുന്നു. ഡോക്ടര്‍മാരെ കൈയ്യിലെടുത്ത് പ്രത്യേക കമ്പനിയുടെ മരുന്നുകള്‍ മാത്രം വില്പനയ്ക്കെത്തുന്ന തന്ത്രവും സിനിമ വരച്ചുകാട്ടുന്നു. ഗ്രാമത്തില്‍ രോഗം വ്യാപകമായപ്പോള്‍ വിശാലമായ കുന്ന് ഇടിച്ച് നിരത്തി വികസനത്തിന്റെ പേര് പറഞ്ഞ് മെഡിക്കല്‍ കോളേജ് പണിയാനൊരുങ്ങുകയും അതിനെ നാട്ടുകാര്‍ ചെറുത്ത് തോല്പ്പിക്കുയുമാണ്. യഥാര്‍ത്ഥ വികസനം ജനങ്ങളുടെ ക്ഷേമമാണെന്ന വലിയ സന്ദേശം നമുക്ക് മുമ്പിലേക്ക് തന്നാണ് സിനിമ അവസാനിക്കുന്നത്. വളരെ ചെറിയ കഥയും പയ്യന്നൂര്‍, കടന്നപ്പള്ളി, പിലാത്തറ പ്രദേശങ്ങളിലെ നാട്ടുകാര്‍ മാത്രം അഭിനേതാക്കളുമായ സിനിമ കഥയില്‍ മാത്രമല്ല, അവതരണത്തിലും ഗ്രാമീണതയുടെ കൂട്ടായ്മ നിലനിര്‍ത്തി. ഒരു നാട് മുഴുവന്‍ ഈ സിനിമയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ചിട്ടുണ്ടെങ്കില്‍ ഈ കഥയിലെ യാഥാര്‍ത്ഥ്യം നമുക്ക് മനസിലാക്കാവുന്നതേയുള്ളു.
മങ്കുന്നം ഫിലിംസിന്റെ ബാനറില്‍ എം ശങ്കരനാരായണനാണ് സിനിമ നിര്‍മ്മിച്ചത്. സജീവന് കടന്നപ്പള്ളി കഥയും സംവിധാനവും, ചന്ദ്രന് രാമന്തളി തിരക്കഥയും രചിച്ച സിനിമയില്‍ മനോഹരമായ രണ്ട് ഗാനങ്ങളും ഉണ്ട്. കൈതപ്രം വിശ്വനാഥനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.
മരുന്ന് തീനികളാകാതെ മലയാളി ജീവിക്കാന്‍ പഠിക്കണമെങ്കില്‍ പഴമയുടെ കൂട്ടായ്മയിലേക്കും കാര്‍ഷികവൃത്തിയിലേക്കും മടങ്ങിപ്പോകാന്‍ സമയം കണ്ടെത്തണമെന്ന വലിയ സന്ദേശമാണ് സിനിമ മുന്നോട്ട് വെക്കുന്നത്. ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്കിടയില്‍ ഒരിക്കലും കാണാതിരിക്കരുത് അതിജീവനമെന്ന യാഥാര്‍ത്ഥ്യം.