മനുഷ്യത്വത്തിന്റെ കണ്ണുതുറപ്പിക്കും നൊമ്പരമായി അശ്വതി ഷോര്‍ട്ട് ഫിലിം
തമിഴ് നാട്ടില്‍ നിന്നും കുടിയേറി വന്നവര്‍ നമ്മുടെ ഫാക്ടറികളില്‍ പണിയെടുത്തിരുന്ന കാലത്തെയാണ് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന് അശ്വതി എന്ന കഥയിലൂടെ അവതരിപ്പിക്കുന്നത്. തമിഴന്റെ മകളുടെ അവസ്ഥ വായിച്ചവരെയെല്ലാം നൊമ്പരപ്പെടുത്തി. ഒരു മിഠായിക്ക് വേണ്ടി കൊതിക്കാനല്ലാതെ മലയാളി മണ്ണില്‍ തമിഴന്റെ മകള്‍ക്ക് മറ്റ് അവകാശങ്ങളില്ലായിരുന്നു. അന്യസംസ്ഥാനക്കാരെ ഫാക്ടറികളില്‍ നിന്നും പുറത്താക്കാന്‍ സമരവും നടക്കുന്നുണ്ട് ഒരു ഭാഗത്ത്. ഇത് പുസ്തകത്തിലെ കഥ.
2020 ല്‍ പ്രകാശന് കുളപ്പുറം ഇതേ കഥ സംവിധാനം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെയാണ്. ഇപ്പോള്‍ ഉത്തരേന്ത്യക്കാരും ബംഗാളികളുമാണ് കേരളത്തില്‍ തൊഴിലെടുക്കാനായി വരുന്നത്. പ്രവാസികളുടെ ചോരയില്‍ നിന്നും നിവര്ന്നുനില്ക്കാന് പഠിച്ച മലയാളിക്ക് അന്യസംസ്ഥാനക്കാരെ ഇപ്പോഴും കണ്ടുകൂടെന്ന് ആധുനിക കാലവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആ സമയത്താണ് ടി പത്മനാഭന്റെ കഥ അശ്വതി ഒരു ഹ്രസ്വ ചിത്രമായി പുറത്തിറങ്ങുന്നത്.

ടി പത്മനാഭന്റെ ഭാഷയുടെ അതേ ശക്തി സിനിമയിലും പകര്‍ത്താന്‍ സംവിധായകന് പ്രകാശന് കുളപ്പുറത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു മിഠായിയില്‍ തുടങ്ങി മറ്റൊരു മിഠായിയുമായി അശ്വതി ഇരുട്ടിലേക്ക് നടന്നുനീങ്ങുമ്പോള്‍ പ്രേക്ഷകന് നൊമ്പരപ്പെടുന്നു. ഒന്‍പത് മിനുട്ടുള്ള ചിത്രം സമകാലിന മനുഷ്യത്വത്തിന്റെ രാഷ്ട്രീയം കൂടി ചര്‍ച്ച ചെയ്യുന്നുണ്ട്.
കണ്ണൂര്‍ ജില്ലയിലെ ചെറുതാഴം, ചെറുകുന്ന്, കണ്ണപുരം, കേന്ദ്രീകരിച്ചായിരുന്നു ചിത്രീകരണം. ഗ്രാമീണ ഭംഗിയും പഴയകാലത്തിന്റെ ചാതുര്യവും സിനിമയുടെ കാഴ്ചയെ മികവുറ്റതാക്കുന്നു. മനോജ് കെ സേതുവാണ് ക്യമാറയും എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നത്. രതീഷ് പല്ലവിയാണ് സംഗീതം. കഥയുടെ വൈകാരികതയോട് ചേര്‍ന്ന് കൃഷ്ണന് നടുവലത്ത് രചിച്ച ഒരു കവിതയും ഉണ്ട്.
അശ്വതിയായി ടെസി മറിയ വേഷമിട്ടു. ഫ്ളവേര്‍സ് ടിവി കോമഡി ഉത്സവതാരം പ്രജിത്ത് കുഞ്ഞിമംഗലവും പ്രധാനവേഷത്തിലുണ്ട്. ബാബു മാസ്റ്റര്‍, രവീന്ദ്രന് മാസ്റ്റര്‍, സുരേഷ് കുമാര്‍, കമല ടിവി, ലീല ടിവി, ലക്ഷ്മണന് ടിവി എന്നിവയാണ് മറ്റ് അഭിനേതാക്കള്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ കഥയ്ക്ക് ഗ്രാമീണ തലത്തില്‍ നിന്നും അഭിനേതാക്കളെയും അണിയപ്രവര്‍ത്തകരെയും കണ്ടെത്തി മികച്ച അവതരണമാണ് സംവിധായകന് ഒരുക്കിയിരിക്കുന്നത്.
ശ്രീലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കല്‍പ്പക ഗോപാലനും കളപ്പുരയില്‍ ബില്‍ഡേര്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.