ട്രാന്‍സിലെ ക്ലൈമാക്സ് ഒരുക്കിയത് കൊച്ചിയില്‍ തന്നെ, കലാസംവിധായകന്‍ അജയന് ചാലിശ്ശേരി സംസാരിക്കുന്നു..
ട്രാന്‍സ് കണ്ടവരൈല്ലാം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വലിയൊരു ചര്‍ച്ചയിലാണ്. ആംസ്റ്റര്‍ഡാമിലെ റെഡ് ഡിസ്ട്രിക്റ്റിലെ ആ ഭാഗം ചിത്രീകരിച്ചത് കൊച്ചിയിലാണോ.? അതെ എന്നാണ് കലാസംവിധായകന്‍ അജയന് ചാലിശ്ശേരി നല്കുന്ന ഉത്തരം. റെഡ് ഡിസ്ട്രിക്റ്റില്‍ ഷൂട്ടിംഗ് അനുമതി ലഭ്യമല്ലാത്തതിനാല്‍ ആ സ്ഥലം അതുപോലെ കൊച്ചിയില്‍ ഒരുക്കുകായിരുന്നു. ആംസ്റ്റര്‍ഡാം കൊച്ചിയിലൊരുക്കിയ കരവിരുതിനെപ്പറ്റിയും ട്രാന്സിനെപ്പറ്റിയും അജയന് ചാലിശ്ശേരി ഓണ്മലയാളത്തോട് സംസാരിക്കുന്നു.

“ട്രാന്‍സിലെ ക്ലൈമാക്സ് രംഗങ്ങള്‍ ആംസ്റ്റര്‍ഡാമില്‍ തന്നെ ഷൂട്ട് ചെയ്യാനായിരുന്നു ആദ്യം പ്ലാന്‍. ഫഹദ് ഉള്‍പ്പെടെ മുഴുവന്‍ ടീമും അതിന് വേണ്ടി ഒരുങ്ങിയിരുന്നു. പക്ഷെ, ആംസ്റ്റര്‍ഡാമിലെ റെഡ് ഡിസ്ട്രിക്റ്റില്‍ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നില്ല. ഇത് അറിഞ്ഞപ്പോള്‍ തന്നെ നമ്മള് പ്ലാന്‍ മാറ്റി. റെഡ് ഡിസ്ട്രിക്റ്റിലൂടെ ഫഹദ് നടന്നുവരുന്ന സീനും എന്‍ട്രിയുമൊക്കെ ആംസ്റ്റര്‍ഡാമില്‍ തന്നെ ചിത്രീകരിച്ചു. ശേഷം റെഡ് ഡിസ്ട്രിക്റ്റിന്റെ സ്കെച്ച് തയ്യാറാക്കി അത് ഫോര്‍ട്ട് കൊച്ചിയില്‍ ഒരുക്കുകയായിരുന്നു. ആംസ്റ്റര്‍ഡാമിലെ കെട്ടിടങ്ങളോട് സാമ്യമുള്ള ഏരിയ ഫോര്‍ട്ട് കൊച്ചിയില്‍ ഉണ്ടായിരുന്നു. അവിടെ ഏകദേശം 14 ദിവസം എടുത്താണ് സെറ്റ് തയ്യാറാക്കിയത്.”
സംവിധായകന് അന്‍വര്‍ റഷീദും ഛായാഗ്രാഹകന്‍ അമല്നീരദുമാണ് കൊച്ചിയില്‍ സെറ്റ് തയ്യാറാക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് അജയന് ചാലിശ്ശേരി പറയുന്നു. “ആംസ്റ്റര്‍ഡാമില്‍ അനുമതി കിട്ടില്ലെന്ന് അറിഞ്ഞതോടെ സെറ്റ് തയ്യാറാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അന്‍വറിക്കയും അമലേട്ടനും അനുമതി തന്നാല്‍ പിന്നെ വേറെയൊന്നും ആലോചിക്കേണ്ടതില്ലല്ലോ. ഒരു പഴുതുപോലും ഇല്ലാതെ കൃത്യമായി ആംസ്റ്റര്‍ഡാമിലെ റെഡ് ഡിസ്ട്രിക്റ്റ് ഒരുക്കാന്‍ സാധിച്ചു. അതേ കളര്‍ടോണും ഉപയോഗിച്ചു.”

സാധാരണ സിനിമ കഴിഞ്ഞാല്‍ സെറ്റിനെ കുറിച്ച് അജയൻ ഫേസ്ബുക്കിൽ കുറിപ്പിടുമായിരുന്നു. എന്നാൽ ട്രാൻസിനെ കുറിച്ച് അങ്ങനെ വിശദീകരിച്ചിരുന്നില്ല. ആരുടെയോ കയ്യില്‍ നിന്നും സെറ്റ് ഒരുക്കിയതിനെ ഫോട്ടോ പുറത്തുപോയപ്പോഴാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ആയതെന്ന് അജയൻ പറയുന്നു. ആ സ്ഥലം കൃത്യമായി ഷൂട്ട് ചെയ്ത് അത് പഠിച്ച ശേഷം അന്വറിക്കയുടെയും അമലേട്ടന്റെയും നിര്‍ദ്ദേശങ്ങള്‍ കൂടി മനസിലാക്കിയാണ് സെറ്റൊരുക്കിയത്. എന്റെ എല്ലാ സെറ്റുകളും റിയലായി തന്നെ ഒരുക്കാന്‍ ശ്രമിക്കാറുണ്ട്. ഇവിടെയും അങ്ങനെ തന്നെയാണ് ശ്രമിച്ചതെന്നും അജയൻ പറഞ്ഞു.

