ആന്‍മരിയയുടെ മാലാഖ ദുല്‍ഖറല്ല….!!

Sharing is caring!

അപ്രതീക്ഷിത ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഹിറ്റാകുന്നത് മലയാളത്തില്‍ പതിവായിരിക്കുകയാണ്. വലിയ പ്രമോഷനോട് കൂടി വന്നതിനേക്കാള്‍ പ്രതീക്ഷിക്കാത്ത സിനിമകള്‍ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണ്. പൊന്നാനിയുടെ കിസ്മത്ത് കേരളം ഏറ്റുപിടിച്ചതും ആന്‍മരിയയുടെ കുറുമ്പുകള്‍ തിയേറ്റര്‍ നിറയ്ക്കുന്നതും ഉദാഹരണം. ചെറിയ കഥയെ രസകരമായി അവതരിപ്പിക്കുന്നതില്‍ നമ്മുടെ നവസംവിധായകര്‍ വിജയം കൈവരിക്കുന്നു എന്ന് പറയാം. ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമ, പേരുപോലെ തന്നെ വളരെ ചെറിയ കഥയും എന്നാല്‍ അതിനേക്കാള്‍ വലുതുമായ ഒരു പ്രമേയവും കൈകാര്യം ചെയ്യുന്നു. അതിഥി താരമായെത്തിയ ആന്‍മരിയയുടെ എയ്ഞ്ചല്‍ (മാലാഖ) ശരിക്കും ദുല്‍ഖറാണോ..?

images (2)ദുല്‍ഖര്‍ സല്‍മാന്‍ എന്ന എന്‍റെ സുഹൃത്ത് ലാളിത്യമുള്ള മനസിന്‍റെ ഉടമയാണ്, സിംപിളാണ് എന്ന് ആന്‍മരിയയിലെ നായകന്‍ സണ്ണി വെയിന്‍ പറഞ്ഞത് ഓര്‍മയുണ്ട്. അതെ, ദുല്‍ഖര്‍ ലാളിത്യമുള്ള സാമൂഹ്യബോധമുള്ള നടനാണ്. തിരഞ്ഞെടുക്കുന്ന സിനിമകളിലും ഈ വ്യത്യസ്തത കാണാം. കമ്മിട്ടിപ്പാടത്തില്‍ തന്‍റെ വേഷത്തിന് നായക പരിവേഷമില്ലെന്നറിഞ്ഞിട്ടും അതിന്‍റെ ഭാഗമായത് അത് കൈകാര്യം ചെയ്ത സാമൂഹ്യ പ്രതിബന്ധതയുള്ള പ്രമേയമായതുകൊണ്ടാണ് . അങ്ങനെയ്യല്ല എന്ന് ആരെങ്കിലും വാദിച്ചാല്‍ എനിക്ക് ചൂണ്ടിക്കാണിക്കാന്‍ നമുക്കൊക്കെയുണ്ടാകുന്ന ദേഷ്യം മാത്രം കൈകാര്യം ചെയ്ത കലിയും, നാമെല്ലാം ആഗ്രഹിച്ച ജിവിതം ജീവിച്ച് കാണിച്ച ചാര്‍ലിയുമുണ്ട്. ദുല്‍ഖറിന്‍റെ ആന്‍മരിയയിലെ രണ്ടേ രണ്ട് സീനുകളിലും ഇത് കാണാം. വെറും സുഹൃദ്ബന്ധത്തിന്‍റെ പുറത്ത് സിനിമയിലെ കഥാപാത്രത്തെ തിരഞ്ഞെടുക്കുന്ന സ്വഭാവക്കാരനല്ല ദുല്‍ഖര്‍ എന്നത് കൊണ്ട് തന്നെയാണ് ആന്‍മരിയ കലിപ്പിലാണ് എന്ന സിനിമയിലെ മാലാഖ ദുല്‍ഖറല്ല എന്ന് പറയാന്‍ കാരണവും.