വെറുതെ എന്തെങ്കിലും ഉണ്ടാക്കിവെക്കുന്നതിന് പകരം റിയലായി ചെയ്യുക എന്നതാണ് അജയൻ ചാലിശ്ശേരിയുടെ കലാസംവിധാന രീതി. അതുകൊണ്ട് തന്നെ ട്രാന്‍സിലെ വര്‍ക്കുകളെല്ലാം വെല്ലുവിളിയായിരുന്നു. കഥാപശ്ചാത്തലത്തില്‍ വരുന്ന ഹാളുകളും വീടുകളും എല്ലാം എങ്ങനെയായിരിക്കണമെന്ന് നേരത്തെ മനസിലാക്കിയാണ് റിയലിസ്റ്റിക്കായി അതൊക്കെ ഒരുക്കിയത്. പാസ്റ്റര്‍മാരുടെ പ്രാര്‍ത്ഥനാ ഹാളുകളൊക്കെ നേരത്തെ പോയി കണ്ട് മനസിലാക്കിയിരുന്നതായി അദ്ദേഹം പറഞ്ഞു.
രണ്ടര വര്‍ഷക്കാലം ട്രാന്‍സിന് വേണ്ടി മാറ്റിവെച്ചുവെന്നും വേറെ സിനിമകളൊന്നും ഇല്ലാതെ ട്രാന്‍സിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും അജയൻ പറയുന്നു. “ഏത് സിനിമ ചെയ്യുമ്പോഴും അതിന്റെ പൂര്‍ണമായ ജോലി കഴിയാതെ മറ്റൊരു സിനിമ ഏറ്റെടുക്കാറില്ല. അതുകൊണ്ടാണ് ട്രാന്‍സിന് വേണ്ടി ഇത്രയും സമയം എടുത്തതും. പക്ഷെ, രണ്ടര വര്‍ഷം ഒരു സിനിമയ്ക്ക് മാറ്റിവെക്കുകയെന്നത് വലിയ സമയമാണ്. സാധാരണ മൂന്നും നാലും മാസം എടുത്ത് ചെയ്യുന്ന സിനിമയ്ക്ക് വേണ്ടി രണ്ടര വര്‍ഷം മാറ്റിവെക്കുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. കാലാവസ്ഥയും മറ്റുമൊക്കെ സെറ്റിനെ ബാധിച്ചിരുന്നു. പല പല വെല്ലുവിളികള്‍ ഉണ്ടായി. ഒരു ടീം വര്‍ക്കെന്ന നിലയില്‍ എല്ലത്തിനെയും അതിജീവിച്ചാണ് നല്ല സെറ്റ് ഒരുക്കാന്‍ സാധിച്ചത്. “

മലയാള സിനിമയില്‍ ഉള്ളത് ഏറ്റവും മികച്ച ആര്‍ട്ട് ഡയറക്ടര്‍മാരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “എന്റെ എല്ലാ സെറ്റുകളെ കുറിച്ചും സോഷ്യല്‍മീഡിയ വഴി പങ്കുവെക്കാറുണ്ട്. ആളുകളുമായി സെറ്റിനെ കുറിച്ച് സംസാരിക്കാറുണ്ട്. ഒരു സെറ്റ് എങ്ങനെയാണ് ചെയ്തത് എന്നൊക്കെ പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ കുറിപ്പിടുമ്പോള്‍ അത് കേള്‍ക്കാനും അറിയാനും ആളുകള്‍ക്കും ഇഷ്ടമാണ്. പിന്നെ, എന്നെ സംബന്ധിച്ച് ജനങ്ങള്‍ക്കിഷ്ടപ്പെടുന്ന ഒരുപാട് സിനിമകളില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. അടുത്തകാലത്തായി മലയാളത്തിലിറങ്ങിയ സിനിമകളുടെ മേക്കിംഗ് ശൈലി വലിയ ചര്‍ച്ചയായിരുന്നു. അതിന്റെ ഭാഗമായി നിന്ന ആളെന്ന നിലയില്‍ എന്റെ വര്‍ക്കുകളും ശ്രദ്ധിക്കപ്പെട്ടുവെന്ന് മാത്രം.”

അതുപോലെ തന്നെ പുതിയകാലത്തെ കലാസവിധാനത്തിലെ വെല്ലുവിളികളെ കുറിച്ചും അദ്ദേഹത്തിന് പറയാനുണ്ട്. പുതിയ സിനിമകല് ഭയങ്കരമായി റിയലിസ്റ്റിക് ആയി മാറുന്നുണ്ട്. പഴയത് പോലെ ഒരു സ്ഥലത്ത് എന്തെങ്കിലും കൊണ്ട് വെച്ചാല്‍ ഇന്നത്തെ സിനിമാ മേഖലയിൽ പിടിച്ചു നില്ക്കാന് സാധിക്കില്ല. ശരിക്കും അങ്ങനെയൊരു സ്ഥലത്ത് എന്തൊക്കെ ഉണ്ടാകുമോ അത് റിയലിസ്റ്റിക്കായി തന്നെ ഒരുക്കണം ഇന്നത്തെ സിനിമകളില്‍. – അജയന് ചാലിശ്ശേരി പറഞ്ഞു.