Ann-Mariya-Kalippilaanu-movie-22ഇനി സിനിമയിലേക്ക് വരാം. മിഥുന്‍ മാന്വല്‍ തന്‍റെ കഴിവ് തെളിയിച്ച സിനിമയാണ് “ആന്‍മരിയ കലിപ്പിലാണ്”. അതോടൊപ്പം സണ്ണി വെയിന്‍ എന്ന നടനെ ഒരിക്കല്‍ കൂടി മലയാളി തിരിച്ചറിഞ്ഞ ചിത്രവും. പണ്ട് കാലം മുതല്‍ക്കെ പറഞ്ഞ് പഴകിയ ഒരു കഥയെ പുതിയ രീതിയില്‍ രസകരമായി അവതരിപ്പിച്ചതിലാണ് മിഥുന്‍ കൈയ്യടി നേടുന്നത്. കുട്ടികളെ എങ്ങനെ വളര്‍ത്തണം എന്ന് അച്ഛനമ്മമാര്‍ അറിഞ്ഞിരിക്കണം. ‘ജനറേഷന്‍ ഗ്യാപ്’ എന്നത് ചെറിയ കാര്യമല്ല. അച്ഛനും അമ്മയും ഡൈവേര്‍സിനെ കുറിച്ച് സംസാരിക്കുന്നത് കേട്ട ആന്‍മരിയ എന്ന കൊച്ചുകുട്ടി ഗൂഗിളില്‍ ‘ഡൈവേര്‍സ്’ സെര്‍ച്ച് ചെയ്ത് കണ്ണു നിറയുന്ന രംഗം മനസില്‍ മായാതെ നില്‍ക്കും. ജനറേഷന്‍ ഗ്യാപ് എന്ന വലിയ വിപത്തിനെ വളരെ ചെറിയ ഒരു സീനിലൂടെ മിഥുന്‍ നമുക്ക് കാണിച്ച് തന്നു. പുതിയ തലമുറ അങ്ങനെയാണ്. നാം ചിന്തിക്കും മുമ്പെ അവര്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അവിടെ കുട്ടികളെ വളര്‍ത്താന്‍ അച്ഛനമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ തമലുറയിലെ കുട്ടികള്‍ ഇങ്ങനെയാകുമ്പോള്‍ അച്ഛനമ്മമാര്‍ പലരും ജോലിതിരക്കുകളില്‍ മാത്രം ശ്രദ്ധിച്ച് സ്വാര്‍ത്ഥരായി ഒറ്റയ്ക്ക് ജീവിക്കാന്‍ മുതിരുന്നത് കേരളത്തില്‍ സ്ഥിരം കാഴ്ചയാകുന്നുണ്ട്. ഇതും കുടുംബ ബന്ധത്തിന്‍റെ താളം തെറ്റിക്കുകയും കുട്ടികള്‍ തെറ്റായ വഴികളിലൂടെ പോകുമെന്നും ആന്‍മരിയ കാണിച്ച് തരുന്നു.

download (1)

അച്ഛന്‍ പറഞ്ഞ് കേട്ട കഥയിലെ മാലാഖയെ കാണാന്‍ “വാടക ഗുണ്ടക”ളോടൊപ്പം പോകുന്ന മരിയ അവിടെ മാലാഖയെ കാണുകയാണ്. ദുല്‍ഖറാണ് മാലാഖയായി എത്തുന്നത്. മാലാഖയാണോ എന്ന ചോദ്യത്തിന് ആദ്യം അല്ല എന്നും മരിയയുടെ സങ്കടമുഖം കണ്ട് മാലാഖയാണെന്ന് സമ്മതിക്കുകയും ചെയ്യുന്ന ദുല്‍ഖര്‍ പുതിയ കാലത്തെ രക്ഷിതാവിനെ കാണിച്ചു തരുന്നു. അത് കൊണ്ടാണ് തുടക്കത്തില്‍ പറഞ്ഞത്, ആ മാലാഖ ദുല്‍ഖറല്ല, നമ്മള്‍ ഓരോരുത്തരുമാണ്. സ്ക്രീനില്‍ ദുല്‍ഖറെ കാണിക്കുമ്പോള്‍ കൂകി വിളിച്ച് ആരാധന പ്രകടിപ്പിക്കുന്ന ഫാന്‍സുകാരും ആരാധകരും ഈ സിനിമയിലെ ദുല്‍ഖര്‍ വെറുതെ വന്നുപോയ മാലാഖയല്ലെന്ന് മനസിലാക്കേണ്ടതാണ്. അത് വെറും താരാധിപത്യത്തിന്‍റെ കളികളുമല്ല. നമ്മള്‍ ഓരോരുത്തരും മാലാഖമാരാകണം. ആന്‍മരിയമാരുടെ മാലാഖമാര്‍. സിനിമ കാണാത്തവര്‍ കണ്ട് തന്നെ മനസിലാക്കണം ആ മാലാഖയെ.
കുട്ടിക്കളികള്‍ ഒന്നും വെറും കുട്ടിക്കളികളല്ലെന്ന് പറഞ്ഞ് പഠിപ്പിച്ചാലും മനസിലാക്കാത്തവര്‍ക്ക് മുന്നിലേക്ക് രണ്ടര മണിക്കൂര്‍ വെച്ച് നീട്ടിതരുകയാണ് മിഥുന്‍ മാന്വല്‍. ആന്‍മരിയയുടെ കലിപ്പ് ഒരു ചെറിയ കാര്യമല്ല. കണ്‍ട്രി ലോക്കുള്ള ഫോണ്‍ അമേരിക്കയില്‍ നിന്ന് മാത്രമെ തുറക്കാന്‍ സാധിക്കു എന്ന് പറഞ്ഞ് ഒന്നും അറിയാത്തവനെ പറ്റിക്കുന്ന ധര്‍മജന്‍റെ കഥാപാത്രം പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തോടൊപ്പം ഇങ്ങനെ എത്രപേര്‍ നമുക്കു ചുറ്റുമുണ്ടെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. സിദ്ധിഖ് എന്നും സിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ സിനിമയിലും വ്യത്യസ്തമായില്ല. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന അഭിനയമാണ് സിദ്ധിഖ് കാഴ്ചവെച്ചത്.

images (3)

അച്ചായന്‍റെ കഥാപാത്രം ഒരിക്കലും മനസില്‍ നിന്നും മാഞ്ഞുപോകുന്നതല്ല. പണിയെടുക്കാന്‍ മടിയുള്ള യൗവ്വനം മലയാള സിനിമയില്‍ ഒരു പുതിയ കാര്യമല്ലെങ്കിലും നായകനായ സണ്ണി വെയ്നൊപ്പം തന്നെ അജുവര്‍ഗീസ് മികച്ച അഭിനയം കാഴ്ചവെച്ചു. എല്ലാത്തിനുമുപ്പുറം ബേബി സാറയെന്ന ആന്‍മരിയ തകര്‍ത്തഭിനയിച്ച സിനിമ കൂടിയാണിത്. ഓരു സീന്‍ പോലും പ്രേക്ഷകനെ മടുപ്പിക്കാത്ത അഭിനയമാണ് ഓരോ കഥാപാത്രവും കാഴ്ചവെച്ചത്. എല്ലാവരും സ്ക്രീനില്‍ നിറഞ്ഞു നിന്നു. ആരും കാണാതെ പോകരുത് ഈ സിനിമയെയും അത് കൈകാര്യം ചെയ്ത പ്രമേയത്തെയും. സിനിമ കണ്ട് കഴിഞ്ഞ് ഒന്ന് ഇരുത്തി ചിന്തിക്കുന്നത് നല്ലതായിരിക്കും.

Ann-Mariya-Kalippilaanu-movie-11Ann-Mariya-Kalippilaanu-movie-12images
വാല്‍ക്കഷ്ണം : ആന്‍മരിയയും നായകനും വില്ലനും കൊമേഡിയനും മരിയയുടെ അച്ഛനും അമ്മയും എല്ലാം നിരവധി സന്ദേശങ്ങള്‍ നമുക്ക് കഥാപാത്രത്തിലൂടെ നല്‍കുന്നുണ്ടെങ്കിലും ഒരു മരണമാസ് ഡയലോഗ്.. അത് മറക്കാന്‍ കഴിയില്ല. കഥയുടെ ഗതിമാറ്റിയ ആ ഡയലോട് നമ്മുടെ അച്ചായന്‍ പറഞ്ഞതാ.. ” നമുക്ക് ഏറ്റവും കൂടുതല്‍ പേടിയുള്ള കാര്യം എപ്പോഴും ചെയ്യാന്‍ ശ്രമിക്കണം, അപ്പോഴെ എന്തിനും ഒരു ധൈര്യം കിട്ടൂ…”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com